Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബര്‍ 10ന് കൊളംബോയില്‍ തുടക്കം

Published on 11 November, 2016
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബര്‍ 10ന് കൊളംബോയില്‍ തുടക്കം

 ബര്‍ലിന്‍: ആഗോള മലയാളികളുടെ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യുഎംസി) പത്താമത് ഗ്ലോബല്‍ സമ്മേളനത്തിന് നവംബര്‍ 10ന് (വ്യാഴം) തിരിതെളിയും. മൂന്നു ദിവസം നടക്കുന്ന സമ്മേളനം ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് അരങ്ങേറുക. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ ആറു റീജണുകളിലെ 37 പ്രൊവിന്‍സുകളില്‍ നിന്നുള്ള 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും. 

എല്ലാവര്‍ഷവും ജുലൈ/ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമത്തെകുറിച്ചുള്ള  വിശദാംശങ്ങളും കേരളത്തില്‍ തുടങ്ങാനിരിക്കുന്ന വേള്‍ഡ് മലയാളി സെന്റര്‍, മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സംരഭങ്ങളെകുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായ 1995 ജൂലൈ മൂന്നു മുതല്‍ ആരംഭിച്ച ആഗോള മലയാളികളുടെ കൂട്ടയ്മ ശക്തമാക്കാനും വരും തലമുറകള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാന്‍ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്ടിക്കാനുമുള്ള നടപടികള്‍ക്ക് കൊളംബോ സമ്മേളനത്തില്‍ അന്തിമരൂപം നല്‍കും.

വിട്ടുവീഴ്ചയില്ലാതെ ജനാധിപത്യമൂല്യങ്ങളിലൂന്നി മലയാളികളുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ആശയവിനിമയത്തിനുമായി പുതിയപ്രതിജ്ഞയോടെ വര്‍ധിതവീര്യത്തോടെയാണ് പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ശ്രീലങ്കയില്‍ തുടക്കമാകുക.

നൂറിലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ സ്വത്വം തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുന്നതിനുതകുന്ന സഹകരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന സംവിധാനമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. 

ജര്‍മനിയില്‍ നിന്ന് ജോളി തടത്തില്‍ (ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), മാത്യു ജേക്കബ്(ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍), ജോസഫ് കില്ലിയാന്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), ഗ്രിഗറി മേടയില്‍ (പ്രസിഡന്റ്, യൂറോപ്പ് റീജണ്‍), ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്, ജര്‍മന്‍ പ്രോവിന്‍സ്), മേഴ്‌സി തടത്തില്‍(ജനറല്‍ സെക്രട്ടറി, ജര്‍മന്‍ പ്രോവിന്‍സ്), തോമസ് അറമ്പന്‍കുടി (കൗണ്‍സിലര്‍,യൂറോപ്പ് റീജണ്‍) എന്നിവര്‍ കൊളംബോയിലെ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അറിയിച്ചു. ഗോപാലപിള്ളയാണ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍. കോണ്‍ഫറന്‍സ് മാത്യു ജേക്കബ് ജനറല്‍ കണ്‍വീനറും ജോളി തടത്തില്‍, സാം മാത്യു, ജനറല്‍ സെക്രട്ടറി ജോസഫ് കില്ലിയാന്‍ എന്നിവര്‍ കോകണ്‍വീനര്‍മാരുമാണ്. ജോര്‍ജ് കാക്കനാട്ടാണ് പബ്ലിസിറ്റി/പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക