Image

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയ്ക്ക് പുതിയ നേതൃത്വം

Published on 06 November, 2016
സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയ്ക്ക് പുതിയ നേതൃത്വം

 മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ 2016–18 വര്‍ഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 23ന് ദിവ്യബലി മധ്യേ, പുതിയ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിന്റെ മുമ്പാകെ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി പ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു.

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ ട്രസ്റ്റിമാരായി ജോബി മാത്യു, ബേബിച്ചന്‍ ഏബ്രഹാം എന്നിവരെയും അക്കൗണ്ടന്റായി തോമസ് സെബാസ്റ്റ്യനെയും പാരീഷ് കൗണ്‍സില്‍ സെക്രട്ടറിയായി പോള്‍ സെബാസ്റ്റ്യനെയും യോഗം തെരഞ്ഞെടുത്തു. ഇടവകയിലെ 12 പ്രാര്‍ഥന കൂട്ടായ്മയില്‍ നിന്നുള്ള പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ അവരപ്പാട്ട്, സിബി ഐസക്, ജോവാന്‍ മേരി സെബാസ്റ്റ്യന്‍ എന്നിവരും മതബോധന വിഭാഗം പ്രധാന അധ്യാപകന്‍ ജോബി ഫിലിപ്പ്,*കത്തീഡ്രല്‍ ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അസീസ് മാത്യു എന്നിവരും ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനായുള്ള പുതിയ പാരീഷ് കൗണ്‍സിലിലെ അംഗങ്ങളാണ്.

മുന്‍ ട്രസ്റ്റിമാരായ ജെയ്‌സ്‌റ്റോ ജോസഫ്, ടിജോ ജോസഫ് എന്നിവര്‍ക്കും ദീര്‍ഘകാലം കത്തീഡ്രല്‍ ഇടവകയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ബെന്നി സെബാസ്റ്റ്യനും മുന്‍ പാരീഷ് കൗണ്‍സിലിനും ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ നന്ദി പറഞ്ഞു. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തിന് എതാനും മാസങ്ങള്‍ക്കുള്ളില്‍ ലോക്കല്‍ കൗണ്‍സിലില്‍ നിന്നും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അവസരത്തില്‍ നിലവില്‍ വന്നിരിക്കുന്ന പാരീഷ് കൗണ്‍സിലിന് നിര്‍ണായകമായ ദൗത്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക