Image

അമേരിയ്ക്കന്‍ നിശബ്ദവിപ്ലവവും അനധികൃത കുടിയേറ്റക്കാരുടെ ഭീതിയും (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 18 November, 2016
അമേരിയ്ക്കന്‍ നിശബ്ദവിപ്ലവവും അനധികൃത കുടിയേറ്റക്കാരുടെ ഭീതിയും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള വിസാ കിട്ടുമെന്നുള്ള പ്രതീക്ഷയോടുകൂടി 33,000 ത്തിലധികം വിലപ്പെട്ട ഈ മെയില്‍ രാജ്യരേഖകള്‍ മായിച്ചുകളഞ്ഞ പരാജിതയായ ഹിലരിക്ലിന്റനെ പിന്‍താങ്ങിയ രണ്ടുകോടിയിലധികമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര്‍ കഴിഞ്ഞ ബുധനാഴ്ച ഇലക്ഷന്‍ ഫലം അറിഞ്ഞു ഭയത്തോടുകൂടി ഞെട്ടിയുണര്‍ന്നു. അനധികൃത കുടിയേറ്റക്കാരുടെയും ഭീകരവാദികളുമായി ചങ്ങാത്തമുള്ള മുസ്ലീം മതസ്ഥരുടെയും അമേരിക്കന്‍ പ്രവേശനം ശക്തമായി തടയുമെന്നും നിയമവിരുദ്ധമായി ഇവിടെയുള്ള വിദേശികളെ തിരിച്ചു മാതൃരാജ്യത്തേയ്ക്ക് മടക്കി അയയ്ക്കുമെന്നുള്ള ഡൊണാര്‍ഡ് ട്രമ്പിന്റെ ഇലക്ഷന് മുന്‍പുള്ള വാഗ്ദാനം സമീപഭാവിയില്‍തന്നെ നടപ്പിലാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

    രഹസ്യമായി മനുഷ്യകടത്തു ഏജന്റിന് സകല സമ്പാദ്യങ്ങളും വിറ്റുകിട്ടിയ പണം നല്‍കി ഇരുളിന്റെ മറവില്‍ മരണത്തോട് മല്ലടിച്ചു അയല്‍ രാജ്യമായ മെക്‌സിക്കോയില്‍നിന്നുമാത്രം ഇവിടെ കുടിയേറിയ സ്ത്രീകളും കുട്ടികളും അടക്കം ഒരുകോടിയിലധികം ജനങ്ങളുടെ ഭാവി ഇപ്പോള്‍ അനിശ്ചിതമാണ്. മെക്‌സിക്കോ ഉള്‍പ്പെടാതെ ഇന്‍ഡ്യ അടക്കം മറ്റ് വിവിധ രാജ്യങ്ങളില്‍നിന്നും ഏകദേശം ഒരു കോടിയിലധികം മനുഷ്യജീവികള്‍ യാതൊരുരേഖയുമില്ലാതെ വിശാലമായ അമേരിയ്ക്കയുടെ വിവിധഭാഗങ്ങളില്‍ രഹസ്യമായോ പരസ്യമായ ദിനരാത്രങ്ങള്‍ തള്ളിവിടുന്നു. അനധികൃതരുടെ കൃത്യമായ ജനസംഖ്യാ ഗണനം നടത്തുക അസാദ്ധ്യമാണ്.

    അടുത്തവര്‍ഷം ജനുവരി മാസത്തില്‍ അമേരിക്കന്‍ ഭരണം ഏറ്റെടുക്കുന്ന ട്രംബിന്റെ ഭാവി പരിപാടികളിലെ മുഖ്യവിഷയം അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചുള്ളതായി അറിയപ്പെടുന്നു. നിരാശരായി ഈ പ്രതിസന്ധിഘട്ടത്തിലുള്ള രണ്ടുകോടിയിലധികമുള്ള ജനസമൂഹത്തിന് ആശ പകരുക അപ്രാപ്തമാണ്. ഭാര്യയും കുട്ടികളുമായി അനേക വര്‍ഷങ്ങളായി അമേരിക്കന്‍ ജീവിത ശൈലിയില്‍ ഇഴുകിച്ചേര്‍ന്നു ജീവിച്ച അനേക ലക്ഷങ്ങളുടെ ഭാവി തികച്ചും പരിതാപകരമാണ്. മുന്‍കാല നിയമനുസരണം ഇവിടെ ജനിച്ചകുട്ടികള്‍ക്ക് അമേരിക്കന്‍ പൗര ന്‍മാരായി ഈ മണ്ണില്‍തന്നെ കഴിഞ്ഞുകൂടാം. കുട്ടികളെ ഉപേക്ഷിച്ച് അമേരിക്കയോടു വിടവാങ്ങേണ്ട ശോചനീയമായ സാഹചര്യം ഉണ്ടാകുമന്ന് മതാപിതാക്കള്‍ ഭയപ്പെടുന്നു. ഇവിടെ ഉപേക്ഷിയ്ക്കപ്പെട്ട കുട്ടികളുടെ പരിരക്ഷണം ആര് നിര്‍വ്വഹിക്കും? കുട്ടികളെ ഏറ്റെടുക്കുന്ന അനാഥാലയങ്ങളോ സംഘടനകളോ സാമാന്യം ഭേദപ്പെട്ട ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി ഈ കുട്ടികളെ പുലര്‍ത്തുമോ? കുട്ടികളെ ദത്തെടുക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ആയിരിയ്ക്കുമോ? ആശ്വാസം ഇല്ലാത്ത ആയിരമായിരം ചിതറിയ ചിന്തകള്‍ ബലഹീനരായ കുടിയേറ്റക്കാരെ മിന്നല്‍പിണറുപോലെ അനുദിനം അലട്ടുകയാണ്. അമേരിയ്ക്കയില്‍നിന്നും മടങ്ങി മാതൃരാജ്യത്തിലെത്തുന്ന ഹതഭാഗ്യരായ ഈ സാധു സമൂഹത്തിന് യാതൊരുവിധ അംഗീകാരവും ജനിച്ച മണ്ണില്‍നിന്നും ലഭിയ്ക്കുകയില്ല. സ്വന്തമെന്നു കരുതിയ കൂട്ടുകാരും പരിഹാസപുഞ്ചിരിയോടെ വിടപറയും.

    ദിനപത്രങ്ങളും വാര്‍ത്താ ചാനലുകളും സത്യസംബന്ധമായ പൊതുജനാഭിപ്രായ പോള്‍ഫലം പ്രഖ്യാപിച്ചില്ല. മാദ്ധ്യമശൃംഖല ഹിലരി ക്ലിന്റന് അനുകൂലമായ, വാസ്തവ വിരുദ്ധ പ്രസ്താവന നടത്തിയതുമൂലം ഒരു വിഭാഗം ഹിലരി അനുകൂലികള്‍ സ്വന്തം വോട്ടു ലഭിച്ചില്ലെങ്കിലും ഹിലരി തന്നെ ജയിക്കുമെന്ന മിഥ്യാബോധത്തോടെ പോളിംങ് ബൂത്തില്‍ പോകാതെ ജോലിക്കുപോകയോ, മദ്യപിച്ചു മയങ്ങുകയോ ചെയ്തു. അപ്രതീക്ഷിതമായി ഇരുപാര്‍ട്ടിയിലുമുള്ള അമേരിക്കന്‍ വെളുത്ത വര്‍ഗ്ഗക്കാര്‍, മുഖ്യമായും സ്ത്രീകള്‍, ഹിലരിക്ലിന്റന്റെ രാഷ്ട്രീയ നയത്തെ വെറുത്തു ഡോണാഡ് ട്രംബിന് വോട്ട് ചെയ്തു.

    അമേരിക്കന്‍ നഗര ജീവിതം കഴിഞ്ഞ പത്തുവര്‍ഷക്കാലംകൊണ്ട് തികച്ചും സുരക്ഷിത രഹിതമായി. അഴിമതിയും അക്രമവും അത്യധികമായി വര്‍ദ്ധിച്ചു. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയുള്ള ഭീകരകൃത്യങ്ങള്‍ അനിയന്ത്രിതമായി. മയക്കുമരുന്നുകള്‍ സുലഭമായി ഇവിടേയ്ക്ക് എത്തിയ്ക്കുന്നത് തൊഴില്‍രഹിതരായ അനധികൃത കുടിയേറ്റക്കാരാണന്ന് തെറ്റായോ ശരിയായോ പലരും കരുതുന്നു. ട്രംബിന്റെ ഇലക്ഷന് മുന്‍പുള്ള പ്രഖ്യാപനങ്ങള്‍ ക്രമേണ നടപ്പിലാക്കി ഒരു നിശബ്ദ വിപ്ലവം അമേരിക്കന്‍ ജീവിതചരിതയില്‍ ഉണ്ടാകുമെന്നു ഇരുപാര്‍ട്ടി വിശ്വാസികളും അല്പമായെങ്കിലും ഇപ്പോള്‍ കരുതുന്നു.

    13 വയസ്സുള്ള മകളും നാലും രണ്ടും വയസ്സുള്ള ആണ്‍കുട്ടികളുടെ പിതാവായ ജാവേര്‍ ഫ്‌ളോറസും ഭാര്യ അല്‍മ സന്‍ജേസും 19 വര്‍ഷം മുന്‍പ് മെക്‌സിക്കോയില്‍നിന്നും യാതൊരു രേഖയും ഇല്ലാതെ ഫിലാഡല്‍ഫിയായില്‍ എത്തി. ഇവിടെ ജനിച്ച ഇവരുടെ കുട്ടികള്‍ അമേരിക്കന്‍ പൗരന്‍മാരും മാതാപിതാക്കള്‍ അനധികൃത അമേരിക്കന്‍ വാസികളും. ജാവിയറിനെ കുട്ടികളുടെ മുന്‍പില്‍വെച്ച് 2015-ല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും തുടര്‍ന്ന് മെക്‌സിക്കോയിലേക്ക് ഡിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഒളിവില്‍ ജിവിച്ചു സ്വന്തം കുട്ടികളെ പോറ്റുന്ന ഭാര്യയേയും കുട്ടികളേയും വേര്‍പിഞ്ഞ വിരഹദുഃഖംമൂലം ജാവിയര്‍ വീണ്ടും അനേകം കടമ്പകള്‍ കടന്നു ഫിലാഡല്‍ഫിയായില്‍ എത്തി ആര്‍ച്ചു സ്ട്രീറ്റിലുള്ള യുണൈറ്റഡ് മെതോഡിസ്റ്റ്  പള്ളിയുടെ  ബെയിസ്‌മെന്റില്‍ രഹസ്യജീവിതം ആരംഭിച്ചു. ജാവിയറിനേയും ഭാര്യ അല്‍മയേയും  കുട്ടികളോടൊപ്പം അമേരിക്കയില്‍തന്നെ ജീവിയ്ക്കുവാനുള്ള അനുമതി ലഭിക്കുവാന്‍ വേണ്ടി പല ഇമിഗ്രേഷന്‍ സപ്പോര്‍ട്ട് സംഘടനകളും പരസ്യമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്. ഡോണാര്‍ഡ് ട്രംബിന്റെ വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ കുടിയേറ്റ വിരുദ്ധ കോടാലി ഈ കുടുംബത്തെ ഛേദിയ്ക്കാതെ വിസാ നല്‍കുമെന്നുള്ള ശുഭാബ്ദി വിശ്വാസം പരിരക്ഷിക്കാം. നിയമത്തിന്റെ നിഷ്ഠൂരത ഈ 13 കാരിയേയും പൈതങ്ങളേയും നിര്‍ദ്ദനത്വത്തിലേയ്ക്ക് വലിച്ചെറിയാതിരിക്കട്ടെ.


അമേരിയ്ക്കന്‍ നിശബ്ദവിപ്ലവവും അനധികൃത കുടിയേറ്റക്കാരുടെ ഭീതിയും (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക