Image

സ്‌റ്റൈന്‍മയര്‍ ജര്‍മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി

Published on 14 November, 2016
സ്‌റ്റൈന്‍മയര്‍ ജര്‍മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി

 ബര്‍ലിന്‍: ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ (60) ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക്കിന്റെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിശാല മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കും. നിലവില്‍ ജര്‍മനിയുടെ വിദേശകാര്യ മന്ത്രിയാണ് സ്‌റ്റൈന്‍മയര്‍.

ചാന്‍സലര്‍ ആംഗല മെര്‍ക്കലും അവരുടെ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയനും സ്‌റ്റൈന്‍മയറുടെ സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടിയതോടെ ജര്‍മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി സ്‌റ്റൈന്‍മയര്‍ (എസ്പിഡി) തെരഞ്ഞെടുക്കപ്പെടും. നേരത്തെ സ്‌റ്റൈന്‍മയറിനെ സ്ഥാനാര്‍ഥിയാക്കാന്‍ എസ്പിഡി തീരുമാനിച്ചപ്പോള്‍ മെര്‍ക്കല്‍ അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിശാല മുന്നണി സര്‍ക്കാരിലെ കൂട്ടുകക്ഷികളായ സിഡിയുവും എസ്പിഡിയും തമ്മില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടന്ന സമവായ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായ ഐക്യത്തില്‍ സിഡിയു സ്‌റ്റൈന്‍മയറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഇപ്പോള്‍ സ്ഥിരപ്പെട്ടത്. ഇതുവരെയുള്ള നീക്കങ്ങളില്‍ സ്‌റ്റൈന്‍മയര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. 2017 ഫെബ്രുവരി 12നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 

നിലവിലെ പ്രസിഡന്റ് എഴുപത്തിയാറുകാരനായ യോവാഹിം ഗൗക്ക് രണ്ടാമൂഴത്തിന് താത്പര്യമില്ലെന്നകാര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും പുതിയ സ്ഥാനാര്‍ഥിയെ തേടിയത്. 

16 സംസ്ഥാനങ്ങള്‍ അടങ്ങുന്നതാണ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനി. പാര്‍ലമെന്റിന്റെ ഉപരിസഭയും (ബുണ്ടസ്‌റാറ്റ്) അധോസഭയും (ബുണ്ടസ്ടാഗ്)സംയുക്തമായി ഭരണഘനയുടെ 54ാം വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അഞ്ചുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക