Image

ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 15 February, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു
ഹൂസ്റ്റണ്‍ : ഫൊക്കാനയുടെ പതിനഞ്ചാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി പൊന്നു പിള്ള, വി.എന്‍. രാജന്‍, മാത്യു നെല്ലിക്കുന്ന്, ജയ്‌സണ്‍ ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകയാണ് പൊന്നു പിള്ള. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍ മുന്‍ പ്രസിഡന്റ്, ഹൂസ്റ്റണ്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക മെംബര്‍ കൂടിയായ പൊന്നു പിള്ള ഇപ്പോഴത്തെ പ്രസിഡന്റുകൂടിയാണ്. കൂടാതെ, കേരള ഹിന്ദു അസ്സോസിയേഷന്റെ സ്ഥാപക മെംബറും പ്രസിഡന്റുമാണ്. അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പൊന്നു പിള്ള ഫൊക്കാന കണ്‍വന്‍ഷന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രസിഡന്റ് ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.

മാത്യു നെല്ലിക്കുന്ന് എന്ന സാഹിത്യകാരന്‍ കഥ, നോവല്‍, ലേഖനം, ഹാസ്യം എന്നീ സാഹിത്യശാഖകളിലായി ഇരുപതോളം കൃതികളുടെ രചയിതാവാണ്. 14 വര്‍ഷങ്ങളായിഭാഷാ കേരളം എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിക്കുന്ന ശ്രീ നെല്ലിക്കുന്ന്, കേരളത്തിലെ'എഴുത്ത്' അക്കാദമിയുടെ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കൂടിയാണ്.

കലാസാഹിത്യ വാസനകളെ പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണില്‍ 'ജ്വാലാ ആര്‍ട്‌സിന്' രൂപം നല്‍കിയ ശ്രീ നെല്ലിക്കുന്ന്, കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്, രജനി മാസിക പത്രാധിപ സമിതിയംഗം, കേരളനാദം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരള വീക്ഷണം എഡിറ്റര്‍, മലയാളി പത്രാധിപ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994ലെ ഫൊക്കാന അവാര്‍ഡ്, 1995ലെ വിദേശ മലയാളി സാഹിത്യവേദി അവാര്‍ഡ്, വിദേശ മലയാളി എഴുത്തുകാര്‍ക്കുള്ള 1996ലെ പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ അവാര്‍ഡ്, മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരക അവാര്‍ഡ്, 1999ലെ അക്ഷയ പുരസ്‌ക്കാരം, കേരള പാണിനി സാഹിത്യ സമിതി ഭാഷാഭൂഷണം പ്രവാസി അവാര്‍ഡ് മുതലായവ ലഭിച്ചിട്ടുണ്ട്.

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍ ഡയറക്ടര്‍ ബോര്‍ഡിലെ അംഗമായ വി.എന്‍. രാജന്‍ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ പ്രവര്‍ത്തകനാണ്. കേരള ഹിന്ദു സൊസൈറ്റിയിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

ഒരു അറ്റോര്‍ണി കൂടിയായ ജയ്‌സണ്‍ ജോണ്‍ യുവജന പ്രസ്ഥാനങ്ങളില്‍ സജീവമാണ്.MGOCSM ന്റെ പ്രവര്‍ത്തകനും കൂടിയായ അദ്ദേഹം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ജയ്‌സണ്‍ ഒരു മാതൃകയായിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക