Image

ദുരിതനാളുകള്‍ പിന്നിട്ട് നവയുഗത്തിന്റെ സഹായത്തോടെ രാജി സിങ് നാട്ടിലേയ്ക്ക് മടങ്ങി

Published on 12 November, 2016
ദുരിതനാളുകള്‍  പിന്നിട്ട് നവയുഗത്തിന്റെ സഹായത്തോടെ രാജി സിങ്  നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഏറെ ദുരിതങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വന്ന പഞ്ചാബി വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി.
 
ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറി പഞ്ചാബ് അമൃത്സര്‍ സ്വദേശിനി രാജിസിംങ്, എട്ടുമാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ പിന്നീട് ദുരിതങ്ങളുടെ ഒരു പരമ്പര തന്നെ രാജിയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്നു. വളരെ മോശം ജോലി സാഹചര്യങ്ങലായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു എന്ന് മാത്രമല്ല, ശാരീരികവും മാനസികവുമായ പീഡനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. നാല് മാസം ജോലി ചെയ്തിട്ടും ഒരു റിയാല്‍ പോലും ശമ്പളം കൊടുത്തില്ല. ആരോഗ്യം ക്ഷയിച്ചു. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിയ്ക്കാന്‍ അനുവദിയ്ക്കാതെയായപ്പോള്‍,  പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത രീതിയില്‍ അവര്‍ ഒറ്റപ്പെട്ടു. ഭ്രാന്ത് പിടിയ്ക്കുമെന്ന അവസ്ഥയില്‍ എത്തിയപ്പോള്‍, ഒരു ദിവസം ആരും കാണാതെ വീട്ടിന്റെ മതില്‍ ചാടിക്കടന്ന് അവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.
 
വനിതാ അഭയകേന്ദ്രം അധികാരികള്‍ വിവരമറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട്, രാജി സ്വന്തം ദുരനുഭവം കണ്ണീരോടെ വിവരിച്ച്, സഹായിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ ഈ കേസ് ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, ഷിബു കുമാര്‍, മണിക്കുട്ടന്‍, മുനീര്‍ ഖാന്‍ എന്നിവരോടൊപ്പം രാജിയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും ചെയ്തു. ഒത്തുതീര്‍പ്പിനായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍, താന്‍ എക്‌സിറ്റ് തരില്ലെന്നും, തിരികെ ജോലിയ്ക്ക് വന്നാല്‍, കുടിശ്ശികയായ നാല് മാസത്തെ ശമ്പളം ഒന്നിച്ചു തരാം എന്നുമുള്ള വാഗ്ദാനമാണ് സ്‌പോണ്‍സര്‍  മുന്നോട്ടു വെച്ചത്. എന്നാല്‍ ആ വീട്ടില്‍ താന്‍ ഒരുപാട് ദുരിതം അനുഭവിച്ചു കഴിഞ്ഞെന്നും, ഇനി അങ്ങോട്ടില്ലെന്നും, പൈസ ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട, നാട്ടില്‍ പോയാല്‍ മതി എന്ന ഉറച്ച നിലപാടാണ് രാജി എടുത്തത്. അങ്ങനെയെങ്കില്‍ രാജിയ്ക്ക് പാസ്സ്‌പോര്‍ട്ടോ എക്സിറ്റോ നല്‍കില്ല എന്ന കടുംപിടിത്തത്തില്‍ സ്‌പോണ്‍സര്‍ നിന്നതോടെ, ഒത്തുതീര്‍പ്പ് ചര്‍ച്ച അലസിപ്പിരിഞ്ഞു.
 
 
സ്‌പോണ്‍സര്‍ക്കെതിരെ ശാരീരികപീഡനത്തിനും, തൊഴില്‍കരാര്‍ ലംഘനത്തിനും കേസ് കൊടുക്കാന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ രാജിയോട് നിര്‍ദ്ദേശിച്ചെങ്കിലും, കോടതി നിയമനടപടികള്‍ക്ക് പോയാല്‍ നാട്ടില്‍ പോകുന്നതിന് കാലതാമസം നേരിടുമെന്നതിനാല്‍, രാജി അതിന് തയ്യാറായില്ല. ജോലിസ്ഥലത്ത് അനുഭവിച്ച ദുരിതങ്ങളുടെ തീവ്രത  കാരണം എങ്ങനെയും നാട്ടില്‍ എത്തിയാല്‍ മതിയെന്ന മാനസികാവസ്ഥയില്‍ അവര്‍ എത്തിയിരുന്നു.
 
മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ രാജിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. നവയുഗം വഴി രാജിയുടെ ദുരവസ്ഥ അറിഞ്ഞ ജിദ്ദയിലുള്ള നാട്ടുകാരായ ചില പഞ്ചാബികള്‍ അവര്‍ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
 
നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, മൂന്നു മാസത്തെ അഭയകേന്ദ്രത്തിലെ ജീവിതം അവസാനിപ്പിച്ച് , തന്നെ സഹായിച്ച നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും, ഇന്ത്യന്‍ എംബസ്സിയ്ക്കും, അഭയകേന്ദ്രം അധികാരികള്‍ക്കും നന്ദി പറഞ്ഞ് രാജി നാട്ടിലേയ്ക്ക് മടങ്ങി.
 
ഫോട്ടോ: രാജിയ്ക്ക് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും, മുനീര്‍ഖാനും ചേര്‍ന്ന് യാത്രാരേഖകള്‍ കൈമാറുന്നു.

വീഡിയോ: എയര്‍പോര്‍ട്ടില്‍ രാജി സിംഗ് തന്റെ അനുഭവം പറയുന്നു..


ദുരിതനാളുകള്‍  പിന്നിട്ട് നവയുഗത്തിന്റെ സഹായത്തോടെ രാജി സിങ്  നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക