Image

പീഡനത്തിന്റെ തുടക്കഥകള്‍: നീതി എന്ന്?

Published on 03 November, 2016
പീഡനത്തിന്റെ തുടക്കഥകള്‍: നീതി എന്ന്?

തിരുവനന്തപുരം: തന്നെ കൂട്ടബലാത്സംഗം ചെയ്തത് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനും മറ്റു മൂന്നു പേരുമാണെന്ന് പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. 

ജയന്തന്റെ സഹോദരങ്ങളായ ജിനീഷ്, ബിനീഷ്, പിന്നെ ഷിബു എന്നയാളുമാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ഭര്‍ത്താവ് മഹേഷിനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംഭവം നടന്ന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. 2016 ഓഗസ്റ്റ് 14ന് തൃശൂര്‍ വനിതാ സെല്ലിലാണ് പരാതി നല്‍കിയത്.

 പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പോലും കടക്കാന്‍ കഴിയാത്തവിധമുള്ള മാനസിക പീഡനമാണ് താന്‍ അനുഭവിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.

പ്രതികള്‍ക്കെതിരെ പേരാമംഗലം സിഐക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. എന്നാല്‍ പ്രതികള്‍ക്ക് കിട്ടിയ പരിഗണന പോലും ഇരയായ തനിക്ക് ലഭിച്ചില്ല.

 പേരാമംഗലം സിഐയുടെ പെരുമാറ്റമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്നും പോലീസ് ഇടപെട്ട് പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

 മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിപ്പറയാന്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് തന്നെ പഠിപ്പിച്ചത്.

 മൊഴി നല്‍കാന്‍ പോയപ്പോള്‍ ഭര്‍ത്താവിനെ പ്രതികള്‍ കാറില്‍ പിടിച്ചു വച്ചിരുന്നുവെന്നും കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.

തെളിവെടുപ്പിനെന്ന പേരില്‍ നാല് ദിവസം പോലീസ് തന്നെ പീഡിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ മുന്നില്‍ വച്ച് അവഹേളിക്കുന്ന ചോദ്യങ്ങളും 
 അസഭ്യവര്‍ഷവും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. 

 ഭര്‍ത്താവിനെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന് താന്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ പറഞ്ഞു. വീണ്ടും പീഡനം തുടര്‍ന്നപ്പോഴാണ് ഭാഗ്യലക്ഷ്മിയെ സമീപിച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.

കേസുമായി മുന്നോട്ട് പോകാനോ തെളിവെടുപ്പിനോ ഇനി താനില്ല. ഈ സംഭവം സമൂഹം അറിയണമെന്നുള്ളതിനാലാണ് മാധ്യമങ്ങളെ കണ്ടതെന്നും യുവതി പറഞ്ഞു. 

സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് താന്‍ ഈ പരാതിയുമായി രംഗത്ത് എത്തിയതെന്നുവരെ പ്രചരണം ഉണ്ടായി. പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങള്‍ വരെ പ്രതികള്‍ തന്നെക്കൊണ്ട് ചെയ്യിച്ചു. അത് മുഖ്യമന്ത്രിക്ക് മുമ്പാകെ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു.

ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്‌റ്റോടെയാണ് സംഭവം വാര്‍ത്തയായത്. ഭാഗ്യലക്ഷ്മിയെ കണ്ട് യുവതി തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്നാണ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.

വടക്കാഞ്ചേരിയില്‍ സംഘം ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം തള്ളി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍. 

 സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാവുന്ന അവസ്ഥയാണുള്ളത്. യുവതി ആരോപണം ഉന്നയിക്കുന്നത് മറ്റെന്തോ കാര്യത്തിനാണ്. ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ജയന്തന്‍ പറഞ്ഞു.

മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീ എന്തിന്റെ പേരിലാണ് താങ്കള്‍ക്കെതിരെ ഇത്തരമൊരു പരാതി ഉന്നയിക്കുന്നത് എന്ന ചോദ്യത്തിന് ആ യുവതിയുടെ വീടിന് പരിസരത്ത് ചെന്ന് അന്വേഷിച്ചാല്‍ മതിയെന്നും അവരുടെ സ്വഭാവം മനസിലാകുമെന്നായിരുന്നു ജയന്തന്റെ മറുപടി.

യുവതി പറയുന്നതുപോലെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. എന്റെ വീടിന്റെ അടുത്തായാണ് അവര്‍ താമസിക്കുന്നത്. അവരുടെ ഭര്‍ത്താവ് മഹേഷിനെ എനിക്കറിയാം. 

 അയാള്‍ എനിക്ക് 3 ലക്ഷം രൂപ തരാനുണ്ട്. അത് തിരിച്ചുചോദിച്ചപ്പോഴാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതുമെന്നും ജയന്തന്‍ പറയുന്നു.

കഴിഞ്ഞ മാസം യുവതിയുടെ ഭര്‍ത്താവ് തന്നെ വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എനിക്കെതിരെ കള്ളപ്പരാതി കൊടുക്കുമെന്നും പറഞ്ഞു. 

 സ്ത്രീകള്‍ വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കുമെന്നും ആ യുവതിയുടെ സ്വഭാവത്തെ കുറിച്ച് നിങ്ങള്‍ അന്വേഷിച്ചുനോക്കൂ എന്നുമായിരുന്നു ജയന്തന്‍ പറഞ്ഞത്. ആ മറുപടിക്ക് താങ്കള്‍ സദാചാര പരിശോധ നടത്തേണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കുകയും ചെയ്തു.

നിങ്ങള്‍ക്ക് പണത്തിന്റെ തണലുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടിയുടേ തണലുണ്ടെന്നും പദവിയുടെ തണലുണ്ടെന്നും യുവതി പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിനൊന്നും എനിക്ക് മറുപടിയില്ലെന്നും യുവതി വേണമെങ്കില്‍ പോയി പരാതികൊടുക്കട്ടെ എന്നുമായിരുന്നു ജയന്തന്റെ മറുപടി.

തൃശൂരില്‍ പീഡനത്തിരയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി വസ്തുതാപരമായി അന്വേഷിക്കുമെന്ന് സി.പി.എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി. എന്‍ സുരേന്ദ്രന്‍.

ജയന്തനെ അനര്‍ഹമായി സംരക്ഷിക്കില്ല. സംഭവത്തിലെ വസ്തുത അറിയില്ലെന്നും പരിശോധിച്ച് സംഘടനാപരമായ നടപടി എടുക്കുമെന്നും പി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.

ആരോപണം ശരിയാണെങ്കില്‍ ജയന്തനെതിരെ പാര്‍ട്ടി നടപടി എടുക്കും. രാവിലെ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് വിവരം അറിഞ്ഞത്. ഇരയ്ക്ക് നീതി ലഭിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ത്രീയുമായി ഉണ്ടായിരുന്നതെന്നാണ് ജയന്തന്‍ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ആഗസ്ത് 14 നാണ് പരാതി നല്‍കിയത്. പരാതി ഒത്തുതീര്‍പ്പായെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.

യുവതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അറിഞ്ഞശേഷം സംഘടനാനടപടിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍നിന്നും പേരാമംഗലം സിഐയെ മാറ്റി. പേരാമംഗലം സിഐ മണികണ്ഠനെയാണ് അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയത്. ഇയാള്‍ക്കു പകരം ഗുരൂവായൂര്‍ എസിപി പി.എ ശിവദാസനാണ് അന്വേഷണ ചുമതല. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. പേരാമംഗലം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു.  

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് 
'ഇത് വായിക്കുന്നവര്‍ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ. വ്യക്തമായി അന്വേഷിച്ചു. സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്.
രാത്രി 8 മണിയായിക്കാണും, ഫോണ്‍ ബെല്ലടിച്ചു. ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ? പിന്നീട് ഒന്നും മിണ്ടുന്നില്ല... സ്ത്രീയുടെ കരച്ചില്‍ മാത്രം. ഇങ്ങനെയുളള ഫോണ്‍ കാളുകള്‍ ഈയിടെയായി എനിക്ക്  ശീലമായിരിക്കുന്നു..ആരാ?എന്തിനാ കുട്ടി കരയുന്നേ?. ഞാന്‍ ചോദിച്ചു.എനിക്ക് ചേച്ചിയെ ഒന്ന് കാണണം. കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു.. വെറുതെ ഒരു പെണ്‍കുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയത്‌കൊണ്ട് ഞാന്‍ പറഞ്ഞു. അതിനെന്താ വീട്ടിലേക്ക് വരൂ.. ഞാന്‍ അഡ്രസ്സ് പറഞ്ഞു കൊടുത്തു.

പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു..ഗൗരവമുളള എന്തോ പ്രശ്‌നമാണെന്ന് തോന്നിയത്‌കൊണ്ട് എല്ലാ ജോലിയും മാറ്റി വെച്ച് ഞാന്‍ ആ കുട്ടിയെ കാത്തിരുന്നു...രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി.. ഭാര്യയും ഭര്‍ത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുളള ഒരു മെലിഞ്ഞ സ്ത്രീ സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം.. കരഞ്ഞ് വീര്‍ത്ത കണ്ണുകള്‍. ചിരിക്കാന്‍ മറന്നുപോയ മുഖം. പറന്നു കിടക്കുന്ന തലമുടി.. കസേരയില്‍ ഇരുന്നപാടേ കരയാന്‍ തുടങ്ങി. നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭര്‍ത്താവ്..ഒന്നും മിണ്ടാതെ ഞാനും..''അവള്‍ മാഡത്തിനോട് സംസാരിക്കട്ടെ ഞാന്‍ പുറത്ത് നില്‍ക്കാം'' എന്ന് പറഞ്ഞ് അയാള്‍ പുറത്തിറങ്ങി വാതിലടച്ചു..

ഞാന്‍ കൊടുത്ത വെളളം കുടിച്ച് അവള്‍ പറഞ്ഞു തുടങ്ങി.. അവര്‍ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്‌നേഹമുളള ഒരു കൊച്ചു കുടുംബം. ഭര്‍ത്താവിന് ചെറിയ വരുമാനമേ ഉളളൂ. അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം..വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന ഒരു ദിവസം ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ അവളോട് വന്ന് പറഞ്ഞു ''ചേട്ടന് ചെറിയൊരു പ്രശ്‌നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.'' കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദര്‍ശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവള്‍ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാന്‍ അവള്‍ക്ക് തോന്നിയില്ല. അതിലൊരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉന്നതനുമാണ്. ആ വിശ്വാസത്തില്‍ അവള്‍ ആ നാല് പേരോടൊപ്പം കാറില്‍ പുറപ്പെട്ടു.

ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവള്‍ക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവെച്ചു.. നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകള്‍ക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാന്‍ എന്ത് ബുദ്ധിമുട്ട്.? നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി.. വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി.. ആ രാക്ഷസന്മാര്‍ തന്നെ അവളെ വീട്ടില്‍ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,''നടന്നത് മുഴുവന്‍ ഞങ്ങള്‍ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാല്‍...പിന്നെ അറിയാല്ലോ''.. ആരോടും ഒന്നും പറയാനുളള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവച്ഛവം പോലെ നടന്നു.. അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിര്‍ബന്ധിച്ച് ചോദിച്ച ഭര്‍ത്താവിനോട് അവള്‍ നടന്നത് മുഴുവന്‍ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങള്‍കഴിഞ്ഞിരുന്നു.. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് അവളുടെ മുന്‍പില്‍ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ''ഈ നാല് പേരാണോ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍?''. ''അതെ സാര്‍'' എന്ന് പറഞ്ഞ അവളോട് ചിരിച്ച്‌കൊണ്ട് ആ ഉദ്യോഗസ്ഥന്‍ പച്ചക്ക് ചോദിച്ചത്രേ ''ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?''ഈ വാചകം എന്റെ മുന്‍പിലിരുന്ന് പറയുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു.. ഞാനും..

കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു ' എന്റെ ചേച്ചീ ''ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദനിച്ച് നിലവിളിച്ചു ഞാനെന്ന്. ''കുറച്ച് വെളളം കുടിച്ചിട്ട് അവള്‍ തുടര്‍ന്നു..'' പിന്നീടങ്ങോട്ട് പോലീസുകാരുടെ ചോദ്യങ്ങള്‍ കൊണ്ടുളള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം...സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് കേസ് കൊടുത്തത് കൊണ്ട് എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങള്‍ക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാല്‍ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ കേസ് പിന്‍വലിച്ചു.
ഈ രാജ്യത്ത് നിയമം കുറ്റവാളികള്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെണ്‍കുട്ടിയും, നിര്‍ഭയയും സൗമ്യയും. ഇനി വരാന്‍ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും. നിര്‍ഭയയും,സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ 16 വര്‍ഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത്‌പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.''അവള്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞ് നിര്‍ത്തി..അപ്പോഴും അവളുടെ കണ്ണുനീര്‍ നിര്‍ത്താതെ ഒഴുകുന്നുണ്ടായിരുന്നു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെണ്‍കുട്ടിയെ എന്നോര്‍ത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാന്‍.. ഇതെന്നാണ് സംഭവിച്ചത്? ഞാന്‍ ചോദിച്ചു. രണ്ട് വര്‍ഷമായി. രണ്ട് വര്‍ഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്?. നിസ്സഹായാവസ്ഥയില്‍ സങ്കടം അടക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.

''ചേച്ചീ ഈ രണ്ട് വര്‍ഷമായി എനിക്കും എന്റെ ഭര്‍ത്താവിനും ഉറങ്ങാന്‍ സാധിക്കുന്നില്ല, ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല,കുട്ടികളുടെ കാര്യമന്വേഷിക്കാന്‍ പറ്റുന്നില്ല, ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സില്‍ നിന്ന് മായാത്തത്‌കൊണ്ട് എനിക്കും ഭര്‍ത്താവിനും കുടുംബജിവിതം നയിക്കാന്‍ പറ്റുന്നില്ല.. എന്നിട്ടും പരസ്പരം സ്‌നേഹമുളളത്‌കൊണ്ട് മക്കളെയോര്‍ത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങള്‍ ജീവിക്കുന്നു.. പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയില്‍ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തില്‍ മാന്യന്മാരായി വാഴുന്നു..ഞങ്ങള്‍ വേദന പുറത്ത് പറയാനാവാതെ ദിനം  ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു.. ഇപ്പൊ അവറ്റകള്‍ എന്റെ ഭര്‍ത്താവിനോട് പറയുന്നു ''ഞങ്ങള്‍ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്''. എനിക്കിത് സഹിക്കാന്‍ വയ്യ ചേച്ചി, ഞാന്‍ ജീവിക്കണോ മരിക്കണോ?..ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല.. ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം...?''

നെഞ്ച്‌പൊട്ടിക്കരയുന്ന ഈ പെണ്‍കുട്ടിയോട് എന്ത് പോംവഴിയാണ് ഞാന്‍ പറയേണ്ടത് ?..ബലാത്സംഗം ചെയ്യുന്നവന്‍ ആഗ്രഹിക്കുന്നതും ഇരയുടെ ജീവന്‍ ഇല്ലാതാവുന്നതിലൂടെ തെളിവുകള്‍ ഇല്ലാതാക്കുക എന്ന് തന്നെയാണ്.. അത് ആത്മഹത്യയായാല്‍ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി.കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങള്‍ സഹിച്ച എത്രയെത്ര പെണ്‍കുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?.
ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയില്‍ നിലനില്‍പ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ.
നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയ്യില്‍ എന്നും ഒരു ആയുധമുണ്ടാവണം..ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുര്‍ഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം...സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നു.'
Join WhatsApp News
From facebook 2016-11-03 16:17:56
ഒരു സ്ത്രീ നീതി തേടുമ്പോള്‍ സംഭവിക്കുന്നത്, ഒക്ടോബര്‍ 14നാണ് ഞാനും അജിതേച്ചിയും വഞ്ചിയൂര്‍ കോടതിയില്‍ വക്കീലന്മാരുടെ പേക്കൂത്തിന് ഇരകളായത്. അന്നു തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. രണ്ടാം ദിവസം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വക്കീലന്മാരുടെ മര്‍ദ്ദനമേറ്റ പ്രഭാതേട്ടന്റെ പരാതിയില്‍ സാക്ഷിമൊഴി യെടുക്കാന്‍ വഞ്ചിയൂര്‍ പൊലീസ് മനോരമ ഓഫീസിലെത്തി. വെറും സാക്ഷികളല്ല ഞങ്ങള്‍ക്ക് പരാതിയുണ്ട്. അതില്‍ കേസെടുക്കണമെന്ന് ഞാനും എനിക്കൊപ്പമുണ്ടായിരുന്ന ശ്രീദേവി ചേച്ചിയും ആവശ്യമുന്നയിച്ചു. 'പെണ്‍കുട്ടിയല്ലേ കേസുമായി മുന്നോട്ടു പോയാല്‍ ഭാവിയില്‍ ബുദ്ധിമുട്ടാകും അതുകൊണ്ട് സാക്ഷിയായാല്‍ മതി' യെന്നായിരുന്നു ടക യുടെ ഉപദേശം.ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേസ് എടുക്കാന്‍ തയാറായില്ല. പകരം പരാതി നല്കിയാലുള്ള 'ദുരന്തങ്ങള്‍ ' വിവരിച്ചുകൊണ്ടേയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അഞ്ചാം ദിവസം ദുര്‍ബ്ബലമായ വകുപ്പുകളില്‍ കേസെടുത്തു. പ്രതികള്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നേടി. പിന്നെയാണ് രസം അഞ്ചാം ദിവസം വക്കീലന്മാര്‍ ഞങ്ങള്‍ക്കെതിരെ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തണ്ടും തടിയുമുള്ള വക്കീലന്മാരെ നൂറു കണക്കിന് വക്കീലന്മാര്‍ നോക്കി നില്‌ക്കെ ഞങ്ങള്‍ വെറും നാലു മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. പെണ്ണാണ് പണിയാകുമേ എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്കിടെയിലും നീതി തേടി ഞങ്ങള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,പൊലീസ്, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ കാണാവുന്നവരെയെല്ലാം കണ്ടു. 21 ന് പരാതിയുമായെത്തിയ ഞങ്ങളോട് മൂന്നാം തീയതി നോക്കാമെന്ന വനിതാ കമ്മിഷന്‍ അംഗത്തിന്റെ മറുപടിയില്‍ ഞങ്ങള്‍ കോരിത്തരിച്ചു. വനിതാ കമ്മിഷനില്‍ വിവിധ പരാതികളുമായി കാത്തു നിന്നിരുന്ന പാവപ്പെട്ട സ്ത്രീകളെ സഹതാപത്തോടെ നോക്കി കമ്മിഷന്റെ പടിയിറങ്ങി.പോകുന്ന വഴിക്ക് നാടുനീളെ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മാധ്യമ ഗുണ്ടകള്‍ എന്ന തലക്കെട്ടിനൊപ്പം ഞങ്ങളുടെ കളര്‍ പടങ്ങള്‍ കണ്ട് പുളകിതരായി.കേട്ടാലറയ്ക്കുന്ന തെറിക്കത്തുകളുടെ പ്രവാഹമായിരുന്നു പിന്നെ ഞങ്ങളിരുവരുടേയും ഓഫീസിലേയ്ക്ക്. മനോഹരമായ ആ കത്തുകള്‍ ഞങ്ങളുടെ കണ്ണില്‍പ്പെടാതെ ഒളിപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സഹപ്രവര്‍ത്തകരിന്ന്. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് സസന്തോഷം അറിയിക്കുന്നു. കേസു കൊടുത്തിട്ട് എന്തായി എന്ന പരിഹാസ ചോദ്യങ്ങളും പെണ്ണാണെന്ന വേണ്ടപ്പെട്ടവരുടെ പോലും ഓര്‍മ്മപ്പെടുത്തലുകളുമാണ് ബാക്കി .... കേരളത്തിലെ ഏറ്റവും വലിയ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമായി നീതി തേടിയ ഞങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെ നാട്ടിലെ ഒരു സാധാരണ സ്ത്രീക്ക് . എവിടെ നീതി കിട്ടുീ? എത്ര അപമാനിതരായാലും സ്ത്രീകള്‍ പരാതി നല്കാത്തത് കൊടുത്ത പരാതി പിന്‍വലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം ഇന്നെനിക്കറിയാം ....
Justina Thomas, Manorama news
Proud Mallu 2016-11-03 16:50:40
This is nothing new in Kerala, not limited to CPM, BJP or Congress.  These politicians use money and power and use goondas for illegal lending and money-laundering.  Then if some poor people fail to obey, they threaten their ladies and take advantage.  This happens on a daily basis.  Not even 2% go with a complaint to the police because the system itself supports the goondas. Also, the ladies getting victimized are not always innocent and they too contribute a lot to the situation.

Who can change it? Nobody knows.  No Antony or OC or Pinarayi.  They all are part of the problem. Kerala is becoming another Bihar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക