Image

കണ്ടവരുണ്ടോ? കേട്ടവരുണ്ടോ?-

ഡോ. നന്ദകുമാര്‍ ചാണയില്‍ Published on 16 February, 2012
കണ്ടവരുണ്ടോ? കേട്ടവരുണ്ടോ?-
വീക്ഷണം

പണ്ട്‌ പണ്ട്‌ ഒരു നാടന്‍ ചൊല്ലുണ്ടായിരുന്നു. എന്റെ അമ്മൂമ്മ പറഞ്ഞാണ്‌ ഞാനത്‌ കേട്ടിരുന്നത്‌. `കണ്ടത്‌ പറഞ്ഞാല്‍ കണ്ടച്ചാര്‍ക്ക്‌ അച്ചിയില്ലെന്ന്‌. അത്‌ വളരെ താത്വികമായി പ്രാചീന ഭരതത്തിന്റെ വളരെ താത്വികമായി പ്രാചീനഭാരതത്തിന്റെ തത്വമീമാംസയായി സംസ്‌കൃതത്തില്‍ സ്‌മൃതികളായി പറയുന്നു:

`പ്രിയം ഭ്രൂയാത്‌, സത്യം ബ്രൂയാത്‌

നബ്രൂയാത്‌, സത്യമപ്രിയം'

എന്നു വെച്ചാല്‍ , `സത്യം പറയൂ പ്രിയമായിട്ടുള്ളത്‌ പറയൂ; സത്യമാണെങ്കില്‍ പോലും അപ്രിയമായിട്ടുള്ളത്‌ പറയരുതേ. സത്യമേ പറയൂ എന്ന്‌ വ്രതമെടുത്തിരിക്കുന്ന ആദര്‍ശ വീരന്മാര്‍ അനവസരോചിതമായി പെരുമാറുന്ന ധാരാളം സംഭവങ്ങള്‍ നാം കണ്ടുവരാറില്ലേ. ഉദാഹരത്തിന്‌ പ്രാണരക്ഷാര്‍ത്ഥം തടിതപ്പാന്‍ ഓടിരക്ഷപ്പെടുന്ന ഒരാളുണ്ടെന്ന്‌ വയ്‌ക്കൂ, കൊലയാളി കണ്ടു നില്‍ക്കുന്നവരോട്‌ ചോദിക്കുകയാണെന്ന്‌ വെക്കുക. `ഇതിലേ ഒരാള്‌ ഓടുന്നത്‌ ആരെങ്കിലും കണ്ടോ?' ഉടനെ ഒരു സത്യവാന്‍ പറയുകയാണ്‌ `ദാ ഇതിലേ ഓടി, ഇന്ന സ്ഥലത്ത്‌ ഒളിച്ചിരിപ്പുണ്ട്‌.' സത്യവാന്റെ സത്യവ്രതം ക്ഷണിച്ചു വരുത്തുന്ന വിനയെക്കുറിച്ച്‌ ഒന്നാലോചിച്ചു നോക്കൂ. അതേപോലെ, കോങ്കണ്ണുള്ള ഒരാളെ മുഖത്തുനോക്കി `എന്തടാ കോങ്കണ്ണാ' എന്നു വിളിച്ചാല്‍ , ആ മനുഷ്യാത്മാവിന്റെ മാനസികാവസ്ഥ എന്തായിരിക്കും? ന്യായാന്യായങ്ങളുള്ള ഏതു വസ്‌തുതയേയും ഒരു വക്കീലിന്റെ കുശാഗ്രബുദ്ധിയോടെ നമുക്ക്‌ ന്യായീകരിക്കാനും കുറ്റമറ്റതായി പ്രഖ്യാപിക്കാനും കഴിയും. `അമ്മയെ തല്ലിയാലും രണ്ടുണ്ട്‌ പക്ഷം' എന്നല്ലേ പ്രമാണം.

ഇത്രയുമൊക്കെ കുത്തിക്കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌ 14-ാം ഏഷ്യാനെറ്റ്‌- ഉജാല ഫിലിം അവാര്‍ഡ്‌ സമയത്ത്‌ ബോളിവുഡിലെ സാക്ഷാല്‍ ബാദ്‌ഷാ നമ്മുടെ മലയാളത്തിന്റെ ഒരു സുപ്രസിദ്ധ മുന്നണി ഗായികയെ ഒരു പുഷ്‌പം പോലെ പൊക്കിയെടുത്ത കാഴ്‌ച സ്വന്തം ഭര്‍ത്താവ്‌ ഏതുവിധം ത്യാജ്യഗ്രാഹ്യവിവേചന ബുദ്ധിയടെ നോക്കിക്കാണും? അറിയുവാന്‍ ആകാക്ഷയുണ്ട്‌. അങ്ങിനെ നിനച്ചിരിക്കേ, അന്തഃക്കരണമെന്ന മനോമുകുളത്തിലെ മാന്യന്‍ തലപൊക്കി ഉപദ്ദേശിക്കുന്നു എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ; മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ എന്തിനു കൈ കടത്തുന്നു എന്ന്‌. അപ്പോള്‍ സ്വന്തം മനസ്സിലെ മറ്റൊരു മാന്യന്റെ പ്രത്യുത്തരം. ഈ കഥയിലെ നായികാ-നായകന്മാര്‍ വെറും(മറ്റുള്ള)വ്യക്തികളാണോ? അവര്‍ പൊതുജനത്തിന്റെ പ്രിയങ്കരരായ പൊതുവ്യക്തികളല്ലേ (popular public figures)? ആര്‍ക്കും എന്തും ചെയ്യാമെന്നോ? അല്ല, ഇതിലൊക്കെ എന്തിരിക്കുന്നു? സാക്ഷാല്‍ ശ്രീകൃഷ്‌ണന്‍ രുഗ്മിണീ സ്വയംവര സമയത്ത്‌ എല്ലാവരും നോക്കി നില്‍ക്കേ രുഗ്മിണീദേവിയെ പുഷ്‌പം പോലെ പൊക്കി രഥത്തില്‍ കടത്തിക്കൊണ്ടുപോയി.

`നാലുകാലുള്ളൊരു നങ്ങീരിപ്പെണ്ണിനെ

കോലുനാരായണന്‍ കട്ടോണ്ടു പോയി' എന്ന കഥ കേട്ടിട്ടില്ലേ. അതുപോലെ,

`നൂറുനാക്കുള്ളൊരു

പാട്ടുകാരിപ്പെണ്ണിനെ

കോലുനാരായണന്‍

പൊക്കിയെടുത്തേ'

ഇതിനൊക്കെ എന്തു ന്യായീകരണം. ദൈവംതമ്പുരാന്‌ ഒരു നിയമം, മനുഷ്യര്‍ക്ക്‌ മറ്റൊരു നിയമം.

അല്ലെങ്കിലും ഇതിലൊക്കെ എന്താ ഇത്ര പുല്ലാപ്പ്‌? നമ്മുടെ ഷാരൂഖ്‌ജി യാതൊരു ദുരുദ്ദേശവുമില്ലാതെ, നിസ്സംഗ ഭാവേന, ഒരു കയ്യടിക്കുവേണ്ടി എടുത്തതല്ലേ. എടുത്തോട്ടെ- ആര്‍ക്കാ, എന്താചേതം? എങ്കിലും'ഭര്‍ത്തൃമതിയായ ഒരുത്തിയെ വിവാഹിതനും രണ്ടുപിള്ളേരുടെ തന്തയുമായ ഒരാള്‍ വാരിയെടുക്കുകയോ?ആള്‍ എത്ര കേമനായാലും! വാരിയെടുക്കപ്പെട്ടവള്‍ ഇതൊരു മഹാഭാഗ്യമായിക്കരുതി ആത്മ സംവൃതിയോടെ പുഞ്ചിരിച്ച്‌, ബലിഷ്‌ഠ കരങ്ങളില്‍ ഒതുങ്ങിക്കൂടിയതില്‍ എന്താ ഇത്ര തെറ്റ്‌? അതും യാതൊരു എതിര്‍പ്പുമില്ലാതെ. ഭര്‍ത്താവിനും പ്രശസ്‌തനായൊരാളാല്‍ വാരിയെടുക്കപ്പെട്ടത്‌ മേന്മയായി തോന്നുമോ? ഇത്‌ വിമാനവും മറ്റുമൊന്നുമല്ലല്ലോ. ഒരു സ്‌ത്രീയെ പൃഷ്‌ഠത്തില്‍ തൊട്ടു എന്നുള്ള അപകീര്‍ത്തിക്കും മാനഹാനി കേസിനും വിധേയനാകാന്‍ ? അല്ലെങ്കില്‍ ഒരു അദ്ധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിനിയെ പുത്രിനിര്‍വ്വിശേഷം അഭിനന്ദനാര്‍ത്ഥം ഒന്നു തലോടിയാലത്തെ സ്ഥിതി ഈ നാട്ടിലാണെങ്കില്‍ .... അതിപ്പോള്‍ നമ്മുടെ നാട്ടിലാണെങ്കിലും തഥൈവ എന്നു വച്ചോളു. അല്ലെങ്കിലും ഒരു ചൊല്ലില്ലെ `എന്തും ചെയ്യാം മഹതാം എന്തും ചെയ്യാം വഷളാം.'

ഇനി രണ്ടു ഗുണപാഠ ചോദ്യങ്ങള്‍ 1) മുഷ്‌ടിയുപയോഗിച്ച്‌ ലക്ഷമണ രേഖ ലംഘിക്കാമോ? 2) പരസ്‌പരധാരണയോടു കൂടിയാണെങ്കില്‍ എന്തും ആകാമോ? വിക്രമാദിത്യന്റെ നാമധേയത്തിലുള്ള പാരിതോഷികം വിജേതാക്കളെ കാത്തിരിക്കുന്നു. ഉത്തരങ്ങള്‍ക്ക്‌ ഉടനെ `എസ്സെമ്മസ്സ'യക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക