Image

ഗാന്ധാരി കുരുക്ഷേത്രഭൂമിയിലേക്കിറങ്ങുന്നു ... ഗണേഷ് നായര്‍ക്ക് ഇത് സ്വപ്ന സാഫല്യം

അനില്‍ പെണ്ണുക്കര Published on 12 November, 2016
ഗാന്ധാരി കുരുക്ഷേത്രഭൂമിയിലേക്കിറങ്ങുന്നു ... ഗണേഷ് നായര്‍ക്ക് ഇത് സ്വപ്ന സാഫല്യം
നല്ല നാടകങ്ങളുടെ അഭാവമല്ല ,നല്ല കാഴ്ചക്കാരുടെ അഭാവമാണു നമ്മുടെ നാടക രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിഎന്ന് കേരളത്തിലെ നാടക പ്രവര്‍ത്തകരില്‍ പലപ്പോളും പറയാറുണ്ട്.എന്നാല്‍ ഇതാ അമേരിക്കയില്‍ നാടകത്തിനു പൂക്കാലം ഒരുക്കി ഒരുപറ്റം നാടക പ്രേമികള്‍ . സുരക്ഷിതമായ ഇടങ്ങളിലിരുന്നുള്ള മികച്ച കലാരൂപങ്ങള്‍ കാണികള്‍ക്കു മുന്നില്‍ എത്തിക്കുന്നു .നാടകം ,ഗാനമേള ,അങ്ങനെ എത്രയോ കലാരൂപങ്ങള്‍ ഒട്ടും മനം മടുക്കാത്ത അമേരിക്കന്‍ മലയാളികള്‍ കാണുന്നു.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഓടി നടക്കുമ്പോളും മനസില്‍ കലയുടെ നെരിപ്പോട് പിടയുമ്പോള്‍ അവര്‍ ഒത്തു കൂടുന്നു.സംസ്കാര തനിമയുള്ള കലാരൂപങ്ങളുമായി.നവംബര്‍ പതിമൂന്നു ഞായര്‍ ആഴ്ച്ച 4 മണിക്ക് ന്യൂ യോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് 252 സൗണ്ട് വ്യൂ അവന്യൂവില്‍ ഒരു നാടകം അരങ്ങേറുന്നു. "ഗാന്ധാരി ".ഡോക്ടര്‍ പദ്മജ പ്രേം &മാധവന്‍ ബി നായര്‍ എന്നിവര്‍ നിര്‍മ്മിച്ച് ഗണേഷ് നായര്‍ സംവിധാനം ചെയുന്ന ഈ നാടകം എല്ലാ സാങ്കേതിക തികവോടും കൂടിയാണ് അവതരിപ്പിക്കപ്പെടുന്നത് .തന്റെ സ്വപ്!ന സാക്ഷാത്കാരം കൂടിയാണ് ഗണേഷ് നായര്‍ക്ക് ഈ നാടകം .

നാടകത്തിന്റെ കഥാ രൂപത്തിലേക്ക് ...

ഞാനിതുവരെ കാണാത്ത എന്റെ മക്കളെയെനിക്ക് കാണണമെന്നു പറഞ്ഞു, വിവാഹനാളില്‍ കെട്ടിയടച്ച മിഴിപാടയഴിച്ചു വെച്ച്, ഗാന്ധാരി കുരുക്ഷേത്രഭൂമിയിലേക്കിറങ്ങി. നിണമൊഴുകി ശോണവര്‍ണ്ണം പൂണ്ട് കിടക്കുന്ന രണഭൂവില്‍ ഗാന്ധാരി ഭ്രാന്തിയെപോലെ പുലംബിയും നിലവിളിച്ചും നടന്നു. മക്കളും പേരകുട്ടികളും സ്വജനങ്ങളും തലയും ഉടലും വേര്‍പ്പെട്ടും ചതഞ്ഞരഞ്ഞും കൈ കാലുകളില്ലാതെയും കിടക്കുന്ന കാഴ്ച്ചയില്‍ തകര്‍ന്നു പോയ മനുവും തനുവുമായി ഗാന്ധാരി നിലത്തുവീണുരുണ്ടു. ചുറ്റുമിരുന്നു കരയുന്ന വെള്ള വസ്ത്രമുടുത്ത വിധവകളുടെ രോദനങ്ങള്‍ ശ്രവണപടങ്ങളില്‍ അലച്ചുകൊണ്ടിരുന്നു. വിധവകളായി മാറിയ കുലവധുക്കളെ കണ്ടു അടക്കാനാവാത്ത വേദനയില്‍ ഗാന്ധാരി അലറി കരഞ്ഞു. തുട പിളര്‍ന്നു കിടക്കുന്ന ദുര്യോധനനെയും മാറ് പിളര്‍ന്നു കിടക്കുന്ന ദുശാസനനേയും കണ്ടു തനിക്കിതൊന്നും കാണാന്‍ ശക്തിയില്ലെന്ന് പറഞ്ഞ് കര്‍ണ്ണന്റെ യരുകില്‍ മണ്ണില്‍ പുതഞ്ഞ തേര്‍ചക്രത്തില്‍ ചാരിയിരുന്നു. തന്നെ തന്നെ നോക്കി നില്‍ക്കുന്ന കൃഷ്ണന്റെ ചുണ്ടിലെ മായാത്ത മന്ദസ്മിതം ഗാന്ധാരിയെ പ്രകോപിതയാക്കി. ഒന്നും നേടാത്ത ഒരുയുദ്ധം ചെയ്യിച്ചിട്ട്, മൃതശരീരങ്ങള്‍ക്ക് ഇടയിലും മന്ദഹസിക്കുന്നു യാദവന്‍. അടക്കാനാവാത്ത കോപം ക്രോധവാക്കുകളായി പുറത്തുവന്നു.

"മുകുന്ദാ, നീ കണ്ടില്ലേ ഇതൊന്നും ? സന്തോഷമായില്ലേ നിനക്ക് ? പരസ്പരം വെട്ടികൊല്ലിച്ചപ്പോള്‍ നിനക്ക് തൃപ്തിയായോ ? ബന്ധുക്കളെ കൊല്ലാന്‍ കഴിയില്ലെന്ന് പറഞ്ഞു യുദ്ധം ചെയ്യാതെ തളര്‍ന്നിരുന്ന അര്‍ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച നീ എന്ത് കൊണ്ട് അന്ന് പിന്തിരിഞ്ഞു പോയില്ല? യുദ്ധകെടുതികള്‍ അറിയാവുന്ന നീ, ഒന്നും അവശേഷിക്കില്ലെന്നറിഞ്ഞ നീ എന്തിനീ കടുംകൈ ചെയ്തു.. ? പറയൂ യെശോദനന്ദനാ, എനിക്കിത് താങ്ങാനാവുന്നില്ല. സ്വന്തം മരുമകനായ അഭിമന്യു ചത്തുകിടക്കുന്നത് കണ്ടിട്ടും നിനക്ക് രസം തോന്നുന്നുണ്ടോ വാസുദേവാ.

നാളിതുവരെ കാണാത്ത പൊന്നു മക്കളുടെ വികൃതമായ മുഖങ്ങളും ശരീരങ്ങളും കണ്ടു വിലപിക്കുന്ന ഗാന്ധാരിയോടു കൃഷ്ണന്‍ പറഞ്ഞു :

" കാലത്തിന്റെ നിയമങ്ങളുടെ മുന്‍പില്‍ ഞാനശക്തനാണ്. കാലം കരുതിവെച്ചിരിക്കുന്നത് സംഭവിച്ചേ മതിയാവൂ.. ശാപങ്ങളും വിധികളും നിയോഗങ്ങളും ഏറ്റുവാങ്ങിയ ജന്മങ്ങള്‍ അതനുഭവിച്ചേ തീരൂ.."

ഇത് കേട്ട ഗാന്ധാരി രക്തത്തില്‍ കുതിര്‍ന്ന ഒരു പിടി മണ്ണെടുത്ത് മുറുകെ പിടിച്ചു കയ്യുയര്‍ത്തി പറഞ്ഞു..

" എങ്കിലിതാ മാധവാ, ഞാനും ശപിക്കുന്നു. വയസായ ഞങ്ങളെ ശുശ്രൂഷിക്കാനും ദേഹവിയോഗം ചെയ്യുമ്പോള്‍ ശേഷക്രിയ ചെയ്യാനും നിരുപദ്രവകാരിയായ ഒരു മകനെ പോലും ബാക്കിവെക്കാതെ കൊന്നൊടുക്കുന്നത് കണ്ടുനിന്ന, ഒരു വംശം മുഴുവന്‍ നാമാവശേഷമാവുന്നത് കണ്ടു നിന്ന നിന്റെ വംശവും കുലവും ഇതുപോലെ എരിഞ്ഞു തീരും, പ്രളയം വിഴുങ്ങും, ഒന്നും ബാക്കിയില്ലാതെ പ്രകൃതി തിരിച്ചെടുക്കും. അന്നും നീ ഇതുപോലെ നിസഹായനായി നില്‍ക്കേണ്ടി വരും. നൂറു മക്കളെ പെറ്റ് അവരുടെ ജീവനില്ലാത്ത മുഖം കാണേണ്ടി വന്ന ഒരു അമ്മയുടെ ശാപമാണിത്... കത്തുന്ന കണ്ണുകളില്‍ നിന്നൊഴുകിയ തീജ്വലകളില്‍ ഉതിര്‍ന്നു വീഴുന്ന മണ്ണിനോടൊപ്പം ഒരു ശാപം കൂടി കുരുക്ഷേത്രഭൂമിയില്‍ നാശത്തിന്റെ വിത്ത് വിതച്ചു.

ശാപഗ്രസ്തമായ കുരുക്ഷേത്രമണ്ണില്‍ ഇന്നും ഗാന്ധാരിമാര്‍ വിലപിക്കുന്നു, നെഞ്ചത്തടിച്ചു പുലമ്പുന്നു മണ്ണില്‍ വീണുരുണ്ടു കരയുന്നു. ആരുടെയൊക്കെയോ ഭാഷണങ്ങള്‍ കേട്ട്, ചിന്തകളും ബുദ്ധിയും പണയം വെച്ച്, " കൊല്ലടയവനെ, നിന്റെ വര്‍ഗ്ഗമെന്നു മറന്നുകൊണ്ട് തന്നെ " എന്ന ആപ്തവാക്യം കേട്ട് കൊന്നും കൊലവിളിച്ചും വാളിനും തോക്കിനും ബോംബിനുമിരയായി ചാവേറുകളായി ചത്തൊടുങ്ങുന്നു. അവയൊക്കെ വീരചരമങ്ങളെന്നും രക്തസാക്ഷികളെന്നും ഉയര്‍ത്തി പിടിച്ച ആശയങ്ങളുടെ സ്മാരകശിലകളെന്നും പേരിട്ടു ആഘോഷിക്കപെടുന്നു. വാര്‍ഷികദിനങ്ങളില്‍ രക്തപുഷപാര്‍ച്ചന നടത്തുന്നു. തങ്ങള്‍ മുലപാലൂട്ടി വളര്‍ത്തിയ മക്കള്‍ നാളെ തങ്ങള്‍ക്കു താങ്ങാവുമെന്നു കരുതിയ ദൈന്യജന്മങ്ങള്‍ അവര്‍ക്ക് വേണ്ടി ശേഷക്രിയ ചെയ്യുന്നു..

കുരുക്ഷേത്രം ആവര്‍ത്തിക്കപെടുകയാണിന്നും. കൊല്ലുന്നവനും കൊല്ലപെടുന്നവനും ഒരേ വംശമാണ്; ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നവരാണ്. അമ്മയെന്ന ഗര്‍ഭപാത്രവും; അച്ഛനെന്ന വംശവും. ഓരോ കൊലയും ഓരോ പുതിയ കുറ്റവാളിയെ കൂടി സൃഷ്ടിക്കുന്നു. വീണ്ടും കൊലകള്‍. അറുതിയില്ലാത്ത, അനന്തരഫലമില്ലാത്ത, അരിഞ്ഞു വീഴ്ത്താനുള്ള അടര്‍കളങ്ങള്‍ ചാവേര്‍ജന്മങ്ങളെ കാത്തിരിക്കുകയാണ്.

കൊന്നും കൊലവിളിച്ചും ആരും മഹാന്മാര്‍ ആയിട്ടില്ല; ആരും വിജയിചിട്ടുമില്ല. ഒരു സ്മാരകത്തിനും ഹര്‍ത്താലിനും മുദ്രാവാക്യത്തിനും ഒരമ്മയുടെ കണ്ണുനീര്‍ തുടക്കാനാവില്ല. ഗാന്ധാരിമാര്‍ മണ്ണ് വാരി ശപിക്കാനായി കയ്യുയര്‍ത്തും മുന്‍പ്, ശാപഗ്രസ്തമായ നിന്‍റെയീ പ്രിയഭൂമിയെ, നിനക്ക് വേണ്ടി പൊരുതുന്ന ചാവേറുകളെ , നിന്നെ തന്നെ നീ ശാപവിമുക്തമാക്കി നേര്‍വഴിക്ക് നയിക്ക കൃഷ്ണ ..... കൃഷ്ണ, നിന്നോടല്ലാതെയിനി ഞാനാരോടു പറയാന്‍....!!!

ഒരു വലിയ സന്ദേശം കൂടി നാടകത്തിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ഗണേഷ് നായരും സംഘവും .അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി മനോജ് വാസുദേവന്‍ നമ്പൂതിരിയും ഒപ്പമുണ്ട് .ഗാന രചന : അജിത് നായര്‍ , പാര്‍ത്ഥസാരഥി പിള്ള .സംഗീതം : ജയരാജ് നാരായണന്‍ .നമ്മുടെ
ഇതിഹാസ കഥയിലെ ഒരു കഥാപാത്രത്തിന്റെ കഥ അരങ്ങിലെത്തുമ്പോള്‍ അവര്‍ക്കു ജീവന്‍ നല്‍കുന്നത് പാര്‍ത്ഥസാരഥി പിള്ള , ഡോ:സുനിത നായര്‍ , വത്സ തോപ്പില്‍ , ഡോ:വത്സ മാധവ , കോട്ടയം ബാലുമേനോന്‍ , ഹരിലാല്‍ നായര്‍ , കിരണ്‍ പിള്ള , ശ്രീ പ്രവീണ്‍ , സൗമ്യ പ്രജീഷ് , രാധ നായര്‍ , അജിത് നായര്‍ , ജയപ്രകാശ് നായര്‍ , രാജി അപ്പുക്കുട്ടന്‍ പിള്ള , പ്രേമ അയ്യര്‍ , ജനാര്‍ദ്ദന്‍ തോപ്പില്‍ , വത്സ തോപ്പില്‍, മഞ്ജു സുരേഷ് , ശൈലജ നായര്‍ , ചന്ദ്രന്‍ പുതിയവീട്ടില്‍ , ദേവിക നായര്‍ ,ഡോ:രാമന്‍ പ്രേമചന്ദ്രന്‍ , കൊച്ചുണ്ണി ഇലവന്‍ മഠം എന്നിവരാണ് . നമ്മുടെ നാടക സംസ്!കാരം പുനരവതരിപ്പിക്കുന്നതിനും ,ഗാന്ധാരിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ഈമലയാളിയുടെ ആശംസകള്‍
ഗാന്ധാരി കുരുക്ഷേത്രഭൂമിയിലേക്കിറങ്ങുന്നു ... ഗണേഷ് നായര്‍ക്ക് ഇത് സ്വപ്ന സാഫല്യംഗാന്ധാരി കുരുക്ഷേത്രഭൂമിയിലേക്കിറങ്ങുന്നു ... ഗണേഷ് നായര്‍ക്ക് ഇത് സ്വപ്ന സാഫല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക