Image

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയില്‍ കൃഷ്‌ണേട്ടനും വിശുദ്ധ അന്നമ്മയും

എ.സി. ജോര്‍ജ് Published on 15 November, 2016
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയില്‍ കൃഷ്‌ണേട്ടനും വിശുദ്ധ അന്നമ്മയും
ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ കേന്ദ്രമായി മലയാള ഭാഷയുടെ ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ മാസയോഗം നവംബര്‍ 13ന് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ ചേരുകയുണ്ടായി. ഹ്യൂസ്റ്റനിലെ പ്രമുഖ എഴുത്തുകാരും ഭാഷാ സ്‌നേഹികളും പങ്കെടുത്ത ഈ സമ്മേളനത്തില്‍, മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ബാബു തെക്കേകരയുടെ കൃഷ്‌ണേട്ടന്‍, എന്ന ചെറുകഥയും ജോസഫ് തച്ചാറയുടെ വിശുദ്ധ അന്നമ്മ എന്ന ചെറുകഥയുമാണ് വായിച്ചതും ചര്‍ച്ചക്കും ആസ്വാദനത്തിനും നിരൂപണത്തിനും വിധേയമായതും. കൃഷ്‌ണേട്ടന്‍ എന്ന കഥാപാത്രത്തിന് രമേശ് എന്ന കഥാനായകനുണ്ടായിരുന്ന ഹൃദയ ഐക്യവും സ്‌നേഹവും, കൃഷ്‌ണേട്ടന്റെ ആകസ്മികമായ, ദുഃഖപര്യായമായ ജീവിതാന്ത്യത്തോടെ അനാവരണം ചെയ്യുകയാണ് ഈ കഥയിലൂടെ.
മധ്യകേരളത്തിലെ വലിയ സമ്പന്നമായ ഒരു സുറിനായി കൃസ്തീയ കുടുംബത്തിലെ മൂത്തമകനായി പിറന്ന ഒരു ആണ്‍കുട്ടിയുടെ അര്‍ത്ഥമില്ലാത്ത ബാലചാപല്യങ്ങളും വ്യഥകളും ഗ്രാമീണ ചുറ്റുപാടില്‍ ആ കുട്ടിയുടെ ആത്മഗതം പോലെ വിവരിക്കുകയാണ് കഥാകൃത്തായ ജോസഫ് തച്ചാറ വിശുദ്ധ അന്നമ്മ എന്ന തന്റെ കഥയിലൂടെ. ആ കൊച്ചു കുട്ടി ഏറ്റവും വെറുത്തിരുന്ന സ്വന്തം വല്ല്യമ്മച്ചി, അന്നമ്മയുടെ മരണശേഷം അവരുടെ വാല്‍സല്യവും നല്ല ഗുണങ്ങളും മനസ്സിലാക്കി വിലാപത്തിന്റേയും സ്‌നേഹത്തിന്റേയും ഭക്തിയുടേയും സ്‌നേഹ കണ്ണീര്‍കണങ്ങള്‍ ഒഴുക്കി തന്റെ വേര്‍ പിരിഞ്ഞ വല്ല്യമ്മച്ചി അന്നമ്മയെ ഒരു വിശുദ്ധയായി - ഒരു വിശുദ്ധ അന്നമ്മയായി മനസ്സില്‍ പ്രതിഷ്ഠിക്കുന്നതായിട്ട് കഥാകൃത്ത് ചിത്രീകരിക്കുന്നതോടെ കഥ അവസാനിക്കുന്നു.
   
ഈ രണ്ട് കഥകളുടേയും കഥാ രചനയും, തന്തുവും ആധാരമാക്കി ആസ്വാദന നിരൂപണ ചര്‍ച്ചകളില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളും എഴുത്തുകാരുമായ ടി.എന്‍. സാമുവേല്‍,    എ. സി. ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, പൊന്നുപിള്ള, ജോര്‍ജ് പുത്തന്‍കുരിശ്, ഊര്‍മ്മിള ദേവരാജ് കുറുപ്പ്, തോമസ് കുട്ടി വൈക്കത്തുശേരി, സെലിന്‍ ബാബു, ദേവരാജ് കാരാവള്ളില്‍,  ടോം വിരിപ്പന്‍, മേരികുട്ടി എബ്രഹാം, ബാബു തെക്കേകര, കുര്യന്‍ മാത്യു, തോമസ് തയ്യില്‍, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയില്‍ കൃഷ്‌ണേട്ടനും വിശുദ്ധ അന്നമ്മയുംമലയാളം സൊസൈറ്റി ഓഫ് അമേരിക്കയില്‍ കൃഷ്‌ണേട്ടനും വിശുദ്ധ അന്നമ്മയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക