Image

ജാഗ്രത (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 19 November, 2016
ജാഗ്രത (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശി മറന്നീടുവാന്‍ വേഗം.

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതു ദീപം
അറച്ചറച്ചെന്തിനായ് നില്‍ക്കുന്നുറച്ചുനാം
വിളിച്ചോതുകൈക്യ സന്ദേശം.

നിവര്‍ന്നുനില്‍ക്കുക അതിവേഗമിനി നമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ മേലിലും
വിറച്ചുപോകില്ലെന്ന സത്യം.

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ,നെന്നാല്‍
മറിച്ചതേയസ്.ത്രം തൊടുക്കേണ്ടയിനി നമു
ക്കുടച്ചുവാര്‍ക്കാ,മേകലോകം.

തിരിച്ചെന്തു ലാഭമെന്നോര്‍ക്കാതെ തമ്മില്‍നാ
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചു ചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയരുവാ
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്
ത്തീരട്ടെ നരധര്‍മ്മ ശബ്ദം.
Join WhatsApp News
asharafabu7248@gmail.com 2016-11-27 03:22:34
സമകാലിക പ്രസക്തിയുളള വരികളാണ് . ....ആശംസകളോടെ അഷറഫ് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക