Image

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഒരു പുതിയ പ്രകടനപത്രിക (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 07 November, 2016
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഒരു പുതിയ പ്രകടനപത്രിക (ദല്‍ഹി കത്ത് : പി.വി.തോമസ്)
ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിപ്പ് സംബന്ധിച്ച് ചില ക്രിയാത്മകമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിപ്ലവാത്മകമായ ചില നിര്‍ദ്ദേശങ്ങളുമായി മുമ്പോട്ട് വന്നിരിക്കുകയാണ്. ഇത് തികച്ചും സ്വാഗതാര്‍ഹമാണ്. പക്ഷേ, സൂക്ഷ്മമായി പരിശോധിക്കണം, ചര്‍ച്ച ചെയ്യണം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്തംബര്‍ ഇരുപത്തി മൂന്നാം തീയതി ഒരു തീരുമാനം എടുത്തു. ഈ തീരുമാനം 2017 ആരംഭത്തില്‍ അഞ്ച് സംസ്ഥാന നിയമസഭകളില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍- നടക്കുവാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെയും തുടര്‍ന്ന് പിന്നീടുള്ള തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിലാണ്. വിഷയം തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ആണ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ. ഈ തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ കമ്മീഷന്‍ കൂലങ്കക്ഷമായി പരിശോധനയ്ക്ക് വിധേയമാക്കും. അതായത് അവയിലെ നിരവധി വാഗ്ദാനങ്ങളുടെ പ്രായോഗികത തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമാനത്തില്‍ പ്രകടനപത്രികകള്‍ ആകാശം മുട്ടെയുള്ള വാഗ്ദാനങ്ങളുടെ ഒരു പ്രളയം ആണ്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും സര്‍വ്വവിധ സൗഭാഗ്യങ്ങളും- പൈ ഇന്‍ ദ സ്‌ക്കൈ- ഈ പ്രകടന പത്രികകള്‍ കക്ഷിഭേദമെന്യെ വാഗ്ദാനം ചെയ്യും. ഇവ എങ്ങനെ നടപ്പിലാക്കും എന്ന പരമപ്രധാനമായ ചോദ്യം ആണ് ഇനി മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതാത് പാര്‍ട്ടികളോട് ചോദിക്കുമ്പോള്‍ പോകുന്നത്. ഇത് വളരെ നേരത്തെ തന്നെ തുടങ്ങേണ്ടതായിരുന്നു. കമ്മീഷന്റെ തീരുമാനപ്രകാരം തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വിവിധ വാഗ്ദാനങ്ങളുടെ വാസ്തവികത, പ്രായോഗികത ബോദ്ധ്യപ്പെടുത്തേണ്ടതായിട്ടുണ്ട്. ഉടന്‍ വരുവാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ഈ വക വമ്പന്‍ വാഗ്ദാനങ്ങള്‍ വാരിവിതറുമെന്ന് ഉറപ്പാണ്, കമ്മീഷന്‍ നിരീക്ഷിക്കുന്നു. അതിനാല്‍ ഈ പ്രകടനപത്രികകളെ സൂക്ഷ്മമായി പഠിച്ച് വിലയിരുത്തി അവയിലെ വാഗ്ദാനങ്ങളെയും ഉള്ളടക്കത്തെയും പഠിക്കേണ്ടതായിട്ടുണ്ട്. വാഗ്ദാനങ്ങള്‍ പ്രായോഗികമാക്കുവാന്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുമോ? അതും കമ്മീഷന്‍ പഠിക്കും. എന്താണ് ഇതിന്റെ സാമ്പത്തീക വില? അത് എങ്ങനെ നേരിടും? അതിനായിട്ടുള്ള റോഡ് മാപ്പ് എന്താണ്? ഇവയെല്ലാം മുമ്പില്‍ കണ്ടുകൊണ്ട് പ്രകടനപത്രികകള്‍ പുറത്തിറങ്ങി കഴിഞ്ഞാലുടന്‍ തന്നെ കമ്മീഷന്‍ അവയെ കര്‍ശനമായി പരിശോധിക്കും. കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരം പറയണം. വ്യാജവും പൊള്ളയും ആയ വാഗ്ദാനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മറുപടി പറയേണ്ടതായി വരും.
സൂര്യ-ചന്ദ്രന്‍മാരെ വാഗ്ദാനം ചെയ്യുന്നതുപോലെയുള്ള കാര്യങ്ങള്‍ സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ട് സത്യവാങ്മൂലമായി കമ്മീഷന് സമര്‍പ്പിക്കണം. പിന്നീട് അധികാരത്തില്‍ വന്നതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെങ്കില്‍ കമ്മീഷന്‍ കര്‍ശനമായ നടപടിയെടുക്കും. പാര്‍ട്ടിയുടെ റെജിസ്ട്രഷനും ചിഹ്നവും റദ്ദാക്കുന്നതുവരെ ഇതിലുള്‍പ്പെടുന്നു.

പാഴായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചി രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതിനെതിരെയുള്ള കമ്മീഷന്റെ ഒരു നീക്കം ആണ് ഇത്. ഇത് എത്രമാത്രം പ്രാബല്ല്യത്തില്‍ വരുത്തുവാനാകും എന്നത് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം ആണ്. ഏതായാലും ഉദ്ദേശവും സംരംഭവും നല്ലതു തന്നെ.

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ കൈക്കൂലിയായി അധഃപതിക്കരുത്. സൈക്കിള്‍, ലാപ്‌ടോപ്പ്, മിക്‌സി, ടെലിവിഷന്‍, എന്നു തുടങ്ങി എന്തെല്ലാമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്?
എന്താണ് ഇതിന്റെയെല്ലാം രാഷ്ട്രീയ ധാര്‍മ്മികത. ശരിയാണ് കട്ടെടുത്ത മുതലില്‍ ഒരു ഭാഗം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക വഴി അത്രയെങ്കിലും  വീതം ജനങ്ങള്‍ക്ക് ലഭിക്കട്ടെ. പക്ഷേ, അത് അഴിമതിയാണ്. ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ജനാധിപത്യത്തെ വിലക്ക് വാങ്ങുന്നതിന് തുല്യം ആണ്.

വൈദ്യുതി സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന മാനിഫെസ്റ്റോ അതിന്റെ സാമ്പത്തീകപ്രാരബ്ദത എങ്ങനെ നേരിടുമെന്ന് വിശദമാക്കണം. ്തുപോലെ തന്നെ റോഡ്, ജലം, പാലം, മേല്‍പ്പാലം തുടങ്ങിയവ നല്‍കുമെന്ന് പറയുമ്പോഴും അതിന്റെ സാമ്പത്തിക പ്രവര്‍ത്തന ഭൂപടം രാഷ്ട്രീയ പാര്‍ട്ടിവ്യക്തമാക്കണം.

2012-ല്‍ പഞ്ചാബില്‍ ശിരോമണി അകാലിദള്‍ പന്ത്രണ്ടാംക്ലാസിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പ് ആണ് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തില്‍ വരുകയും ചെയ്തു. പക്ഷേ, ലാപ്‌ടോപ്പ് നല്‍കിയില്ല. കാരണം അതിനായി ഒന്നേകാല്‍ കോടി രൂപ വേണം. അതില്ലാത്തതിനാല്‍ പ്രകടനപത്രികയിലെ വാഗ്ദാനം ജലരേഖയായിപ്പോയി! ആര് ചോദിക്കുവാന്‍? ആര് ഉത്തരം പറയുവാന്‍?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കണ്ടക്ട് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഓരോ സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പില്‍ അഴിമതി കാണിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം. സമ്മതിദായകര്‍ക്ക്  സൗജന്യ സമ്മാനങ്ങള്‍ നല്‍കുന്നതും പണം നല്‍കുന്നതും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതും അഴിമതിക്ക് തുല്യമാണ്. 2015 ല്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡല്‍ കോഡ് ഓഫ് കണ്ടക്ട് വീണ്ടും കര്‍ശനമാക്കി. ഇതില്‍പ്രകാരം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രകടനപത്രിക പൊള്ളമായതും നടപ്പില്‍ വരുത്തുവാന്‍ സാദ്ധ്യമല്ലാത്തതുമായ വാഗ്ദാനങ്ങള്‍കൊണ്ട് നിറക്കരുത്. പക്ഷേ, ഇതൊന്നും ഇതുവരെ കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ പുതിയ തീരുമാനത്തിന്റെ വെളിച്ചത്തില്‍ 2017 ആദ്യമാസങ്ങളിലെ സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകം ആയിരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോട് എത്രമാത്രം സഹകരിക്കും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രമാത്രം മുമ്പോട്ട്‌പോകും എന്നതുകണ്ടറിയണം.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശാപം ആണ് കള്ളപ്പണം, അഴിമതി ഭരണ-തെരഞ്ഞെടുപ്പ്-നിയമനിര്‍മ്മാണ വ്യവസ്ഥിതിയുടെ അധോലോകവല്‍ക്കരണം, രാഷ്ട്രീയത്തില്‍ മതവും ജാതിയും കലര്‍ത്തുന്നത് തുടങ്ങിയവ. ഇതിനെ തടയുന്നതില്‍ ഒരു പരിധിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിച്ചുവെങ്കിലും ഇനിയും കൂടുതല്‍ ദൂരം പോകേണ്ടിയിരിക്കുന്നു. കമ്മീഷനും പരിമിധികള്‍ ഉണ്ട്. ഉദാഹരണമായി ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് പാര്‍ലിമെന്റില്‍ അംഗമായി തുടരുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക്. കമ്മീഷന്‍ കാലാകാലമായി ഇതിനായിട്ട് വാദിക്കുന്നുണ്ടെങ്കിലും നടന്നില്ല. കാരണം ജനപ്രാതിനിധ്യനിയമത്തിലെ എട്ടാം വകുപ്പ് പാര്‍ലിമെന്റ് ഭേദഗതി ചെയ്‌തെങ്കില്‍ മാത്രമെ ഇത് സാദ്ധ്യമാകൂ. ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്കും നിയമനിര്‍മ്മാണ സഭകളില്‍ അംഗങ്ങളായി തുടരാം, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാം അവരുടെ അപ്പീലില്‍ അന്തിമവിധി വരുന്നതുവരെ. പക്ഷേ, ഒരു ഗവണ്‍മെന്റും, കക്ഷി രാഷ്ട്രീയ ഭേദമെന്യെ, ഈ വകുപ്പ് ഭേദഗതി ചെയ്യുവാന്‍ തയ്യാറായില്ല. അവസാനം, കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയുടെ ഒരു വിധിപ്രകാരം ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ നിയമനിര്‍മ്മാണ സഭകളില്‍ അംഗമായി തുടരുന്നതിനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും അയോഗ്യരാണ്. അപ്പീല്‍ ഒരു അനുകൂല്യവും നല്‍കുന്നില്ല. അങ്ങനെയാണ് കാലിതീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ ജനത ദള്‍ നേതാവ് ലാലുപ്രസാദ് യാദവ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പുറത്തായത്. മറ്റൊരു കോണ്‍ഗ്രസ് എം.പി.ക്ക് ലോകസഭാഗത്വം നഷ്ടപ്പെട്ടത്.

ഇനി മോഡിയുടെ വിപ്ലവാത്മകമായ നിര്‍ദ്ദേശത്തെ കുറിച്ച്. ഇത് ബി.ജെ.പി.യുടെ നയപരിപാടിയില്‍ കുറെക്കാലം ആയിട്ടുള്ള ഒന്നാണ്. മോഡി ദസ്രക്ക് ശേഷം നവംബര്‍ മൂന്നിന് ബി.ജെ.പി.യുടെ പ്രധാനകാര്യാലയത്തില്‍(ദല്‍ഹി) നടന്ന ഒരു ചടങ്ങില്‍ ആവര്‍ത്തിക്കുകയും ചെയ്തു.

മോഡിയുടെ അഭിപ്രായപ്രകാരം കൂടെകൂടെയുള്ള ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരു വന്‍ ദുര്‍വ്യയം ആണ്, ധനപരമായും മറ്റ് പലവിധത്തിലും. അതുകൊണ്ട് ഇനിമുതല്‍ ലോകസഭ-സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണം(സിമ്ള്‍റ്റെയ്‌ന്യൂസു പോള്‍സ്). ഇത് നടപ്പിലായാല്‍ 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിനോടൊപ്പം 29 സംസ്ഥാന യൂണിയന്‍ ടെറിറ്ററി നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടക്കും.

മോഡിയുടെ ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ദേശീയ തലത്തില്‍ ഒരു സംവാദം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. മോഡിയുടെയും മോഡിപക്ഷക്കാരുടെയും അഭിപ്രായത്തില്‍ ഏകകാലികമായ ലോകസഭ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ സാമ്പത്തികമായിട്ട് മാത്രം അല്ല ഇന്‍ഡ്യക്ക് ഗുണം ചെയ്യുന്നത്. തുടരെ തുടരെയുള്ള തെരഞ്ഞെടുപ്പുകള്‍ ഭരണസ്തംഭനം ഉണ്ടാക്കുന്നു. കാരണം ഒരു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ മോഡല്‍ കോഡ് ഓഫ് കണ്ടക്ട് നിലവില്‍വരും. അത് പ്രകാരം പുതിയ വികസന പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കുവാന്‍ പാടില്ല. പിന്നെ എങ്ങനെ ഭരിക്കുവാന്‍ സാധിക്കും? ജനങ്ങളെ സേവിക്കുവാന്‍ സാധിക്കും? അപ്പോള്‍ ഒരു സംശയം. ഈ തെരഞ്ഞെടുപ്പ് വരെ ജനത്തെ സേവിക്കുവാന്‍ എന്തിന് കാത്തിരിക്കണം? ശരിയാണ് ഒരു തെരഞ്ഞെടുപ്പ് പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ ചിലവാണ് വരുത്തിവക്കുന്നത്. ഒരു ലോകസഭ തെരഞ്ഞെടുപ്പ് മാത്രം പൊതുഖജനാവിന് ചുരുങ്ങിയത് ആയിരം കോടിരൂപയുടെ ചിലവാണ് വരുത്തുന്നത്. പിന്നെ രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പണം മുടക്ക് അതിന് നൂറ് ഇരട്ടിയും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനൊക്കെ ഒരു ലിമിറ്റ് കല്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കുവാന്‍ വിഷമം ആണ്. 1999-ല്‍ ജയലളിത വാജ്‌പേയി ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള വിശ്വാസവോട്ടില്‍ ഒരേയൊരു വോട്ടിന് സര്‍ക്കാര്‍ വീണപ്പോള്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഒരു ആയിരം കോടി രൂപ ജനങ്ങളുടെ ഖജനാവില്‍ നിന്നും മാറിക്കിട്ടി!
ധനലാഭവും ഭരണസൗകര്യവും ഏകകാലികമായ ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരു പരിധിവരെ അവകാശപ്പെടാമെങ്കിലും അത് തികച്ചും അപ്രായോഗികവും വലിയ ഒരു പരിധിവരെ ജനാധിപത്യ-ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരും ആണെന്ന് കാണാം. അത്‌പോലെ തന്നെ ഭരണഘടനക്കും വിരുദ്ധം ആണ് അത്.

ഏകകാലിക ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ എങ്ങനെ നടപ്പിലാക്കും? ലോകസഭയിലും നിയമസഭയിലും ഒരു ഗവണ്‍മെന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ആ ഗവണ്‍മെന്റ് രാജിവയ്ക്കണം. അതിന് ശേഷം ഒരു പാര്‍ട്ടിക്ക്/സഖ്യത്തിന് ഒരു ബദല്‍ ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ലോകസഭ/നിയമസഭ പിരിച്ചുവിടണം. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ഇതാണ് പിന്തുടര്‍ന്നു വരുന്ന നയം. ലോകസഭയുടെ കാര്യത്തിലാണെങ്കില്‍ ലോകസഭയുടെ റൂള്‍സ് ആ്ന്റ് കണ്ടക്ട് ഓഫ് ബിസിനസിന്റെ 198-ാം വകുപ്പ് പറയുന്നതും ഇതാണ്. ഒരു ഗവണ്‍മെന്റ് കേന്ദ്രത്തിലോ സംസ്ഥാനത്തോ വീണാല്‍ എ്ന്തുചെയ്യും? മറ്റൊരു ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടില്ലെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പും ലോകസഭയുടെയും നിയമസഭയുടെയും പിരിച്ചു വിടലും അല്ലേ ജനാധിപത്യപരമായ പ്രതിവിധി? കേന്ദ്രഭരണം/ രാഷ്ട്രപതി ഭരണം ആണ് പ്രതിവിധിയെങ്കില്‍ അത് ജനാധിപത്യ-ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധം ആണ്. ലോകസഭയുടെയും നിയമസഭയുടെയും അഞ്ച് വര്‍ഷകാലാവധി അല്ല ഇവിടെ പ്രശ്‌നം. ജനങ്ങളുടെ മാന്റേറ്റുള്ള ഒരു ഗവണ്‍മെന്റിന്റെ നിയമനം ആണ്. അല്ലാതെ രാഷ്ട്രപതി ഭരണമോ അവസരവാദപരമായ സഖ്യപാര്‍ട്ടികളുടെ ഏച്ചുകെട്ടി ഭരണമോ അല്ല.

ഏതായാലും 1995-ല്‍ എല്‍.കെ. അദ്വാനി തുടങ്ങിവച്ച ഏകകാലിക ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മോഡി പുനരുജീവിപ്പിച്ചിരിക്കുകയാണ്. ഇതെ ചൊല്ലിയുള്ള വിവാദം, ചര്‍ച്ച ഉയര്‍ന്നു വന്നിരിക്കുകയുമാണ്. ചര്‍ച്ച നല്ലതുമാണ്.

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങള്‍ വളരെ ആവശ്യം ആണ്. പ്രകടനപത്രികയുടെ പ്രായോഗികത സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വളരെ ശരിയാണ്. ഏകകാലിക ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മോഡിയുടെ നിര്‍ദ്ദേശം പരിശോധിക്കപ്പെടേണ്ടതാണ്. ഞാന്‍ അതിനോട് യോജിക്കുന്നില്ലെങ്കിലും. പക്ഷേ, തെരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയത്തിന്റെയും അധോലോകവല്‍ക്കരണവും അഴിമതി-ജാതി-മതവല്‍ക്കരണവും തടയണം. എങ്ങനെയാണ് മൊഹമ്മദ് ഷാഹബുദ്ദിനെപ്പോലുള്ള(രാഷ്ട്രീയ ലോകദള്‍) അധോലോകരാജാക്കന്മാര്‍ നമ്മുടെ ജനപ്രതിനിധികളും നിയമനിര്‍മ്മാതാക്കളും ആകുന്നത്? തികച്ചും ലജ്ജാകരം അല്ലേ അതൊക്കെ?


തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഒരു പുതിയ പ്രകടനപത്രിക (ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക