Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും കൈകോര്‍ക്കുന്നു

Published on 19 November, 2016
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും കൈകോര്‍ക്കുന്നു

 ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അല്‍മായര്‍ക്ക് ദൈവശാസ്ത്രപഠനത്തിനായി തലശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസുമായി കൈകോര്‍ക്കുന്നു.

ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ തുടങ്ങുന്ന കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നവംബര്‍ 19ന് (ശനി) ഗ്ലോസ്റ്ററില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിക്കും. പ്രശസ്ത ബൈബിള്‍ പണ്ഡിതനും ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായ റവ. ഡോ. ജോസഫ് പാംബ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. 

രണ്ടുവര്‍ഷത്തെ ഡിപ്ലോമാ കോഴ്‌സ്, മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സ് (ബിഎ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/പിഡിസി), രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് (എംഎ ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത/ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിപ്ലോമ കോഴ്‌സിന് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചെയറിന്റെ അംഗീകാരവും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, കാനന്‍ നിയമം, ആരാധനക്രമം എന്നിവ പ്രധാന പഠന വിഷയങ്ങളാകുമ്പോള്‍ ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രൂ എന്നിവ ഐശ്ചികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും. 

പഠിതാക്കളുടെ സൗകര്യാര്‍ഥം ഓണ്‍ലൈനായി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കും. മാത്രവുമല്ല യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്ലാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ടെക്സ്റ്റ് ബുക്കുകളും ലഭ്യമായിരിക്കും. 

വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്. സഭയെക്കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. 

വിവരങ്ങള്‍ക്ക്: ഫാ. ജോയ് വയലില്‍ (കോഴ്‌സ് കോഓര്‍ഡിനേറ്റര്‍) 07846554152.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക