Image

മോഡിയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുലിമടകളില്‍ വെള്ളിടിയാകുമോ?(ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 14 November, 2016
മോഡിയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുലിമടകളില്‍ വെള്ളിടിയാകുമോ?(ഡല്‍ഹികത്ത്: പി.വി.തോമസ്)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന കള്ളപ്പണവേട്ട കരിമ്പണ വമ്പന്മാരുടെ പുലിമടകളില്‍ ഒരു വെള്ളിടിയായി കലാശിക്കുമോ? അതോ എ.റ്റി.എം.ന്റെയും ബാങ്കുകളുടെ അപ്പത്തിനായി ക്ലേശിക്കുന്ന സാധാരണക്കാരന്റെ വ്യഥയായി അവസാനിക്കുമോ?
നവംബര്‍ എട്ടാം തീയതി (2016) രാത്രി എട്ടു മണിക്ക് വളരെ നാടകീയമായിട്ടാണ് മോഡി ഈ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തത്. ആര്‍ക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ക്കു പോലും. ആറേ ആറേപേര്‍ക്കു മാത്രമെ ഇതിനെക്കുറിച്ച് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഗവണ്‍മെന്റിന്റെ നില. ഇതി തെറ്റാണെന്നും ഗവണ്‍മെന്റിന്റെ ഒത്താശയോടെ വന്‍തോതില്‍ ബി.ജെ.പി. വന്‍തോതില്‍ ബാങ്ക്‌നിക്ഷേപം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടത്തിയെന്ന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉദ്ധരിച്ചുകൊണ്ട് ആരോപണം ഉണ്ട്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്). പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ധന-ആദായ നിക്തു വകുപ്പുകളിലെ ചില ഉദ്യോഗസ്ഥന്‍മാര്‍ക്കും റിസര്‍വ്വ് ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും മാത്രമെ ഇത് സംബന്ധിച്ചുള്ള അറിവുണ്ടായിരുന്നുള്ളൂവെന്ന് ഗവണ്‍മെന്റ് പക്ഷം. അതിരിക്കട്ടെ.

എട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം മാധ്യമങ്ങള്‍ക്ക് വിവരം കിട്ടി. എട്ടുമണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധനചെയ്യുന്നുണ്ട് എന്ന്. പിന്നെ ഊഹാപോഹങ്ങള്‍ ആയി. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ അപ്പോള്‍ അദ്ദേഹം മൂന്ന് സേനകളുടെയും തലവന്മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ അനുമാനങ്ങള്‍ പലവഴിക്കും പോയി. അതില്‍ പ്രധാനം ഇന്‍ഡോ-പാക്ക് സംഘര്‍ഷം ആയിരുന്നു. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രക്ഷേപണത്തിനും എട്ട്മണിക്കുമായി വളരെ ആകാംക്ഷയോടെ ആണ് എല്ലാവരും കാത്തിരുന്നത്. പ്രക്ഷേപണത്തിന്റെ പകുതി കഴിഞ്ഞിട്ടും സ്‌ഫോടനാത്മകമായ ഒന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ച് കേട്ടില്ല.  അവസാനത്തോടെ കള്ളപ്പണത്തെയും, വ്യാപകമായ കള്ളനോട്ടുകളെയും, അഴിമതിയെയും ഭീകരസംഘടനകളുടെ സാമ്പത്തീക സ്രോതസിനെയും കുറിച്ച് പറഞ്ഞ ശേഷം മോഡി ആ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി: ഇന്ന് പാതി രാത്രി മുതല്‍ നിങ്ങളുടെ കയ്യിലിരിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സിനോട്ടുകള്‍ യാതൊരു വിലയും ഇല്ലാത്ത കടലാസ് തുണ്ടുകള്‍ മാത്രം ആയിരിക്കും. ഗവണ്‍മെന്റ് അവയെ നാണയം അല്ലാതാക്കുകയാണ്(ഡീമോണിറ്റൈസ്).

ഈ ഉന്നതമൂല്യ കറന്‍സികളാണ് ഇന്‍ഡ്യയിലെ കള്ളപ്പണത്തിന്റെയും കരിഞ്ചന്തയുടെയും കള്ളനോട്ടിന്റെയും എല്ലാത്തിനും ഉപരിയായി ഭീകരവാദ ഫണ്ടിങ്ങിന്റെയും കാരണം എന്ന് മോഡി പറഞ്ഞു.(ഇന്‍ഡ്യയില്‍ പ്രചാരത്തിലുള്ള നാണയ മൂല്യത്തിന്റെ 86 ശതമാനവും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികളുടേതാണ്.). അതിനാല്‍ അവയെ നിര്‍വീര്യം ആക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ നയം. നല്ലത്.

മോഡിയുടെ പ്രസ്താവന ഒരു മിന്നല്‍ പിണര്‍ പോലെ രാജ്യമാകെ കത്തിപടര്‍ന്നു. അദ്ദേഹം ഈ പ്രസ്താവന നടത്തുമ്പോള്‍ ഒരു ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചക്കായി കാത്തിരിക്കുകയായിരുന്നു. വിഷയം: രാഹില്‍ഗാന്ധിയുടെ കോണ്‍ഗ്രസ് അദ്ധ്യക്ഷപദവിയിലേക്കുള്ള ഉയര്‍ത്തല്‍. കാരണം കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് കമ്മറ്റി അന്ന് ഇത് സംബന്ധിച്ച് ഒരു പ്രമേയം അംഗീകരിച്ചിരുന്നു. പെട്ടെന്ന് ചര്‍ച്ചാവിഷയം മാറി. അത് ആയിരം അഞ്ഞൂറ് നോട്ടുകളുടെ നാണ്യനിര്‍വീകരണം ആയി. കാരണം അത് അത്രവലിയ രാജ്യവ്യാപകമായ ഒരു ഇടിത്തീ ആയിരുന്നു.

മോഡിയുടെ ഈ ഉന്നതമൂല്യ നാണയങ്ങളുടെ നിര്‍വീകരണം കോടിക്കണക്കിന് കോടിരൂപ വരുന്ന ഇന്‍ഡ്യയിലെ സമാന്തര സാമ്പത്തീക വ്യവസ്ഥയെ ഇല്ലാതാക്കുവാന്‍ ഉതകുമോ? സാധിക്കുകയില്ല എന്നും സാധിക്കും എന്നും വാദിക്കുന്നവര്‍ ഉണ്ട്. സാധിക്കുകയില്ല എന്ന് പറയുന്നവര്‍ ചൂണ്ടി കാണിക്കുന്നത് കള്ളപ്പണത്തിന്റെ ഏറിയ ഭാഗവും നിക്ഷിപ്തം ആയിട്ടുള്ളത് വിദേശത്ത് ആണ്. സ്വിറ്റ്‌സര്‍ലാന്റിലും മറ്റ് നിക്ുതി അഭയ കേന്ദ്രങ്ങളിലും. മോഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആ പുലിമടകളില്‍ ആണ് ഒരു വെള്ളിടിയായി പതിക്കേണ്ടത്. അല്ലാതെ മുറുക്കാന്‍ കടകളിലും അര്‍ദ്ധപട്ടിണിക്കാരന്റെ ചെറ്റക്കുടിലുകളിലും അല്ല. ഞാന്‍ ഈ വാദഗതിയോട് നല്ല ഒരു പരിധിവരെ യോജിക്കുന്നു. എന്നുവച്ച് രാജ്യത്തിനുള്ളിലെ കൊച്ചുകൊച്ചു പുലിമടകളെയും മുറുക്കാന്‍ കടകളെയും വെറുതെ വിടുവാന്‍ പറ്റുമോ? ഇല്ല.

മോഡിയുടെ വിമര്‍ശകരുടെ ചോദ്യം എന്ത് നടപടിയാണ് വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപകര്‍ക്ക് എതിരായി എടുത്തിട്ടുള്ളത്? സ്വസ് ബാങ്കിലെയും മറ്റു നിക്ഷേപകരുടെ പേരു വിവരം ഗവണ്‍മെന്റിന്റെ കയ്യിലുണ്ടെങ്കിലും എന്തുകൊണ്ട് അത് വെളിപ്പെടുത്തുന്നുപോലുമില്ല? നടപടിയുടെ കാര്യം പോകട്ടെ. ലക്ഷക്കണക്കിന് കോടിരൂപയുടെ വായ്പാ ധനം തിരിച്ചടക്കുവാനുള്ള വ്യവസായികള്‍ക്ക് എതിരെ എന്തുകൊണ്ട് നടപടി എടുക്കാതെ എന്തുകൊണ്ട് അത് ബാ്ഡ് ഡെബ്റ്റ് ആയി എഴുതി തള്ളുന്നു? ഇതൊക്കെ ഒരു തരം കള്ളക്കളി അല്ലേ? ഇതിന് മോഡി ഉത്തരം പറയണം. പാനമ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തുവന്ന നികുതി വെട്ടിപ്പുകാര്‍ക്കെതിരെ മോഡി എന്ത് നടപടി എടുത്തു? മോഡി ഉത്തരം പറയണം.

ഈ കള്ളപ്പണ വേട്ടയുടെ സമയം ആണ് മറ്റൊരു വിവാദവിഷയം. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുകയാണ് 2017 ആരംഭത്തില്‍. ഇതില്‍ ഉത്തര്‍പ്രദേശും പഞ്ചാബും ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം ആണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശ്. ഇവിടെ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും മുലയംസിങ്ങ് യാദവിന്റെ സമാജ് വാദി പാര്‍്ട്ടിയും ബി.ജെ.പി.യെ പോലെ കള്ളപ്പണത്തില്‍ മുങ്ങിമറിയുകയാണെന്നത് പരസ്യമായ രഹസ്യം ആണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കെട്ടുകളുടെ ഹിമാലയം ഈ പാര്‍ട്ടികളുടെ കയ്യില്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ അത് പ്രളയമാകും. ബി.എസ്.പി.യുടെയും എസ്സ്.പി.യുടെയും ഈ വാര്‍ചെസ്റ്റിലേക്കുള്ള ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു ഇത്. മോഡി ഗവണ്‍മെന്റ് സംസ്ഥാന ബി.ജെ.പി.ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കി അവരുടെ തെരഞ്ഞെടുപ്പ് ഫണ്ട് രക്ഷിച്ചെന്നും ആരോപണം ഉണ്ട്. ഇതിന്റെ ഒരു മകുടോദാഹരണം ആയി ചൂണ്ടി കാണിക്കുന്നതും ബംഗാളില്‍ ബി.ജെ.പി. നോട്ടുകളുടെ ഉപരോധത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് കോടിരൂപയുടെ ബാങ്ക് നിക്ഷേപം ആണ്. ബി.ജെ.പി. 40 ലക്ഷം രൂപയുടെ നിക്ഷേപം കൊല്‍ക്കട്ടയിലെ ഇന്‍ഡ്യന്‍ ബാങ്കിന്റെ സെന്‍ട്രല്‍ അവന്യൂബ്രാഞ്ചില്‍ നടത്തിയത് മോഡിയുടെ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ആയിരുന്നു. ഇതെല്ലാം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ ആയിരുന്നുതാനും. നാല് പ്രാവശ്യം ആയിട്ടാണ് ബി.ജെ.പി.യുടെ അക്കൗണ്ടിലേക്ക്(554510034) മൂന്ന് കോടിരൂപ പല ദിവസങ്ങളിലായി നിക്ഷേപിച്ചതെന്നാണ് ആരോപണം. ഇതെങ്ങനെ സംഭവിച്ചു? കള്ളപ്പണത്തിനെതിരായിട്ടുള്ള ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം ബി.ജെ.പി. സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പിനായിട്ട് ഒരുങ്ങുന്നത് ഇരട്ട സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന മുദ്രാവാക്യവുമായിട്ടാണ്. ഒന്ന്, അതിര്‍ത്തി കടന്ന് ഭീകരവാദികളുടെ താവളങ്ങള്‍ക്കെതിരെയും രണ്ടാമത്തേത് രാജ്യത്തിനുള്ളില്‍ കള്ളപ്പണക്കാരുടെ നേരെയും. ഒരു വെടിക്ക് രണ്ട് പക്ഷിയെയാണ് മോഡി വകവരുത്തിയിരിക്കുന്നത് രാജ്യത്തിനുള്ളില്‍. രാഷ്ട്രീയ എതിരാളികളുടെ പണം നിര്‍വീര്യമാക്കി. നല്ല ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യവും സ്വന്തമാക്കി!

കള്ളപ്പണവും കള്ളനോട്ടും ഇന്‍ഡ്യയുടെ സാമ്പത്തിക വ്യവസ്ഥയെയും രാഷ്ട്രീയത്തെയും ആഭ്യന്തര സുരക്ഷയെയും തകര്‍ക്കുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇവര്‍ക്കെതിരെയുള്ള ഏതൊരു നീക്കത്തെയും രാ്ജ്യം ഒന്നടങ്കം പിന്തുണക്കും. പക്ഷേ, അതില്‍ രാഷ്ട്രീയം പാടില്ല. അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കുകയും വേണം. ഈ കാര്യങ്ങളില്‍ മോഡി ഗവണ്‍മെന്റ് അമ്പേ പരാജയപ്പെട്ടു. ഇതിനുമുമ്പ് രണ്ട് പ്രാവശ്യം ഇന്‍ഡ്യയില്‍ നാണയ നിര്‍വീര്യകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1946-ലും 1978 ലും. ഇവയൊന്നും കാര്യമായ ഫലം നല്‍കിയതായി രേഖയില്ല. എങ്കില്‍ തന്നെയും മൂന്നാമത്തെ ഈ നടപടിയെ അശുഭാപ്തി വിശ്വാസത്തോടെ കാണരുത്. പക്ഷേ, ഇപ്പോള്‍ ജനങ്ങള്‍ എ.റ്റി.എം.ലും ബാങ്കുകളിലും അനുഭവിക്കുന്ന കഷ്ടപ്പാട്, യാതന, മരണം, ആത്മഹത്യ വേദനാജനകം ആണ്.

2012- ല്‍ അതായത് യു.പി.എ. ഭരണകാലത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിര്‍വീര്യം ആക്കുന്നതിന് ഒരു നീക്കം നടത്തുകയുണ്ടായി. പക്ഷേ, അതിനായി രൂപീകരിച്ച ഉന്നതാധികാര കമ്മറ്റി ഈ നീക്കത്തെ ചെറുക്കുകയാണുണ്ടായത്. കമ്മറ്റിയുടെ പഠനാഭിപ്രായത്തില്‍ വെറും 15 ശതമാനം ഉന്നത ഇന നോട്ടുകള്‍ മാത്രം ആണ് ആദ്യ രണ്ടു തവണത്തെ ശ്രമത്തിലും സിസ്റ്റത്തില്‍ കൊണ്ടുവരുവാന്‍ സാധിച്ചത്. ഇതുപോലുള്ള നടപടികള്‍ ബാങ്കിംങ്ങ് സിസ്റ്റത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മാത്രവുമല്ല ലഭ്യമായേക്കാവുന്ന കള്ളപ്പണത്തേക്കാള്‍ കൂടുതല്‍ ചിലവുള്ള ഒരു നടപടിയും ആണ് ഇത്, കമ്മറ്റി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന. ഇന്‍ഡ്യയിലെ കള്ളപ്പണത്തിന്റെ നല്ല ഒരു ഭാഗം വിദേശത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ആണ്. അത് തിരിച്ചെടുക്കുക, കണ്ടെത്തുക ദുഷ്‌ക്കരവും ആണ് 2012-ലെ കമ്മറ്റി വിധിച്ചു. അങ്ങനെ ആ നീക്കം യൂ.പി.എ. ഗവണ്‍മെന്റ് നിറുത്തി വയ്ക്കുകയും ചെയ്തു. ഇന്നും നികുതിവെട്ടിപ്പുകാരെയും, കുടിശിഖക്കാരെയും, കള്ളപ്പണക്കാരെയും ഒരു ചുക്കും ചെയ്യുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന് സാധിക്കുന്നില്ല. അതിന്റെ ഉദാഹരണം അല്ലേ വിജയമല്ലയമാരും ലളിത് മോഡിമാരും. അവര്‍ രാജ്യം വിട്ട് രാജാക്കന്മാരായി വാഴുകയാണ് വിദേശത്ത്. ആരാണ് അവരെ രാജ്യവിടുവാന്‍ അനുവദിച്ചത്? വിജയരാജെ സിന്ധ്യ? സുഷ്മ സ്വരാജ്? (രണ്ടും ബി.ജെ.പി.) മല്ല്യ ബി.ജെ.പി.യുടെ പിന്തുണയുള്ള എം.പി.യും(രാജ്യസഭ) ആയിരുന്നു.

കള്ളപ്പണവും കള്ളനോട്ടും തമ്മില്‍ ഭീകരവാദത്തിനുള്ള ബന്ധം ഒരു കടുത്ത യാഥാര്‍ത്ഥ്യം ആണ്. പാക്കിസ്ഥാനിലെ ഐ.എസ്.ഐ.ക്ക് ഇന്‍ഡ്യന്‍ കറന്‍സി നോട്ടുകളുടെ, പ്രത്യേകിച്ചും ആയിരം അഞ്ഞൂറ് ഡിനോമിനേഷന്‍, നിര്‍മ്മിതിക്കായിട്ടുള്ള പ്രത്യേക വിഭാഗം തന്നെ ഉണ്ട്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും എഴുപതു കോടി രൂപയുടെ വ്യാജ കറന്‍സിനോട്ടുകള്‍ ആണ് പാക്കിസ്ഥാന്‍ ഇന്‍ഡ്യയിലേക്ക് ഭീകരവാദത്തെ സഹായിക്കുവാനും ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുവാനും ആയിട്ട് കടത്തിവിടുന്നത്. ഇവയെ തടയുവാനും നിര്‍വീര്യം ആക്കുവാനും പുതിയ ഈ നടപടി കൊണ്ട് സാധിക്കുമോ? പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് വ്യാജന്‍ ഉണ്ടാവുകയില്ലെ?

മോഡി ഗവണ്‍മെന്റിന്റെ പുതിയ നയം സാമ്പത്തീകവ്യവസ്ഥയുടെ ശുദ്ധീകരണത്തിനും, നികുതിപിരിവിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുവാനും കള്ളനോട്ട് ഇല്ലാതാക്കുവാനും ഒരു ക്യാഷ്‌ലെസ് സമൂഹത്തെ കെട്ടിപ്പടുക്കുവാനും സഹായിക്കുമെങ്കില്‍ വളരെ നല്ലത്. പക്ഷേ, അതിനുള്ള ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്പം കടന്ന കൈ ആയിപ്പോയെന്നത് പറയാതിരിക്കുവാന്‍ വയ്യ. അത്ര ദുരിതം ആണ് അത് സാധാരണ ജനങ്ങള്‍ക്ക് നല്‍കിയത്. നല്‍കിക്കൊണ്ടിരിക്കുന്നത്. ഉദ്ദേശ ശുദ്ധിയെ ന്യായീകരിച്ചാല്‍ തന്നെയും അത് നടപ്പിലാക്കുന്ന രീതിയെ പഴിക്കാതെ വയ്യ. യാതൊരുവിധ ആസൂത്രണവും മുന്‍കരുതലും ഇല്ലാത്ത ഒരു തുഗ്ലക്കന്‍ പരിഷ്‌ക്കാരം ആയിപ്പോയി മോഡിജി ഇത്.

മോഡിയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുലിമടകളില്‍ വെള്ളിടിയാകുമോ?(ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക