Image

അഹ്ലാം ജിദ്ദ പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു

Published on 14 November, 2016
അഹ്ലാം ജിദ്ദ പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു

 ജിദ്ദ: ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ അഹ്ലാം ജിദ്ദ പുറത്തിറക്കുന്ന പ്രവാസി പ്രിവിലേജ് കാര്‍ഡ് ശറഫിയ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ മുഹമദ് ഇഖ്ബാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക പ്രതിബദതയില്‍ ഊന്നി നില്‍കുന്ന എതൊരു സംരംഭങ്ങളും വിജയം കണ്ടിട്ടുണ്ടെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി പെന്‍ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും നോര്‍ക്ക റൂട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നത്. പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു എന്ന പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയ്യുന്നത്. പ്രവാസിക്ക് 60 വയസിനുശേഷം പെന്‍ഷന്‍ 1000 രൂപ കിട്ടാന്‍, ഇരുപത്തിരണ്ടാം വയസില്‍ വിദേശത്ത് ജോലിക്കു വന്ന ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം 38 വര്‍ഷം പ്രതിമാസം 300 രൂപ അടച്ചു 60 വയസുവരെ ഏകദേശം 1,36,800 (ഒരു ലക്ഷത്തി മുപ്പത്തി ആറു) രൂപ അടയ്ക്കണം. അടച്ചയാള്‍ക്ക് അതില്‍ നിന്നു ഒരു രൂപ പോലും തിരിച്ചു കൊടുക്കുന്നില്ല എന്നു മാത്രമല്ല ഇടയ്ക്ക് വച്ച് നിര്‍ത്തിയാല്‍ അതുവരെ അടച്ച പൈസയോ അനുകൂല്യങ്ങളോ ലഭിക്കില്ല. ഈ 1000 രൂപ 5000 ആക്കുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ പ്രചരിച്ചതുമൂലമാണ് നോര്‍ക്ക റൂട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിനു ഇപ്പോള്‍ പ്രവാസികള്‍ മുന്നോട്ടു വരുന്നത്. നോര്‍ക്ക റൂട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തവര്‍ക്ക് തൊഴില്‍നഷ്ടമായി നാട്ടില്‍ എത്തിയ മുതല്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് അധ്യക്ഷന്‍ ഹനീഫ ഇയ്യം മടക്കല്‍ പറഞ്ഞു. നോര്‍ക്ക റൂട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ ഫവാസ് തങ്ങള്‍, കെ.ടി. ഹുസൈനു കൈമാറി.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസികള്‍ക്കു മാത്രമേ കഴിയുന്നുള്ളൂ എന്നതുകൊണ്ടാണ് അഹലാം ജിദ്ദയുടെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ആദ്യ സംരംഭമാണ് പ്രവാസി പ്രിവിലേജ് കാര്‍ഡ്. ഇതിലൂടെ പ്രവാസികള്‍ക്ക് വിദേശത്തും സ്വദേശത്തും നിശ്ചിത സൂപ്പര്‍മാര്‍ക്കറ്റുകള്‍,ഹോസ്പിറ്റലുകള്‍,ഹോട്ടലുകള്‍, ജ്വല്ലറികള്‍, ഇലക്ടോണിക് ആന്‍ഡ് കംപ്യൂട്ടര്‍ ഷോപ്പുകള്‍, ട്രാവല്‍സുകള്‍, കാര്‍ഗോ സര്‍വീസുകള്‍ മുതലായവയില്‍ നിന്ന് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കുകയും നാട്ടില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അഹലാം മെംബര്‍മാര്‍ക്ക് സൗജന്യമായിട്ടാണ് പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്യുന്നത്. പ്രവാസി പ്രിവിലേജ് കാര്‍ഡിന് ംംംവെബ് സൈറ്റിലോ 0536770500 എന്ന വാട്‌സ്ആപ് നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഈ വര്‍ഷത്തെ ഏഷ്യാവിഷന്‍ അവാര്‍ഡ് ലഭിച്ച ജലീല്‍ കണ്ണമംഗലത്തിന് ജമാല്‍ മങ്കട മൊമെന്റോ സമ്മാനിച്ചു. സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന വിഷയത്തില്‍ അമീര്‍ഷ ക്ലാസെടുത്തു. ശുഹൈബ്, മജീദ് മങ്കട, റഫീഖ് ചെറുശേരി, എന്‍ജിനിയര്‍ ഷിയാസ്, നാസര്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക