Image

ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാള ഭാഷയും ( ജി. പുത്തന്‍കുരിശ്)

Published on 17 November, 2016
ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാള ഭാഷയും ( ജി. പുത്തന്‍കുരിശ്)
മലയാള ഭാഷയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടെന്ന ആ ആചാര്യന്‍ മലയാള ഭാഷയുടെ നിറുകയില്‍ ഒരു കെടാവിളക്കായി കത്തി നില്ക്കുന്നു. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തില്‍ കാല് കുത്തിയിട്ട് നൂറ്റി എഴുപത്തിയെട്ട് വര്‍ഷമായിരിക്കുന്നു (നവംബര്‍ 1838). ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവന എന്താണെന്ന് ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയുന്നത് മലയാളം ഇംഗ്ലീഷ് ഭാഷാ നിഘണ്ടു എന്നായിരിക്കും. മലയാളത്തിലെ ആദ്യ നിഘണ്ടു എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ മലയാള ഭാഷയുടെ ആദ്യത്തെ അച്ചടിച്ച നിഘണ്ടു ബഞ്ചമിന്‍ ബയിലിയുടേതാണ്. 1846ല്‍ കോട്ടയത്ത് അച്ചടിച്ചു പ്രസിദ്ധീകരിച്ച ഈ നിഘണ്ടുവിന് പുറമെ മറ്റൊരു ദ്വിഭാഷ കൂടി ബയിലി 1849ല്‍ പ്രസിദ്ധീകരിച്ചു. മേല്പറഞ്ഞ നിഘണ്ടുകള്‍ക്കൊന്നും അവകാശപ്പെടാനാവാത്ത സ്ഥാനം മലയാള ഭാഷയുടെ ചരിത്രത്തില്‍ ഗുണ്ടര്‍ട്ട് നേടി. അതിലുപരി മലയാള ഭാഷയെ ഭാരതീയ ഭാഷകളില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ ഗുണ്ടര്‍ട്ടിന് തന്റെ മലയാളം ഇംഗ്ലീഷ് ഡിക്ഷനറിയില്‍ കൂടി സാധിച്ചു എന്നുള്ളതാണ്.

മലയാള ഭാഷയുടെ ചരിത്രം അന്വേഷിക്കുംതോറും ഗുണ്ടര്‍ട്ട് നിഘണ്ടുവിന്റെ പ്രസക്തി ഏറി വരുന്നു. 1872ല്‍ മംഗലാപുരം പതിപ്പിനു ശേഷം 90 വര്‍ഷം കഴിഞ്ഞാണ് എ. ന്‍. ബി. എസ് പതിപ്പ് അച്ചടിച്ചത്. 1972ല്‍ കോട്ടയത്ത് നിന്ന് മറ്റൊരു പതിപ്പുായി. 1982ല്‍ തിരുവനന്തപുരത്ത് മറ്റൊരു പതിപ്പുായി. 1970ല്‍ ജര്‍മനിയിലെ ഓഡനാം ബൂക്കില്‍ ഒരു വാല്യമായി മറ്റൊരു പതിപ്പ് അച്ചടിച്ചു. അച്ചടിയുടെ സങ്കേതിക മേന്മകൊണ്ട് ശ്രദ്ധേയമാണ് ജര്‍മ്മന്‍ പതിപ്പ്. മരിക്കുന്നതിന് രണ്ടോ മൂന്നോ വര്‍ഷം മുമ്പുവരെ, അതായത് നിഘണ്ടു പ്രസിദ്ധീകരിച്ച് പതിനെട്ട് വര്‍ഷത്തിന് ശേഷവും ഗുണ്ടര്‍ട്ട് മലയാള നിഘണ്ടുവിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി യത്‌നിക്കുകയായിരുന്നു.

1986ല്‍ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥശേഖരം കണ്ടെത്തിയതോടെ അദ്ദേഹം ഉപയോഗിച്ച അനേകം ഗ്രന്ഥങ്ങള്‍ ഗവേഷകരുടെ ദൃഷ്ടി പഥത്തിലായി. 1991ല്‍ കാല്‍വിലെ സ്റ്റയിന്‍ ഹൗസില്‍ നിന്ന് പതിനാറ് താളിയോലക്കെട്ടുകള്‍ കൂടി ലഭിച്ചു. മഹാഭാരതം, പഞ്ചതന്ത്രം തുടങ്ങിയവയുടെ ഒന്നിലേറെ പതിപ്പുകള്‍ ഗുര്‍ട്ടിന്റെ കൈവശത്തിലുണ്ടായിരുന്നു ഗുണ്ടര്‍ട്ട് ഉപയോഗിച്ച അച്ചടി ഗ്രന്ഥങ്ങളില്‍ സിംഹഭാഗവും ട്യൂബിങ്ങനില്‍ തന്നെയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അച്ചടിച്ച ഗ്രന്ഥങ്ങളെല്ലാം ട്യൂബിങ്ങിനിലുണ്ട്.

ഗുണ്ടര്‍ട്ടിന് വളരെ ഏറെ പ്രയോജനപ്പെട്ട തലശ്ശേരി രേഖകളും ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടിയിരിക്കുന്നു. ഗുണ്ടര്‍ട്ടിന്റെ കാഴ്ചപ്പാടില്‍ ഉത്തമ മലയാള ഗദ്യ മാതൃകകളാണ് തലശ്ശേരി രേഖകള്‍. മലയാള ഭാഷയിലെ മലബാര്‍ തനിമ കത്തൊന്‍ ഈ രേഖകള്‍ അദ്ദേഹത്തിന് ഉപകരിച്ചു. സാമൂഹ്യ രാഷ്ട്രീയ ജീവിതം, സംസ്കാര പാരമ്പര്യങ്ങള്‍, നാടോടിപ്പഴമകള്‍ എന്നിങ്ങനെ മലബാറിനെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ നിഘണ്ടുവിലേക്ക് കടന്നു വന്നത് ഈ കൈയെഴുത്തുകളിലൂടെയാണ്.

ഇന്നത്തെ നിലയില്‍ നോക്കിയാല്‍ മറ്റു പല കാരണങ്ങളാലും ഈ രേഖാ സമുച്ചയം പ്രാധാന്യമര്‍ഹിക്കുന്നു. ബ്രിട്ടീഷുകാര്‍ ഉത്തരമലബാറില്‍ പിടിമുറുക്കിയ കാലത്തെ (1796 തുടങ്ങി 1800 വരെ) സാമൂഹിക രാഷ്ട്രീയ ബല പരീക്ഷകള്‍ കത്തിടപാടുകളുടെ രൂപത്തില്‍ ഇവിടെ ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് പഴശ്ശി സമരത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഇത് രത്‌നഖനിയാണ്. ഭരണഭാഷ എന്ന നിലയില്‍ മലയാളത്തിന് അക്കാലത്ത് മലബാറിലുണ്ടായിരുന്ന പ്രാപ്തി തലശ്ശേരി രേഖകള്‍ പ്രതിഫലിപ്പിക്കുന്നു. അയ്യായിരത്തോളം പേജില്‍ പന്ത്രണ്ട് വാല്യമായി ഗുണ്ടര്‍ട്ട് ശേഖരിച്ച് സൂക്ഷിച്ച ഈ കത്തിടപാടുകള്‍ നിഘണ്ടുവിന്റെ ആധികാരികത്വം വര്‍ദ്ധിപ്പിക്കുന്നു.

മലയാള ഭാഷയുടെ കരുത്തും വഴക്കങ്ങളും വെളിവാക്കുന്ന വ്യാകരണവും (1851) നിഘണ്ടുവും (1872) അദ്ദേഹം വിരചിച്ചു. കരുത്തുറ്റ ഈ ഭാഷാശാസ്ത്ര രചനകള്‍ ഭാരതീയ ഭാഷാ മണ്ഡലത്തിലെ മുന്‍ നിരയിലേക്ക് കൈരളിയെ കൈപിടിച്ചു കയറ്റി നിര്‍ത്തി. ഗുണ്ടര്‍ട്ടിന്റെ അമ്പതോളം മലയാള കൃതികളില്‍ കേരളോല്‍പ്പത്തി, കേരളപ്പഴമ, പഴഞ്ചൊല്‍ മാലകള്‍, ബൈബിള്‍ തുടങ്ങിയവ കാലംകൊണ്ട് നിറം കെടാത്തവയാണ്.

കേരളത്തിലെ രാജസദസ്സുകള്‍ മുതല്‍ പണിശാലകള്‍ വരെ കയറി ഇറങ്ങി നടന്ന് ഗുണ്ടര്‍ട്ട് ശേഖരിച്ച മലയാളകൃതികള്‍ ഗവേഷകര്‍ക്ക് നിധികുംഭമാണ്. ജര്‍മനിയിലെ ബാദല്‍വ്യൂട്ടന്‍ ബര്‍ഗ് സ്ഥലത്ത് ജനിച്ച്, ഇരുപത്തി മൂന്ന് വര്‍ഷം (1836 തുടങ്ങി 1859 വരെ) ദക്ഷിണ ഭാരതത്തില്‍ ക്രിസ്തുമത പ്രചാരകനായി പ്രവര്‍ത്തിച്ച്, ഇതില്‍ ഇരുപതു വര്‍ഷം തലശ്ശേരി, ചിറയ്ക്കല്‍ എന്നിവടങ്ങളില്‍ താമസിച്ച് മലയാള ഭാഷയെ ധന്യമാക്കിയ ഈ ആചാര്യനെ, മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഏതു മലയാളിക്ക് വിസ്മരിക്കാന്‍ കഴിയും. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്നു പഠിപ്പിച്ച ക്രിസ്തു ദേവന്റെ സുവിശേഷവുമായി, ദേശവും സ്വന്തഭാഷയും വിട്ട് കേരളത്തില്‍ വന്ന്, അവിടുത്തെ ജനങ്ങളുടെ ഇടയില്‍ താമസിച്ച് അവരെ സ്‌നേഹിച്ച് അവരുടെ ഭാഷയെ അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമിച്ച ഈ മനുഷ്യസ്‌നേഹിക്ക് ലഭിച്ച പ്രതിഫലം എന്നത് ആശാന്റെ കവിതയില്‍ ധ്വനിക്കുന്നതുപോലെ

തന്നെത്താന്‍ നിജചിന്തയില്‍ ബലികഴി
ച്ചാര്‍ജ്ജിച്ച നിക്ഷേപമി
ങ്ങന്യന്മാര്‍ പകരുന്ന കണ്ട് കൃതിയായ്
ത്തീരുന്നു വിദ്വാന്‍ സ്വയം.
ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാള ഭാഷയും ( ജി. പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക