Image

മലയൊരുങ്ങി, മനമൊരുങ്ങി, ശരണവഴിത്താരകളും... (എ.എസ് ശ്രീകുമാര്‍)

Published on 12 November, 2016
മലയൊരുങ്ങി, മനമൊരുങ്ങി, ശരണവഴിത്താരകളും... (എ.എസ് ശ്രീകുമാര്‍)
ഭൂമിയില്‍ ധര്‍മപരിപാലനത്തിനായി കാലാകാലങ്ങളില്‍ ഈശ്വരന്‍ അവതരിക്കുന്നുവല്ലോ. ഈശ്വര വിശ്വാസത്തിനും ധര്‍മനീതികള്‍ക്കും ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്ത് യഥാര്‍ത്ഥ ഭക്തര്‍ തങ്ങളുടെ മനസും ശരീരവും ചിന്തയുമെല്ലാം ശബരിമല ധര്‍മശാസ്താവില്‍ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡല-മകരവിളക്ക് മഹോല്‍സവകാലത്തിന് ശുഭാരംഭം കുറിക്കുകയാണ്. വ്രതവിശുദ്ധിയുടെ പുണ്യം പൂത്തുലയുന്ന ശബരിമല തീര്‍ത്ഥാടന കാലം വൃശ്ചികം ഒന്നുമുതല്‍ (നവംബര്‍ 16, മണ്ഡലകാലാരംഭം) തുടങ്ങുകയാണ്. കറുപ്പുടുത്ത്, കളഭം തൊട്ട് ശരണമന്ത്രങ്ങള്‍ സദാ ഉരുവിട്ട് ഹൃദയത്തില്‍ അയ്യപ്പ ചൈതന്യം നിറച്ച് ചിന്തയും പ്രവര്‍ത്തിയും മനസും ശരീരവും ശുദ്ധമാക്കി സ്ഫുടം ചെയ്‌തെടുക്കാനുള്ള വ്രതാരംഭമാണന്ന്.  അന്നേയ്ക്ക് 41-ാം ദിവസം (ഡിസംബര്‍ 26) മണ്ഡല പൂജ നടക്കും. 2017 ജനുവരി 14-ാം തീയതി ശനിയാഴ്ചയാണ് ഭക്തകോടികള്‍ക്ക് സായൂജ്യമേകുന്ന മകരസംക്രമ പൂജയും പൊന്നമ്പലമേട്ടിലെ ദിവ്യപ്രകാശമായ മകരവിളക്ക് ദര്‍ശനവും. ശരണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന ദിനരാത്രങ്ങള്‍ വീണ്ടും വരവായി...  

മാലയിടും മുമ്പ് ഭക്തര്‍ ഇപ്പോള്‍ നോട്ടുകള്‍ക്ക് വേണ്ടി ശരണം വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് തീര്‍ത്ഥാടകര്‍ക്കും ഇരുട്ടടിയാവുന്ന കാഴ്ചയാണ്. റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരം നല്‍കാന്‍  ആവശ്യത്തിന് പണം രാജ്യമെങ്ങും ലഭ്യമാക്കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും രാജ്യത്തെ ബാങ്കുകളില്‍ നോട്ടുകള്‍ മാറാനുള്ള ജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്കാണ്. എ.ടി.എമ്മുകളും പെട്ടെന്ന് കാലിയാവുകയാണ്. ഇന്ത്യയിലെ മുഴുവന്‍ എ.ടി.എമ്മുകളും പൂര്‍ണ സജ്ജമാകാന്‍ ചുരുങ്ങിയത് രണ്ടാഴ്ച വേണമെന്നതാണ് അവസ്ഥ. എന്നാല്‍ ഭക്തരെ സഹായിക്കാന്‍ വിവിധ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും 500, 1000 നോട്ടുകള്‍ മാറാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ ഇവിടങ്ങളിലെ 'റെഡി ടു ഹെല്‍പ്' ബോര്‍ഡുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം പിറക്കാന്‍ ഏതാനും ദിവസങ്ങളുണ്ടെങ്കിലും മതമൈത്രിയുടെ കേദാരസ്ഥലിയായ എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ എത്തിത്തുടങ്ങി. ഇടത്താവളമെന്നതിലുപരി ശബരിമല തീര്‍ത്ഥാടനത്തിന്റെ കവാടമാണ് എരുമേലി. മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പേ ഇവിടുത്തെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവും. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെല്ലാം ചെറുകിട കച്ചവടക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും തോട് ശുചീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. എരുമേലി, പേട്ട ധര്‍മശാസ്താ ക്ഷേത്രങ്ങള്‍ പെയിന്റടിച്ച് മോടിയാക്കി. ശൗചാലയ സമുച്ചയമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ലൈസന്‍സ് ഇതുവരെ ലഭിക്കാത്തത് ഭക്തരില്‍ പ്രതിഷേധമുളവാക്കിയിട്ടുണ്ട്. 

ഇനി പമ്പയിലേയ്ക്ക്... മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി പമ്പ, മുഖം മിനുക്കിക്കഴിഞ്ഞു. പമ്പ ഗണപതികോവിലിനും മണപ്പുറത്തു നിന്നുള്ള പടികള്‍ക്കും ചെങ്കല്‍ ചായം പൂശിയിട്ടുണ്ട്. കോവിലിലേയ്ക്കുള്ള പടികള്‍ക്ക് മേല്‍ക്കൂര സ്ഥാപിച്ചതാണ് ശ്രദ്ധേയമായ നിര്‍മാണം. തീര്‍ത്ഥാടകര്‍ക്കിനി മഴയും വെയിലുമേല്‍ക്കാതെ ഗണപതി കോവിലിലെത്താം. പമ്പ വലിയ നടപ്പന്തലിനു തുടര്‍ച്ചയാണിത്. നടപ്പന്തലില്‍ കയറുന്ന തീര്‍ത്ഥാടകര്‍ക്ക് ഗണപതി കോവില്‍ ദര്‍ശനം കഴിഞ്ഞ് കുറച്ച് ദൂരം മാത്രമേ മേല്‍ക്കൂരയില്ലാത്ത സ്ഥലത്തു കൂടി പോകേണ്ടതുള്ളു. ചെളിക്കുഴി കഴിഞ്ഞ് നീലിമല കയറ്റം മുതല്‍ മേല്‍ക്കൂരയുണ്ട്. 

അയ്യപ്പസ്വാമിയുടെ പൂങ്കാവനമായ സന്നിധാനത്തെ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്ലാസ്റ്റിക്ക് നിരോധധിച്ച സാഹചര്യത്തില്‍ കുപ്പി വെള്ളവുമായി മലചവിട്ടാനൊക്കില്ല. കുടിവെള്ള പ്ലാന്റുകള്‍ വഴി മണിക്കൂറില്‍ ഏഴായിരം ലിറ്റര്‍ വിതരണം ചെയ്യും. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള വഴിയില്‍ 250 ഓളം ടാപ്പുകള്‍ ഉണ്ടാവും. സന്നിധാനത്തും പരമ്പരാഗത പാതയിലും ചുക്കുവെള്ള കൗണ്ടറുകള്‍ സ്ഥാപിക്കും. വലിയ വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് എളുപ്പത്തില്‍ സന്നിധാനത്തെത്തി തൊഴാന്‍ പ്രത്യേക സൗകര്യമുണ്ടാകും. ഇപ്പോള്‍ 43 ലക്ഷം അപ്പം-അരവണ പായ്ക്കറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് അന്നദാനത്തിന് സൗകര്യമൊരുങ്ങും. 

തീര്‍ത്ഥാടകര്‍ക്ക് ഇതാദ്യമായി പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 12890 എന്ന നമ്പരില്‍ 24 മണിക്കൂറും സേവനം ലഭിക്കും. ഭക്തര്‍ക്ക് ഏത് ജില്ലയില്‍ പ്രശ്‌നമുണ്ടായാലും ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമേ 'ശബരിമല പോലീസ് ഹെല്‍പ് ലൈന്‍' എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനവുമുണ്ടാവും. ഇതിനിടെ ഉത്സവകാലത്ത് ശബരിമലയില്‍ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലുള്‍പ്പെടെ പ്രത്യേക സുരക്ഷാ നിരീക്ഷണമുണ്ടാവും. കേരളാ പോലീസിനു പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേന, കമാന്‍ഡോകള്‍, ദ്രുതകര്‍മ സേന, എന്‍.ഡി.ആര്‍.എഫ് തുടങ്ങിയവരുടെ ജാഗ്രതിയിലായിരിക്കും പമ്പയും സന്നിധാനവുമൊക്കെ.

മറ്റൊരു വിഷയം ഭക്ഷണം സംബന്ധിച്ചതാണ്. തീര്‍ത്ഥാടനകാലത്ത് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഹോട്ടലുകളില്‍ അടിസ്ഥാന ഭക്ഷണവിഭവങ്ങള്‍ക്ക് ഒരേ വില മാത്രമേ ഈടാക്കക്കാന്‍ പാടുള്ളുവെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ദോശ, ഇഡ്ഡലി, ചായ, കാപ്പി, വെജിറ്റേറിയന്‍ ഊണ് തുടങ്ങിയവയാണ് ഈ വിധം നല്‍കുക. വിലവിവരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ എല്ലാ കടകളിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴം, പച്ചക്കറി വിലവര്‍ധന തടയും. തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഹെലിപ്പാട് സജ്ജമായിട്ടുണ്ട്. രണ്ട് ഡബിള്‍ എഞ്ചിന്‍ ഹെലികോപ്റ്ററുകള്‍ക്ക് ഒരേ സമയം ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. 24 മണിക്കൂര്‍ എയര്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും. 

***
ശബരിമലയില്‍ പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കുറിയും ഈ വിവാദം പൊന്തിവന്നിരിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ''2007ല്‍ അന്നത്തെ ഇടതു മുന്നണി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നു. ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ് മൂലം പരിഗണിക്കേണ്ടതില്ല...''' എന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വ്യക്തമമാക്കിയത്.

ശബരിമല ക്ഷേത്രം വ്രതപ്രധാനമാണ്. ക്ഷേത്രാചാരങ്ങളില്‍ ആചാര്യന്മാരാണ് അഭിപ്രായം പറയേണ്ടതെന്ന ചിന്ത ഈ സാഹചര്യത്തില്‍ രൂഢമൂലമായിട്ടുണ്ട്. ആ നിലയ്ക്ക് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നു സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങള്‍ വളരെ സെന്‍സിറ്റീവാണ്. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിനെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ശബരിമലയില്‍ സ്ത്രീ നിരോധനമില്ലെന്നും നിയന്ത്രണം മാത്രമേയുള്ളുവെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.

''കഴിഞ്ഞ മണ്ഡലകാലത്ത് നാല് ലക്ഷം അമ്മമാരും സഹോദരിമാരും ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലേത് താന്ത്രിക വിധിപ്രകാരമുള്ള പ്രതിഷ്ഠയാണ്. ഇവിടെ നിരോധനത്തിന് അവകാശം തന്ത്രിക്കും തന്ത്രിയുടെ നിര്‍ദേശപ്രകാരം ദേവസ്വം ബോര്‍ഡിനുമാണ്. ശബരിമലയില്‍ വിവാദം ഉണ്ടാക്കുന്നത് അയ്യപ്പന്റെ വിശ്വോത്തര ദര്‍ശനം ചെറുതാക്കി കാണിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പല കാര്യങ്ങളിലും ഇപ്പോള്‍ അഭിപ്രായം പറയാതിരിക്കുന്നത് ഭയന്നിട്ടോ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലോ അല്ല. തീര്‍ത്ഥാടന കാലം സുഗമമായി കടന്നു പോകാന്‍ വേണ്ടിയാണ്. അവിശ്വാസികള്‍ക്ക് പിക്‌നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല. മുസല്‍മാന് മെക്ക പോലെയും ക്രൈസ്തവന് വത്തിക്കാന്‍ പോലെയും ഹിന്ദുക്കള്‍ക്ക് പ്രധാനമാകണമവിടം. അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. നിയമ വഴിയിലൂടെയും പ്രാര്‍ത്ഥനാ വഴിയിലൂടെയും പ്രതികൂല സാഹചര്യങ്ങളെ നേരിടും...'' ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഇത്തരത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. 

ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ ഉന്നയിച്ച് ഒരുവിഭാഗം സ്ത്രീകള്‍ക്ക് ഒരു പൊതു ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ കഴിയുമോയെന്നാണ് സുപ്രീകോടതിയുടെ ചോദ്യം. ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെടരുതെന്നാണ് പന്തളം രാജകുടുംബത്തിന്റെ വാദം. വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് അമിക്കസ് ക്യൂറിമാരിലൊരാളായ കെ. രാമമൂര്‍ത്തി ആവവശ്യപ്പെട്ടിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ കക്ഷിചേരാനെത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് 'ഹാപ്പി ടു ബ്ലീഡ്' എന്ന സംഘടന ശക്തമായി വാദിച്ചിരുന്നു. അതേസമയം ഇതിനെതിരെ 'റെഡി ടു വെയിറ്റ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടത്തുന്ന സംഘടനയും നിലപാടുറപ്പിച്ച് കളത്തിലുണ്ട്. കേസ് ഫെബ്രുവരി ഇരുപതിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 

ഏതായാലും നൂറ്റാണ്ടുകളുടെ ആചാര അനുഷ്ഠാന പാരമ്പര്യവും വര്‍ഷം തോറും ജാതി, മത, ദേശ ഭേദമെന്യേ നൂറുകണക്കിന് കോടി ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകുന്നതുമായ ശബരിമല ക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിനും ചില സംഘടനകളുടെ സ്വാര്‍ഥ താത്പര്യത്തിനും വിഘടനവാദികളുടെ ഉന്‍മൂലനത്തിനും എറിഞ്ഞു കൊടുക്കുന്നത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സംജാതമാക്കും. ഇതരമതസ്ഥരായിരുന്നുവെങ്കില്‍ വിശ്വാസപരമായ ഈ ഇടപെടലുകളെ അനുവദിക്കുമോയെന്നും ആക്ഷേപമുണ്ട്.  

''സ്വാമി ശരണം...''

മലയൊരുങ്ങി, മനമൊരുങ്ങി, ശരണവഴിത്താരകളും... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക