Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 11- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 03 November, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 11- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
കൈയ്യില്‍ ഒരു സൂട്ട്‌കേസുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന സൂസമ്മ. കഴിഞ്ഞ നാലരവര്‍ഷക്കാലം, താന്‍ ചെലവഴിച്ച, തന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ കാമ്പസിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി. തന്റെ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ മുതിര്‍ന്നതാണ്. താന്‍ കാലുപിടിച്ചാണ് അവരെ അതില്‍ നിന്നും പിന്‍തിരിച്ചത്. വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കുന്ന നിര്‍ധനരായ തന്റെ മാതാപിതാക്കള്‍ക്ക് മകള്‍ക്കുണ്ടായ ദുരന്തം താങ്ങാനാവില്ല. ആ വലിയ ഇരുമ്പുഗേറ്റു തനിക്കുമുമ്പില്‍ എന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. തന്റെ അദ്ധ്വാനത്താല്‍ നേടിയെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഇനി കൈവശം കിട്ടിയിട്ടില്ല. കെട്ടുപ്രായമെത്തി നില്ക്കുന്ന തന്റെ കുഞ്ഞനുജത്തി തനിക്കുണ്ടായ ദുര്‍ഗതി അറിഞ്ഞാല്‍...ഇല്ല, അവരാരും ഇതറിയാന്‍ പാടില്ല. ശുദ്ധഗതിക്കാരായ തന്റെ അയല്‍വാസികള്‍ പോലും തനിക്കു പറ്റിയ ഈ ദുരവസ്ഥ അറിഞ്ഞാല്‍ ആശ്ചര്യപ്പെടും; വേദനിക്കും. അതുകൊണ്ടാണ് താന്‍ സ്വയമായി ഈ പെരുവഴിയിലേക്കിറങ്ങിയത്.

അടുത്തുള്ള റെയില്‍വേ സ്റ്റേഷനാണ് ലക്ഷ്യം. കുറച്ചു നടന്നപ്പോള്‍ വല്ലാത്ത ക്ഷീണം. തലകറങ്ങുന്നതുപോലെ.

റോഡരികിലുള്ള കടയുടം സമീപം സൊറ പറഞ്ഞിരിക്കുന്ന ചില ചെറുപ്പക്കാരുടെ അര്‍ത്ഥഗര്‍ഭമായ നോട്ടം അവള്‍ക്ക് അസഹനീയമായിത്തോന്നി. സമീപത്തുകൂടി വന്ന ടാക്‌സിക്കാര്‍ അവള്‍ കൈകാണിച്ചു നിര്‍ത്തി എങ്ങിനെയോ അതില്‍ കയറി. റെയില്‍വെ സ്റ്റേഷനിലെത്തിയ അവള്‍ തന്റെ കൈയ്യിലുണ്ടായിരുന്ന മേല്‍വിലാസം ഒരു ജോലിക്കാരനെ കാണിച്ചു വിവരം തിരക്കി. ഇവിടെ നിന്നും മൂന്നു സ്റ്റേഷനുകള്‍ മുമ്പോട്ടു പോയാല്‍ ആ മേല്‍വിലാസത്തിലുള്ള ടൗണിലിറങ്ങാം. അവിടെ നിന്നും ഒരു ടാക്‌സിയില്‍ മേല്‍വിലാസക്കാരന്റെ താമസസ്ഥലത്തെത്താം. പക്ഷെ അവിടേയ്ക്കുള്ള ട്രെയിന്‍ ഇനി അടുത്ത പ്രഭാതത്തില്‍ മാത്രമേ എത്തുകയുള്ളൂ. നേരം ഇരുട്ടിത്തുടങ്ങി. ഇനി എന്തുചെയ്യും. സ്റ്റേഷനില്‍ സ്ത്രീ യാത്രക്കാര്‍ക്കുവേണ്ടിയുള്ള മുറിയില്‍ രാത്രി കഴിച്ചുകൂട്ടാമെന്ന് നല്ലവനായ ആ ജോലിക്കാരന്‍ അഭിപ്രായപ്പെട്ടു. മറ്റു മാര്‍ഗ്ഗമൊന്നുമില്ല. അവള്‍ സൂട്ട്‌കേസുമായി ആ മുറിയില്‍ പ്രവേശിച്ചു. മുറിയോടു ചേര്‍ന്ന് ഒരു ചെറിയ ബാത്ത്‌റുമുണ്ട്. സൂസമ്മയെക്കൂടാതെ അല്പം പ്രായമായ ഒരു സ്ത്രീയും മകളും അവരുടെ ഒരു കുട്ടിയും ആ മുറിയിലുണ്ടായിരുന്നു. സൂസമ്മ ബാത്ത്‌റൂമില്‍ കയറി മുഖം കഴുകി. അല്പം ഒരാശ്വാസം. അവളുടെ ഉള്ളില്‍ ഒരു അഗ്നിജ്വാല ആളിപ്പടരുകയാണ്. വല്ല വിധേനയും നേരം പ്രഭാതമായെങ്കില്‍!

"താന്‍ ചെല്ലുമ്പോള്‍ അങ്കിള്‍ അവിടെ ഇല്ലെങ്കില്‍ എന്തുചെയ്യും. എങ്ങോട്ടു പോകും. ദൈവമെ, നിരപരാധിയായ എന്നെ ശിക്ഷിക്കരുതെ. ഇച്ചാച്ചനും അമ്മച്ചിയും മേരിയും എല്ലാം തന്നെപ്പറ്റിയുള്ള ശുഭപ്രതീക്ഷയില്‍ കഴിയുകയാണല്ലോ.'

അവള്‍ കണ്ണുകളടച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി. കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ ആരും കാണാതെ അവള്‍ ഒപ്പിയെടുത്തു. മുറിയിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീയുടെ കൂടെക്കൂടെയുള്ള ചില ചോദ്യങ്ങളെ അതിജീവിക്കാന്‍ അവള്‍ മയക്കം അഭിനയിച്ചു. ക്രമേണ അവള്‍ ഉറക്കത്തിലേക്കു വഴുതി വീണു. കണ്ണുതുറന്നപ്പോള്‍ പ്രഭാതമായിരിക്കുന്നു. അവള്‍ വാച്ചില്‍ നോക്കി. ട്രയിന്‍ വരാന്‍ ഇനി ഒന്നര മണിക്കൂര്‍ കൂടി.

""ദൈവമേ, ഞാനവിടെ എത്തുമ്പോള്‍ അങ്കിള്‍ അവിടെ ഉണ്ടായിരിക്കണെ. എന്നെ ഈ ആഴക്കടലില്‍ നിന്നു കരകയറ്റാന്‍ അങ്കിളിനു മാത്രമെ കഴിയൂ.'' അവളുടെ ചിന്തകള്‍ ഒന്നിന്നു പിറകെ ഒന്നായി അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

നീണ്ട കാത്തിരിപ്പിനുശേഷം തീവണ്ടി വരാറായി എന്ന അറിയിപ്പു കേള്‍ക്കുന്നു. അവള്‍ സൂട്ട്‌കേസുമായി മുറിവിട്ടു പുറത്തിറങ്ങി, തീവണ്ടിക്കുവേണ്ടി കാത്തുനിന്നു. സ്റ്റേഷനില്‍ സാമാന്യം നല്ല തിരക്ക്, വിദ്യാര്‍ത്ഥികളുടെയും ജോലിക്കു പോകുന്നവരുടെയും തിരക്ക്. എങ്കിലും തീവണ്ടിയില്‍ അവള്‍ക്കു സീറ്റു ലഭിച്ചു. മൂന്നാമത്തെ സ്റ്റേഷനില്‍ വണ്ടി ഇറങ്ങിയ അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. സ്റ്റേഷനു പുറത്തിറങ്ങി ഒരു ടാക്‌സിക്കാരനെ മേല്‍വിലാസം കാണിച്ചു. മധ്യവയസ്ക്കനായ അയാളുടെ നോട്ടം അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഏകദേശം പതിനഞ്ചു മിനിട്ട് പിന്നിട്ടപ്പോള്‍ സ്ഥലമെത്തി എന്നു ഡ്രൈവര്‍ അറിയിച്ചു. അയാളുടെ കൂലി കൊടുത്ത് അയാള്‍ ചൂണ്ടിക്കാണിച്ച കെട്ടിടത്തെ ലക്ഷ്യമാക്കി അവള്‍ ചുവടുകള്‍ വച്ചു. ഇടുങ്ങിയ തെരുവിന്റെ പാര്‍ശ്വത്തിലായി രണ്ടു നിലകളുള്ള നീളമുള്ള ഒരു കെട്ടിടം. രണ്ടാമത്തെ നിലയില്‍ പതിനാറാമത്തെ മുറിയാണ് അങ്കിളിന്റെ വാസസ്ഥാനം. എന്നാല്‍ മുറി അടഞ്ഞുകിടക്കുന്നു. പല പ്രാവശ്യം മുട്ടിയിട്ടും പ്രതികരണമൊന്നുമില്ല. അപ്പോള്‍ അവള്‍ക്കുണ്ടായ വേദനയും നിരാശയും എല്ലാം ചേര്‍ന്ന് അവള്‍ തളര്‍ന്നുവീഴുമോ എന്നു തോന്നി.

അടുത്ത മുറിയില്‍ താമസിക്കുന്ന മറ്റൊരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. സൂസമ്മ അന്വേഷിക്കുന്ന ആള്‍ അല്പം മുമ്പെ പുറത്തേയ്ക്കു പോയി എന്നും താമസിയാതെ തിരിച്ചെത്തിയേക്കുമെന്നും ഇംഗ്ലീഷില്‍ അയാള്‍ അറിയിച്ചു. അയാള്‍ മലയാളി ആണെന്നു തോന്നുന്നില്ല. അയാളുടെ വാക്കുകള്‍ അവള്‍ക്കല്പം ആശ്വാസം പകര്‍ന്നു. മുറിയുടെ വാതുക്കള്‍ കണ്ട കസേരയില്‍ അവള്‍ അങ്കിളിനെയും കാത്തിരുന്നു.

അടുത്ത മുറിയിലെ ചെറുപ്പക്കാരന്‍ തിരിച്ചു പോയെങ്കിലും തന്നോടുള്ള ഒരു കരുതല്‍ എന്നപോലെ വാതില്‍ പകുതി മാത്രമേ ചാരിയുള്ളൂ. അല്പസമയത്തിനുശേഷം വീണ്ടും അയാളിറങ്ങി വന്നു ചോദിച്ചു:
""കുടിക്കാന്‍ എന്തെങ്കിലും.....''
സൂസമ്മ നന്ദിപൂര്‍വ്വം അയാളുടെ ആതിഥ്യമര്യാദ സ്വീകരിച്ചു:-
""അല്പം വെള്ളം കിട്ടിയാല്‍ നന്നായിരുന്നു.''

അയാള്‍ ഒരു ഗ്ലാസ്സു വെള്ളം അവള്‍ക്കു കൊണ്ടുവന്നുകൊടുത്തു. തിരിച്ചു ഗ്ലാസ്സു വാങ്ങി അകത്തേയ്ക്കു പോയ അയാളുടെ പെരുമാറ്റം ഒരു സ്ത്രീയോടുള്ള ആദരവ് അവള്‍ മനസ്സാ നമിച്ചു.
(തുടരും)
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 11- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക