Image

എഴുത്തച്ചന്‍ പുരസ്‌കാര നിറവില്‍ സി.രാധാകൃഷ്ണന്‍: മുന്‍പേ പറക്കുന്ന അക്ഷരപ്പക്ഷി (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 05 November, 2016
 എഴുത്തച്ചന്‍ പുരസ്‌കാര നിറവില്‍ സി.രാധാകൃഷ്ണന്‍: മുന്‍പേ പറക്കുന്ന അക്ഷരപ്പക്ഷി (ഷാജന്‍ ആനിത്തോട്ടം)
2016 നവംബര്‍ ഒന്ന്. ഐക്യ കേരളത്തിന് അറുപതിന്റെ നിറവ്. അക്ഷരസ്‌നേഹികളുടെ മനസ്സ് നിറഞ്ഞത് പക്ഷേ, തുലാമഴ തിമിര്‍ത്തുപെയ്ത അന്നത്തെ പകലറുതിയില്‍ കേരള സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തതായുള്ള സാംസ്‌കാരിക മന്ത്രി ഏ.കെ.ബാലന്റെ പ്രഖ്യാപനം ശ്രവിച്ചപ്പോഴായിരുന്നു. ലോകമെമ്പാടുമുള്ള ഭാഷാസ്‌നേഹികള്‍ നിറകണ്‍ചിരിയോടെ, നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു ആ വിളംബരം.

1993-ലാണ് മലയാളഭാഷയുടെ പിതാവ് എന്ന നിലയില്‍ ആദരിയ്ക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ കേരള സാഹിത്യ അക്കാദമി സംസ്ഥാനത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന ഈ മഹനീയാംഗീകാരത്തിന് മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ശൂരനാട് കുഞ്ഞന്‍പിള്ള മുതല്‍ എം.ടി. വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, ഓ.എന്‍.വി., ഡോ.കെ.എം.ജോര്‍ജ്, മാധവിക്കുട്ടി എന്നിങ്ങനെ മലയാളസാഹിത്യത്തറവാട്ടിലെ അത്യുന്നതരായ എഴുത്തുകാര്‍ ഉള്‍പ്പെടുന്നു. ആ പട്ടികയ്ക്ക് മാറ്റ് കൂട്ടുവാനിതാ അക്ഷരക്കൂട്ടുകളില്‍ 'അഗ്നി'യുടെ തീവ്രതയും 'പിന്‍നിലാവി'ന്റെ പരിശുദ്ധിയുമായൊരു അക്ഷരപുണ്യം.

സി.രാധാകൃഷ്ണനിത് തീക്കടല്‍ കടഞ്ഞ് തിരുമധുരം കൈവന്നപോലെ അവാര്‍ഡുകളുടെ പെരുമഴക്കാലം. ആഴ്ചകള്‍ക്കു മുമ്പാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന മാതൃഭൂമി സാഹിത്യപുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. തൊട്ടുപിന്നാലെ പ്രശസ്തമായ കെ.പി. കേശവമേനോന്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര, കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, മൂര്‍ത്തീദേവി അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ കര്‌സഥമാക്കിയ അദ്ദേഹത്തിന്റെ മുമ്പിലിനി എത്തിപ്പെടാനുള്ളത് ജ്ഞാനപീഠം മാത്രം. 2014-ല്‍ തുഞ്ചന്‍പറമ്പില്‍ വച്ച് നടന്ന ലാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ വച്ച് മലയാളക്കരയിലേയ്ക്ക് അടുത്ത തവണ ജ്ഞാനപീഠം പുരസ്‌കാരം വരുന്നത് സര്‍വ്വാദരണീയനായ സി.രാധാകൃഷ്ണനിലൂടെയായിരിയ്ക്കുമെന്ന് ഈ ലേഖകന്‍ ആശംസിച്ചതോര്‍ക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാര വിവരമറിഞ്ഞ് അഭിനന്ദിയ്ക്കുവാന്‍ അദ്ദേഹത്തെ വിളിച്ചയവസരത്തില്‍ അക്കാര്യമനുസരിച്ചപ്പോഴും സൗമ്യമായൊരു ചെറുപുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സര്‍വ്വജ്ഞ പീഠമെത്ര കയറിയാലും വിനയം വെടിയാത്തൊരു നിഷ്‌ക്കാമകര്‍മ്മന്‍- അതാണ് സാഹിത്യകാരുടെയിടയിലെ ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞരുടെയിടയിലെ സാഹിത്യകാരനുമായ സി.രാധാകൃഷ്ണന്‍.

എഴുത്തുകാരനായും പത്രപ്രവര്‍ത്തകനായും ശാസ്ത്രജ്ഞനായും സിനിമാ സംവിധായകനെന്ന നിലയിലും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. മുക്കാല്‍ നൂറ്റാണ്ടിലെ ജീവിതത്തിനിടയില്‍ 65 നോവലുകള്‍, 10 കഥാസമാഹാരങ്ങള്‍, 4 നാടകങ്ങള്‍, 2 കവിതാസമാഹാരങ്ങള്‍ എന്നിവ കൂടാതെ മൂന്ന് ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. മലയാള മനോരമ, മാധ്യമം, ടൈംസ് ഓഫ് ഇന്‍ഡ്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചതു കൂടാതെ കൊടൈക്കനാല്‍ ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ ശാസ്ത്രജ്ഞനായും അദ്ദേഹം സേവനം ചെയ്തു. ഈ അനുഭവ സമ്പത്താണ് മലയാളികള്‍ക്ക് എക്കാലവും അഭിമാനിയ്ക്കാവുന്ന അദ്ദേഹത്തിന്റെ രചനകളുടെ മൂലധനം. ഇന്ത്യന്‍ പനോരമയിലേയ്ക്കും അനവധി വിദേശ ഫെസ്റ്റിവലുകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട 'ഒറ്റയടിപ്പാതകള്‍' ഉള്‍പ്പെടെ നാലു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. നടന്‍ മധു സംവിധാനം ചെയ്ത് അഭിനയിച്ച 'പ്രിയ' എന്ന ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചതും സി.രാധാകൃഷ്ണനായിരുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സി.രാധാകൃഷ്ണന്‍ വിവിധ സംഘടനകളുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പലവട്ടം അങ്കിള്‍ സാമിന്റെ നാട്ടിലെത്തിയിട്ടുണ്ട്. 'ഇനിയൊരു നിറകണ്‍ ചിരി' (Now for a Tearful Smile), 'അഗ്നി' എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ആംഗലേയമുള്‍പ്പെടെ വിവിധ വിദേശഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. 'മുന്‍പേ പറക്കുന്ന പക്ഷികള്‍', 'പിന്‍നിലാവ്', 'തീക്കടല്‍ കടഞ്ഞ് തിരുമധുരം', 'പുഴ മുതല്‍ പുഴ വരെ', 'സ്പന്ദമാപിനികളെ നന്ദി' എന്നിവ ഇന്നും സ്വദേശത്തും വിദേശത്തുമുള്ള വായനശാലകളിലെ വിശിഷ്ടസാന്നിദ്ധ്യമായി നിലകൊള്ളുന്നു.

കഴിഞ്ഞ വര്‍ഷം തന്റെ പ്രിയതമ ശ്രീമതി വല്‍സലയോടൊത്ത് അദ്ദേഹം ചിക്കാഗോ സന്ദര്‍ശിച്ചയവസരത്തില്‍ രണ്ട് ദിവസം അവരുടെ ആതിഥേയനാവാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു. പ്രശസ്തിയുടെയും ഔന്നത്യത്തിന്റെയും കൊടുമുടിയിലിരിയ്ക്കുമ്പോഴും എത്രമാത്രം എളിമയോടെ ഒരാള്‍ക്ക് പെരുമാറാന്‍ സാധിയ്ക്കുമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അവരുടെ കുലീനമായ ഇടപെടല്‍. 'അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ' യെന്ന സ്വാമി വിവേകാനന്ദന്റെ ഐതിഹാസിക പ്രസംഗം നടന്ന മുള്ളേര്‍ട്ടണ്‍ ഹാള്‍ സന്ദര്‍ശിയ്ക്കണമെന്നുള്ള ശ്രീമതി വല്‍സലയുടെ ജീവിതാഭിലാഷം സാധ്യമാക്കിയതും ഈ ലേഖകന്റെ മഹാഭാഗ്യം തന്നെ. ചിക്കാഗോ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ലക്ഷ്മി&രാധാകൃഷ്ണന്‍ നായര്‍ ദമ്പതികളുടെ വസതിയിലൊരുക്കിയ സ്വീകരണത്തില്‍, ജീവിതത്തില്‍ താന്‍ നേടിയതെല്ലാം ഈശ്വരന്‍ നല്‍കിയ വരദാനങ്ങളും മഹാഭാഗ്യങ്ങളുമായി ചിത്രീകരിച്ച് അദ്ദേഹം കൂടുതല്‍ വിനയാന്വിതനായി.

പ്രിയ സാഹിത്യകാരനോടൊപ്പമുള്ള യാത്രയിലും വിശ്രമത്തിനിടയിലുമായി വീണു കിട്ടിയ വിലപ്പെട്ട നിമിഷങ്ങളില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നതിനെപ്പറ്റിയൊക്കെ അദ്ദേഹം പങ്കുവച്ച ചിന്തകള്‍ സര്‍ഗ്ഗവഴികളിലൂടെ സഞ്ചരിയ്ക്കുവാനാഗ്രഹിയ്ക്കുന്ന ഏതൊരു അക്ഷരസ്‌നേഹിയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശകമാവുന്നതാണ്:

എഴുത്തില്‍ ചെറിയവനും വലിയവനുമില്ല-കാലമാണ് എഴുത്തുകാരന്റെ പ്രസക്തി തെളിയിയ്‌ക്കേണ്ടത്. ഇന്നത്തെ വായനക്കാര്‍ക്ക് ഇഷ്ടമില്ലാത്ത ഒരു കൃതി നാളത്തെ വായനക്കാര്‍ക്ക് ഇഷ്ടപ്പെടും. ഏറെക്കാലം ആസ്വദിയ്ക്കപ്പെടാതെ പോകുന്ന ഒരു കൃതി തലമുറകള്‍ക്കു ശേഷം വലിയ തോതില്‍ വായിയ്ക്കപ്പെടാം. തോമസ് ഗ്രേയുടെ ഒരു കവിതാശകലം ഉദ്ധരിച്ചാണ് അദ്ദേഹം അത് സമര്‍ത്ഥിച്ചത്:
Full many a gem of purest ray serene
The dark unfathom'd caves of ocean bear:
Full many a flower us born to blush unseen,
And waste its sweetness on the desert air'
(An Elegy written in a country churchyard)

ആശയങ്ങള്‍ നമ്മളെ കണ്ടെത്തുന്നു-
സര്‍ഗ്ഗശേഷിയുള്ള ഒരു എഴുത്തുകാരന് ഒരിക്കലും ആശയ ദാരിദ്ര്യമുണ്ടാവുകയില്ല. തീം അന്വേഷിച്ചുപോകേണ്ടിവരില്ല. തീമുകള്‍ നമ്മളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. എഴുത്തുകാരന്‍ മണ്ണില്‍ കൃഷിയിറക്കുന്ന കര്‍ഷകനെപ്പോലെയാണ്, ആയിരിയ്ക്കണം. വിളവുകള്‍ എത്രതവണ ഇറക്കിയാലും വീണ്ടും വീണ്ടും പുതിയ നാമ്പുകള്‍ മണ്ണില്‍ നിന്നും മുളച്ചു വരുന്നു, അവ വലിയ വിളകളായി വളരുന്നു. എല്ലാ മുളകളും പക്ഷേ, വിളയാറില്ല. ചിലവ പുഴുക്കേട് വന്ന് നശിയ്ക്കുന്നു. സാഹിത്യകൃതികളും അങ്ങനെ തന്നെയാണ് പിറക്കുന്നതും വളരുന്നതും.

എഴുത്തിന് പ്രത്യേകം സമയമെന്നൊന്നില്ല-
ആശയം മനസ്സില്‍ പിറന്നാല്‍ പിന്നെയവ തനിയെ വളര്‍ന്നുകൊള്ളും. നടക്കുമ്പോഴോ കളിയ്ക്കുമ്പോഴോ ആവും അവ മനസ്സില്‍ രൂപം കൊള്ളുക. അവിടെ കിടന്നവ വളര്‍ന്ന് ഒടുവില്‍ ഗര്‍ഭം തികയുമ്പോള്‍ വേദനയും സുഖവും കലര്‍ന്നൊരു പ്രസവമായി കൃതി പിറക്കും. ആ കൃതി പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ മാത്രം നാമത് ലോകത്തിന് കൈമാറുക.

നന്നായാല്‍ നാടിന്, അല്ലെങ്കില്‍ അച്ചന്-
ഉല്‍പ്പന്നം(കൃതി) നന്നായാല്‍ അത് നാടിന്റെ നേട്ടം; മോശമായാല്‍ സൃഷ്ടാവ് സഹിയ്ക്കുക. ഏത് നല്ല പുസ്തകവും ഭാഷയ്ക്ക് മുതല്‍ക്കൂട്ടാവും, പിന്നെയത് പൊതുസ്വത്താണ്. നിരാകരിക്കപ്പെട്ടാല്‍ എഴുത്തുകാരന്‍ തന്നെ സഹിയ്ക്കുക. പക്ഷേ മുമ്പ് സൂചിപ്പിച്ചതുപോലെ, ഇതേ കൃതി ഭാവിയില്‍ വലിയ സ്വീകാര്യത നേടിയേക്കാം. മലയാളത്തിലെന്നല്ല, ലോകത്തിലെ ഏത് ഭാഷയിലും ഇങ്ങനെ സംഭവിയ്ക്കുന്നുണ്ട്. ഒരു പാട് ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാവും. ചില സിനിമകളുടെ കാര്യവും അങ്ങിനെയാണല്ലോ. ഇപ്പോള്‍ തിരസ്‌കരിയ്ക്കപ്പെടുന്ന ഒരു ചലച്ചിത്രത്തിന്റെ മേന്മ പിന്നീടെപ്പോഴെങ്കിലും തിരിച്ചറിയപ്പെടും.

മേനിക്കണ്ടപ്പന്മാരാവരുത് എഴുത്തുകാര്‍:
വിനയമാണ് ഏത് സര്‍ഗ്ഗസഞ്ചാരിയുടെയും വളര്‍ച്ചയുള്ള ഇന്ധനം. താനൊരു എഴുത്തുകാരനാണ് എന്ന് ഒരാള്‍ ചിന്തിയ്ക്കുന്ന നിമിഷം അയാളതല്ലാതാവുന്നു. കുട്ടികള്‍ കളിയ്ക്കുന്നതുപോലെ നിഷ്‌ക്കളങ്കതയോടെ വേണം എഴുത്തു വഴികളിലൂടെ മുന്നേറുവാന്‍. താനൊരു കേമന്‍ കളിക്കാരാനാണെന്ന് ചിന്തിയ്ക്കുമ്പോള്‍ അവന്‍ കുട്ടിയല്ലാതാവുന്നു. സ്വയം മേനി നടിയ്ക്കാതെ മുന്നേറുന്നവര്‍ക്കേ ആത്യന്തികമായി വിജയിയ്ക്കാനാവൂ.

ആലോചനയല്ല, അനുഭവമാണ് പ്രധാനം
ചിന്തയല്ല, ഭാവവും അനുഭവവുമാണ് സര്‍ഗ്ഗവഴികളില്‍ മുതല്‍ക്കൂട്ടാവുന്നത്. അത് ഇതിവൃത്തമാവുമ്പോള്‍ മറ്റുള്ളവര്‍ക്കും Relate ചെയ്യാന്‍ പറ്റുന്നു. അനുഭവവും സങ്കല്പവും സമന്വയിപ്പിയ്ക്കാന്‍ പരിശീലിയ്ക്കണം. ഭാവത്തിന്റെ സാര്‍വ്വ ലൗകികത(Universaltiy) യാണ് കൃതിയുടെ വിജയരഹസ്യം. ഭാവനയും ഭാവവും വിജയകരമായി ഉപയോഗിച്ചതുകൊണ്ടാണ് മാര്‍ക്കോസും കാളിദാസനും ഷേക്‌സ്പീയറും ഇന്നും ആവേശപൂര്‍വ്വം വായിയ്ക്കപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭാവനയും യുക്തിയും ഇടകലരുമ്പോള്‍ സ്വീകാര്യതയുണ്ടാവുന്നു. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഒരു വലിയ ഒന്ന് എന്ന് ബഷീര്‍ പറഞ്ഞതില്‍ യുക്തിയും ഭാവനയുമുണ്ട്. രണ്ടും രണ്ടും ചേര്‍ന്നാല്‍ നാല് എന്ന് പറയുന്നിടത്ത് കലയില്ല. യുക്തിയില്ലെങ്കില്‍ കലയില്ല. പക്ഷേ വെറും യുക്തിയായാല്‍ കലയാവുകയുമില്ല.

പുതിയ എഴുത്തുകാര്‍ ശ്രദ്ധിയ്‌ക്കേണ്ടത്:
തനിയ്ക്ക് പറയാനുള്ളത് മാത്രം എഴുതുക. എന്തെഴുതണമെന്നും എങ്ങിനെയെഴുതണമെന്നും സ്വയം തീരുമാനിയ്ക്കുക, കണ്ടെത്തുക. സ്വന്തം കൃതികളെ പ്പറ്റി വിലയിരുത്തേണ്ടതും തീരുമാനിയ്‌ക്കേണ്ടതും അവരവര്‍ തന്നെയാണ്. ലോകത്തിന് കൈമാറിയാല്‍ പിന്നെയത് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുക. കണ്ണും കാതും വാതിലും ജനലുകളും എപ്പോഴും തുറന്നു വച്ചുകൊണ്ടിരിയ്ക്കുന്നു എഴുത്തുകാര്‍.

 എഴുത്തച്ചന്‍ പുരസ്‌കാര നിറവില്‍ സി.രാധാകൃഷ്ണന്‍: മുന്‍പേ പറക്കുന്ന അക്ഷരപ്പക്ഷി (ഷാജന്‍ ആനിത്തോട്ടം)
 എഴുത്തച്ചന്‍ പുരസ്‌കാര നിറവില്‍ സി.രാധാകൃഷ്ണന്‍: മുന്‍പേ പറക്കുന്ന അക്ഷരപ്പക്ഷി (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക