Image

ഇവിടെ, വടക്കെ അമേരിക്കയിലും, വമ്പനാനകള്‍ (ജോണ്‍ മാത്യു)

Published on 10 November, 2016
ഇവിടെ, വടക്കെ അമേരിക്കയിലും, വമ്പനാനകള്‍ (ജോണ്‍ മാത്യു)
അക്ഷരാര്‍ത്ഥത്തില്‍ അവ വമ്പനാനകള്‍ത്തന്നെ. കൊളമ്പിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഗജവീരന്മാര്‍, മാമത്തുകള്‍. കണ്ടുമറന്ന ചിത്രങ്ങളില്‍ നിന്ന് നമ്മുടെ മനസ്സില്‍ കുടിപാര്‍ക്കുന്ന രൂപങ്ങള്‍.

പേടിക്കേണ്ട, വമ്പനാനകളെന്ന് അഭിനയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന മലയാളികളെപ്പറ്റിയല്ല ഈ ലേഖനം. രാഷ്ട്രീയത്തില്‍ കളിക്കുന്ന വമ്പനാനകളും ഇവിടെ വിഷയമല്ല.

വടക്കെ അമേരിക്കയില്‍ മുഴുവനായും ടെക്‌സാസിലെ പ്രയറി പുല്‍മേടുകളില്‍ പ്രത്യേകിച്ചും യഥേഷ്ടം വിഹരിച്ചിരുന്ന, രണ്ടു മില്യന്‍ വര്‍ഷങ്ങളിലേറെ നീണ്ടുനിന്ന ഹിമയുഗത്തിലെ, ആനകളാണിവിടെ ചര്‍ച്ചാവിഷയം.

ഞങ്ങളുടെ "എ എ ആര്‍പി ചാപ്റ്റര്‍' ഒക്‌ടോബര്‍ മാസത്തെ പഠനയാത്ര ക്രമീകരിച്ചിരുന്നത് ടെക്‌സാസ് സ്റ്റേറ്റ് തലസ്ഥാനമായ ഓസ്റ്റിനും ഡാളസ് നഗരത്തിനും ഇടയ്ക്ക് ഐ-തേര്‍ട്ടിഫൈവ് ഫ്രീവേയിലുള്ള വെയ്‌ക്കോയിലെ മാമത്ത് മ്യൂസിയം കാണാനായിരുന്നു. വെയ്‌ക്കോ എന്ന ചെറുപട്ടണം സുപ്രസിദ്ധമാണ്, മറ്റു ചിലപ്പോള്‍ ഡേവിഡ് കോരേഷുമായി ബന്ധപ്പെട്ട് കുപ്രസിദ്ധവും. ഒരു വശത്ത് ഐവി ലീഗിനടുത്തുവരെയെത്തുന്ന ബെയ്‌ലര്‍ കലാശാല, മറുവശത്ത് ഇപ്പോഴും ഞെട്ടിപ്പിക്കുന്ന ബ്രാഞ്ച് ഡേവിഡിയന്‍സിലെ കോരേഷ്കാലത്തെ കറുത്ത അദ്ധ്യായങ്ങള്‍.

കുട്ടികളുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പലതവണ വെയ്‌ക്കോയിലേക്ക് പോകേണ്ടതായി വന്നിട്ടുണ്ട്. അന്നൊന്നും ഈ മാമത്ത് മ്യൂസിയം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

"ദൈവത്തിന്റെ കരങ്ങള്‍' എന്ന് സ്പാനീഷുകാര്‍ വിളിച്ചിരുന്ന നദിയുടെ ചുരുക്കപ്പേരാണ് ബ്രാസോസ് റിവര്‍. ഏകദേശം ആയിരത്തി ഇരുനൂറിലധികം മൈല്‍ നീളമുള്ള ഈ നദി ടെക്‌സാസ് സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തുകൂടി വെയ്‌ക്കോ തുടങ്ങിയ പട്ടണങ്ങള്‍ കടന്ന് മെക്‌സിക്കന്‍ കടലില്‍ പതിക്കുന്നു. വെയ്‌ക്കോ പട്ടണത്തിനു സമീപം ബോര്‍സ്ക്യു എന്നൊരു അരുവിയും ബ്രാസോസ് നദിയോടു ചേരുന്നു.

ആ ബോര്‍സ്ക്യു സംഗമത്തുരുത്ത്, ആരും അത്ര പ്രാധാന്യം കൊടുക്കാതിരുന്നത്, ആകസ്മികമായി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഏതാണ്ട് നാല്പതു വര്‍ഷം മുന്‍പ് അമ്പെയ്ത്ത് പരിശീലിച്ചുകൊണ്ടിരുന്ന ചില കുട്ടികള്‍ മണ്ണോടു ചേര്‍ന്ന് ദ്രവിച്ച ആനക്കൊമ്പിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുത്തതോടെ. തുടര്‍ന്ന് ഈ കണ്ടെത്തല്‍ വെയ്‌ക്കോ കലാശാലയുടെ ശാസ്ത്രവിഭാഗം ഏറ്റെടുത്തു. എന്തിനേറെപ്പറയുന്നു, ആ സ്ഥലം ഒരു ഗവേഷണകേന്ദ്രമായി!

ഏതാണ്ട് രണ്ടു മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി പതിനായിരം വര്‍ഷം മുന്‍പ് അവസാനിച്ചതാണ് ഹിമയുഗം. ശാസ്ത്രജ്ഞന്മാരുടെ സിദ്ധാന്തം ശരിയെങ്കില്‍ നാമുള്‍പ്പെടെ ഇന്നത്തെ ജീവജാലങ്ങള്‍ ഈ അതിശൈത്യത്തെ ക്രമേണ തരണം ചെയ്തവരാണ്.

നമ്മുടെ സങ്കല്പത്തിന് അപ്പുറമായ ഈ ഹിമകാലഘട്ടത്തിലാണ് രാക്ഷസീയ ആകാരമുള്ള വിവിധ മൃഗങ്ങള്‍ ഈ ഭൂമിയിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ നിന്ന് വേഗം ഓര്‍മ്മിക്കാന്‍ കഴിയുന്നത്, ഒരു ചിത്രം രൂപപ്പെടുത്താന്‍ കഴിയുന്നത്, അക്കാലത്തെ മാമത്ത് അല്ലെങ്കില്‍ ഗജവീരന്മാരുടേതാണ്. ഈ അതികായന്മാരുടെ കൊമ്പുകള്‍ ശ്രദ്ധിക്കുക. സുന്ദരന്മാരായ ഇന്ത്യന്‍ ആനകളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് പച്ചിലകള്‍ ശേഖരിക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ഉതകുംവിധം, കൊളുത്തുപോലെ, വളഞ്ഞ കൊമ്പുകളുള്ള ഇപ്പോള്‍ അന്യം നിന്നുപോയ ഈ ജീവികള്‍.

ബോര്‍സ്ക്യു-ബ്രാസോസ് സംഗമ തുരുത്തില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പ് വെയ്‌ക്കോയിലെ ബയ്‌ലര്‍ കലാശാലയില്‍ പഠനവിധേയമാക്കി. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കോണ്ടാണ് അതിന് അറുപതിനായിരത്തിലേറെ വര്‍ഷത്തെ പഴക്കം വിധിച്ചത്. അതേ അറുപതിനായിരം! ബൈബിള്‍ പൂര്‍ണ്ണമായി എഴുതപ്പെട്ടിട്ട് രണ്ടായിരത്തില്‍ താഴെ വര്‍ഷങ്ങള്‍, ലോകത്തിലെ പുരാതന വേദഗ്രന്ഥങ്ങള്‍ ഒന്നിനും തന്നെ മൂവായിരത്തിയഞ്ഞൂറു വര്‍ഷത്തിനുമേല്‍ പ്രായമില്ല. ലിപി രൂപപ്പെട്ടിട്ട് ആറായിരത്തില്‍ താഴെ വര്‍ഷങ്ങല്‍. ഗോള്‍ഡന്‍ ക്രസന്റ് സമതലം "ഏദന്‍' തോട്ടമായിരുന്നത്, ഫലഭൂയിഷ്ഠമായിരുന്നത്, അതായത് മനുഷ്യന്‍ കൃഷിയില്‍ ഏര്‍പ്പെട്ടത് പതിനയ്യായിരം വര്‍ഷത്തില്‍ താഴെ മാത്രം കാലത്ത്. ഈ ചരിത്രം മുഴുവന്‍ എത്രയോ കാവ്യാത്മകമായി ബൈബിളിന്റെ ആദ്യ അദ്ധ്യായത്തില്‍ ഏതാനും വാക്കുകള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളില്‍ക്കൂടി പറഞ്ഞിട്ടുണ്ട്.

തുടരട്ടെ,

വെയ്‌ക്കോ കലാശാലയിലെ ഗവേഷകരുടെ ശ്രദ്ധ ഈ ആനക്കൂട്ടങ്ങളെപ്പറ്റി പഠിക്കുന്നതിലേക്ക് തിരിഞ്ഞു. നൂറു കണക്കിന് ഗവേഷകര്‍ അവിടെയെത്തി ഖനന പ്രക്രിയയില്‍ ഏര്‍ര്‍പ്പെട്ടു. പലരും സ്വന്തം ഉത്തരവാദിത്വത്തില്‍!

ശാസ്ത്രീയത തെളിയിക്കാനുള്ള ഖനനങ്ങള്‍ ശ്രമകരമാണ്, അത് അതിസൂക്ഷ്മമായി രിക്കണം. ഇതില്‍ ഏര്‍പ്പെടുന്നവരില്‍ അധികം പേര്‍ക്കും ഉപജീവനത്തിന് മറ്റു മാര്‍ഗ്ഗങ്ങളുള്ളവരാണ്, കൂടാതെ ശാസ്ത്ര ഭ്രാന്തന്മാര്‍, ഗവേഷക തല്പരര്‍, സാഹസികര്‍, അഥവാ ഒന്നും കണ്ടെത്തിയില്ലെങ്കിലും നിരാശപ്പെടാത്തവരുമാണ്.

മേല്‍മണ്ണ് നീക്കാന്‍ മാത്രം യന്ത്രസഹായം തേടിയിരിക്കാം. തുടര്‍ന്നുള്ള "ആയുധങ്ങള്‍' അതായത് ഉപകരണങ്ങള്‍ ചെറിയ കരണ്ടിയും ബ്രഷും സ്വന്തം കയ്യും തന്നെ. ഇങ്ങനെ ഒരു ദശകത്തിലേറെക്കാലം അവിടെ പ്രവര്‍ത്തിച്ചവരുണ്ട്. അവരുടെ അദ്ധ്വാനഫലമെന്നു പറയട്ടെ കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും അടങ്ങിയ ഒരു കൂട്ടം അപകടത്തില്‍പ്പെട്ടതിന്റെ നാടകീയത മണ്ണിലെഴുതിയ കവിതയായി രൂപപ്പെട്ടത്.

വെയ്‌ക്കോ നഗരത്തിനു സ്വന്തമായ ഈ മ്യൂസിയം പ്രധാനപ്പെട്ട ഒരു സ്ഥാപനമായി ഇന്ന് സംരക്ഷിക്കപ്പെടുന്നു. ഖനനം ചെയ്ത ഭൂമിക്കുമേല്‍ മനോഹരമായ ഒരു കെട്ടിടം. സന്ദര്‍ശകര്‍ക്കു സൗകര്യപൂര്‍വ്വം നിന്നു കാണാനുള്ള ബാല്‍ക്കണി. താഴെ ഒരു കാലത്ത് മരണമടഞ്ഞ കൊളമ്പിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ആനകളുടെ അസ്ഥികൂടങ്ങള്‍. കലയേയും ശാസ്ത്രത്തേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രയത്‌നം!

കണ്ടു മടങ്ങുമ്പോള്‍ ഞാന്‍ കാലങ്ങളിലൂടെ പിന്നോട്ടുപോയി. "സ്ലോട്ടര്‍ ഹൗസ് ഫൈവ്' എന്ന നോവലിലെ ബില്ലി പില്‍ഗ്രിമിനെപ്പോലെ കാലത്തില്‍ക്കൂടി മടങ്ങി സഞ്ചരിച്ചു. ഈ ബ്രാസോസ്-ബോര്‍സ്ക്യു നദീതീരത്തു മാത്രമല്ലല്ലോ മൃഗങ്ങളും മനുഷ്യരും ജീവിച്ചിരുന്ന തെന്നും ഓര്‍ത്തു.

ഭൂമിക്കടിയില്‍ മുഴുവന്‍ ഗവേഷണത്തിനുള്ള വകയുണ്ട്, അതേ ഈ ഭൂമി മുഴുവന്‍ ഒരു ജീവശാസ്ത്ര കാഴ്ചബംഗ്ലാവാണ്. പക്ഷേ, നമുക്കത് കാണാനുള്ള കണ്ണുകളില്ല, നേരമില്ല. പഠനങ്ങളുടെ വെളിച്ചത്തില്‍, ശാസ്ത്രത്തിന്റെ പുരോഗതിയില്‍, മൃതപ്പെട്ടുവെന്ന് കരുതപ്പെടുന്നവ മടങ്ങിവന്ന് കഥ പറയുന്ന കാലം ഇനിയും പുരോഗമിക്കില്ലേ, ഇത് മതവിശ്വാസങ്ങള്‍ മാത്രമല്ല, ചിലപ്പോള്‍ വിശ്വാസങ്ങള്‍ക്കുമതീതമായ ശാസ്ത്രസത്യവുമാകാം. ഒരു ശാസ്ത്രീയ പ്രതീക്ഷയെന്നും കൂടി ഇപ്പോള്‍ കരുതിക്കൊള്ളൂ!
ഇവിടെ, വടക്കെ അമേരിക്കയിലും, വമ്പനാനകള്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക