Image

മയക്കുമരുന്നുകള്‍ നശിപ്പിച്ച യുവത്വത്തിന്റെ വേദനയായി 'സുജനപാലന്റെ മനോരാജ്യം'

Published on 08 November, 2016
മയക്കുമരുന്നുകള്‍ നശിപ്പിച്ച യുവത്വത്തിന്റെ വേദനയായി 'സുജനപാലന്റെ മനോരാജ്യം'
ദമ്മാം:  നവയുഗം സാംസ്‌കാരികവേദിയുടെ കലാവേദിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന നവയുഗം നാടകവേദിയുടെ പുതിയ നാടകമായ 'സുജനപാലന്റെ മനോരാജ്യം', അവതരണമികവ് കൊണ്ടും, കലാകാരന്മാരുടെ അഭിനയപ്രകടനങ്ങള്‍ കൊണ്ടും, സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ നാടകപ്രേമികള്‍ക്ക് പുതിയൊരു അനുഭവമായി മാറി.

കൊട്ടിയം 'ആക്റ്റ്' നാടകസമിതിയുടെ പ്രവര്‍ത്തകനായ ഗില്‍ബര്‍ട്ട് സണ്ണി എഴുതിയ 'സുജനപാലന്റെ മനോരാജ്യം', സംവിധാനം ചെയ്ത് അവതരിപ്പിച്ചത്, നവയുഗം കോബാര്‍ മേഖല കമ്മിറ്റി അംഗവും, നാടകപ്രവര്‍ത്തകനുമായ സഹീര്‍ഷാ ആണ്. മുഖ്യകഥാപാത്രമായ സുജനപാലനെ അരങ്ങത്ത് അവതരിപ്പിച്ചതും സഹീര്‍ഷാ തന്നെയാണ്. നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനറായ ഷാജി മതിലകം, നവയുഗം കലാകാരന്മാരായ റെഞ്ജി, ജൈസണ്‍ മാള, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, റെജി സാമുവല്‍, ബാലതാരങ്ങളായ  ആദിത്യഷാജി, ധീരജ് ലാല്‍ എന്നിവരാണ് നാടകത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജീവിതത്തിന്റെ ഓജസ്സും തേജസ്സും നിറഞ്ഞു നില്‍ക്കുന്ന സുജനപാലന്‍ എന്ന മിടുക്കനായ യുവാവ്, കോളേജിലെ ഒരു സുഹൃത്തിന്റെ സ്വാധീനത്തില്‍ പെട്ട്, മയക്കുമരുന്നിന് അടിമയാകുന്നതോടെ, യാഥാര്‍ഥ്യങ്ങളില്‍ നിന്നും അകന്ന് അവന്റേതായ സ്വപ്നലോകത്തില്‍ എത്തപ്പെടുന്നതും, ജീവിതം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേയ്ക്ക് നീങ്ങുന്നതുമാണ്  'സുജനപാലന്റെ മനോരാജ്യം' എന്ന നാടകത്തിന്റെ മുഖ്യഇതിവൃത്തം. സമകാലീനലോകത്തില്‍ യുവാക്കളെ നശിപ്പിയ്ക്കുന്ന മയക്കുമരുന്നിനെതിരെ ശക്തമായ സന്ദേശമാണ് നാടകം നല്‍കുന്നത്. 

നാടകത്തെ ഏറ്റവും അവിസ്മരണീയമാക്കുന്നത് അഭിനേതാക്കളുടെ മികച്ച പ്രകടനമാണ്.  നാടകവേദികളുടെ  അനുഭവപരിചയമുള്ളതിനാലാകാം സുജനപാലനെ അവതരിപ്പിച്ച സഹീര്‍ഷായും, സുജനപാലന്റെ അച്ഛനായി അഭിനയിച്ച ഷാജി മതിലകവും, ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. തുടക്കക്കാരന്റെ പരിഭ്രമമില്ലാതെ  റെഞ്ജി, സുജനപാലന്റെ ബാല്യകാലസുഹൃത്തിന്റെ വേഷം മികച്ചതാക്കി. ജൈസനും, ബാലതാരങ്ങളും തങ്ങളുടെ വേഷങ്ങള്‍ ചെറുതെങ്കിലും, മനോഹരമായി ചെയ്തു.

കാവിലെ വെളിച്ചപ്പാട് തുള്ളുമ്പോള്‍, അത് ദൈവത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണോ, അതോ വെറും  അഭിനയമാണോ  എന്നറിയാന്‍, ഒളിച്ചു നിന്ന് കല്ലെറിഞ്ഞു പരീക്ഷിയ്ക്കുന്ന കൗമാരക്കാരായ സുജനപാലനും കൂട്ടുകാരനും കാണികളില്‍ ചിരി പടര്‍ത്തുന്നു. എന്നാല്‍ മയക്കുമരുന്നിന്റെ അടിമയായി സ്വപ്നലോകത്ത് ജീവിയ്ക്കുന്ന യുവാവായ സുജനപാലന്‍, സ്വന്തം പിതാവിനെപ്പോലും മര്‍ദ്ധിയ്ക്കുന്ന അവസ്ഥയില്‍ അധഃപതിയ്ക്കുമ്പോള്‍, അത് കാണികളുടെ മനസ്സില്‍ നൊമ്പരം പടര്‍ത്തുന്നു. വളരെ വിലപിടിച്ച ഒരു സാമൂഹ്യസന്ദേശം, കാണികളുടെ മനസ്സ് നിറയ്ക്കുന്ന ഒരു അനുഭവമായി എത്തിയ്ക്കാന്‍ കഴിയുന്നതില്‍, 'സുജനപാലന്റെ മനോരാജ്യം' എന്ന നാടകം വിജയം കണ്ടിരിയ്ക്കുന്നു എന്ന് നിസംശയം പറയാം.

അരങ്ങില്‍ മാത്രമല്ല, അണിയറയിലും ഒരു പിടി മികച്ച കലാകാരന്മാരുടെ സാന്നിദ്ധ്യം ഈ നാടകത്തില്‍ അനുഭവപ്പെടും. നാടകത്തിന്റെ സംഗീതം ഒരുക്കിയത് പയസ്സും, പാടിയിരിയ്ക്കുന്നത് ബിനുകുഞ്ഞും ആണ്. കലാസംവിധാനം നിര്‍വഹിച്ചത് വിനോദ് ആണ്. സാങ്കേതികനിര്‍വ്വഹണം നടത്തിയത്  സന്തോഷ്, ടോണി, ഡിവോയ് മത്തായി, ശ്രീനാഥ്, എബി, റെച്ചിന്‍ എന്നിവരാണ്. 

'സുജനപാലന്റെ മനോരാജ്യം' ഇനിയും ധാരാളം വേദികളില്‍ അവതരിപ്പിയ്ക്കുമെന്നും, നവയുഗം നാടകവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കി, ഓരോ വര്‍ഷവും  പുതിയ നാടകങ്ങള്‍ അരങ്ങത്ത് എത്തിയ്ക്കുമെന്നും നവയുഗം കലാവേദി ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: 'സുജനപാലന്റെ മനോരാജ്യം' നാടകത്തിലെ ദൃശ്യങ്ങള്‍.


മയക്കുമരുന്നുകള്‍ നശിപ്പിച്ച യുവത്വത്തിന്റെ വേദനയായി 'സുജനപാലന്റെ മനോരാജ്യം'മയക്കുമരുന്നുകള്‍ നശിപ്പിച്ച യുവത്വത്തിന്റെ വേദനയായി 'സുജനപാലന്റെ മനോരാജ്യം'മയക്കുമരുന്നുകള്‍ നശിപ്പിച്ച യുവത്വത്തിന്റെ വേദനയായി 'സുജനപാലന്റെ മനോരാജ്യം'മയക്കുമരുന്നുകള്‍ നശിപ്പിച്ച യുവത്വത്തിന്റെ വേദനയായി 'സുജനപാലന്റെ മനോരാജ്യം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക