Image

തയ്യൂരിലേക്ക് പറക്കുന്ന ചിത്രശലഭങ്ങള്‍ (എന്റെ ഗ്രാമം-2: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)

Published on 04 November, 2016
തയ്യൂരിലേക്ക് പറക്കുന്ന ചിത്രശലഭങ്ങള്‍ (എന്റെ ഗ്രാമം-2: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
പണത്തിനോടും, ആര്ഭാടത്തോടും വിദേശസംസ്കാരത്തോടുമുള്ള പുതിയ തലമുറയുടെ അമിതമായ ആസക്തി സ്ഫടികം പോലെ നിഷ്കളങ്കമായിരുന്ന ഗ്രാമീണ യുവതലമുറകളുടെ മനസ്സില്‍ കളങ്കം നിറയ്ക്കപ്പെട്ടെങ്കിലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളസുന്ദരിയുടെ പേടമാന്‍ മിഴികളാകുന്ന ഗ്രാമഭംഗിയില്‍ ഉറ്റുനോക്കുകയാണെങ്കില്‍ ആ മുഖസൗന്ദര്യത്തിന് യാതൊരു വാര്‍ദ്ധക്യവും സംഭവിച്ചിട്ടില്ലെന്നു കാണാം .

കേരളപ്പിറവി എന്ന ഈ പവിത്രമായ, മഹത്തായ ദിവസത്തിന്റെ ഓര്‍മ്മപുതുക്കുന്നതിനായി ഞാനെന്റെ കൊച്ചുഗ്രാമമായ തയ്യൂരിലേയ്ക്ക് ഓര്‍മ്മകളാകുന്ന കൊച്ചു നൗകയില്‍ കയറിപോകുമ്പോള്‍ എന്റെ കൂടെ സഞ്ചരിയ്ക്കുന്ന ഓരോ മലയാളിയും പ്രത്യേകിച്ചും പ്രവാസി മലയാളി ഒരു പാട് വാചാലകമാകുമെന്നതില്‍ സംശയമില്ല

കൊച്ചുകുട്ടികള്‍ക്ക് 'അമ്മ എന്നോണം കളിമുറ്റവും കളിക്കോപ്പുകളും, കൗതുകങ്ങളും തന്നു വളര്‍ത്തിയ എന്റെ പ്രിയങ്കരിയായ തയ്യൂര്‍ ഗ്രാമം .ഒരല്‍പം അസൂയയും മത്സരങ്ങളും നേരംപോക്കുകളും കൈമുതലായി ഉണ്ടെങ്കിലും നിഷ്കളങ്കരായ കുറെ മനുഷ്യര്‍ ആ ഗ്രാമത്തിന്റെ ഇഷ്ടങ്ങളെല്ലാം വിട്ട് ഈ നഗരജീവിതത്തിന്റെ തിരക്കില്‍ അലയുമ്പോഴും, എന്റെ ഗ്രാമ സുന്ദരിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിന് ആശ്വാസം നല്‍കാറുണ്ട്

പ്രഭാതവേളയില്‍ കുളിയ്ക്കാനായി പാടത്തുവക്കിലുള്ള കുളത്തില്‍ പോകുമ്പോള്‍ വിളിപ്പാടകലെ പാടത്തിനപ്പുറത്തുള്ള അമ്പലത്തില്‍നിന്നും ഒഴുകിവരാറുള്ള ഭക്തിഗീതങ്ങള്‍, നെല്ലോലകളെയും തെങ്ങോലകളെയും പൂക്കളെയും അരുവികളെയും ചുംബിച്ച് നറുമണവും പേറി എന്റെ കവിള്‍ത്തടങ്ങളില്‍ ചുംബിച്ച് എന്നെ ഇക്കിളികൂട്ടുമ്പോള്‍ ആ ആനന്ദലഹരിയില്‍ ഞാന്‍ ലയിച്ചുപോകാറുണ്ട് എന്ന് തിരിച്ചറിയുന്നത് ഈ മഹാ നഗരത്തില്‍ വന്നതിനു ശേഷമാണ്. ആദ്യമായി എന്റെ ഓര്‍മകളുടെ പൂങ്കാവനത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ഓടി കയറാന്‍ ആഗ്രഹിയ്ക്കുന്നത് എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന കുട്ടികള്‍ക്ക് ഞാന്‍ പാഠങ്ങള്‍ പറഞ്ഞു കൊടുത്തിരുന്ന എന്റെ ട്യൂഷന്‍ ക്ലാസ്, അല്ല ഞങ്ങളുടെ ഗുരുകുലം. നാല് മൂലകളിലും നടുവിലും മരത്തടികൊണ്ടുണ്ടാക്കിയ തൂണ് ഓലമേഞ്ഞ മേല്‍ക്കൂര, നാലുവശവും തുറന്നിരിയ്ക്കുന്ന ഒരു പുര. അതിന്റെ ഒരു മൂലയില്‍ കൂട്ടിയിട്ടിരിയ്ക്കുന്ന വിറകു പുതിയ ടെക്‌നോളജിയുടെ ആധിപത്യത്താല്‍ ഉപേക്ഷിയ്ക്കപ്പെട്ട ഒരു കല്ലുരല്‍ അതിനിടയിലാണ് മൂന്നു ബെഞ്ചും രണ്ടു ഡെസ്ക്കും. ചുറ്റു വശത്തും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പ്ലാവും, മുരുക്കും കാറ്റും വെയിലും മഴയും മറ്റെല്ലാ പ്രകൃതി സൗന്ദര്യസവും ആസ്വദിച്ചറിയാന്‍ കഴിയാവുന്നതാണ് ഞങ്ങളുടെ ഗുരുകുലം. അവിടെ എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിയ്ക്കുന്ന എന്റെ കൊച്ചുകൂട്ടുകാര്‍.

കോളേജില്‍ നിന്നും വന്നു ഒരല്പം വിശപ്പുമാറ്റിയാല്‍ നേരെ അക്ഷമരായി കാത്തിരിയ്ക്കുന്ന എന്റെ കൊച്ചുകൂട്ടുകാരുടെ അടുത്തെത്തും ഒന്നുരണ്ടു മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പഠനത്തിനുശേഷം ഞങ്ങളുടെ നാട്ടുകൂട്ടം ആരംഭിക്കുകയായി . സ്കൂളിലെ നിത്യസംഭവങ്ങള്‍, നാട്ടുവിശേഷങ്ങള്‍ സിനിമാകഥകള്‍ , പത്താം ക്ലാസ്സുകാരിക്ക് പുതിയതായി വന്ന സുമുഖനായ കണക്കുസാറിനോടുതോന്നുന്ന പ്രേമം തുടങ്ങിയ എല്ലാം ഞങ്ങളുടെ ചര്‍ച്ചയില്‍ പെടും അതില്‍ ഒന്നാംക്ലാസ്സുകാരനുണ്ട് എല്ലാവരും വിശേഷങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിന്നതിനായി അവന്‍ ആദ്യവും അവസാനവും ഇല്ലാതെ ഉണ്ടാക്കി പറയുന്ന കഥകള്‍ ഞങ്ങളെ പലപ്പോഴും പൊട്ടിചിരിപ്പിയ്ക്കാറുണ്ട് .

പലദിവസങ്ങളിലും ക്ലാസ്സ് കഴിഞ്ഞാല്‍ നാട്ടുകൂട്ടം നീങ്ങുന്നത് നേരെ കശുമാവിന്‍ പറമ്പിലേക്കായിരിക്കും. അവിടെ വട്ടമിട്ടിരുന്നു മണിക്കൂറുകളോളം കുശലം പറഞ്ഞിരിയ്ക്കും ചില ദിവസങ്ങളില്‍ നേരെ പാടത്തുള്ള കിണറിനരികിലായിരിയ്ക്കും ഈ കൊച്ചു നാട്ടുക്കൂട്ടം കിണറിനു ചുറ്റുമായി വട്ടമിട്ടു പറക്കുന്ന തുമ്പികള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു. നേരം എത്രയായാലും പിരിഞ്ഞുപോകാന്‍ ഞങ്ങള്ക്ക് മടിയായിരുന്നു. ദിവസത്തില്‍ ഒരുപ്രാവശ്യം മാത്രം ഞങ്ങളുടെ നാട് സന്ദര്‍ശിക്കുന്ന ബസ്സ് വന്നു തിരിച്ച്‌പോകുമ്പോഴാണ് വൈകീട്ട് 7 മണിയായെന്നു ഞങ്ങള്‍ തിരിച്ചറിയുന്നത് അപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞുപോകുന്നതിനെക്കുറിച്ച് ചിന്തിയ്ക്കും .

അത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിയ്ക്കലും തിരിച്ചുവരാത്ത സുവര്‍ണ്ണനിമിഷങ്ങളാണ്. എന്റെ ഗ്രാമസുന്ദരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരായിരം നിമിഷങ്ങള്‍ മിന്നിമായുന്നു. പകല്‍ സമയത്ത് വീട്ടിലിരുന്ന് പഠിക്കുകയെന്ന സ്വഭാവം എനിയ്ക്കില്ലായിരുന്നു. പഠിക്കാനുള്ള പുസ്തകവുമെടുത്ത പറമ്പിലുള്ള കശുമാവിന്റെ ചാഞ്ഞുറങ്ങുന്ന കൊമ്പില്‍ പറ്റികിടക്കും എന്നിട്ടു ഉറക്കെ വായിച്ചു പഠിക്കും ചില സമയങ്ങളില്‍ പഠനത്തിനിടയില്‍ എന്റെ മനസ്സ് ഞാനറിയാതെ പ്രകൃതി സൗന്ദര്യത്തില്‍ അലിഞ്ഞുചേരും . മരക്കൊമ്പില്‍ ഒതുങ്ങിച്ചേര്‍ന്നിരിയ്ക്കുന്ന നത്തുകള്‍ എന്നെ ഭയപ്പെടുത്താനെന്നോണം കണ്ണുരുട്ടി കാണിയ്ക്കും.. പക്ഷെ ആ നിഷ്കളങ്കമായ കൊച്ചു വട്ടമുഖം കാണുമ്പോള്‍ എനിയ്‌ക്കൊരു കുസൃതി കുട്ടിയെപ്പോള്‍ തോന്നും മാത്രമല്ല ചിലപ്പോഴൊക്കെ മരകൊമ്പില്‍ പ്രകൃതിയെ ആസ്വദിച്ച്‌കൊണ്ട് ഉറങ്ങിപ്പോകുന്ന എന്നെ ഈ കുശുമ്പിമാര്‍ ശബ്ദം വച്ചുണര്‍ത്തും.

അപ്പോള്‍ കമ്യൂണിസ്റ്റ് പച്ചകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കുന്ന ചുവന്ന കണ്ണുള്ള നിഷ്കളങ്കമായ വെള്ളമുയലുകള്‍ എന്റെ ശ്രദ്ധയില്‍പ്പെടും. പ്രകൃതിയില്‍ നിഷ്കളങ്കത മൃദുത്വം എന്ന രണ്ടു രസത്തെ ശേഖരിച്ചുവച്ചിരിയ്ക്കുന്നത് ഇവരില്‍ മാത്രമാണെന്ന് തോന്നും. പിന്നെ ഉണങ്ങിയ മാങ്ങയണ്ടിപേറി കഷ്ടപ്പെട്ട് മരത്തില്‍ കയറുന്ന അണ്ണാറക്കണ്ണന്മാര്‍ പലപ്പോഴും എന്റെ നോട്ടപുള്ളികളാകാറുണ്ട് . കഠിനാദ്ധ്വാനം ചെയ്യുന്ന ഇവരെ കാണുമ്പോള്‍ ഞാന്‍ ചിന്തിയ്ക്കാറുണ്ട് ഇത്രയും കുറഞ്ഞ ജീവിതമുള്ള ഈ ജീവികള്‍ നാളെയ്ക്കുവേണ്ടി ഇങ്ങിനെ പണിയെടുക്കുന്നത് മടിയന്മാരും സുഖിയന്മാരുമായ മനുഷ്യര്‍ കണ്ടുപഠിയ്‌ക്കേണ്ടതാണ്.

ഇങ്ങനെ ഓരോ ചിന്തകളുമായി സമയം പോകാറുണ്ട്. മനസിലെന്നും മഞ്ഞുതുള്ളിപോലെ ഇന്നും കുളിരുകോരുന്ന വേറൊന്ന് പൂക്കളില്‍നിന്നും പൂക്കളിലേയ്ക്ക് പറന്നു മധുനുകര്‍ന്നു നടക്കുന്ന പലവര്‍ണ്ണത്തിലുള്ള ചിത്ര ശലഭങ്ങളാണ് . പലപ്പോളും അവരിലൊന്നായി ഞാന്‍ മാറിയെങ്കില്‍ എന്നു ഞാന്‍ ഓര്‍ക്കാറുണ്ട് . വിവിധ വര്‍ണ്ണത്തിലുള്ള പൂമ്പാറ്റകളെ കയ്യിലെടുത്ത് അവയുടെ വര്‍ണ്ണാഭമായ ഭംഗി ആസ്വദിയ്ക്കുന്നത് എന്റെ ഒരു വിനോദമായിരുന്നു കുറെ നേരം അവയെ നോക്കിയിരിയ്ക്കാനും സല്ലപിക്കുവാനുമായി തട്ടിന്‍ പുറത്തുള്ള മുറിയില്‍ കുറെ ചിത്രശലഭങ്ങളെ ഞാന്‍ ശേഖരിച്ചു ഒരമ്മ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയില്‍ പൂക്കളും തേനും ഞാന്‍ നല്‍കി അവയുടെ കൂടെയിരുന്ന് ഞാന്‍ അവരുടെ വര്‍ണ്ണ ഭംഗി ആസ്വദിച്ചു . പിന്നീടെപ്പോഴോ ഞങ്ങളെ സ്വതന്ത്രമായി പറന്നു നടന്നു മധു നുകരാന്‍ അനുവദിക്കുക എന്ന അവയുടെ വിലാപം കാതില്‍ മുഴങ്ങിയതോടെ അവയെയെല്ലാം പറന്നു നടന്നു മധു നുകരനായി അനു വദിയ്ക്കണമെന്ന് നിഷ്ക്കളങ്കമായ അവയെ കണ്ടപ്പോള്‍ തോന്നി എല്ലാറ്റിനെയും സ്വതന്ത്രമാക്കി . എല്ലാവരുടെ മനസ്സിലും മായാതെ നില്‍ക്കുന്ന ഒരു മരുപ്പച്ചയാണ് ആദ്യമായി മനസ്സില്‍ മൊട്ടിട്ട ഒരു സ്‌നേഹം എന്റെ മനസ്സില്‍ നായകന്‍ പ്രത്യക്ഷ പെട്ടിരുന്നത് ഒരു സാധരണ സൈക്കിളിലായിരുന്നു ദൂരെനിന്നും ഞങളുടെ ഗെയിറ്റിലെത്തുമ്പോള്‍ നിലക്കാത്ത മണിയടി അങ്ങിനെയാണ് പരസ്പരം കണ്ടിരുന്നത് ഇന്നത്തെ കാലത്തെ പോലെ ഫ്രണ്ട്ഷിപ്പ് എന്ന മറയ്ക്കുള്ളില്‍ എന്ത് പേക്കോലവും കെട്ടാവുന്നതായിരുന്നില്ല അന്നത്തെ കാലഘട്ടം. പരസ്പരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിയ്ക്കാന്‍ വിലക്ക് കല്‍പ്പിച്ചിരുന്ന ഒരു കാലം വാട്‌സപ്പോ മറ്റു സംവിധാനങ്ങളോ ഒന്നും അന്നില്ലായിരുന്നു പേപ്പറില്‍ പരസ്പരം കുറിപ്പെഴുതി കല്ലുവെച്ചു എറിഞ്ഞുകൊടുത്താണ് പരസ്പരം സന്ദേശങ്ങള്‍ കൈമാറിയിരുന്നത് .

നാടിനെകുറിച്ചും ചെറുപ്പകാലത്തെക്കുറിച്ചും പറയുകയാണെങ്കില്‍ ഞാന്‍ ഒരുപാട് വാചാലായാകും നാടിനെകുറിച്ചും അവിടുത്തെ കാലഘട്ടത്തെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ കേരളത്തിനു പുറമേ താമസിയ്ക്കുന്ന എന്റെ മനസ്സിലെന്നും ഒരു മരുപ്പച്ചയാണ്.

തയ്യൂര്‍ = തൃശൂരി ലെ ഒരു ഗ്രാമം

(2003 ല്‍ മലയാള മനോരമ പ്രസിദധീകരിച്ച ലേഖനം)
തയ്യൂരിലേക്ക് പറക്കുന്ന ചിത്രശലഭങ്ങള്‍ (എന്റെ ഗ്രാമം-2: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)തയ്യൂരിലേക്ക് പറക്കുന്ന ചിത്രശലഭങ്ങള്‍ (എന്റെ ഗ്രാമം-2: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
Join WhatsApp News
PRG 2016-11-04 11:08:46
ബലൃകാലസ്മരണകൾ ഉണർത്തുന്ന ഒരു നല്ല ലേഖനം ..... Good Jyothi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക