Image

നാളം (കവിത)ശ്രീദേവി. കെ .ലാല്‍

ശ്രീദേവി. കെ .ലാല്‍ Published on 14 November, 2016
നാളം (കവിത)ശ്രീദേവി. കെ .ലാല്‍
തെളിഞ്ഞു കത്താനിനി
എണ്ണ തന്‍ നനവീല
അണഞ്ഞുപോകാനൊരു
ആളലേയിനിവേണ്ടൂ
കരിഞ്ഞുകത്തി താനേ 
പടരാന്‍ തുടങ്ങീട്ടും
ഇക്കരിന്തിരി ഗന്ധം
അറിഞ്ഞു തുടങ്ങീലേ!
കെട്ടുപോകട്ടെ ശൂന്യം
തമസ്സിന്‍ സുഖങ്ങളില്‍ 
നിദ്രകൊള്ളട്ടെ സ്വപ്നം
നിലയ്ക്കും മിഴികളില്‍
അലറി കുതിച്ചെത്തും
കാറ്റിനെ ഭയക്കേണ്ട
കാത്തു വയ്ക്കാനായൊരു
കൈത്തലംമറ വേണ്ട
കെട്ടുപോകട്ടെ നാളം
കാലശേഷിപ്പിലിനി 
കെട്ടുപോയീടാനാവാം
വിധിച്ചു;, നടകൊള്‍ക
അണഞ്ഞു ചാരം മൂടി
അമര്‍ന്നു കിടക്കട്ടെ 
കെല്‍പ്പുള്ള തീനാളമായ് 
പുനര്‍ജനിക്കും വരെ!

നാളം (കവിത)ശ്രീദേവി. കെ .ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക