Image

സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സബീന എം. സാലിക്ക്

Published on 14 November, 2016
സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സബീന എം. സാലിക്ക്

 ദോഹ: സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സബീന എം. സാലിക്ക്. ‘മയില്‍ ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്’ എന്ന ചെറുകഥയാണ് അവാര്‍ഡിന് അര്‍ഹമായത്. അരലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 17 ന് (വ്യാഴം) വൈകുന്നേരം ഏഴിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ ജൂറി അധ്യക്ഷ ഡോ. ഖദീജ മുംതാസ് പുരസ്‌കാരം സമ്മാനിക്കും. 

ആലുവ സ്വദേശിനിയായ സബീന സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഫാര്‍മസിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.

ജിസിസി രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, യുഎഇ, സൗദി, കുവൈത്ത്, ബഹറിന്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുമായി 60 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.

പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ. ശ്രീരാമന്‍, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ.എ. മോഹന്‍ദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 

എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദവും കരുനാഗപ്പിള്ളി ഐഷ മജീദ് കോളജില്‍ നിന്ന് ഡി ഫാമും കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദിലെ പനിനീര്‍പൂക്കള്‍, വാക്കിനുള്ളിലെ ദൈവം എന്നീ കവിതാ സമാഹാരങ്ങളും കന്യാവിനോദം എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹ്യ കലാവേദി, സൗഹൃദം.കോം, നവോദയ തുടങ്ങിയ കവിതാ പുരസ്‌കാരങ്ങളും റിയ നെസ്‌റ്റോ കഥാ പുരസ്‌കാരവും, ടി.വി. കൊച്ചുബാവ പുരസ്‌കാരവും മികച്ച ലേഖനങ്ങള്‍ക്കുള്ള ജനശ്രീ, കെഎംസിസി, ഫ്രണ്ട്‌സ് ക്രിയേഷന്‍സ്, കേളി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2016 ലെ പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് കന്യാവിനോദത്തിനു ലഭിക്കുകയുണ്ടായി. ഇപ്പോള്‍ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഫാര്‍മസിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ്: മുഹമ്മദ് സാലി. മക്കള്‍: ബിലാല്‍, ആസിയ.

വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര സമിതി കണ്‍വീനര്‍ ഇ.എം. സുധീര്‍, സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീല്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ സമീര്‍ സിദ്ധിഖ്, പി.എന്‍. ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക