Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-2 ബി.ജോണ്‍ കുന്തറ)

Published on 07 November, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-2 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 2


മാത്യൂസ് ആണ് എപ്പോഴും കാലത്ത് ആദ്യം ഉണരുക. ഒഴിവു ദിവസങ്ങളില്‍ വൈകി എഴുന്നേല്‍ക്കുന്നതാണ് എനിക്ക് ഇഷ്ടം എന്ന് മാത്യൂസിന് അറിയാം.

വെള്ളിയാഴ്ച ഞാന്‍ ഉണരുന്നതിന് മുന്‍പ് തന്നെ മാത്യൂസ് പുറത്ത് പോയി അടുത്തുള്ള വെജിറ്റേറിയന്‍ റെസ്‌റ്റോറന്‍റില്‍ നിന്ന് ബ്രേക്ക്ഫാസ്റ്റ് വാങ്ങി കൊണ്ട് വന്നിരുന്നു. ആലുവയില്‍ എത്തിയാല്‍ ഇതാണ് അദ്ദേഹത്തിന്റെ പതിവ്. “റെസ്‌റ്റോറന്‍റില്‍ നിന്ന് വാങ്ങുന്നതാണ് വീട്ടില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ലാഭം – പ്രത്യേകിച്ച്ഇഡ്ഡലി, പുട്ട്, ഉപ്പുമാവ് മുതലായവ” എന്നാണ് മാത്യൂസിന്റെ അഭിപ്രായം.

8.30 ന് മാത്യൂസ് എന്നെവിളിച്ചുണര്‍ത്തി.

“പ്ലാസി ഇപ്പഴിങ്ങെത്തും. ബ്രേക്ക് ഫാസ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. “

ഒമ്പത് മണിയായപ്പോള്‍ പ്ലാസി എത്തി. 9.30 ന് ഞങ്ങള്‍ പുറപ്പെട്ടു. പദ്ധതി പ്രകാരം ആദ്യം ഏറണാകുളത്ത് പോയി കുറച്ച് ബാങ്കിടപാടുകള്‍ നടത്താനുണ്ട്. പ്ലാസി ചഒ 47 ലൂടെ വണ്ടിയോടിച്ചു. കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്ന് വടക്കോട്ട് പോകുന്ന ദേശീയ പാത. പതിവ്‌പോലെ ഇഴഞ്ഞു നീങ്ങുന്ന നല്ല ട്രാഫിക് ഉണ്ടായിരുന്നു.

അമേരിക്കയിലെയും ഇന്ത്യയിലെയും െ്രെഡവിംഗ് രീതികള്‍ പാടെ വ്യത്യസ്തമാണ്. ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ക്കൊപ്പം സൈക്കിളുകളും കാല്‍നടക്കാരും മൃഗങ്ങളും ഒക്കെ റോഡില്‍ ഉണ്ട്. അധികമാരും റോഡ് നിയമങ്ങള്‍ പാലിക്കാറില്ല, കൂടുതല്‍ ആളുകളും ഹൈവേയിലേയ്ക്ക് കയറുമ്പോള്‍ ഒന്ന് നിര്‍ത്തി നോക്കുക പോലുമില്ല. ഇന്ത്യയില്‍ വലിയ ശബ്ദം ഉള്ള ഹോണ്‍ ആണ് വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. ബ്രേക്ക് അല്‍പം മോശമായാലും സാരമില്ല ഹോണ്‍ മോശമാവരുത്. ഈ ഒഴുക്കിലൂടെ പ്ലാസി അതി വിദഗ്ദമായി കാര്‍ കൊണ്ട് പോവുന്നത് കൌതുകകരമായ കാഴ്ചയായിരുന്നു.

കേരളത്തിലെ ഹെല്‍മറ്റ് നിയമം ഒരു തമാശയാണ്. ബൈക്ക് ഓടിക്കുന്ന ആള്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതി. പുറകില്‍ ഇരിക്കുന്ന ആള്‍ക്ക് ഹെല്‍മറ്റ് വേണമെന്ന് നിര്‍ബന്ധമില്ല. മിക്കവാറും എല്ലാ ഇരു ചക്ര വാഹനത്തിലും രണ്ടോ അതില്‍ കൂടുതലോ യാത്രക്കാര്‍ ഉണ്ട്. ഒരു കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍ പോകുന്നതും കാണാം.

ഞങ്ങളുടെ സംഭാഷണം കൊച്ചി മെട്രോ റെയിലിനെപ്പറ്റിയായി. മെട്രോ റെയില്‍ പണി നടക്കുന്നതിനാല്‍ പലേടത്തും ട്രാഫിക് തടസ്സപ്പെടുന്നുണ്ട്. നഗരത്തിന്റെ മദ്ധ്യത്തിലൂടെ ആണ് മെട്രോ പോകുന്നത്. പണി പൂര്‍ത്തിയായി മെട്രോ ഓടിത്തുടങ്ങിയാല്‍ ആലുവയില്‍ താമസിക്കുന്നത് കൂടുതല്‍ സൌകര്യമാകും എന്നാണ് പ്രതീക്ഷ. വിശാല കൊച്ചി പ്രദേശത്ത് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലേറെ ആയി. എപ്പോള്‍ തീരും എന്ന് യാതൊരു ഊഹവുമില്ല. ഈ പ്രൊജക്റ്റ് എറണാകുളത്തിന് ചുറ്റുമുള്ള ചെറിയ പട്ടണങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കും. പണി പൂര്‍ത്തിയാകുമ്പോള്‍ എറണാകുളത്തിനും ആലുവയ്ക്കുമിടയുലുള്ള യാത്ര എളുപ്പമാകും. ഇപ്പോളത്തെ ട്രാഫിക്കില്‍ എറണാകുളത്ത് എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരും.

ബാങ്കില്‍ അധികം സമയം എടുത്തില്ല. പിന്നെ നേരെ ചേര്‍ത്തലയിലേക്ക്. മാത്യൂസിന്റെ ഇച്ചാച്ചനും അമ്മച്ചിയും അവിടെയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ഞങ്ങള്‍ അവിടെ എത്തി.

ഇച്ചാച്ചന്‍ വീടിനോട് ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു. ബീന്‍സ് പറിയ്ക്കാനുള്ള പുറപ്പാടാണെന്ന് തോന്നി. കാറിന്റെ ശബ്ദം കേട്ടയുടന്‍ പണി നിര്‍ത്തി സന്തോഷത്തോടെ അടുത്തേക്ക് വന്ന് ഞങ്ങളെ രണ്ടു പേരെയും ആശ്ലേഷിച്ച് സ്വീകരിച്ചു. ഈ പ്രായത്തിലും ആള്‍ നല്ല ആരോഗ്യവാനാണ്. ഞങ്ങളുടെ യാത്രാ വിശേഷങ്ങള്‍ തിരക്കി. ഇച്ചാച്ചനും അമ്മച്ചിക്കും വിമാന യാത്ര പരിചിതമാണ്. മൂന്നു തവണ അവര്‍ അമേരിക്കയില്‍ ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. ഓരോ തവണയും ആറു മാസം താമസിക്കും.

അപ്പോഴേക്കും അമ്മച്ചിയും വടിയും ഊന്നി വാതില്‍ക്കല്‍ എത്തി. രണ്ടുവര്‍ഷം മുന്‍പ് വീണു കാലൊടിഞ്ഞ ശേഷം അവര്‍ക്ക് ഊന്നുവടിയില്ലാതെ നടക്കാന്‍ കഴിയില്ല. അമ്മച്ചി ഞങ്ങളെ നെറുകയില്‍ ചുംബിച്ചു. ഞങ്ങള്‍ ചെല്ലുമ്പോഴെല്ലാം ഇത് പതിവാണ്.

അവര്‍ കുറെ നേരമായി ഞങ്ങളെ കാത്തിരിക്കയായിരുന്നെന്ന് ഇച്ചാച്ചന്‍ പറഞ്ഞു. ഊണ് തയ്യാറായിട്ടുണ്ട്. അവരുംഭക്ഷണം കഴിക്കാതെ കാത്തിരിക്കയാണ്.

“ഊണ്കഴിഞ്ഞിട്ട് മതി ബാക്കി വിശേഷം പറച്ചില്‍.” മാത്യൂസ് പറഞ്ഞു.

ഊണ് കഴിഞ്ഞു വട്ടം കൂടി ഇരിക്കുമ്പോള്‍ നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ വിശേഷങ്ങള്‍ അമ്മച്ചി വിസ്തരിച്ച് പറഞ്ഞു.

വൈകിട്ടത്തെ ചായയും കഴിഞ്ഞാണ് ഞങ്ങള്‍ മടങ്ങിയത്. തിരിച്ച് ഫ്‌ലാറ്റില്‍ എത്തുമ്പോള്‍ എട്ടു മണി ആയിരുന്നു. വഴിക്ക് ഒരിടത്ത് നിര്‍ത്തി രാത്രിയിലേയ്ക്കുള്ള ഭക്ഷണം വാങ്ങിയിരുന്നു.

മടക്ക യാത്രയില്‍ അടുത്ത ദിവസങ്ങളിലെ യാത്രാ പരിപാടികള്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. നാട്ടില്‍ എത്തിയാല്‍ ഇവിടെ തങ്ങുന്ന സമയത്തില്‍ അധിക ഭാഗവും ഞങ്ങളുടെ രണ്ടു പേരുടെയും ബന്ധുക്കളെ സന്ദര്‍ശിക്കാനായിട്ടാണ് കൂടുതല്‍ സമയവും ചിലവാകുക.

ഞങ്ങളെ ഫ്‌ലാറ്റില്‍ എത്തിച്ച ശേഷം പ്ലാസി പോയി.

മാത്യൂസ് വേഷം മാറി ജോഗിംഗ് പാന്‍റ്‌സും ടീ ഷര്‍ട്ടും അണിഞ്ഞു. ഒരു നടത്തത്തിനു പോകാന്‍ ഒരുങ്ങുകയാണ്. ഇതും നാട്ടിലെത്തിയാല്‍ മുടക്കാതെ ചെയ്യുന്ന പ്രവൃത്തിയാണ്.

“ഞാന്‍ നടക്കാനിറങ്ങുന്നു. വരുന്നോ?” ജോഗിംഗ് ഷൂസ് ധരിക്കുന്നതിനിടയില്‍ മാത്യൂസ് ചോദിച്ചു. “ഇന്ന് ഞാനില്ല. കുറെ ഫോണ്‍ ചെയ്യാനൊക്കെയുണ്ട്.”

“എങ്കില്‍ ശരി. ഞാനിറങ്ങുന്നു”. വാതില്‍ അടച്ച് മാത്യൂസ് പോയി.

ഏതാനും ഫോണ്‍ കോളുകള്‍ ചെയ്തു. അല്‍പസമയം ടി വി കണ്ടിരുന്നു. പിന്നെ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു വന്നപ്പോള്‍ മണി 9 ആയിരിക്കുന്നു.

മാത്യൂസ് എത്തിയില്ലല്ലോ. താഴെ പരിചയക്കാരെ ആരെയെങ്കിലുംകണ്ടു സംസാരിച്ചു നില്‍ക്കുകയായിരിക്കും.

അര മണിക്കൂര്‍ കൂടി ഞാന്‍ കാത്തിരുന്നു. ഭക്ഷണം തണുത്ത് തുടങ്ങിയിട്ടുണ്ടാകും. വിശപ്പും തോന്നുന്നുണ്ട്.താഴെ ഇറങ്ങി ലോബിയില്‍ പോയി നോക്കാന്‍ തീരുമാനിച്ചു. ഹാള്‍വേയില്‍ എത്തിയപ്പോള്‍ അവിടെ സെക്യൂരിറ്റിക്കാരന്‍ അലി അല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല. എന്നെ കണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് അടുത്ത് വന്നു.

“അലീ, മാത്യൂസ് വരുന്നത് കണ്ടോ? നടക്കാന്‍ പോയതാ. നേരം കുറെ ആയി.”

“ഇല്ല മാഡം. സാറിനെ കണ്ടില്ല.”

“അദ്ദേഹം പുറത്തേക്ക് പോകുന്ന സമയത്ത് കണ്ടായിരുന്നോ? ഏകദേശം ഒന്നര മണിക്കൂര്‍ മുന്‍പ്?”

“ഇല്ല മാഡം, ആ സമയത്ത് ഞാന്‍ പുറകു വശത്ത് ആയിരുന്നെന്നു തോന്നുന്നു.” അയാള്‍ അപാര്‍ട്ട്‌മെന്റിന്റെ ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേയ്ക്ക് ചൂണ്ടി.

“എന്തോ കുഴപ്പമുണ്ടല്ലോ. സാധാരണ 45 മിനിറ്റില്‍ കൂടുതലെടുക്കാറില്ല.”

“ഫോണില്‍ വിളിച്ചു നോക്കിക്കൂടെ?” അലി ആരാഞ്ഞു.

“പുളളിക്കാരന്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ല.”

ഞാന്‍ കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ നോക്കി. പത്ത് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്. എനിക്ക് ആശങ്ക കൂടി വന്നു. അദ്ദേഹത്തിന് എന്ത് സംഭവിച്ചു കാണും? ആക്‌സിഡന്റ്? എനിക്കെപ്പോഴും കേരളത്തിലെ ട്രാഫിക്കിനെക്കുറിച്ച് പേടിയാണ്. ഒരു മര്യാദയുമില്ലാത്ത െ്രെഡവിംഗ് ആണ്. കാല്‍നടക്കാരെ കുറിച്ച് ഒരു പരിഗണനയും ഇല്ല. പലയിടത്തും ട്രാഫിക് സിഗ്‌നലോ നിയന്ത്രിക്കാന്‍ പോലീസോ ഇല്ല. പക്ഷെ മാത്യൂസിന് ഏതെങ്കിലും സ്‌റ്റോറില്‍ പോകാനില്ലെങ്കില്‍ മെയിന്‍ റോഡ് ക്രോസ് ചെയ്യേണ്ട കാര്യവുമില്ല.

അലി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഈ നേരത്ത് അയാള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നായിരിക്കാം അയാള്‍ ചിന്തിക്കുന്നത്.

“പോലീസില്‍ അറിയിച്ചാലോ?“ ഞാന്‍ പറഞ്ഞു.

അയാളുടെ മുഖഭാവം കണ്ടാല്‍ അറിയാം അയാള്‍ പോലീസിനെ വിളിക്കുമെന്നൊന്നും പ്രതീക്ഷിക്കേണ്ടന്ന്. അല്‍പ സമയം ആലോചിച്ചിട്ട് അലി പറഞ്ഞു, “ ഞാന്‍ ശങ്കര്‍ സാറിനെ വിളിക്കാം. ഫ്‌ലാറ്റ് ഓണേഴ്‌സ് അസ്സോസിയേഷന്റെ പ്രസിഡന്‍റ്. അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും.”

അലി മൊബൈല്‍ എടുത്ത് ശങ്കറിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഒരു വോയ്‌സ് മെയില്‍ മാത്രമേ കേള്‍ക്കാനുള്ളൂ. അലി പിന്നെ തന്റെ ഓഫീസില്‍ പോയി വേറൊരു നമ്പറിലേയ്ക്ക് വിളിച്ചു. അത് കിട്ടിയെന്ന് തോന്നുന്നു, അലി സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു.

അതിനു ശേഷം എന്റെ അടുത്ത് വന്നു:

“അസോസിയേഷന്‍ സെക്രട്ടറി അനില്‍ സാറിനെ കിട്ടി. സാര്‍ ഉടന്‍ ഇങ്ങെത്തും.”

അല്‍പം സമാധാനം തോന്നി. പരിചയമുള്ള ഒരാളോടു കാര്യം പറയാമല്ലോ. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ലിഫ്റ്റിന്റെ വാതില്‍തുറക്കുന്ന ശബ്ദം കേട്ടു. നാല്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒത്ത ശരീരമുള്ള ഒരാള്‍ ഇറങ്ങി വന്നു.

“ഇതാണ് അനില്‍ സാര്‍” അലി പരിചയപ്പെടുത്തി.

“ഹലോ അനില്‍. എന്‍റെ പേര് എല്‍സി.” ഞാന്‍ അയാള്‍ക്ക് ഹസ്തദാനം ചെയ്തു.

“എനിക്കറിയാം. എപ്പോഴാ അമേരിക്കയില്‍ നിന്ന് എത്തിയത്?” അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.

“രണ്ടു ദിവസമേ ആയുള്ളൂ.”

അസമയത്ത് ഞാന്‍ ഇവിടെ നില്‍ക്കുന്നതും അലിയുടെ ഫോണ്‍ വിളിയും. എന്തോ പന്തികേട് ഉണ്ടെന്ന് അനിലിന് മനസ്സിലായിക്കാണും.

വിശദീകരിക്കുന്ന ചുമതല അലി ഏറ്റെടുത്തു.

“മാഡത്തിന്‍റെ ഭര്‍ത്താവ് മാത്യൂസ് സാര്‍ രണ്ട് മണിക്കൂര്‍ മുമ്പ് നടക്കാന്‍ പോയതാ. ഇത് വരെ തിരിച്ചെത്തിയില്ല. മാഡം ആകെ പേടിച്ചിരിക്കയാ”

അനിലിന്റെആദ്യ ചോദ്യം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. “ഫോണ്‍ ചെയ്തുനോക്കിയില്ലേ?”

“ഞങ്ങള്‍ക്ക് ആകെ ഒരു മൊബൈല്‍ ഫോണെയുള്ളൂ. അത് എന്റെ കയ്യിലിരിക്കുന്നു”.

“അത് ശരി.”

അല്‍പസമയം ആലോചിച്ച ശേഷം അനില്‍ ചോദിച്ചു “ഈ പ്രദേശത്ത് നിങ്ങള്‍ക്ക് ബന്ധുക്കളോ പരിചയക്കാരോ ഉണ്ടോ?”

“ഇല്ല, ഇവിടെ ആരുമില്ല. സാധാരണ നടക്കാന്‍ പോയാല്‍ മുക്കാല്‍ മണിക്കൂറില്‍ തിരിച്ചെത്തും. ഇതിപ്പോള്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്നാണ് എന്‍റെ പേടി.”

അനില്‍ വീണ്ടും കുറച്ചു സമയം ചിന്തയില്‍ മുഴുകി. പിന്നെ എന്നെയും അലിയും നോക്കി പറഞ്ഞു,

“എന്തെങ്കിലും ആക്‌സിഡന്റ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടോ എന്ന് പോലീസില്‍ അന്വേഷിക്കുക എന്നതല്ലാതെ ഈ സമയത്ത് വേറെ എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നെനിക്ക് തോന്നുന്നില്ല. നിങ്ങള്‍ രണ്ടുപേര്‍ക്കും ഇതുവരെ ഏതെങ്കിലും ആശുപത്രിയില്‍ നിന്ന് വിളിയൊന്നും വന്നിട്ടില്ലാത്ത നിലയ്ക്ക് പോലീസില്‍ പറയുക മാത്രമേ പോംവഴിയുള്ളൂ.”

ആദ്യം അത് തന്നെയാണ് ചെയ്യേണ്ടത് എന്ന് എനിക്കും തോന്നി. ഞാന്‍ രണ്ടു പേരുടെയും മുഖത്ത് നോക്കി. അനിലിന് എന്റെ അവസ്ഥ മനസ്സിലായി.

“വിഷമിക്കേണ്ട സ്‌റ്റേഷനില്‍ ഞാന്‍ വിളിച്ചു പറയാം”. അനില്‍ പറഞ്ഞു.

അടുത്തുള്ള പോലീസ് സ്‌റ്റേഷന്റെ നമ്പര്‍ അലിക്ക് അറിയാം. അനില്‍ അയാളുടെ ഫോണില്‍ നിന്നും സ്‌റ്റേഷനിലെക്ക് വിളിച്ചു. കുറെ നേരം അടിച്ച ശേഷം ആരോ ഫോണ്‍ എടുത്തു. അനില്‍ വളരെ വിനയത്തോടെ ആണ് സംസാരിച്ചു തുടങ്ങിയത്.

താന്‍ ആരാണെന്നും എവിടുന്നാണെന്നും വിളിച്ച കാര്യം എന്താണെന്നും ഒക്കെ അനില്‍ വിശദമായി പറഞ്ഞു. നീണ്ട സംഭാഷണത്തിനിടയ്ക്ക് “അതേ” .. “ ഇല്ല“ എന്നൊക്കെ മാത്രം ഞാന്‍ കേട്ടു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് എന്ന് മനസ്സിലായി. അവര്‍ ഒരു അഞ്ചു മിനിറ്റ് സംസാരിച്ചു കാണും.“ ശരി സാര്‍, നാളെ രാവിലെ വിളിക്കാം”എന്ന് പറഞ്ഞ് അനില്‍ സംഭാഷണം അവസാനിപ്പിച്ചു.

“ഹോസ്പിറ്റലില്‍ നിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിയൊന്നും വന്നിട്ടില്ല”. അനില്‍ പറഞ്ഞു, “ട്രാഫിക് അപകടം പറ്റി ആരെങ്കിലും ആലുവയില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതായി റിപ്പോര്‍ട്ട് ഒന്നും വന്നിട്ടുമില്ല”.

ഞാന്‍ ഒന്നും പറഞ്ഞില്ല. പോലീസ് ഓഫീസര്‍ പറഞ്ഞത് മുഴുവന്‍ എന്നോടു പറയാന്‍ അനില്‍ ഉദ്ദേശിച്ചിട്ടുണ്ട്. അയാള്‍ തുടര്‍ന്നു, “ആള്‍ ഒരു മൈനര്‍ അല്ലാത്തതിനാല്‍ ഉടന്‍ തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങാന്‍ അവര്‍ക്ക് കഴിയില്ലെന്നാണ് ഓഫീസര്‍ പറഞ്ഞത്. പക്ഷെ 48 മണിക്കൂറിനുള്ളില്‍ അദ്ദേഹം തിരിച്ചെത്തുകയോ എന്തെങ്കിലും വിവരം കിട്ടുകയോ ചെയ്തില്ലെങ്കില്‍ അന്വേഷണം ആരംഭിക്കും”

നേരം പുലരുന്നത് വരെ കാത്തിരിക്കുക. അതിനിടെ മാത്യൂസ് വന്നില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ പോകാം എന്നായിരുന്നു അനിലിന്റെ അഭിപ്രായം.

അത് ശരിയാണെന്ന് എനിക്കും തോന്നി. എനിക്ക് ധൈര്യം പകര്‍ന്നു തരാനാണ് അനില്‍ ശ്രമിക്കുന്നത്. അനില്‍ പറഞ്ഞു, “ഇവിടത്തെ പോലീസ് കാര്യങ്ങളും മറ്റും നിങ്ങള്‍ക്ക് അത്ര പരിചയം കാണില്ല. വിഷമിക്കേണ്ട. ഞാനൊരു കാര്യം ചെയ്യാം. ഞാനും നിങ്ങളുടെ കൂടെ സ്‌റ്റേഷനില്‍ വരാം. എനിക്ക് ഓഫീസില്‍ അല്‍പം വൈകി പോകേണ്ടി വരുമെന്നേയുള്ളൂ.”

അല്‍പം ആശ്വാസം തോന്നി. കുറഞ്ഞ പക്ഷം അനിലിന് സഹായിക്കാനുള്ള മനസ്സുണ്ടല്ലോ. ഈ അസമയത്ത് ഇത്രയും എനിക്ക് വേണ്ടി ബുദ്ധിമുട്ടിയതിന് ഞാന്‍ രണ്ടു പേരോടും നന്ദി പറഞ്ഞു. പ്രത്യേകിച്ച് അനിലിനോട്.

“ഇല്ല മാഡം” അനില്‍ പറഞ്ഞു. “യാതൊരു ബുദ്ധിമുട്ടും ഇല്ല. നാളെ കാലത്ത് കാണാം.”

അനില്‍ അയാളുടെ അപാര്‍ട്ട്‌മെന്റിലേക്ക് പോയി. നാളെ കാലത്ത് ഞങ്ങളുടെ െ്രെഡവര്‍ പ്ലാസി വരും എന്ന വിവരം ഞാന്‍ അലിയോടു പറഞ്ഞു. അലിയ്ക്ക് പ്ലാസിയെ പരിചയമുണ്ട്. ഇനി ഒന്നും ചെയ്യാനില്ല. ഞാനും അപാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി.

ഭയവും ആശങ്കയും എല്ലാം കാരണം അപാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോള്‍ ഞാന്‍ ആകെ ക്ഷീണിച്ചിരുന്നു. കുറച്ചു ദിവസം തിരക്കൊഴിഞ്ഞ് സന്തോഷത്തോടെ കഴിയാന്‍ വേണ്ടിയാണ് ഞങ്ങള്‍ നാട്ടില്‍ വന്നത്. മുന്‍പ് കാണാത്ത കുറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്നും പ്ലാന്‍ ചെയ്തിരുന്നു.

ഭക്ഷണം മേശപ്പുറത്ത് ഇരുന്നു തണുത്തു പോകുന്നു. ഒട്ടും വിശപ്പ് തോന്നിയില്ല. മനസ്സ് ആകെ മരവിച്ച പോലെ. എന്‍റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട സമയം ആയിരുന്നു അത്. മാത്യൂസിന് എന്തായിരിക്കും സംഭവിച്ചത് എന്ന് ഊഹിക്കാന്‍ കഴിയുന്നില്ല.

രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്നു. മാത്യൂസ് എവിടെയാണ് എന്നറിയില്ല എന്ന വസ്തുത അംഗീകരിക്കാനാവുന്നില്ല. മുപ്പത്തെട്ടു വര്‍ഷമായി ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട്. ഇന്നോളം ഒരിക്കല്‍ പോലും മാത്യൂസ് എവിടെയാണ് എന്ന് ഞാന്‍ അറിയാത്ത അവസ്ഥ ഉണ്ടായിട്ടില്ല. ഉറക്കെ കരയാന്‍ തോന്നി. അമേരിക്കയിലുള്ള മക്കളെ വിളിക്കണം എന്ന് തോന്നി.

നാട്ടില്‍ എത്തിയ ഉടന്‍ മക്കളെ എല്ലാം വിളിച്ച് സംസാരിച്ചിരുന്നു. സുഖമായി എത്തി. എല്ലാം നന്നായിരിക്കുന്നു എന്ന് അവരോടെല്ലാം പറഞ്ഞു. ഇപ്പോള്‍ അവരെ വിളിച്ച് മാത്യൂസിനെ കാണാതായി എന്ന് എങ്ങനെ പറയും?

മക്കളുടെ മനസ്സ് വേദനിപ്പിക്കുന്ന കാര്യങ്ങള്‍ അവരോടു പറയാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കില്ല. പെട്ടെന്ന് അവരുടെ അപ്പച്ചനെ കാണാതായി എന്ന് എങ്ങനെ പറയും. അപ്പച്ചന്‍ ഇപ്പോള്‍ കൂടെ ഇല്ല എന്ന കാര്യം മറച്ച് വെക്കുന്നത് ശരിയല്ല. എന്നാല്‍ അവരുടെ മനസ്സ് വേദനിപ്പിക്കാനും തോന്നുന്നില്ല.

എന്തായാലും പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിവരം കിട്ടിയിട്ടു പറയാം. അതിനിടെ മാത്യൂസ് തിരിച്ചെത്തിയാല്‍ മതിയായിരുന്നു. അതിനു ശേഷം മക്കളോടു കാര്യം പറയാം. അത് വരെ മാത്യൂസ് തിരിച്ചു വരുന്നതിനായി പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യാനുള്ളൂ.

രാത്രി മുഴുവന്‍ ടി വി ഓണ്‍ ചെയ്ത് വെച്ച് സ്വീകരണ മുറിയില്‍ തന്നെ ഇരുന്നു കഴിച്ചു കൂട്ടി. ഏത് നിമിഷവും ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ വാതിലില്‍ ഒരു മുട്ട് പ്രതീക്ഷിച്ച് കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. കണ്ണടച്ച് മാത്യൂസിന് എന്ത് പറ്റിക്കാണും എന്ന് ആലോചിച്ചിരുന്നു. ചിന്തിക്കും തോറും കരച്ചില്‍ വന്നു. കുറെ കഴിഞ്ഞ് സോഫയില്‍ ഇരുന്നു ഉറങ്ങിപ്പോയി.

(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക