Image

മോഹിനിയാട്ടത്തിന്റെ സൂര്യ തേജസില്‍ ഡോ:സുനന്ദ നായരുടെ പരിശീലന കളരി

അനില്‍ പെണ്ണുക്കര Published on 02 November, 2016
മോഹിനിയാട്ടത്തിന്റെ സൂര്യ തേജസില്‍ ഡോ:സുനന്ദ നായരുടെ പരിശീലന കളരി
തന്റെ ജീവിതം തന്നെ മോഹിനിയാട്ടം എന്ന നൃത്ത ശാഖയ്ക്ക് സമര്‍പ്പിച്ച കലാകാരിയാണ് ഡോ: സുനന്ദ നായര്‍. ഇന്ത്യയിലെയും വിദേശത്തെയും കലാകാരന്മാരെയും, കലാകാരികളെയും ഒരു വേദിയില്‍ അണിനിരത്തുന്ന കേരളത്തിലെ കലാക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന സൂര്യയുടെ ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം പരിശീലന കളരിക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി ഡോ: സുനന്ദനായരാണ് .

നവംബര്‍ 22,23,24 തീയതികളില്‍ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലയില്‍ കേരളത്തിലെ പ്രശസ്തരായ മോഹിനിയാട്ടം നര്‍ത്തകികള്‍, അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും . എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12.30 വരെ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും, ഉച്ചയ്ക്കുശേഷം 4.30 മുതല്‍ 6.30 സ്‌കൂള്‍ കോജേജ് വിദ്യാര്‍ത്ഥികള്‍ക്കുമായും ഡോ: സുനന്ദ നായര്‍ പരിശീലനം നല്‍കും.

മോഹിനിയാട്ടത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ നര്‍ത്തകി എന്ന നിലയിലാണ് ഡോ: സുനന്ദ നായര്‍ക്ക് ഈ അസുലഭ അവസരം ലഭിക്കുന്നത്. മോഹിയാട്ടത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും സുനന്ദാ നായര്‍ ശില്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള സുനന്ദ നായര്‍ ജനിച്ചതും വളര്‍ന്നതും മുംബെയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കലയെ സ്‌നേഹിക്കുന്ന ഏറനാടന്‍ മലയാളികളാണ്.

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ അമേരിക്കയിലെ ഹുസ്റ്റണിലേക്കു വിവാഹാനന്തരം കുടിയേറിയ സുനന്ദ നായര്‍ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസഡറായി അറിയപ്പെടുന്നു. ഹ്യൂസ്റ്റനില്‍ നൂറു കണക്കിന് കുട്ടികള്‍ക്ക് മോഹിനിയാട്ടത്തിലും ഇതര നൃത്ത രൂപങ്ങള്‍ക്കും സുനന്ദാ നായര്‍ പരിശീലനം നല്കുന്നുണ്ട്. മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുമാണ് സുനന്ദ. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ സുനന്ദയ്ക്കു ലഭിച്ചിട്ടുണ്ട്. അഭിനയ ശിരോമണി പുരസ്‌ക്കാരം, കലാ സാഗര്‍ അവാര്‍ഡ്, ഗ്‌ളോബല്‍ ഇന്‍ഡ്യന്‍ എക്‌സലന്‍സ് അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍.

ഇന്‍ഡ്യന്‍ നൃത്തകലയിലെ പ്രഗത്ഭയുടെ മുന്‍നിരയിലേക്കു സ്വത്വബോധമാര്‍ന്ന സ്വപ്രയത്‌നത്തിലുടെ എത്തിച്ചേര്‍ന്ന സുനന്ദ നായര്‍ ഇന്‍ഡ്യയ്ക്കകത്തും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അരങ്ങേറുന്ന ഫെസ്റ്റിവലുകളില്‍ തന്റെ നൃത്തപ്രതിഭയുടെ നിറസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

കലയുടെ പ്രചാരണത്തിന് വേണ്ടി മാത്രം രൂപം കൊണ്ട സൂര്യയുടെ വേദികളില്‍ ലോക പ്രശസ്തരായ കലാകാരന്മാരുടെ നീണ്ട നിരതന്നെ കടന്നു വന്നിട്ടുണ്ട്. സൂര്യയുടെ നിരവധി കലാ കളരികള്‍ സൂര്യ ഫെസ്‌റിവലിനോടനുബന്ധിച്ചു നടക്കുകയാണ് . അതിന്റെ ഭാഗമായാണ് മോഹിനിയാട്ടം ശില്‍പ്പശാല സംഘടിപ്പിക്കുന്നത് . അമേരിക്കയില്‍ മോഹിനിയാട്ട രംഗത്തു തിളങ്ങി നില്‍ക്കുന്ന സുനന്ദാ നായര്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് സൂര്യയുടെ മോഹിനിയാട്ട കളരിയുടെ ചുമതല വഹിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം . 
മോഹിനിയാട്ടത്തിന്റെ സൂര്യ തേജസില്‍ ഡോ:സുനന്ദ നായരുടെ പരിശീലന കളരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക