Image

നോട്ടുകള്‍ക്ക് കടലാസിന്റെ വിലയിട്ട് ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ (എ.എസ് ശ്രീകുമാര്‍)

Published on 08 November, 2016
നോട്ടുകള്‍ക്ക് കടലാസിന്റെ വിലയിട്ട് ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ (എ.എസ് ശ്രീകുമാര്‍)
ന്യൂഡല്‍ഹി: അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ ഒരു തീരുമാനത്തിലൂടെ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കണം എന്ന ഉദാത്ത ചിന്തയുടെ വക്താവായിക്കൊണ്ടാണ് ഇന്ന് ഈ നിമിഷം നമ്മുടെ കൈയിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്. ഒട്ടും സാവകാശം നല്‍കാതെയുള്ള ഈ തീരുമാനം സമസ്ത മേഖലയെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. 

രാജ്യത്തെ എല്ലാ സാമ്പത്തിക ഔട്ട്‌ലെറ്റുകളും ഇതോടെ അടഞ്ഞിരിക്കുന്നു. ആശുപത്രികളില്‍ രോഗികളെയും കൊണ്ട് നിന്നവര്‍ക്ക് നോട്ടുകള്‍ മാറാനാവുന്നില്ല. പെട്രോള്‍ ബങ്കുകളില്‍ യാത്ര തുടരാന്‍ ഇന്ധനം അന്വേഷിക്കുന്നവര്‍ക്ക് വാഹനം മാറ്റിയിടേണ്ട അവസ്ഥ. നാളെ ലോണ്‍ അടയ്ക്കാന്‍ കാത്തുവച്ചിരുന്ന നോട്ടുകള്‍ വിലപ്പോകില്ലെന്നറിഞ്ഞ് വ്യസനിക്കുന്നവരും അനവധി. നാട്ടിലെത്തിയ ടൂറിസ്റ്റുകള്‍ തങ്ങള്‍ക്ക് എങ്ങിനെ യാത്ര തുടരാനാവും എന്നതും ചോദ്യചിഹ്നമാവുന്നു. എയര്‍ പോര്‍ട്ടിലേക്ക് പോകും വഴി, വിദേശത്തു നിന്നും വരുന്ന വഴി പണം വിനിയോഗിക്കാന്‍ സാധ്യമാകുന്നില്ല എന്നറിഞ്ഞ് വഴിയാധാരമായവരും അവരുടെ ദു:ഖങ്ങളും പ്രയാസങ്ങളും ആശങ്കകളും രാജ്യമാകെ നിറഞ്ഞ്  കേള്‍ക്കുന്ന നിമിഷങ്ങളാണിത്. 

എന്തിനു വേണ്ടിയായിരുന്നു ഈ ധൃതി പിടിച്ച തീരുമാനം എന്നാര്‍ക്കും അറിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പേഴ്‌സില്‍ ചിലവാകാതെയിരിക്കുന്നു. നാളെ (09-11-2016) ഇന്ത്യയില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുകയില്ല. ബാങ്കുകളും അവധിയാണ്. നൂറിന്റെ മാത്രം നോട്ടുകള്‍ മാറുവാനും കൈയിലുള്ള ആയിരത്തിന്റെ നോട്ടുകള്‍ ഡിപ്പോസിറ്റു ചെയ്യുവാനും ഉള്ള നീണ്ട ക്യൂ രാജ്യത്തുടനീളമുള്ള എ.ടി.എമ്മുകളുടെ മുന്നില്‍ കാണുന്നു. ഈ സാമ്പത്തിക അടിയന്തിരാവസ്ഥയെ എങ്ങിനെ തരണം ചെയ്യണമെന്ന് സര്‍ക്കാരും നിര്‍ദ്ദേശം വയ്ക്കുന്നുണ്ട്. കൈയിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഡിസംബര്‍ 30 നു മുമ്പ് മാറി വാങ്ങാമത്രേ. പ്രതിദിനം രണ്ടായിരം രൂപയില്‍ കൂടുതല്‍ നിശ്ചിത കാലത്തേക്ക് എ.ടി.എം വഴി പിന്‍വലിക്കാനും സാധ്യമല്ല. ഇതൊക്കെ പ്രായോഗികമാണോ എന്ന് ചിന്തിച്ച് വിഷമിക്കുമ്പോള്‍ വീണ്ടും വരുന്നു വാര്‍ത്തകള്‍. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിച്ച് ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ടെന്ന്. 

യാത്ര പകുതി അവസാനിപ്പിച്ചവരും ആശുപത്രികളില്‍ രോഗികള്‍ക്ക് അന്നവും മരുന്നും വാങ്ങാന്‍ പോയി അന്ധാളിച്ചു നില്‍ക്കുന്നവരും നാളെ പലചരക്കു പീടികയില്‍ സാധനം വാങ്ങി ഭക്ഷണം പാകം ചെയ്യാന്‍ കാത്തു നില്‍ക്കുന്നവരും കുട്ടികളുടെ ഫീസടയ്ക്കാന്‍ പുത്തന്‍ നോട്ടു വരുന്നതു വരെ പിടിച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ട മാതാപിതാക്കളും എല്ലാം പെട്ടു പോയിരിക്കുകയാണ് ഈ അപ്രതീക്ഷിതവും അനൗപചാരികവുമായ സ്വേഛാപരമായ മോഡിയുടെ തീരുമാനത്തിലൂടെ.

കള്ളപ്പണം വെളുപ്പിച്ച് രാജ്യത്തെ എല്ലാ പൗരന്മാരുടെയും നിയമാനുസൃതമായ അക്കൗണ്ടുകളിലേക്ക് പണം ഇട്ടു തരും എന്ന് വീമ്പു പറഞ്ഞ മോദി സര്‍ക്കാര്‍ അത്തരം നടപടികളിലേക്ക് ധീരമായി പോയില്ല എന്നത് സ്വദേശീയര്‍ക്കും പ്രവാസികള്‍ക്കും അറിയാവുന്ന സംഗതിയാണ്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ ഇപ്പോള്‍ അറച്ചു നില്‍ക്കുന്നു. ബാങ്കുകളിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും അയച്ച പണവും അയയ്ക്കാന്‍ വാഗ്ദാനം ചെയ്തതും ആയ തുക എപ്രകാരം കൈപ്പറ്റും എന്നതിനെ പറ്റി യാതൊരു നിശ്ചയവും ഇല്ല. കേരളത്തിന്റെ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.തോമസ് ഐസക് കേന്ദ്രസര്‍ക്കാരിന്റെ ഈ ഉചിതമല്ലാത്ത നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ ബിസിനസുകള്‍, ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചിരിക്കുകയാണ്. പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവരോട് എന്തു പറയാന്‍ പറ്റാത്ത വിധം ആ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നു. ബില്ലുകള്‍ മാറാതെ അടുത്ത ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കാത്ത അനവധി ആള്‍ക്കാരുമുണ്ട്. ഇങ്ങനെയൊരു അവസ്ഥ ഇതിനു മുമ്പ് സ്വതന്ത്ര ഇന്ത്യ അനുഭവിച്ചിട്ടില്ല.

ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കും മുമ്പ് ഇന്ത്യക്കാരന്റെ കൈയിലുള്ള 500, 1000 നോട്ടുകള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാട്ടിയ നരേന്ദ്ര മോദി സാധാരണക്കാരന്റെ വിഷമം ഒരു നിമിഷം തിരിച്ചറിയണമായിരുന്നു. വലിയവന്റെ കൈയിലുള്ള പണം കറുത്തതായി തന്നെ ഇരിക്കും. അതിനെ തൊടാന്‍ മോദിക്കെന്നല്ല, ഇദ്ദേഹത്തെക്കഴിഞ്ഞും വലിയവനെന്ന് സ്വയം അഭിമാനിക്കുന്ന ആര്‍ക്കും ഒരിക്കലും സാധിക്കുകയുമില്ല. ഈ രാജ്യം പട്ടിണിക്കാരുടെയും നിരാലംബരുടെയും അശരണരുടെയും സഹനം അനുഭവിച്ചറിഞ്ഞ് കരയുന്നവരുടേതാണ്. അവരുടെ നാളത്തെ ചെറിയ ചെറിയ ക്രയവിക്രയങ്ങള്‍ക്ക് അനുചിതമായി തഴുതിടുന്ന നീതിനിരാസത്തെ, മാനുഷികമല്ലാത്ത ധിക്കാരത്തെ ഒരിക്കലും പൊറുക്കാനാവില്ല. 

നാളെ നോട്ടുകള്‍ മാറി കിട്ടുമായിരിക്കും. ആയിരത്തിനു പകരം രണ്ടായിരത്തിന്റെയും പതിനായിരത്തിന്റെയും വര്‍ണപ്പകിട്ടുള്ള പച്ചനോട്ടുകള്‍ അടിച്ചിറക്കുമായിരിക്കും. അതിനെയൊക്കെ വെല്ലുന്ന കറന്‍സി പാകിസ്ഥാനും ഇവിടെ വിന്യസിക്കും. അത്തരം വ്യാജ നോട്ടുകള്‍ നാളെയും ഇന്ത്യയില്‍ പ്രചരിക്കില്ലെന്നുറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയുമോ...? കഴിയാത്തിടത്തോളം കാലം രാപകലില്ലാതെ പണി ചെയ്ത് വിയര്‍പ്പ് രക്തമാക്കി കുടുംബം പുലര്‍ത്താന്‍ വീട്ടിലേക്ക് കൊണ്ടു വരുന്ന അഞ്ഞൂറു രൂപയുടെ നോട്ടിന് അയിത്തം കല്‍പ്പിക്കുന്ന ഭരണ നിര്‍വഹണത്തിനാണ് വിലയില്ലാതെ പോകുന്നത്. 
***
സംഭവിക്കുന്നത് എന്താണെന്ന ഒരു റിപ്പോര്‍ട്ടിലേയ്ക്ക്...
എ.ടി.എമ്മുകളില്‍ നിന്ന് ഇനി പിന്‍വലിക്കാവുന്ന തുകയുടെ കാര്യത്തിലും കര്‍ശന നിയന്ത്രണമുണ്ടാവും. കുറച്ച് കാലത്തേയ്ക്ക് എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ വീതം മാത്രമേ പിന്‍വലിക്കാന്‍ പറ്റുകയുള്ളൂ. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ക്ക് ഇനി മുതല്‍ കടലാസിന്റെ വില മാത്രമേ ഉണ്ടാവുകയുള്ളൂ. ജനങ്ങളുടെ കൈവശം ഉള്ള 500, 1,000 രൂ നോട്ടുകള്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി മാറ്റാം. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കില്ല. ഡിസംബര്‍ 31 വരെ ഇതിന് സമയം ഉണ്ടാകും.

ആശുപത്രി തുടങ്ങിയ അടിയന്തര കാര്യങ്ങളില്‍ ഈ നിരോധനം ഒരു പ്രശ്നം ആകില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍, വിമാനത്താവളങ്ങള്‍, ശ്മശാനങ്ങള്‍ എന്നവിടങ്ങളില്‍ 72 മണിക്കൂര്‍ വരെ 500, 1,000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും. ആയിരത്തിന്റെ നോട്ടുകള്‍ ഇനി തിരിച്ചെത്തുകയേ ഇല്ല. പകരം അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും പുത്തന്‍ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. അതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കണക്കില്ലാതെ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമായിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടിയെ വിലയിരുത്തുന്നത്. എന്നാല്‍ വന്‍ തോക്കുകള്‍ രക്ഷപ്പെട്ടേക്കുമെന്നും വിലയിരുത്തലുകളുണ്ട്. കള്ളപ്പണം മാത്രമല്ല, കള്ളനോട്ടുകളും ഇല്ലായ്മ ചെയ്യാന്‍ ഈ നടപടി സഹായകമാകും. ഏറ്റവും അധികം പ്രചരിക്കുന്നത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കള്ളനോട്ടുകള്‍ ആണല്ലോ. ബാങ്കില്‍ എത്തിയാല്‍ ഇവ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്.

നോട്ടുകള്‍ക്ക് കടലാസിന്റെ വിലയിട്ട് ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക