Image

കറന്‍സിയുടെ മൂല്യം (മുരളി തുമ്മാരുകുടി )

Published on 19 November, 2016
കറന്‍സിയുടെ മൂല്യം (മുരളി തുമ്മാരുകുടി )
ലോകത്തെ പല രാജ്യങ്ങളിലെ പെട്രോളിന്റെ വില താരതമ്യപ്പെടുത്തി, ഇന്ത്യയിലെ ഉയര്‍ന്ന വിലയെ കുറ്റപ്പെടുത്തി പലപ്പോഴും പോസ്റ്റുകള്‍ വരാറുണ്ടല്ലോ. പെട്രോളിന്റെ വില എന്നത് ഇന്ത്യയില്‍ സപ്പ്‌ലൈയും ഡിമാന്‍ഡും വച്ചോ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വച്ചോ മാത്രം തീരുമാനിക്കപ്പെടുന്ന ഒന്നല്ല, മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഒരു തീരുമാനത്തിന്റെ മേല്‍ ഉള്ളതാണെന്ന് ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു.

അതു പോലെ തന്നെ കറന്‍സിയുടെ മൂല്യത്തെപ്പറ്റിയും തെറ്റിദ്ധാരണകള്‍ ഉണ്ട്, പ്രധാനമായി രണ്ടെണ്ണം.

1. അമേരിക്കന്‍ ഡോളറിനെക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നല്ല സമ്പദ്വ്യവസ്ഥയുടെ സൂചനയാണ്. അതുപോലെ അമേരിക്കന്‍ ഡോളറിനെക്കാളും താഴ്ന്ന മൂല്യം ഉള്ളവ മോശമായ സമ്പദ്വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കറന്‍സിയെ ഗള്‍ഫ് നാടുകളിലെ കറന്‍സിയുമായി താരതമ്യം ചെയ്ത് പലപ്പോഴും ഇങ്ങനെ ആളുകള്‍ പറഞ്ഞു കാണാറുണ്ട്.

2. ഒരു രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം (അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച്) ഉയരുന്നത് ആ രാജ്യത്തിന് നല്ലതാണ്. ഇന്ത്യയിലെ രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഡോളറിനെ അപേക്ഷിച്ച് നാല്പതു രൂപ ആകും എന്നൊക്ക മേനി പറയുന്നതും സ്വപ്നം കാണുന്നതും അതുകൊണ്ടാണ്.

ഡോളറുമായി ഉള്ള താരതമ്യം എടുക്കാം. മധ്യേഷ്യയിലെ ഒരു രാജ്യമാണ് ജോര്‍ദ്ദാന്‍. അവിടുത്തെ ദിനാറിന്റെ വില യു എസ് ഡോളറിലും ഉയരെ ആണ്. 1.41 അമേരിക്കന്‍ ഡോളര്‍ കൊടുത്താലേ ഒരു ജോര്‍ദ്ദാന്‍ ദിനാര്‍ കിട്ടുകയുള്ളു. ലോക രാജ്യങ്ങളിലെ ജി ഡി പി വച്ച് എണ്‍പത്തി ഒന്‍പതാം സ്ഥാനം ആണ് ജോര്‍ദാന്. ആളോഹരി ജി ഡി പി അയ്യായിരം ഡോളറോളം വരും.

ഇനി ജപ്പാന്റെ കാര്യം എടുക്കാം. ലോകത്തെ ജി ഡി പി റാങ്കിങ്ങില്‍ മൂന്നാമതുള്ള രാജ്യമാണ് ജപ്പാന്‍. ആളോഹരി ജി ഡി പി നാല്പതിനായിരം ഡോളറോളം വരും. എന്നാല്‍ ഡോളറിനെ അപേക്ഷിച്ച് ജാപ്പനീസ് കറന്‍സി ആയ യെന്നിന്റെ വില ഏറെ കുറവാണ്. നൂറ്റിപ്പത്ത് യെന്‍ കൊടുത്താലേ ഒരു യു എസ് ഡോളര്‍ കിട്ടൂ. അപ്പോള്‍ നൂറ്റി അന്‍പത് യെന്‍ കൊടുത്താലേ ഒരു ജോര്‍ദ്ദാന്‍ ദിനാര്‍ കിട്ടൂ. അതുകൊണ്ട് മാത്രം ജോര്‍ദ്ദാനിലെ സമ്പദ്വ്യവസ്ഥ ജപ്പാനെക്കാളും ഉയര്‍ന്നതാകുന്നില്ലല്ലോ.

ഒരു അമേരിക്കന്‍ ഡോളറിന് മുപ്പതിനായിരം വേണ്ടി വരുന്ന ഇറാനിയന്‍ റിയാല്‍ തൊട്ട് മൂന്ന് അമേരിക്കന്‍ ഡോളര്‍ കൊടുത്താല്‍ കിട്ടുന്ന കുവൈറ്റ് ദിനാര്‍ വരെയുള്ള കറന്‍സികള്‍ ഉണ്ട്. ഈ കറന്‍സി വിലകള്‍ ഒന്നും ആ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശക്തിയോ സ്ഥിരതയോ രേഖപ്പെടുത്തുന്നില്ല. ഇറാന് വേണമെങ്കില്‍ അവരുടെ ഇപ്പോഴത്തെ റിയാല്‍ എല്ലാം പിന്‍വലിച്ച് കുവൈറ്റി ദിനാറിനെക്കാളും വിലയുള്ള പുതിയ കറന്‍സി ഇറക്കാം, തിരിച്ചും. അങ്ങനെ ചെയ്ത ചരിത്രങ്ങള്‍ അനവധിയുണ്ട്. ഇറാനില്‍ തന്നെ ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ടില്‍ അവിടുത്തെ കറന്‍സിയായിരുന്ന തൊമാനിനെ മാറ്റിയിട്ടാണ് റിയാല്‍ കൊണ്ടുവന്നത്. ഒരു തൊമാനിനു പത്തു റിയാല്‍ എന്നായിരുന്നു അന്നത്തെ വിനിമയ നിരക്ക്. (അതിശയം എന്താണെന്ന് വച്ചാല്‍ തൊമാന്‍ പോയി നൂറു വര്‍ഷം ആവാറായിട്ടും ഇറാന്‍കാര്‍ ഇപ്പോഴും സാധനങ്ങളുടെ വില പറയുന്നത് തൊമാനിലാണ്. ഇറാനില്‍ എത്തുന്ന സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാര്യം ആണിത്. നിലവിലില്ലാത്ത കറന്‍സി വച്ചിട്ടാണ് അവിടെ കച്ചവടമെല്ലാം).

രണ്ടാമത്തെ കാര്യം കറന്‍സിയുടെ മൂല്യം വര്‍ദ്ധിക്കുന്നതാണ് രാജ്യത്തിന് നല്ലത് എന്ന ചിന്തയാണ്. ഇതും ശരിയല്ല. ലോകത്ത് എവിടെ കുഴപ്പമുണ്ടായാലും മൂല്യം വര്‍ദ്ധിക്കുന്ന കറന്‍സിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലേത്. ഇവിടുത്തെ സെന്‍ട്രല്‍ ബാങ്കിന്റെ പ്രധാന തലവേദനയും ഇതാണ്. ഫ്രാങ്കിന്റെ മൂല്യം കൂടുമ്പോള്‍ സ്വിറ്റസര്‍ലാന്റില്‍ ഉണ്ടാക്കുന്ന ചോക്കലെറ്റിന്റെ വില മറ്റുള്ള രാജ്യങ്ങളില്‍ കൂടും, അപ്പോള്‍ ബെല്‍ജിയം ഉണ്ടാക്കുന്ന ചോക്കലേറ്റ് ആളുകള്‍ മേടിക്കാന്‍ തുടങ്ങും. സ്വിറ്റ്‌സര്‍ലാന്റില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് ചിലവ് കൂടും, അപ്പോള്‍ അവര്‍ ആസ്ട്രിയയിലേക്ക് പോകും. ഓരോ രാജ്യത്തിന്റെയും കയറ്റുമതിയും ഇറക്കുമതിയും അനുസരിച്ച് കറന്‍സിയുടെ വില കൂടുന്നതും കുറയുന്നതും ഗുണമായോ പാരയായോ വരാം. ഇന്ത്യയിലെ കറന്‍സിയുടെ വില ഡോളറിനെ അപേക്ഷിച്ച് നാല്പതാകുന്നതോ എണ്‍പതാകുന്നതോ ആണ് രാജ്യത്തിന് നല്ലത് ? എന്ന ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല.

അതുകൊണ്ടാണ് രണ്ടു ശ്രീ ഉള്ള ഒരാള്‍ നാല്പത് സ്വപ്നം കാണുമ്പോള്‍ ഒറ്റ ശ്രീ ഉള്ള രണ്ടാമന്‍ എണ്‍പത് മാനത്ത് കാണുന്നത്
കറന്‍സിയുടെ മൂല്യം (മുരളി തുമ്മാരുകുടി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക