Image

മെര്‍ക്കലിന് അടുത്ത തെരഞ്ഞെടുപ്പ് കടുപ്പമാവും

Published on 03 November, 2016
മെര്‍ക്കലിന് അടുത്ത തെരഞ്ഞെടുപ്പ് കടുപ്പമാവും

ബര്‍ലിന്‍: ജര്‍മനിയിലേക്കും യൂറോപ്പിലേക്കുമുള്ള അഭയാര്‍ഥി പ്രവാഹം ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. എങ്കില്‍ പോലും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്കുമേല്‍ അഭയാര്‍ഥി പ്രശ്‌നം നിഴലായി തുടരുന്നു.

അടുത്ത വര്‍ഷമാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം വട്ടവും ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന് മെര്‍ക്കല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ ബവേറിയന്‍ സഹോദര സംഘടനയായ സിഎസ്യു വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് സീസണിന് ഔപചാരിക തുടക്കം കുറിക്കുകയാണ്. പതിനാറ് വര്‍ഷത്തിനിടെ ആദ്യമായി ഈ ചടങ്ങിലേക്കുള്ള ക്ഷണിതാക്കളുടെ പട്ടികയില്‍ മെര്‍ക്കലിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

അഭയാര്‍ഥി നയത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിഎസ് യുവിന്റെ പ്രതിഷേധത്തിന്റെ പ്രതിഫലനമായാണ് മെര്‍ക്കലിന്റെ ഒഴിവാക്കല്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒമ്പതു ലക്ഷത്തോളം അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തിയെന്നാണ് കണക്ക്.

സിഎസ്യു നേതാവും ബവേറിയന്‍ സ്‌റ്റേറ്റ് പ്രീമിയറുമായ ഹോഴ്സ്റ്റ് സീഹോഫറാണ് ഈ നയത്തില്‍ മെര്‍ക്കലിനെതിരേ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത്. മെര്‍ക്കല്‍ മത്സരിച്ചാല്‍ സിഎസ്യു എതിര്‍ക്കില്ല. എങ്കില്‍പ്പോലും അവരുടെ പൂര്‍ണമായ പിന്തുണയില്ലാതെ മെര്‍ക്കലിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയം ഉറപ്പിക്കാനും കഴിയില്ല.

രാജ്യത്തു ശക്തി പ്രാപിച്ചു കഴിഞ്ഞ തീവ്ര വലതുപക്ഷ സംഘടനകളും മെര്‍ക്കല്‍ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ശ്രദ്ധിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഇതുപയോഗിച്ചാണ് എഎഫ്ഡി നേട്ടമുണ്ടാക്കിയതും. ഇപ്പോള്‍ മുന്നണി സര്‍ക്കാരില്‍ പങ്കാളിയാണെങ്കിലും അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഒറ്റയ്ക്ക് അധികാരം സ്വന്തമാക്കാന്‍ പ്രധാന പ്രതിപക്ഷമായ എസ്പിഡിയും കിണഞ്ഞു ശ്രമിക്കുമെന്നുറപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക