Image

നവയുഗവും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തു: അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 07 November, 2016
നവയുഗവും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തു: അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയും ഇന്ത്യന്‍ എംബസ്സിയും കൂട്ടായി നടത്തിയ പരിശ്രമത്തിനൊടുവില്‍ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരായ വീട്ടുജോലിക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട്ടില്‍ നിന്നുള്ള ലളിത പളനി, ഐസ നാച്ചിയാര്‍ നജിമുദീന്‍ എന്നിവരും, ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാജി റയപ്പതിയുമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നീണ്ടകാലത്തെ വനിത അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, നാട്ടിലേയ്ക്ക് മടങ്ങിയത്.

ചെന്നൈ സ്വദേശിനിയായ ലളിത പളനിയെ  ഒരു വര്‍ഷം മുന്‍പ്,  സ്‌പോണ്‍സര്‍ ബഹറിനില്‍ കൊണ്ട് വന്നിട്ട്, അവിടെ നിന്നും സൗദിയില്‍ ദമ്മാമിലെ വീട്ടില്‍ ജോലിയ്ക്കായി എത്തിയ്ക്കുകയായിരുന്നു. മൂന്നു മാസക്കാലം ആ വീട്ടില്‍ ജോലി ചെയ്തെങ്കിലും, സ്‌പോണ്‍സര്‍ ശമ്പളമൊന്നും നല്‍കിയില്ല. സൗദി ഇക്കാമയോ രേഖകളോ ശരിയാക്കിയില്ല എന്ന് മാത്രമല്ല, തിരികെ ബഹറിനിലേയ്‌ക്കോ നാട്ടിലേയ്ക്കോ വിടാനോ തയ്യാറായില്ല. ഒടുവില്‍ ആരും കാണാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന ലളിത, വനിത അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയായിരുന്നു.
അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട്, ലളിത സ്വന്തം ദുരവസ്ഥ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, ഷിബുകുമാര്‍ എന്നിവര്‍ക്കൊപ്പം ലളിതയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. തനിയ്ക്ക് ഒരു വന്‍തുക നഷ്ടപരിഹാരം നല്‍കിയാലേ എക്‌സിറ്റ് തരൂ എന്ന നിലപാടാണ് സ്‌പോണ്‍സര്‍ സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും  ലളിതയെ ബഹറിനില്‍  വിസിറ്റ് വിസയില്‍ ആണ് കൊണ്ട് വന്നത് എന്നും, ആ വിസ ഇപ്പോള്‍ കാലാവധി കഴിഞ്ഞു പോയെന്നും  മനസ്സിലായപ്പോള്‍,  ഒരു റിയാല്‍ പോലും നഷ്ടപരിഹാരം നല്‍കില്ലെന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഉറച്ച നിലപാട് എടുത്തു. വളരെ പ്രായമുള്ള ലളിത, എട്ടുമാസത്തോളം അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നപ്പോള്‍  ആരോഗ്യാവസ്ഥ വളരെ മോശമായി. പൈസ നല്‍കാതെ സ്‌പോണ്‍സര്‍ സഹകരിയ്ക്കില്ലെന്ന് കണ്ട നവയുഗം പ്രവര്‍ത്തകര്‍ തര്‍ഹീല്‍ അധികാരികള്‍ വഴി സൗദി സര്‍ക്കാരിന് നല്‍കിയ സഹായഅപേക്ഷയുടെ പുറത്ത്,  സ്പെഷ്യല്‍ കേസായി ലളിതയ്ക്ക് എക്‌സിറ്റ് അടിച്ചു നല്‍കി.

ആന്ധ്ര പുലിവേണ്ടുല സ്വദേശിനിയായ രാജി റയപ്പതി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ്  ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്കെത്തിയത്. ആറു മാസക്കാലം ജോലി ചെയ്തെങ്കിലും ഒരു റിയാല്‍ പോലും ശമ്പളമായി കിട്ടിയില്ല. ശമ്പളം ചോദിച്ചാല്‍ ശകാരവും ഭീക്ഷണികളും കേള്‍ക്കേണ്ടി വന്നു. സഹികെട്ടപ്പോള്‍, ഒരു ദിവസം അവിടെ നിന്നും പുറത്തു കടന്ന രാജി, പോലീസിന്റെ സഹായത്തോടെ വനിത അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയായിരുന്നു. മഞ്ജു മണിക്കുട്ടന്‍ വിഷയത്തില്‍ ഇടപെടുകയും  ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും രാജിയ്ക്ക്  ഔട്ട്പാസ്സ് സംഘടിപ്പിയ്ക്കുകയും, തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു.
 
നെല്ലികുപ്പം സ്വദേശിനിയായ ഐസ നാച്ചിയാര്‍ നജിമുദീന്‍  ഒരു വര്‍ഷത്തോളമായി സൗദിയില്‍ എത്തിയിട്ട്. ജോലി ചെയ്യുന്ന വീട്ടില്‍ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ പ്രായമായ അവര്‍ക്ക് ക്രമേണ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും, കാലിന്റെ ചലനശേഷി കുറയുകയും  ചെയ്തതിനാല്‍ ജോലി ചെയ്യാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് അവരുടെ അഭ്യര്‍ത്ഥന കേട്ട്, നല്ലവനായ സ്‌പോണ്‍സര്‍ അവരെ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കി,  ശമ്പളവും, വിമാനടിക്കറ്റും  നല്‍കുകയായിരുന്നു.  മഞ്ജു മണിക്കുട്ടന്‍ തര്‍ഹീല്‍  വഴി  എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു.

എക്‌സിറ്റ് വിസ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ലളിതയ്ക്കും, രാജിയ്ക്കും ദമ്മാം ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീo  കോര്‍ഡിനേറ്റര്‍ മിര്‍സ ബൈഗ് വിമാനടിക്കറ്റ് നല്‍കി.

സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മൂവരും നാട്ടിലേയ്ക്ക് മടങ്ങി.
 

നവയുഗവും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തു: അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
ലളിതയ്ക്കും, രാജിയ്ക്കും, ഐസയ്ക്കും ദമ്മാം ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീo കോര്‍ഡിനേറ്റര്‍ മിര്‍സ ബൈഗ് യാത്രാരേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.
നവയുഗവും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തു: അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
ലളിത, രാജി, ഐസ എന്നിവര്‍ പദ്മനാഭന്‍ മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും ഒപ്പം ദമാം എയര്‍പോര്‍ട്ടില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക