Image

നോട്ടിനു പൂട്ട് വീണു 500, 1000 നോട്ടുകള്‍ ഇനി കടല പൊതിയാം ..

അനില്‍ പെണ്ണുക്കര Published on 08 November, 2016
നോട്ടിനു പൂട്ട് വീണു 500, 1000 നോട്ടുകള്‍ ഇനി കടല പൊതിയാം ..
ഇന്ത്യയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു. അര്‍ധരാത്രിയോടു കൂടി അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകളുടെ ക്രയവിക്രയം മരവിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് വെളിപ്പെടുത്തിയത് .ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നതായും മോഡി വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് .

ഇന്ത്യയിലേക്കുള്ള കള്ളപ്പണ ഒഴുക്കിനും കള്ളനോട്ടിനും തടയിടാന്‍ വേണ്ടിയാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. നടപടിയുടെ ഭാഗമായി ഇന്ന് രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടും. ഈ തീരുമാനം നിരവധി പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

കൈവശമുള്ള നോട്ടുകള്‍ അമ്പത് ദിവസത്തിനകം മാറ്റിവാങ്ങാന്‍ സാധിക്കും. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലാവധി. നാഷണലൈസ്ഡ് ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയിലൂടെ നോട്ടുകള്‍ പുതുക്കി വാങ്ങാന്‍ സാധിക്കും. ചെക്ക്, ഡിഡി, ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ എന്നിവയുടെ ഇടപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

നിരോധനം മൂലം നിരവധി പ്രതിസന്ധികള്‍ ഉണ്ടാകും. രാജ്യത്തെ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തന രഹിതമാകും. ആയിരം രൂപയുടെ സ്ഥാനം നൂറ് രൂപ കൈയടക്കുന്നതോടു കൂടി രാജ്യത്തെ എ.ടി.എം. കൗണ്ടറുകള്‍, മറ്റ് കറന്‍സി ഫീഡിംഗ് സെന്ററുകള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമായി വരും.
പണം നിറയ്‌ക്കേണ്ട ഏജന്‍സികള്‍ക്ക് അമിത ജോലിയും ഉണ്ടാകും .
തപാല്‍ ഓഫിസുകള്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകും.

നിലവില്‍ ഇത്തരം നോട്ടുകള്‍ കൈവശമുള്ള സാധാരണക്കാര്‍ നിത്യോപയോഗത്തിന് വേണ്ടി ബാങ്കുകളില്‍ കയറി ഇറങ്ങേണ്ടി വരും. ഇപ്പോള്‍ ഈ നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് 50 ദിവസത്തിനുള്ളില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ ഈ നോട്ടുകള്‍ മാറ്റാം. ഇതോടൊപ്പം, നാളെയും മാറ്റന്നാളം എടിഎമ്മുകള്‍ അടച്ചിടും. എടിഎമ്മില്‍ നിന്ന് ഈമാസം 11 വരെ പിന്‍വലിക്കാവുന്നത് 2000 രൂപ മാത്രമാണ്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യ 72 മണിക്കൂര്‍ നേരത്തേക്ക് ഇതില്‍ ഇളവുണ്ട്.

ഇവിടെ നവംബര്‍ 11 അര്‍ധരാത്രി വരെ മരവിപ്പിച്ച നോട്ടുകള്‍ സ്വീകരിക്കും. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു മരുന്ന് വാങ്ങാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം. കൂടാതെ പെട്രോള്‍ പമ്പുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും നവംബര്‍ 11 വരെ 500, 1000 രൂപ നോട്ടുകള്‍ നല്‍കാം.
ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം. അതേസമയം ഇപ്പോള്‍ നിരോധിച്ച് 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും. ഒപ്പം പ്രശ്‌നം പരിഹരിക്കാന്‍ 2000ത്തിന്റെ പുതിയ നോട്ട് റിസര്‍വ് ബാങ്കിന്റെ പ്രാദേശിക സെന്ററുകളില്‍ എത്തിക്കാനുള്ള നടപടി ഇന്ന് തന്നെ തുടങ്ങിയിട്ടുണ്ട് .

ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നല്‍കുമെന്നും വിശദീകരണമുണ്ട് ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫിസുകളെ സമീപിക്കാം. ഒരു കാര്യം ഉറപ്പാണ് അപൂര്‍വവും അസാധാരണവുമായ ഈ തീരുമാനം. മോദിക്ക് മാത്രം എടുക്കാന്‍ കഴിയുന്ന ഒന്നാണ് . ചില അസൗകര്യങ്ങള്‍ ഉണ്ടായാലും അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ വേണ്ടി ആണല്ലോ എന്ന് വിചാരിച്ചു നമ്മള്‍ അത് സഹിക്കും.

കള്ളപ്പണത്തിന്റെ വരവ് നിര്‍ത്താന്‍ ഇതില്‍ പരം മറ്റൊരു മാര്‍ഗമില്ല .സത്യത്തില്‍ വലിയ ആനന്ദം തോന്നുന്നത് സാധാരണക്കാര്‍ക്കാണ് . കാരണം അവന്റെ കയ്യില്‍ വൈകിട്ട് കിട്ടിയ നോട്ടുകള്‍ അവന്‍ അന്നത്തിനായി ചിലവിട്ടുകാണും . കള്ളപ്പണമൊക്കെ കരുതിവച്ചിരിക്കുന്നവര്‍ ഇനി എന്ത് ചെയ്യും എന്ന് ചിന്തിക്കുന്നവരുടെ കൈയില്‍ കടല പൊതിഞ്ഞ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ലഭിക്കും . തീരുമാനങ്ങള്‍ അങ്ങനെ ആണ്. തീരുമാനങ്ങള്‍ക്കു തന്നെ നല്ല വില കൊടുക്കേണ്ടിവരും .. 
നോട്ടിനു പൂട്ട് വീണു 500, 1000 നോട്ടുകള്‍ ഇനി കടല പൊതിയാം ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക