Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-1: ബി.ജോണ്‍ കുന്തറ)

Published on 02 November, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-1: ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്


അദ്ധ്യായം 1

ചെറിയ തലയണ ജാലകത്തില്‍ ചേര്‍ത്ത് വെച്ച് തല ചായ്ച് മയങ്ങുകയായിരുന്നു. മാത്യൂസ് മെല്ലെ തോളില്‍ തട്ടി. ഉണരുമ്പോള്‍ ‘സീറ്റ്‌ബെല്‍റ്റ് ബന്ധിക്കുക’ എന്ന അറിയിപ്പ് കേട്ടു. മാത്യൂസ്, എന്റെ ഭര്‍ത്താവ്, ഞങ്ങള്‍ ലാന്റ് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു. “ചിലര്‍ക്ക് പ്ലെയിനില്‍ ആയാലും സുഖമായി ഉറങ്ങാന്‍ കഴിയും.” അദ്ദേഹം കളിയാക്കി.

ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍ലൈന്‍സ് വിമാനം ഏതാനും നിമിഷങ്ങള്‍ക്കകം നെടുമ്പാശ്ശേരിയില്‍ ഇറങ്ങുകയാണ്.

ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. നരച്ച് ഇരുണ്ട ആകാശം മേഘാവൃതമായിരുന്നു. താഴെ തെങ്ങോലകള്‍ക്ക് ഇടയിലൂടെ മങ്ങിയ വിളക്കുകള്‍ മിന്നി. ക്രമേണ വിളക്കുകള്‍ കൂടുതല്‍ തെളിഞ്ഞു കാണാറായി. വിമാനം ഇറങ്ങുകയാണ് “ലാന്‍ഡിംഗ് ക്ലിയര്‍“ ചെയ്തു എന്ന അറിയിപ്പ് കേട്ടു. സുഖമായ ലാന്‍ഡിംഗ് ആയിരുന്നു. പത്ത് മിനിറ്റ് ലേറ്റ് ആണ്. വിമാനം തറയില്‍ സ്പര്‍ശിച്ചതേയുള്ളൂ, പലരും സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങി.

“ദയവായി സീറ്റില്‍ത്തന്നെ ഇരിക്കുക”. ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്‍റ് അല്‍പം കോപത്തോടെ പറയുന്നത് കേട്ടു. ഇത് ഗള്‍ഫില്‍ നിന്നുള്ള മിക്കവാറും ഫ്‌ലൈറ്റുകളിലും സാധാരണയാണ്.
ഹൂസ്റ്റണില്‍നിന്ന് ആരംഭിച്ച യാത്രയാണ്. ഇടയ്ക്ക് ദോഹയില്‍ ഇറങ്ങിക്കയറി യാത്ര തുടര്‍ന്നു. ഈ റൂട്ട് ഞങ്ങള്‍ക്ക് അപരിചിതമല്ല. എത്രയോ തവണ ഇതേ വഴിയില്‍ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്തിരിക്കുന്നു.

ഇമിഗ്രേഷന്‍, കസ്റ്റംസ് ജീവനക്കാര്‍ ഇപ്പോള്‍ പഴയതിനേക്കാള്‍ വേഗത്തിലാണ് ജോലി ചെയ്യുന്നത്. അധികം ലഗേജ് ഇല്ലാത്തവരോട് കസ്റ്റംസുകാര്‍ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. ഈ സമയത്ത് ഗള്‍ഫില്‍ നിന്ന് ധാരാളം ഫ്‌ലൈറ്റുകള്‍ വന്നിറങ്ങുന്നുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ചെറുതായൊന്നു കറങ്ങിയ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി.

പതിവ് പോലെ ടെര്‍മിനലിന് പുറത്ത് ഒരു പൂരത്തിന്റെ തിരക്ക്. ആരെയെങ്കിലും യാത്രയാക്കാനും സ്വീകരിക്കാനും എന്തിനാണ് ഇത്രയധികം പേര്‍ വരുന്നത് എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെയും പാസ് ഉള്ളവരെയും മാത്രമേ ടെര്‍മിനലിന് അകത്ത് കടത്തുകയുള്ളൂ, ദൈവത്തിന് നന്ദി.

പുറത്ത് ആള്‍ക്കൂട്ടത്തില്‍ ഞങ്ങള്‍ െ്രെഡവര്‍ പ്ലാസിയെ തിരഞ്ഞു. തിരക്കിനിടയിലും മാത്യൂസ് പ്ലാസിയെ കണ്ടെത്തി. “പ്ലാസി അവിടെയുണ്ട്. പോകാം,“ മാത്യൂസ് ആള്‍ക്കൂട്ടത്തിലേയ്ക്ക് വിരല്‍ ചൂണ്ടി. ഞാന്‍ നോക്കിയപ്പോള്‍ കൈ ഉയര്‍ത്തി വീശിക്കൊണ്ട് പ്ലാസി ഞങ്ങള്‍ക്ക് നേരെ വരുന്നത് കണ്ടു.

ഞങ്ങള്‍ ലഗേജ് ട്രോളിയുമായി മുന്നോട്ടു നീങ്ങി. പ്ലാസി ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി തിക്കിത്തിരക്കി ഞങ്ങള്‍ക്കടുത്ത് എത്തി. അഞ്ചു വര്‍ഷമായി കേരളത്തില്‍ വരുമ്പോളൊക്കെ പ്ലാസിയാണ് ഞങ്ങളുടെ സാരഥി. മിടുക്കനാണ്. വളരെ വിശ്വസ്തനും.

കേരളത്തില്‍ വരുമ്പോഴെല്ലാം പ്ലാസിയാണ് ഞങ്ങളെ എല്ലായിടത്തേയ്ക്കും കൊണ്ടുപോകാറുള്ളത് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുന്ന സമയം മുതല്‍ തിരികെ ഫ്‌ലൈറ്റ് കയറുന്നത് വരെ.
കേരളത്തില്‍ ഞങ്ങള്‍ യാത്ര ചെയ്യാറുള്ള സ്ഥിരം സ്ഥലങ്ങളെല്ലാം അയാള്‍ക്കറിയാം. ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ അയാള്‍ക്ക് വഴി പറഞ്ഞ് കൊടുക്കേണ്ടതില്ല.
എയര്‍ പോര്‍ട്ടുകളില്‍ പുറത്തേക്ക് ഇറങ്ങുന്ന സ്ഥലം പൊതുവേ നല്ല തിരക്കായിരിക്കും. വാഹനങ്ങളും ആളുകളും കൂടി ആകെ ഒരു ബഹളം. നെടുമ്പാശ്ശേരിയും വ്യത്യസ്തമല്ല.

ലഗേജ് എല്ലാം ഡിക്കിയില്‍ ഒതുക്കിയ ശേഷം പ്ലാസി വണ്ടി മെല്ലെ പുറത്തേക്ക് എടുത്തു. ഹംപുകളും പാര്‍ക്കിംഗ് ഫീ കൊടുക്കുന്ന ഗേറ്റും കടന്നു വാഹനം ഹൈവേയിലെക്ക് കയറുന്ന റോഡില്‍ പ്രവേശിച്ചു. വഴിയോരത്ത് ഇരു വശത്തും ചെടികളും ചെറിയ മരങ്ങളും പൂക്കളും കൊണ്ട് മനോഹരമായിരുന്നു. പുലര്‍കാലത്തെ മഞ്ഞു മെല്ലെ നീങ്ങി തുടങ്ങി. വിടപറയാന്‍ തുടങ്ങുന്ന ചന്ദ്രക്കലയ്‌ക്കൊപ്പം തെളിഞ്ഞ ആകാശം കണ്ടു.

“ഇന്നൊരു നല്ല ദിവസം ആണെന്ന് തോന്നുന്നു”. മാത്യൂസ് പറഞ്ഞു. കാര്‍ ഓടിക്കൊണ്ടിരിക്കെ അവര്‍ രണ്ടു പേരും സംസാരിച്ചു കൊണ്ടിരുന്നു. വെറുതെ പുറത്തേക്ക് നോക്കി, വഴിയോരത്തെ കാഴ്ചകളും ശബ്ദങ്ങളും ശ്രദ്ധിച്ച് ഞാനും. ആലുവയും ഞങ്ങള്‍ക്ക് സ്വന്തം നാടു തന്നെയാണ്.
റോഡിന്റെ ഇരുവശങ്ങളിലും, ഏതാനും ചായക്കടകളും തട്ട് കടകളും ഒഴിച്ചാല്‍ ബാക്കി കടകളെല്ലാം അടഞ്ഞിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കടകള്‍ തുറക്കുകയും ആളുകള്‍ തിരക്ക് നിറഞ്ഞ ഒരു ദിവസത്തിലേയ്ക്ക് ഇറങ്ങുകയും ചെയ്യും.

ആലുവയിലെ ഞങ്ങളുടെ ഫ്‌ളാറ്റിലേയ്ക്ക് എയര്‍ പോര്‍ട്ടില്‍ നിന്ന് 14 കിമീ. ദൂരമുണ്ട്. അര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ എത്തിച്ചേരും. പെരിയാറിന്റെ തീരത്തുള്ള 30000 ത്തില്‍ താഴെ ജനസംഖ്യയുള്ള ആലുവ ഒരു മാതൃകാപട്ടണമാണ്. നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ മികച്ച ഉദാഹരണം.
ഞങ്ങളുടെ ഫ്‌ലാറ്റ് ആലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിന്റെ അരികിലാണ്. പെരിയാര്‍ ബ്ലോസം എന്നാണ് ഈ കോംപ്ലക്‌സിന്റെ പേര്. അഞ്ചു കൊല്ലം മുന്‍പ് വാങ്ങിയതാണ്. ഇപ്പോഴും ഇത് ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സൌകര്യപ്രദമായ സ്ഥലം. ഭക്ഷണമോ പലചരക്ക് സാധനങ്ങളോ വേണമെങ്കില്‍ തൊട്ടടുത്ത് തന്നെ കിട്ടും. ഒരു നേരം പ്ലാസിവന്നില്ലെങ്കിലും യാത്ര പ്രശ്‌നമാവില്ല. ഓട്ടോ, ടാക്‌സി എല്ലാം വിളിപ്പുറത്ത് തന്നെയുണ്ട്. പുഴക്ക് അഭിമുഖമായി നില്‍ക്കുന്ന ഈ ഫ്‌ളാറ്റില്‍ നഗരത്തിന്റെ ശബ്ദ കോലാഹലം അറിയുകയേ ഇല്ല. വല്ലപ്പോഴും കേള്‍ക്കുന്ന ട്രെയിനിന്റെ ചൂളം വിളി മാത്രമാണ് ഏക അപവാദം.

രാത്രി മുഴുവനും പുഴയെ തഴുകി വരുന്ന കുളിര്‍ കാറ്റ് കിട്ടും. വൈകുന്നേരങ്ങളില്‍ പുഴക്കടവ് വളരെ സജീവമാകും. കുളിക്കുകയും തുണി അലക്കുകയും ചെയ്യുന്നവര്‍. പുഴയുടെ തീരം സൌഹൃദ സമ്മേളന വേദിയാക്കുന്ന ചെറുപ്പക്കാര്‍. എല്ലാവരും അറിഞ്ഞോ അറിയാതെയോ ഈ പുഴയെ മലിനമാക്കുന്നു എന്നതാണ് ഖേദകരമായ കാര്യം . ആയിരക്കണക്കിനു ആളുകള്‍ പുഴയോരത്ത് ജീവിക്കുന്നുണ്ട്. അവരെ കുറിച്ച് ഒരു ചിന്തയുമില്ലാതെ അഴുക്ക് ചാലിലെ വിസര്‍ജ്ജ്യവും ഫാക്ടറി മാലിന്യവും എല്ലാം നേരിട്ട് പുഴയില്‍ തള്ളുന്നു. ഇതിനൊന്നും ആരും പരാതി പറയുന്നതായും സര്‍ക്കാര്‍ ഇതിനെല്ലാം എതിരായി നടപടികള്‍ ഒന്നും എടുക്കുന്നതായും കണ്ടിട്ടില്ല.

മാത്യൂസ് പറയാറുണ്ട്, കുട്ടിക്കാലത്ത് സ്കൂളില്‍ നിന്ന് വിനോദയാത്രയായി ആലുവ പുഴയില്‍ പോയ കഥ. അന്ന് കുട്ടികള്‍ പുഴയില്‍ കുളിക്കുകയും പുഴ വെള്ളം കുടിക്കുകയും ചെയ്യുമത്രേ. അന്ന് ഈ പുഴ അത്ര പരിശുദ്ധമായിരുന്നു. ഇപ്പോള്‍ പുഴക്കരയില്‍ നടക്കാം എന്നല്ലാതെ വെള്ളം തൊടാന്‍ പോലും പേടിയാണ്.

പുഴയുടെ മറുകരയില്‍ പ്രശസ്തമായ ഒരു ശിവക്ഷേത്രമുണ്ട്. ഇവിടെ ഈ മണപ്പുറത്താണ് ആലുവാ ശിവരാത്രി ആഘോഷം നടക്കുക. എല്ലാ വര്‍ഷവും ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ രണ്ടാഴ്ച നീളുന്ന ആഘോഷമായിരിക്കും.

പട്ടണത്തോടടുക്കുന്തോറും പാതയുടെ ഇരുവശത്തുമുള്ള ജീവിതം പതുക്കെ ഉണരുന്നത് കണ്ടു. കാര്‍ നിന്നപ്പോള്‍ ഞാന്‍ നോക്കി, ഞങ്ങള്‍ അപാര്‍ട്ട്‌മെന്റിന് മുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു. അതിരാവിലെ ആയിരുന്നതിനാല്‍ ഗേറ്റ് പൂട്ടിയിരിക്കുന്നു. പ്ലാസ്സി ഇറങ്ങി ചെന്ന് സെക്യൂരിറ്റി ഗാര്‍ഡിനെ വിളിച്ചുണര്‍ത്തി ഗേറ്റ് തുറപ്പിച്ചു.

കെട്ടിടത്തിന് പുതിയ പെയിന്റടിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അതിനുള്ള ഞങ്ങളുടെ പങ്ക് മാത്യൂസ് അയച്ച് കൊടുത്തിരുന്നു. പുതിയ നിറം മനോഹരമായിട്ടുണ്ട്. മറ്റൊരു മാറ്റം ശ്രദ്ധയില്‍ പെട്ടത് ലിഫ്റ്റ് ഹാളിലേക്ക് കടക്കുന്നിടത്തെ പുതിയ വാതില്‍ ആണ്. ആവശ്യമില്ലാത്തവര്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ ആയിരിക്കണം.

പ്ലാസിയുടെ സഹായത്തോടെ ലഗേജ് എല്ലാം ഫ്‌ളാറ്റിന്റെ അകത്ത് എത്തിച്ചു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു. കേരളത്തില്‍ എത്തിയ ദിവസം പൂര്‍ണ്ണ വിശ്രമം ആക്കാമെന്ന് തീരുമാനിച്ചു. വ്യാഴാഴ്ചയാണ്. യാത്രാ പരിപാടികള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങാമെന്ന് കരുതി. യാത്രാ പരിപാടിയെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ കിട്ടിയശേഷം പ്ലാസിപോയി.

നാളെ ആദ്യം ഏറണാകുളത്തെ ബാങ്കില്‍ പോകണം. പിന്നെ ചേര്‍ത്തലയ്ക്ക് പോകണം. മാത്യൂസിന്റെ അപ്പനും അമ്മയും അവിടെയാണ്.

എന്റെ അപ്പനും അമ്മയും നേരത്തെ മരിച്ചു. അപ്പന്‍ മരിച്ചിട്ട് പത്ത് വര്‍ഷമായി. അമ്മ മരിച്ചിട്ട് രണ്ടു വര്‍ഷവും. എന്റെ ജന്മനാട്ടില്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുന്നതറവാട്ടു വീട് മാത്രമേ ഉള്ളൂ. സഹോദരീ സഹോദരന്മാര്‍ എല്ലാം അമേരിക്കയില്‍ സ്ഥിരതാമസമാക്കി.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക