Image

ട്രംപ് ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമായി മാറുമോ (ഏബ്രഹാം തോമസ്)

Published on 15 November, 2016
ട്രംപ് ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമായി മാറുമോ  (ഏബ്രഹാം തോമസ്)
പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന് കീഴില്‍ വൈറ്റ് ഹൗസ് എങ്ങനെ ആയിരിക്കും, ഭരണം എങ്ങനെ രൂപാന്തരപ്പെടും എന്ന് പലതരം ഊഹാപോഹങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്ന നിലയില്‍ ഒരു കെട്ടിടത്തില്‍ പാറക്കല്ല് എടുത്തുവച്ചോ കോണ്‍ക്രീറ്റ് മിശ്രിതം ഒഴിച്ചോ അനുഭവ സമ്പത്ത് ട്രംപിനില്ല. എന്നാല്‍ ഓരോ കെട്ടിടത്തിന്റെയും ഡോര്‍ നോബ് മുതല്‍ എല്ലാം സ്വയം പരിശോധിച്ച് സ്വയം തൃപ്തനാവാന്‍ തല്പനായിരുന്നു ട്രംപ്. സ്വതസിദ്ധമായ വിവേചനത്തിലും വളരെ അടുത്ത സുഹൃദ് വലയത്തിലും വിശ്വാസം അര്‍പ്പിച്ച് മുന്നേറി. പലപ്പോഴും പലരുടെയും ഉപദേശം സ്വീകരിച്ചില്ല എന്ന പരാതി നിലനിര്‍ത്തി വിജയം കൈവരിച്ചു.

ഇപ്പോള്‍ ട്രംപിന് എല്ലാ അധികാരവും എല്ലാ ശക്തിയുമുണ്ട്. പ്രത്യേക സൈനിക ബലം മുതല്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വരെ. ഇത്രയും കുറവ് ഭരണ പരിചയമോ പരിചയമോ ഇല്ലാതെ ഒരു കമാന്‍ഡര്‍ ഇന്‍ ചീഫ് അധികാരമേല്ക്കുക അപൂര്‍വ്വമാണ്. ഒരു മാസ്റ്റര്‍ ഷോമാനായും ജനങ്ങളുടെ വികാരം അനുസരിച്ച് പെരുമാറാന്‍ കഴിയുന്ന വ്യക്തിയായും ബില്യണുകളുടെ വ്യവസായ കരാറുകള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസായിയായും ട്രംപ് തിളങ്ങിയിട്ടുണ്ട്.

രണ്ട് മാസത്തിനുശേഷമാണ് ഔദ്യോഗികമായി ട്രംപ് അധികാരത്തിലേറുക. ഈ അവസ്ഥാന്തരനാളുകളില്‍ പരിവര്‍ത്തന പ്രക്രിയ നിര്‍വഹിക്കുവാന്‍ ട്രംപ് രൂപീകരിച്ച സമിതിയുടെ തലവന്‍ നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ്. വാഷിങ്ടനിലെ അകത്തളക്കാരുടെ ചെളിക്കുണ്ട് വൃത്തിയാക്കും എന്ന വാഗ്വാദത്തില്‍ അധികാരത്തിലെത്തിയ ട്രംപിന്റെ ട്രാന്‍സിഷന്‍ ടീമില്‍ രാഷ്ട്രീയ അനുഭവ സമ്പത്തുളളവര്‍ ധാരാളമുണ്ട്.

ഇവര്‍ക്ക് പുറമെ ട്രംപിന്റെ പ്രായപൂര്‍ത്തിയായ മൂന്നു മക്കള്‍: ഡോണ്‍ ജൂനിയര്‍, എറിക്, ഇവാങ്ക ഇവരും ഇവാങ്കയുടെ ഭര്‍ത്താവ് ജാരേഡ് കുഷ്‌നറുമുണ്ട്. ട്രംപിന്റെ പ്രചരണത്തില്‍ കുഷ്‌നര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക ട്രംപിന്റെ നയമാണ്. റിയാലിറ്റി ഷോകള്‍ വലിയ ഉദാഹരണങ്ങളാണ്. ട്രാന്‍സിഷന്‍ ടീമില്‍ 4,000 ഒഴിവുകളുണ്ടാവുമെന്നാണ് കരുതുന്നത്. ഉന്നത ക്യാബിനറ്റ് പദവികളും ഇവയില്‍ ഉള്‍പ്പെടും. സെനറ്റിന്റെ സ്ഥിരപ്പെടുത്തല്‍ ആവശ്യമായ 1,200 പദവികള്‍ വേറെയാണ്. ഇവയില്‍ ഏജന്‍സി തലവന്മാരുടെയും അംബാസഡറന്മാരുടെയും തസ്തികകളും ഉണ്ട്.

പാര്‍ട്ടി സംവിധാനത്തിന്റെ തീവ്രമായ പ്രതിഷേധവും ചെറുത്തുനില്പും അതിജീവിച്ച് അധികാരത്തിലെത്തിയതിനാല്‍ ട്രംപിന്റെ ജോലി സങ്കീര്‍ണമായിരിക്കും. ഓരോ ഒഴിവ് നികത്തുമ്പോഴും പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉണ്ടായി എന്നുവരാം. ഗ്രാന്‍ഡ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) പാര്‍ട്ടിയുടെ വിദേശനയ സംവിധാനത്തിലെ പകുതി നേതാക്കകളും ട്രംപ് നോമിനിയായതിനുശേഷവും പരസ്യമായി അദ്ദേഹത്തെ എതിര്‍ത്തു. ഇവരില്‍ സിഐഎയില്‍ ഉണ്ടായിരുന്നവരും യുഎന്‍ അംബാസിഡറായിരുന്നവരും ഉണ്ട്. ഇവരില്‍ ചിലര്‍ തങ്ങളുടെ പഴയ നിലപാടുകള്‍ മാറ്റി ട്രംപിന് കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ തയാറായാലും ട്രംപ് ഇവരെ സ്വീകരിച്ചേക്കില്ല.

2000ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായപ്പോള്‍ വൈറ്റ് ഹൗസിന്റെ അന്തസും അഭിമാനവും തിരിച്ചുകൊണ്ടു വരുമെന്ന് പറഞ്ഞു. ഇംപീച്ച്‌മെന്റ് വരെയെത്തിയ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭരണവും ലൈംഗിക ആരോപണങ്ങളുമാണ് ബുഷ് ജൂനിയര്‍ പരോക്ഷമായി പരാമര്‍ശിച്ചത്. പ്രസിഡന്റായിരിക്കുമ്പോള്‍ ബുഷ് ജൂനിയര്‍ ഓവല്‍ ഓഫീസില്‍ കോട്ട്, ടൈ ഡ്രഗ് കോഡ് നിര്‍ബന്ധമാക്കി. ട്രംപ് ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമായി മാറുമോ വൈറ്റ് ഹൗസില്‍ മൈക്രോ മാനേജ്‌മെന്റ് നടപ്പിലാക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ട്രംപിന്റെ കാമ്പെയിന്‍ മാനേജരായിരുന്ന കെല്ലി ആന്‍ കോണ്‍വേയ്ക്ക് ഒരു ഉന്നത പദവി ലഭിക്കുമെന്ന് പലരും കരുതുന്നു. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് കോണ്‍വേ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക