Image

സ്വല്പം സ്വകാര്യ വിശ്വേഷങ്ങള്‍ - പ്രേമ എബ്രഹാം മാന്തുരുത്തില്‍

പ്രേമ എബ്രഹാം മാന്തുരുത്തില്‍ Published on 03 November, 2016
സ്വല്പം സ്വകാര്യ വിശ്വേഷങ്ങള്‍ - പ്രേമ എബ്രഹാം മാന്തുരുത്തില്‍
ഞാന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍, എന്റെ ആതിഥേയന്‍ താക്കീത് ചെയ്തത് ഇങ്ങനെ. ആരെയെങ്കിലും പരിചയപ്പെട്ടാല്‍ എന്തുചെയ്യുന്നു എന്നൊക്കെ കേറി ചോദിക്കരുത്. ഇവിടെ എല്ലാവരും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നു.

പാശ്ചാത്യരുടെ സ്വഭാവം നമ്മില്‍ നിന്ന് തികച്ചും വ്യത്യസ്തം. അവര്‍ എപ്പോഴും അവരുടെ സ്വകാര്യതയെ മാനിക്കുന്നു; ഒപ്പം അവരുടെ അയല്‍ക്കാരന്റെയും. എന്നാല്‍ നമുക്ക് സാധാരണയായി ഇങ്ങനെ ഒരു ഗുണം ഉണ്ടോ? നമ്മള്‍ ഭാരതീയര്‍ക്ക് മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയുക എന്നുള്ളത് ഒരു ഹരം തന്നെയാണ്.

എന്റെ മകള്‍ ഇവിടെ ഒരു വീട് വാങ്ങുന്നതിനായി എല്ലാ കാര്യങ്ങളും ശരിപ്പെടുത്തി. അപ്പോള്‍ തികച്ചും ഒരു കൗതുകം കൊണ്ട് ഞാന്‍ ചോദിച്ചു ആരാണ് എന്നൊക്കെ. അവള്‍ പറഞ്ഞുതന്നു, ഇവിടെ വില്‍ക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍ കാണേണ്ട ആവശ്യം ഇല്ല. എല്ലാം ഏജന്റ് വഴി നടന്നു കൊള്ളും. നല്ല കാര്യം മുന്‍വിധികളില്ലാതെ ഗൃഹപ്രവേശം!

ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരനായ നിരാജ് ചൗധരി നമ്മളും പാശ്ചാത്യരും തമ്മിലുള്ള സ്വഭാവവ്യത്യാസം രസകരമായി ചിത്രീകരിക്കുന്നു. ലണ്ടനില്‍ ദിവസവും ജോലി സ്ഥലത്തേക്ക് അദ്ദേഹത്തിന് മുക്കാല്‍ മണിക്കൂര്‍ ട്യൂബ് ട്രെയിനില്‍ യാത്ര ചെയ്യേണ്ടിയിരുന്നു. എന്നും ഒരേ കമ്പാര്‍ട്ട്‌മെന്റില്‍ തന്നെയാണ് കയറുക. സഹയാത്രികരും എന്നും ഒരേ പേര്‍. കയറി ഇരിക്കുമ്പോള്‍ 'ഗുഡ് മോണിംഗ്' പറഞ്ഞ അങ്ങോട്ടുമിങ്ങോട്ടും അഭിവാദ്യം ചെയ്യും. അതോടെ സംഭാഷണം നിലക്കും. പിന്നെ ശ്മശാന മൂകത. ഓരോരുത്തരും അവനവന്റെ കൈയ്യിലെ പത്രമോ പുസ്തകമോ വായിച്ചു സമയം നീക്കും. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും ചൗധരിക്ക് സഹയാത്രികരെപ്പറ്റി കൂടുതല്‍ ഒന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷുകാരന്റെ സ്വഭാവവിശേഷം!

ഇനി ഒരു താരതമ്യം ആകാം. ഇതേ രംഗം നമ്മുടെ നാട്ടില്‍ ഒന്നു സങ്കല്‍പ്പിക്കുക. ട്രെയിനില്‍ ഒരു ദിനപ്പത്രവുമായി കയറുന്നയാള്‍ വായിച്ചുകൊണ്ടിരിക്കുന്ന പത്രത്തിന്റെ മറ്റു താളുകള്‍ അടുത്തിരിക്കുന്നവര്‍ ചോദിച്ചു വാങ്ങിയെന്നിരിക്കും. കാരണം ഒരേ സമയത്ത് ഒരാള്‍ക്ക് പല താളുകള്‍ വായിക്കാന്‍ സാധിക്കയില്ലല്ലോ!

ബ്രിട്ടനിലെ ട്രെയിന്‍ യാത്രപോലെ ചൗധരി ഡെല്‍ഹിയിലെ ഒരു ബസ് യാത്രയും വിവരിക്കുന്നു. തിങ്ങി നിറഞ്ഞ ഒരു ഡി.ടി.സി. ബസ്സില്‍ രണ്ടുപേര്‍ കമ്പിയില്‍ തൂങ്ങി യാത്ര ചെയ്യുകയാണ്. തിക്കും തിരക്കും ഒന്നും അവരുടെ സംഭാഷണത്തിന് തടയിടുന്നില്ല. ഒത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു അവര്‍ നല്ല സുഹൃത്തുക്കളായി തീര്‍ന്നു. പിരിയും മുമ്പേ ഒരുവന്‍ മറ്റവനോട് പറയുന്നു.
വേനല്‍ക്ക് ഞങ്ങളുടെ മുറ്റത്തെ മാവില്‍ ഉഗ്രന്‍ മാമ്പഴം പിടിക്കാറുണ്ട്. അഡ്രസ് തരൂ, ഞാന്‍ നിങ്ങള്‍ക്ക് മാമ്പഴം എത്തിക്കാം.

എവിടെയെങ്കിലും ചെറുപ്പക്കാരായ ദമ്പതികളെ പരിചപ്പെട്ടാല്‍ ഉടന്‍ വരുന്നു ചോദ്യം എത്രകുട്ടികളുണ്ട്. ഇല്ല എന്നു ഉത്തരം കേട്ടാല്‍ ഉടന്‍ സഹതാപഭാവം. ഇനി രണ്ട് എന്നുകേട്ടാല്‍ ഓ, ഒരു കുടുംബമായാല്‍ മൂന്നു കുട്ടികള്‍ എങ്കിലും വേണം എന്ന കമന്റ്.

എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു മൂന്നാമതൊരു പെണ്‍കുട്ടി ജനിച്ചപ്പോള്, ഞങ്ങള്‍ക്ക് പ്രയാസമൊന്നുമുണ്ടായില്ല. പക്ഷേ നാട്ടുകാരുടെ വിഷമം കുറച്ചൊന്നുമല്ലായിരുന്നു!
പാശ്ചാത്യരെപ്പോലെ അകലം സൂക്ഷിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും, നല്ല സഹവര്‍ത്തിത്വം ഉള്ളവര്‍ എന്ന് നമുക്ക് അഭിമാനിക്കാം. പഴയകാലത്ത് നമ്മുടെ ധനിക കുടുംബങ്ങളില്‍, രാത്രികാലത്ത് പടിപ്പുര അടയ്ക്കും മുമ്പ് 'അത്താഴ പട്ടിണിക്കാരുണ്ടോ?' എന്ന് അന്വേഷിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നല്ലോ. അപ്പോള്‍ മറ്റുള്ളവരുടെ വിശേഷങ്ങള്‍ വെറുതെ ചോദിക്കുക മാത്രമല്ല, അവരെ ഉള്‍കൊള്ളുക എന്നതും നമ്മുടെ പ്രത്യേകതയായിരിക്കാം.

കൂടുതല്‍ ആളുകളുമായി ഇടപഴകുക, അവരെ വീട്ടിലേക്ക് ക്ഷണിക്കുക, ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക- ഇതൊക്കെ നമുക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളത്രെ. നമ്മുടെ വിവാഹ ആല്‍ബം മറിച്ചുനോക്കുന്ന സായിപ്പ് 'നിങ്ങളുടെ ഗ്രാമത്തെ മുഴുവനും വിളിച്ചു കൂട്ടിയിരുന്നോ?' എന്നു ചോദിച്ചതായും കേട്ടിട്ടുണ്ട്. വടക്കേ ഇന്‍ഡ്യയിലാകട്ടെ, ബാരാത്തിനൊപ്പം കുതിരപ്പുറത്തെത്തുന്ന വരനും മറ്റും ഒരു ജനതയുടെ മുഴുവന്‍ ആഘോഷമാണ്. ഒരു പക്ഷേ വിവാഹം എന്നുള്ളത് ഒരു വ്യക്തിയുടെ ജീവിതത്തിലെ അതുല്യനിമിഷം എന്നത് അരക്കിട്ടുറപ്പിക്കാനാവും ഇത്രയധികം സന്നാഹങ്ങളും ബന്ധുമിത്രാദികളും.

ചൗധരി പറയുന്നപോലെ, ഇംഗ്ലണ്ടിലെ തണുത്തുറഞ്ഞ കാലാവസ്ഥയും, നമ്മുടെ ഊഷ്മളമായ കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസമായിരിക്കാം ഇരുകൂട്ടരുടെയും സ്വഭാവത്തിലും ജീവിത രീതികളിലും പ്രതിഫലിക്കുന്നത്.

സ്വല്പം സ്വകാര്യ വിശ്വേഷങ്ങള്‍ - പ്രേമ എബ്രഹാം മാന്തുരുത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക