Image

വനിത അഭയകേന്ദ്രത്തിൽ മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഗുൽജാർബീഗം നാട്ടിലേയ്ക്ക് മടങ്ങി.

Published on 10 November, 2016
വനിത അഭയകേന്ദ്രത്തിൽ  മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഗുൽജാർബീഗം നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ജോലിസ്ഥലത്തെ പ്രശ്‍നങ്ങൾ കാരണം മൂന്നു മാസത്തോളം  വനിത അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും തർഹീൽ അധികാരികളുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. 

ആന്ധ്രപ്രദേശ് ലക്കിറെഡ്ഢിപ്പള്ളി സ്വദേശിനിയായ വെമ്പള്ളി ഗുൽജാർ ബീഗം, എട്ടു മാസങ്ങൾക്ക്‌ മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്കായി എത്തിയത്. വളരെ പ്രയാസമേറിയ ജോലിസാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകൽ പണിയെടുക്കേണ്ടി വന്നെങ്കിലും, നാട്ടിലുള്ള കുടുംബത്തെയോർത്ത് അവർ പരാതിയൊന്നും പറയാതെ ജോലി ചെയ്തു. എന്നാൽ അഞ്ചു മാസം ജോലി ചെയ്തിട്ടും, ഒരു മാസത്തെ ശമ്പളമേ അവർക്ക് കിട്ടിയുള്ളൂ. ചോദിച്ചാൽ സ്പോൺസർ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ്, അടുത്ത മാസം തരാം എന്ന് പറയും. ഒടുവിൽ സഹികെട്ടപ്പോൾ അവർ ആ വീട് വിട്ട് പുറത്തു കടന്ന്, പോലീസിന്റെ സഹായത്തോടെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചേർന്നു.

അഭയകേന്ദ്രം അധികാരികൾ വിവരമറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ ഗുൽജാർ ബീഗത്തോട് സംസാരിച്ച് വിവരങ്ങളൊക്കെ മനസ്സിലാക്കി. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്കൊപ്പം മഞ്ജു മണിക്കുട്ടൻ, ഗുൽജാറിന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചു.  എന്നാൽ ഒത്തുതീർപ്പ് ചർച്ചയിൽ സഹകരിയ്ക്കാൻ  സ്പോൺസർ തയ്യാറായില്ല. 

മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം വഴി ഗുൽജാർ ബീഗത്തിന് എക്സിറ്റ് അടിച്ചു വാങ്ങിയെങ്കിലും, കൈയ്യിൽ പണമൊന്നുമില്ലാത്തതിനാൽ, വിമാനടിക്കറ്റ് വാങ്ങാൻ പോലും കഴിയാതെ ഗുൽജാറിന് ആഴ്ചകളോളം അഭയകേന്ദ്രത്തിൽത്തന്നെ  കഴിയേണ്ടി വന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകർ ഗുൽജാർ ബീഗത്തിന്റെ സ്‌പോൺസറെ നിരന്തരം ബന്ധപ്പെടുകയും, മനുഷ്യത്വത്തിന്റെ പേരിൽ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. നിരന്തരസമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്‌പോൺസറുടെ മനസ്സ് മാറുകയും, അഭയകേന്ദ്രത്തിൽ വന്ന് കുടിശ്ശികയായ ശമ്പളം ഗുൽജാർ ബീഗത്തിന് നൽകുകയും ചെയ്തു.

അങ്ങനെ മൂന്നു മാസത്തെ വനിത അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, സഹായിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞ്, ഗുൽജാർ ബീഗം നാട്ടിലേയ്ക്ക് മടങ്ങി.

വനിത അഭയകേന്ദ്രത്തിൽ  മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഗുൽജാർബീഗം നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: ഗുൽജാർ ബീഗത്തിന് വനിതാഅഭയകേന്ദ്രത്തിലെ അധികാരി യാത്രാരേഖകൾ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക