Image

കാളി (ശ്രീപാര്‍വതി)

Published on 08 November, 2016
കാളി (ശ്രീപാര്‍വതി)
ഇരുട്ടായിരുന്നു ചുറ്റും... നിശബ്ദതയും.. നിലാവിന്റെ ഒരു കുഞ്ഞു തുണ്ടു പോലുമില്ലാതെ ഞാന്‍ ഭയപ്പെട്ടു തുടങ്ങിയിരുന്നു. ആകൃതിയില്ലാത്ത ശരീരത്തില്‍ ഉയിര് വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന പതിഞ്ഞ നിലവിളി ആരുടേതാണ്?ആരുടെ ഉടലിന്റെ ബാക്കിയാണ് ഭൂഗര്‍ഭ നാളിയിലൂടെ തന്നെ കൊരുത്തെടുത്തിരിക്കുന്നത്... ആരുടെ ഭക്ഷണബാക്കിയിലൂടെയാണ് ജീവന്‍ അടരാതെ ബാക്കിയാകുന്നത്...

ഒരു തേങ്ങലിന്റെ തുഞ്ചത്ത് മുഖമില്ലാത്ത അരൂപി വന്ന് കഥ പറയുന്നു...

വളര്‍ച്ചയില്ലാത്ത ഉടലിലേയ്ക്ക് നീളുന്ന മൂര്‍ച്ചയുള്ള കത്തിയുടെ പിടിയില്‍ നിന്ന് സംരക്ഷിച്ച അരൂപി എന്റെയുടല്‍ പേറുന്നവളോട് കലാപം നടത്തിയത്രെ...

"അല്ലെങ്കിലും അവള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നിട്ടല്ല..." അരൂപിയില്‍ നിന്നാണ് ഞാന്‍ ആദ്യം ആ വാക്ക് കേള്‍ക്കുന്നത് 'അമ്മ.

വെളിച്ചത്തിന്റെ ലോകത്ത് ചെന്നാല്‍ ഞാന്‍ ആദ്യം വിളിക്കാന്‍ പേടിക്കേണ്ട പേരിന്റെ അക്ഷരങ്ങള്‍ ഓരോന്നായി അരൂപി എനിക്ക് പറഞ്ഞു പഠിപ്പിച്ചു.. പലതവണ തെറ്റി വീണ്ടും പറഞ്ഞു ആ വാക്ക് ഞാന്‍ ആവര്‍ത്തിച്ച് ചൊല്ലിക്കിടന്നു...

ഇപ്പോഴും അതെ ഇരുട്ടറയുടെ ഗര്‍ഭഗൃഹത്തിലാണല്ലോ എന്റെ അസ്ഥിത്വം ഞാന്‍ കണ്ടെടുക്കുന്നത്... വഴികാട്ടാനായി അരൂപിയില്ലാത്തതിന്റെ വിതുമ്പലില്‍ ഞാന്‍ ഒറ്റപ്പെട്ടു ചുരുണ്ടു കിടന്നു, ആദിയില്‍ അമ്മവയറ്റില്‍ ആദ്യമായ് ഞാന്‍ കിടന്ന അത്രയും ഞാനെന്നെ ചുരുട്ടിയൊതുക്കി...

രണ്ടര വ്യാഴവട്ടങ്ങളുടെ പ്രായവും പേറി ഒരു നൂറ്റാണ്ടിന്റെ വാര്‍ദ്ധക്യവുമായി കിടന്നപ്പോഴും ഞാനോര്‍ത്തത് എന്നിലേക്കാഴ്ന്നിറങ്ങിയ ജീവനുള്ള മരക്കഷ്ണങ്ങളെ കുറിച്ചായിരുന്നു.

തണുത്ത തറയുടെ മരവിപ്പ് എന്നെ തൊടുന്നില്ല...

ജീവനുള്ള അട്ടകള്‍ എന്റെ വിരലുകള്‍ മറികടന്ന് പുതിയ വഴികള്‍ കണ്ടെത്തിയത് ഞാന്‍ ശ്രദ്ധിച്ചില്ല.. കുറച്ചു നേരം മുന്‍പ് വരെ എന്റെ ശരീരത്തില്‍ ഇഴഞ്ഞു നടന്ന വിരല്‍ വലിപ്പമുള്ള അട്ടയുടെ അറപ്പില്‍ നിന്നും മുക്തതയായിട്ടില്ലാത്തതിനാലായിരിക്കണം ഞാന്‍ അനങ്ങാതെ അവിടെ കിടന്നു...

അമര്‍ന്ന കിതപ്പിനൊടുവില്‍ ഏറെ പരിചിതമായ ഒരു മുഖം എന്നോട് പറഞ്ഞത്, ഇപ്പോഴും തലച്ചോറില്‍ ഇരുന്ന് വേകുന്നു...

"നിന്നെ ആദ്യം കണ്ടപ്പോള്‍ മുതല്‍ ഈ ദിവസം ഞാന്‍ നോക്കിയുന്നതായിരുന്നെടീ..."

ഫെയ്‌സ്ബുക്കിലെ അപരിചിതമായ മുഖങ്ങളില്‍ നിന്നും വരുന്ന എടീ വിളികളിലേയ്ക്ക് മുഖം ചുവപ്പിച്ച് നോക്കിയിരുന്ന എന്നെയാണ് അപ്പോള്‍ ഓര്‍മ്മ വന്നത്.

"കുറച്ചുകൂടി മാന്യമായി വിളിക്കാന്‍ ശ്രമിക്കൂ" മറുപടികളില്‍ ഞാന്‍ അഹങ്കരിച്ചിരുന്നോ...

ഞാന്‍ ഈ ഇരുട്ടറയില്‍ നിന്നും പുറത്തു കടക്കുമോ... സ്കൂള്‍ വിട്ടു വരുന്ന കുഞ്ഞുങ്ങള്‍ എങ്ങനെ വീടിനുള്ളില്‍ കയറിക്കാനും? ഇപ്പോള്‍ എത്ര മണിയായിട്ടുണ്ടാകും? അവര്‍ എത്ര പേരുണ്ടായിരുന്നു?

ഓര്‍മ്മകളുടെ ഭാണ്ഡങ്ങളില്‍ മുഖങ്ങള്‍ തിരിച്ചറിഞ്ഞിട്ടും എനിക്ക് ഭ്രമം ബാധിച്ചു... എണ്ണങ്ങള്‍ തെറ്റുന്നു. കൈവിരലുകളില്‍ മുഖങ്ങള്‍ കൊരുത്തിട്ട് ഞാന്‍ വീണ്ടുമെണ്ണി... നാലു പേര്‍...

നാലു പുരുഷന്മാര്‍...



ഉച്ചമയക്കത്തിന്റെ ധൃതിയിലേയ്ക്ക് മെല്ലെ ചായുമ്പോഴാണ്, ശരണം വിളികളുയര്‍ത്തി ഡോര്‍ ബെല്‍ നെഞ്ചില്‍ വന്നിടിച്ചത്. പരിചിതമായ സൗഹൃദങ്ങളുടെ മഴക്കണ്ണികള്‍ പ്രിയപ്പെട്ടവന്റെ വാര്‍ത്തകളിലേയ്ക്ക് പറന്നു വീഴുമ്പോള്‍ എനിക്ക് ചങ്കിടിച്ചു. അവരവസാനം കാണുമ്പോള്‍ അവന്റെ പാതിബോധത്തിലും എന്നെയും മോളെയും കാണാന്‍ കൊതിച്ചുവെന്ന വാക്കില്‍ എനിക്ക് തോന്നാന്‍... വസ്ത്രം മാറിയില്ല, ഉറക്കം പറന്നു പോയ ഉച്ചവെയിലിലേയ്ക്ക് ഞാന്‍ പാഞ്ഞിറങ്ങി...

ചെന്നെത്തിയതോ നരച്ച മണമുള്ള ഈ ഇരുണ്ട മുറിയിലെ വെറും നിലത്തേക്ക്...

ആദ്യം തൊട്ടത് അവനായിരുന്നു, എന്റെ പ്രിയപ്പെട്ടവന്റെ തോളില്‍ ചേര്‍ന്ന് ഇപ്പോഴും അവനെ ശരികളിലേയ്ക്ക് നടത്തുന്നവന്‍... അവന്റെ കണ്ണാടിയായവന്‍... കൈകളില്‍ ആണിയുറപ്പിച്ച ക്രൂശിതനായ യേശുവിന്റെ പേന രൂപമായ് ഞാന്‍ അവതരിക്കപ്പെട്ടു.. സഹനത്തിന്റെ മുള്‍ക്കിരീടമായി എന്നില്‍ അവശേഷിച്ച അവസാന മറകളും നീക്കപ്പെട്ടപ്പോള്‍ നിലവിളികളില്ലാതെ ഞാന്‍ പുളഞ്ഞു കൊണ്ടോര്‍ത്തത് തിരക്കുള്ള ബസിലെ വൈകുന്നേരങ്ങളിലൊന്നില്‍ എന്റെ മാറില്‍ തൊട്ട കൈവിരലുകളെയായിരുന്നു...

പ്രതിഷേധിച്ചാര്‍ക്കുന്ന കൗമാര മനസ്സും കുരിശില്‍ തറയ്ക്കപ്പെട്ടോ...

പകയോ ഭീതിയോ നിസ്സംഗതയോ.. പലതിലും ചായാതെ മനസ്സ് നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഉന്മത്തരായി ആണ്‍ വിയര്‍പ്പിന്റെയും എന്നെ നനച്ച ആണ്‍ വിഴുപ്പിന്റെയും ഉഷ്ണത്തിലേയ്ക്ക് ഞാന്‍ ബോധമറ്റു വീണു പോയിരുന്നു.

എത്ര നേരമായിട്ടുണ്ടാകും അവര്‍ പോയിട്ട്...

എന്റെ കുഞ്ഞുങ്ങള്‍... പ്രിയപ്പെട്ടവന്‍...

എന്റെ ജീവന്‍... എന്താണ് നഷ്ടപ്പെടുത്തേണ്ടത്, എന്താണ് നേടേണ്ടതെന്നറിയാതെ ഞാന്‍ അരൂപിയെ തിരഞ്ഞു കൊണ്ടേയിരുന്നു. മറുപടികളില്ലാതെ നിശബ്ദത പിന്നെയും മുറിപ്പെടുത്തല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു...

"നീ ആരോടെങ്കിലും പറയുമോടീ..." ശബ്ദം തിരിച്ചറിഞ്ഞ് ആളെ കണ്ടെത്തുന്ന സൂത്ര വിദ്യ എനിക്ക് നഷ്ടമായോ...

ഞാന്‍ ഒന്നും മിണ്ടിയില്ല.

പക്ഷെ മുന്നിലേയ്ക്ക് വച്ച മൊബൈലിന്റെ സ്ക്രീന്‍ ചതുരത്തില്‍ എന്റെ പാതി മുഖവും നിലവിളിയും. ഉന്മാദങ്ങളിലേയ്ക്ക് ഊഞ്ഞാലാടുന്ന ആണുടലുകള്‍..

പാതി മുറിഞ്ഞ് എന്റെ ഹൃദയം അബോധത്തിലേയ്ക്ക് ആണ്ടു പോകുന്നു... ഭീതിയുടെ ഒരായിരം വാവലുകള്‍ എന്റെ കണ്ണുകളില്‍ നിന്നും ചിതറിത്തെറിച്ച് പുറത്തേയ്ക്ക് പറന്നു പോകുന്നു.

"ഇനി നീ ആരോടും പറയില്ല അല്ലെ...." വീണ്ടും മുഖം മനസിലാക്കാന്‍ കഴിയാത്ത ശബ്ദം സംസാരിക്കുന്നു...

"പറയും..."

ഉടലില്‍ നിന്നല്ലാതെ പോലെ ഹൃദയത്തില്‍ നിന്നുമാ ശബ്ദം പുറത്തെത്തിയത് ഞാന്‍ കേട്ടില്ല, പക്ഷെ അവര്‍ കേട്ടിരിക്കണം... ഉറക്കെയുറക്കെ ചിരികള്‍ ഭിത്തികളില്‍ തട്ടി പ്രതിധ്വനിക്കുന്നു.

പക്ഷെ എന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നെന്ന് എനിക്ക് തോന്നി.. നീറുന്നുണ്ട്.. പക്ഷെ ഹൃദയം സംസാരിക്കുന്നത് ഇപ്പോള്‍ കുറച്ചു കൂടി വ്യക്തമാണ്...

"ഒരു പെണ്ണിനെ സ്‌നേഹിച്ച് അവളെ സ്വന്തമാതാക്കാന്‍ കഴിയാത്ത നിന്റെയൊക്കെ ലിംഗങ്ങളില്‍ ഒരു പെണ്ണിനെ സംതൃപ്തിപ്പെടുത്താന്‍ എന്തിരിക്കുന്നെടാ... ഏതവന്റെ കൂടെയാ ഞാന്‍ കൂടുതല്‍ സന്തോഷിച്ചതെന്ന് ഒരു പോലീസുകാരനും ചോദിയ്ക്കാന്‍ ഒരു നിയമത്തിനും ഞാനെന്നെ വിട്ടു കൊടുക്കാന്‍ പോകുന്നില്ല.. പക്ഷെ നീയറിയണം, എന്റെ ശരീരത്തില്‍ പറ്റിയ നിന്റെയൊക്കെ ആണത്തം നല്ലൊരു തേച്ച് കൂലിയില്‍ അങ്ങൊഴുകി പോകും... പക്ഷെ ഒരു പെണ്ണിനെ ആനന്ദിപ്പിക്കാന്‍ കഴിയാതെ അവളെ ഭീതിയുടെ അറ്റത്തു കൊണ്ട് നിര്‍ത്തി നീ നേടുന്ന ആണത്തം കൊണ്ട് പോയി വല്ല കടലിലും കളയെടാ..."

വസ്ത്രങ്ങളില്ലാതെ പോര്‍ക്കളത്തില്‍ യുദ്ധം നയിക്കുന്ന കാളിയുടെ നിറം എന്നിലേയ്ക്ക് പടരുന്നു... ചുവന്ന നാവുകളും ചുവന്ന കണ്ണുകളും എന്നെ രൗദ്രയാക്കുന്നു...

ദംഷ്ട്രകളുടെ അറ്റത്ത് ചോരയുടെ കവര്‍പ്പ്...

ചുരുണ്ട മുടിയുടെ നാലു വകര്‍പ്പുകളില്‍ നാലു തലകള്‍ ഞാന്‍ കൊരുത്തിട്ടു.

രക്തത്തിന്റെ ചീറ്റിത്തെറിയ്ക്കുന്ന ഒച്ചയില്‍ സംഹാര രുദ്രയായി പോര്‍ക്കാളിയായി പിന്നെ ഞാന്‍ ആണ്ടുകളേറെ അതെ പരിചിത മുഖങ്ങളെ തിരഞ്ഞു നടന്നു...

സ്വയം അരൂപിയായി മാറുന്നതിന്റെ സുഖം...

കാളിയ്ക്കുള്ളില്‍ അമ്മയുടെ ഗര്‍ഭത്തിലെന്ന പോലെ ചുരുണ്ടു കിടക്കുന്ന എന്നെ ഞാനുറക്കുന്നു...

പിന്നെ പോര്‍ക്കളത്തിലേയ്ക്ക് നീണ്ടു നിവര്‍ന്ന് കിടന്ന് മയങ്ങുന്ന കാളിയിലേയ്ക്ക് ഞാനുണര്‍ന്നു തുടങ്ങുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക