Image

ഒക് ലന്‍ഡില്‍ മലയാളി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 19 November, 2016
ഒക് ലന്‍ഡില്‍ മലയാളി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി

   ഒക് ലന്‍ഡ്: ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഷോറിന് സമീപമുള്ള ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ മലയാളി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. ആല്‍ഡ്രിച്ച് വിജു എന്ന നാലുവയസുകാരനെയാണ് കളിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക് ലന്‍ഡിനു സമീപം നോര്‍ത്ത് ഷോറില്‍ താമസിക്കുന്ന ചാലക്കുടി വടക്കുംചേരി കുടുംബാംഗമായ വിജു –ജിഷ ദമ്പതികളുടെ മൂത്ത മകനാണ് ആല്‍ഡ്രിച്ച്. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 ന് ടക്കപുന അന്‍സാക് സ്ട്രീറ്റിലെ ഏയ്ഞ്ചല്‍സ് ചൈല്‍ഡ് കെയര്‍ സെന്ററിലായിരുന്നു അപകടം. സ്ഥാപനത്തിലെ ജീവനക്കാരാണ് ആദ്യം പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞ് നാലരയോടെയാണ് കുട്ടിയുടെ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയത്. കളിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 

സംഭവം അറിഞ്ഞയുടന്‍ രക്ഷിതാക്കള്‍ സ്ഥാപനത്തിനു പുറത്ത് തടിച്ചുകൂടി തങ്ങളുടെ കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. ആല്‍ഡ്രിച്ചിന് ഒരു ഇളയ സഹോദരി കൂടിയുണ്ട്. ആല്‍ഡ്രിച്ചിന്റെ നിര്യാണത്തില്‍ ഒക് ലന്‍ഡ് മലയാളി സമാജവും നോര്‍ത്ത് ഷോര്‍ മലയാളി അസോസിയേഷനും അനുശോചിച്ചു.

റിപ്പോര്‍ട്ട്: കെ.പി. ഷിബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക