Image

ഒരു പിറന്നാള്‍ ദിനത്തിന്റെ ഓര്‍മ്മയ്ക്ക് (ശ്രീപാര്‍വതി)

Published on 15 November, 2016
ഒരു പിറന്നാള്‍ ദിനത്തിന്റെ ഓര്‍മ്മയ്ക്ക് (ശ്രീപാര്‍വതി)
മലയാളിയുടെ ഗൃഹാതുരതയുടെ ശബ്ദമാണ് അഞ്ഞൂറാന്റെത്. ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും തെമ്മാടിത്തരത്തിന്റെയും കണക്കെടുത്തു കൊണ്ട് വര്‍ഷങ്ങള്‍ അവരെ സ്വന്തമാക്കി ജീവിച്ച ധിക്കാരിയായ ഒരു അച്ഛന്റെ കഥ. ആദ്യമായി കാണുമ്പോള്‍ എല്‍ പി സ്കൂള്‍ ക്ലാസ് ദിവസങ്ങളിലൊന്നിലെ ഞായറാഴ്ചയാണെന്നാണ് ഓര്‍മ്മ. അക്കാലത്ത് സ്ഥിരമായി ഇറങ്ങിയിരുന്നു മുകേഷ്ജഗദീഷ് കൂട്ട് കെട്ടിന്റെ സിനിമ എന്നതിനപ്പുറം അഞ്ഞൂറാന്‍ എന്ന കഥാപാത്രം സിനിമയുടെ പരസ്യങ്ങള്‍ക്കിടയില്‍ മനസ്സില്‍ മുഴച്ചു നിന്നെയുണ്ടായിരുന്നില്ല. പക്ഷെ കണ്ടവസാനിച്ചപ്പോള്‍ കരച്ചിലിന്റെ അവസാനത്തെ തുള്ളിയില്‍ കണ്ടെത്തിയത് വിറയ്ക്കുന്ന അഞ്ഞൂറാന്റെ അവസാന വാചകമായിരുന്നു... "കേറി വരിനെടാ പിള്ളേരെ..." . കാരണം അന്നും ഇന്നും സിനിമ കണ്ടു കണ്ണ് നിറയ്ക്കുന്ന ഒരു തനി ദുര്‍ബലമായ ഹൃദയത്തിന്റെ ഉടമ മാത്രമായിരുന്നല്ലോ...

25 വര്‍ഷം ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്. അതിനിടയില്‍ എത്ര തവണ വീണ്ടും ഗോഡ് ഫാദര്‍ കണ്ടിരുന്നു. ഓരോ തവണ കാണുമ്പോഴും അവസാന വാചകങ്ങളും ഇടയ്ക്കിടക്കെ മാലപ്പടക്കം പോലെ കത്തിയമരുന്ന തമാശകളും എന്നും നെഞ്ചില്‍ തട്ടി വീണുടഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിലും പല നന്മകളും ബന്ധങ്ങളുടെ നൂല്‍പ്പിണക്കങ്ങളും പുതിയ പ്രണയത്തിന്റെ വഴികളുമൊക്കെ ആലോചനകളില്‍ നിറഞ്ഞു കൊണ്ടേയിരുന്നു.

"പൂക്കാലം വന്നു പൂക്കാലം...
തേനുണ്ടോ തുള്ളി തേനുണ്ടോ...
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ...
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ..."
ഓരോ പൂക്കാലവും ഓരോ പാട്ടുകള്‍ കൊണ്ടാണ് വരുന്നതെന്നാണ് പോലെ തന്നെയാണ് ആ പാട്ടും ഒഴുകി വന്നത്. ആ പാട്ടിനിടയില്‍ ഒരിഷ്ടം എന്നും ഒളിപ്പിച്ചിരുന്നു. ഹൈസ്കൂളിലെ ഏകാന്ത സങ്കടങ്ങളില്‍ പാട്ടു കേള്‍ക്കുന്ന മോഹത്തിനൊപ്പം തൊട്ടടുത്ത വീട്ടിലെ ചേട്ടന്‍ കൊണ്ട് തന്ന 14 പാട്ടുകളുടെ കാസറ്റ് പകുതി പൊട്ടിയ ടേപ്പ് റിക്കോര്‍ഡറില്‍ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ പാട്ടിന്റെ സുഖങ്ങളിലേക്കാണ് ഇറങ്ങി നടക്കാന്‍ തോന്നിയത്.
"പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവള തന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാന്‍ കിടക്ക തീര്‍ക്കും
താലോലമാലോലമാടാന്‍ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി "
ഒരിക്കല്‍ സ്കൂള്‍ ക്ലാസ്സിലെ വെള്ളിയാഴ്ച അവസാന പീരീഡില്‍ ക്ലാസ്സില്‍ പാട്ടു പാടുമ്പോള്‍ തെല്ലും ആത്മവിശ്വാസം തോന്നിയില്ല, എങ്കിലും പാട്ടിന്റെ ഓരത്ത് ചേര്‍ന്നിരിക്കുമ്പോള്‍ അകലെയിരുന്നു രണ്ടു കണ്ണുകള്‍ നീണ്ടു വരുന്നു. എന്റെ പാട്ടില്‍ ഇടിച്ചു അത് തകര്‍ന്നു വീഴുന്നു... തെല്ലു നേരം താഴ്ത്തിയ കണ്ണുകള്‍ക്കൊടുവില്‍ വീണ്ടും പാട്ടിന്റെ ഊര്‍ജമെടുത്ത് ആടിയുലഞ്ഞെത്തുന്നു. പാട്ടുകളുടെ വരികള്‍ തെറ്റുന്നത് പോലെ... അനുഭവങ്ങള്‍ ഹൃദയം തൊടുന്നതെങ്കില്‍ അതെങ്ങനെ മറക്കാന്‍...

എത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോഡ് ഫാദര്‍ എന്ന സിനിമ ഓര്‍മ്മിക്കപ്പെടുന്നത് ചില മുഖങ്ങള്‍ കൂടിയാണ്. അഞ്ഞൂറാനൊപ്പം ചേര്‍ക്കപ്പെട്ട ആനപ്പാറയില്‍ അച്ഛമ്മ. പെണ്‍ ശബ്ദത്തിന്റെ ഫെമിനിസ്റ്റ് മുഖം. അത് ഫെമിനിസമായിരുന്നില്ലാ എന്നും തറവാടിന്റെ അധികാരത്തിന്റെ പെണ്‍വാഴ്ചയുടെ നേര്‍വിളിയായിരുന്നെന്നും കണ്ടെത്തുമ്പോള്‍ ഇന്നത്തെ സിനിമകളില്‍ നഷ്ടപ്പെട്ടു പോയ അത്തരമൊരു മുഖം നഷ്ടബോധമായി ചുരുണ്ടു കൂടുന്നു. മാളുവിനെ അഭിനയിച്ച് പ്രതിഫലിച്ച കനകയെ ഓര്‍ക്കാന്‍ അല്ലെങ്കിലും അധികം സിനിമകളൊന്നുമില്ല. തടിച്ച ചുണ്ടുകളും വലിയ കണ്ണുകളുമായി അവര്‍ ധാര്‍ഷ്ട്യത്തിന്റെയും പ്രണയത്തിന്റെയും ദുഖത്തിന്റെയും രൂപമാകുമ്പോള്‍ പിന്നീട് അവരെ പറ്റി കേട്ട വാര്‍ത്തകളൊന്നും സത്യമാകരുതേ എന്ന ആഗ്രഹിച്ചിരുന്നു. അല്ലെന്നറിയുമ്പോള്‍ വീണ്ടും ആശ്വാസം കൊള്ളുന്നു . രാമഭദ്രന്റെ മാളുവിനെ അസുഖത്തിന്റെ നെരിപ്പോടില്‍ പുകയുന്നവളായി കാണാന്‍ വയ്യ.

തുടര്‍ച്ചയായി ഒരു തീയറ്ററില്‍ 400 ല്‍ അധികം ദിവസങ്ങള്‍ ഓടി ചരിത്രം സൃഷ്ടിച്ചെടുത്ത സിനിമയുടെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ..... ആഘോഷങ്ങള്‍ക്ക് വകുപ്പുണ്ട്. കാരണം രാമഭദ്രനും അഞ്ഞൂറാനും അച്ചമ്മയും കൊച്ചമ്മിണിയും മായിന്‍ കുട്ടിയുമൊക്കെ ഇപ്പോഴും താരങ്ങള്‍ ആയല്ല നമ്മളില്‍ പലരുമായി തന്നെ മനസ്സില്‍ ജീവിച്ചിരിക്കുന്നു.
ഒരു പിറന്നാള്‍ ദിനത്തിന്റെ ഓര്‍മ്മയ്ക്ക് (ശ്രീപാര്‍വതി)
Join WhatsApp News
Mushtaq Natekkal 2016-11-16 07:44:11
Thank You.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക