Image

എന്റെ നാടിനോട് (കവിത) മഞ്ജുള ശിവദാസ്

മഞ്ജുള ശിവദാസ് Published on 15 November, 2016
എന്റെ നാടിനോട് (കവിത) മഞ്ജുള ശിവദാസ്
കൊതിയാണെനിക്കെന്റെ നാടണയാന്‍,
കൊതിയാണതിന്‍ മാറില്‍ ചേര്‍ന്നുറങ്ങാന്‍..                             

അകലെയാണെന്നില്‍ നിന്നേറെയെന്നാകിലും
അണയാത്ത നന്മയായ് അരികിലെന്നും..

പിച്ച നടന്ന തന്‍ മാറിലേക്കെന്നു ഞാന്‍-
എത്തുമെന്നറിയില്ലതെങ്കിലും,

ഒരുപാടു നന്മകള്‍ കൂട്ടിവച്ചെന്റെ-
നാടെന്നും എനിക്കായി കാത്തിരിക്കും..

അതിമോഹമലയിടും അകതാരാലന്നൊന്നും-
നാടേ നിന്‍ സ്‌നേഹം ഞാന്‍ അറിഞ്ഞതില്ല.

ജീവിതപ്പച്ചക്കായ് മരുപ്പച്ച തേടിയ-
നാള്‍ത്തൊട്ടു നിന്നെ ഞാനറിഞ്ഞിടുന്നു..
എന്റെ നാടേ നിന്‍ സ്‌നേഹം ഞാനറിഞ്ഞിടുന്നു...

ഹൃദയം കുളിര്‍പ്പിക്കും ഓര്‍മ്മകള്‍ പലതും-
ആ മണ്ണില്‍ കളഞ്ഞിട്ടു പോന്നതല്ലേ.

ഉള്ളിലൊളിപ്പിച്ച സന്താപമേഘങ്ങള്‍-
നിശയില്‍ പേമാരിയായ് പെയ്തിടുന്നു.
എന്റെ നയനങ്ങളണപൊട്ടി ഒഴുകിടുന്നു.

മറക്കില്ല നാടേ നിന്‍ അളവറ്റ നന്മ-
ഞാന്‍ മരിക്കുകിലും നിന്റെ നാട്ടു നന്മ.

എവിടെയെന്നൊടുക്കമെന്നറിയില്ല എങ്കിലും-
അലിയുവാന്‍ ആ മണ്ണില്‍ തിരികെയെത്താം.

അറിയില്ലെനിക്കൊന്നും അറിയില്ലെന്നാലും-
എന്റെ നാടേ ഞാനിതാഗ്രഹിപ്പു....

എന്റെ നാടിനോട് (കവിത) മഞ്ജുള ശിവദാസ്എന്റെ നാടിനോട് (കവിത) മഞ്ജുള ശിവദാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക