Image

രോഗക്കിടക്കയില്‍ നിന്നും, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പിള്ളച്ചേട്ടന്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 16 November, 2016
രോഗക്കിടക്കയില്‍ നിന്നും, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പിള്ളച്ചേട്ടന്‍ നാട്ടിലേയ്ക്ക് മടങ്ങി

കോബാര്‍: ഗുരുതരമായ രോഗങ്ങള്‍ മൂലം വലഞ്ഞപ്പോഴും സ്പോണ്‍സറുടെ നിസ്സഹരണം മൂലം നാട്ടിലേയ്ക്ക് മടങ്ങാനാകാതെ വലഞ്ഞ മലയാളി, നവയുഗം സാംസ്‌കാരിക വേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം സ്വദേശിയായ ശിവരാമന്‍ പിള്ള 1993 ലാണ്  സൗദിയില്‍ പ്രവാസിയായി എത്തുന്നത്.  ഇരുപത്തിമൂന്നു വര്‍ഷം ഒരേ സ്പോണ്‍സറുടെ കീഴില്‍ ലേബറായി ജോലി നോക്കി. പലപ്പോഴും മോശം അവസ്ഥകളെ നേരിടേണ്ടി വന്നപ്പോഴും, നാട്ടിലുള്ള കുടുംബത്തെ ഓര്‍ത്ത് ജോലിയില്‍ പിടിച്ചു നിന്നു. 

എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമായികൊണ്ടിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി നാട്ടില്‍ പോകാന്‍ സ്‌പോണ്‍സര്‍  ശിവരാമന്‍പിള്ളയെ അനുവദിച്ചിട്ടില്ല.  ആറു മാസമായി ശമ്പളം കിട്ടാതെയായി. ഒടുവില്‍ ശമ്പളത്തിന് വേണ്ടി തര്‍ക്കിച്ചപ്പോള്‍, 65 വയസ്സുള്ള പിള്ളച്ചേട്ടനെ താമസിക്കുന്ന സ്ഥലത്തു നിന്നും  സ്‌പോണ്‍സര്‍ ഇറക്കി വിട്ടു.

ജീവിതം വഴി മുട്ടിയ അവസ്ഥയില്‍, ശിവരാമന്‍ പിള്ള, ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. നവയുഗം കോബാര്‍ തുഗ്ബ യൂണിറ്റ് പിള്ളച്ചേട്ടന് അഭയം നല്‍കുകയും, സക്കീറിന്റെ സഹായത്തോടെ കോബാര്‍ ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ  പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസ് അസീസിയ കോടതിയിലേക്ക് മാറ്റി. അവിടെയും സ്‌പോണ്‍സര്‍ ഹാജരാകാത്ത അവസ്ഥ വന്നപ്പോള്‍, കേസ് ദമ്മാമിലെ ഹൈകോടതിയിലേക്ക് എത്തപ്പെട്ടു. ഇതിനിടെ സക്കീര്‍ ഹുസൈന് നാട്ടില്‍ പോകേണ്ടി വന്നതിനാല്‍, പിള്ളച്ചേട്ടന്റെ കേസിന്റെ ചുമതല നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബു കുമാര്‍ ഏറ്റെടുത്തു.

കേസ് നീണ്ടു പോകുന്നതിനിടയില്‍, പിള്ളച്ചേട്ടന് ഹൃദയാഘാതം ഉണ്ടായി. വിവരമറിഞ്ഞ് പെട്ടെന്ന് സ്ഥലത്ത്  എത്തിയ ഷിബു കുമാര്‍, അദ്ദേഹത്തെ കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ രക്ഷപ്പെട്ടെങ്കിലും, ഡോക്റ്റര്‍മാര്‍ പരിശോധിച്ചതില്‍ നിന്നും  പിള്ളച്ചേട്ടന്റെ കിഡ്‌നിയും തകരാറില്‍ ആണെന്നും, കൂടുതല്‍ ചികിത്സയ്ക്കായി നാട്ടില്‍ കൊണ്ട് പോകണമെന്നും വിധിയെഴുതി.

തുടര്‍ന്ന് ഷിബുകുമാര്‍ പിള്ളച്ചേട്ടന്റെ മെഡിക്കല്‍ രേഖകളും, ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റുമായി ദമ്മാം തര്‍ഹീലില്‍ പോയി, സാമൂഹ്യപ്രവര്‍ത്തകരായ നാസ് വക്കം, വെങ്കിടേഷ് എന്നിവരുടെ സഹായത്തോടെ  തര്‍ഹീല്‍ അധികാരികളോട് വിവരം പറഞ്ഞ്, പിള്ളച്ചേട്ടനെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കാര്യം ബോധ്യമായപ്പോള്‍  മനുഷ്വത്വമുള്ള തര്‍ഹീല്‍ അധികാരികള്‍, പിള്ളച്ചേട്ടന് എക്‌സിറ്റ് അടിച്ചു നല്‍കി.

പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ നല്‍കാത്തതിനാല്‍, ഷിബു കുമാര്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ പോകുകയും, എംബസ്സി അധികൃതരുടെ സഹായത്തോടെ പിള്ളച്ചേട്ടന് ഔട്ട്പാസ്സ് അടിച്ചു വാങ്ങുകയും ചെയ്തു. തുഗ്ബ നവയുഗം യൂണിറ്റ് പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ പിരിവെടുത്ത്  പിള്ളച്ചേട്ടന് വിമാന ടിക്കറ്റ് നല്‍കി. 

അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി,  തന്നെ സഹായിച്ച നവയുഗത്തിനും, എംബസ്സിയ്ക്കും, സൗദി  അധികാരികള്‍ക്കും, സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഒരായിരം നന്ദി പറഞ്ഞ്,  പിള്ളച്ചേട്ടന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ:  ശിവരാമന്‍ പിള്ളയ്ക്ക് ഷിബുകുമാര്‍ യാത്രാരേഖകള്‍ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മണിക്കുട്ടന്‍,  ലാലു ശക്തികുളങ്ങര, സതികുമാര്‍, പ്രഭാകരന്‍ എന്നിവര്‍ സമീപം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക