Image

ഒരു പ്രവാസ നൊമ്പരം ( കവിത: മഞ്ജുള ശിവദാസ് )

Published on 02 November, 2016
ഒരു പ്രവാസ നൊമ്പരം ( കവിത: മഞ്ജുള ശിവദാസ് )
കഥയൊന്നു ചൊല്ലിടാം,
കരളുള്ളോര്‍ക്കുരുകുന്ന
കദനം നിറഞ്ഞൊരീ കഥ ചൊല്ലിടാം...

മരുഭൂവിലെ പണം കായ്ക്കും മരത്തിലെ
കനിതേടിയെത്തിയ പ്രവാസി ഞാനും..

മോഹങ്ങള്‍ കൊണ്ടൊരു മാളിക തീര്‍ത്തന്നു
സ്വപ്‌നങ്ങള്‍ കൊയ്യാന്‍ പറന്നിറങ്ങി.

വേര്‍പാടിന്‍ നേരത്തു വിങ്ങിയ ഹൃദയങ്ങള്‍
ഒന്നൊന്നായ് വേര്‍പെട്ടു പിന്നെപ്പിന്നെ..

ഈ കൊടും ചൂടിലീ മണലാരണ്യത്തില്‍
മോഹങ്ങള്‍ പാകിത്തുടങ്ങിയന്നെ..

മുളപൊട്ടിടാതെ കരിഞ്ഞുപോയവയിന്നു
നൊമ്പരക്കനിയായ് വിളഞ്ഞു നില്‍പ്പൂ..

പുറംപൂച്ചില്‍ മതിമറന്നന്നേ
മറിഞ്ഞുവീണിന്നും കയത്തിലീ
ഞാനുമെന്‍ സ്വപ്നവും..

ഒരു മന്ദഹാസത്താല്‍ മാടിവിളിച്ചൊരീ
മരുപ്പച്ചയിന്നെന്നെ കളിയാക്കിടുംപോല്‍.

കണ്ണീരു വറ്റിത്തളര്‍ന്നലയുമാത്മാക്കള്‍
എന്നുമുണ്ടായിരുന്നീ ഭൂവിലും..

അന്നത്തിനായ് വന്നൊരഗതിയാ
മെന്നെ നീ ആശകളേകിച്ചതിച്ചുവല്ലേ,

നിരാശതന്‍ കടലിലേക്കാഴ്ത്തിയില്ലേ
എന്‍റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയില്ലേ..

ഇരുളിന്‍റെ തേങ്ങലാല്‍ സൂര്യന്‍റെ നീറ്റലാല്‍
അസ്വസ്ഥമായിരുന്നോരോ ദിനങ്ങളും..

രാവു പകലാക്കിയും രക്തം വിയര്‍പ്പാക്കി
തറവാടിന്‍ തണലാകാനാശിച്ചെത്തി..

മരുഭൂവിലെ പണം കായ്ക്കും മരത്തിലെ
കനിതേടിയെത്തിയ പ്രവാസി ഞാനും ..

എന്‍ വരവുമാത്രം കൊതിച്ചു കണ്ണുംനട്ടു
കാത്തിരുന്നമ്മതന്‍ അന്ത്യനിമിഷത്തിലും,

ഒരു നോക്കു കാണുവാനാകാല്‍ക്കല്‍ വീഴുവാന്‍
കഴിയാത്ത ഹതഭാഗ്യനാം പ്രവാസി..

കാത്തിരിപ്പുണ്ടെന്‍റെ പ്രിയ പത്‌നിയിന്നും
പ്രതിസന്ധിയേറെ സഹിച്ചീടിലും..

ആണ്ടേറെയെന്നെയും താണ്ടിക്കടന്നുപോയ്,
മരവിപ്പുബാധിച്ച മനസ്സുമായ് ഞാനിന്നു
മാറാപ്പുപേറിയലഞ്ഞിടുന്നു..

മോഹങ്ങള്‍ മൊട്ടിലെ മണ്ണടിഞ്ഞു
അറിയാതെന്നായുസ്സും നഷ്ടമായി.

ഒരു ജന്മമെന്നെക്കുറിച്ചോര്‍ത്തു വിലപിച്ചൊരെന്‍
പ്രാണനാം പ്രിയ പത്‌നിയെക്കാണുവാന്‍,

പൊട്ടിക്കരഞ്ഞൊന്നു മാപ്പിരന്നീടുവാന്‍
ഇനിയതേ മോഹമായ് ബാക്കിയുള്ളൂ..

ഈ പാഴായ ജീവിതം ഇവിടെവക്കട്ടെ
ഈ പാഴ് സ്വപ്നങ്ങളിവിടെ മൂടട്ടെ,.

ഞാന്‍ പിറന്നോരെന്‍റെ നാടുതേടി
ഞാന്‍ വളര്‍ന്നോരെന്‍റെ മണ്ണിലേക്ക്
വന്നിടുന്നാ മടിത്തട്ടിലേക്ക്..

സ്വീകരിച്ചാലുമീ പാവം പ്രവാസിയുടെ
കനിവു തേടുന്നൊരീ ബാക്കിയാം ജീവിതം,
കനവുകള്‍ ചത്തൊരീ മനസ്സിന്‍റെ തേങ്ങലും...
ഒരു പ്രവാസ നൊമ്പരം ( കവിത: മഞ്ജുള ശിവദാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക