Image

ഫിഫ മ്യൂസിയം തുറന്ന് ഒരു വര്‍ഷം തികയും മുന്‍പേ അടച്ചുപൂട്ടുന്നു

Published on 19 November, 2016
ഫിഫ മ്യൂസിയം തുറന്ന് ഒരു വര്‍ഷം തികയും മുന്‍പേ അടച്ചുപൂട്ടുന്നു

  ബര്‍ലിന്‍: സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച് എട്ടു മാസം മുന്‍പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഫുട്‌ബോള്‍ മ്യൂസിയം ഫിഫ അടച്ചുപൂട്ടുന്നു. ഫിഫയ്ക്ക് നഷ്ടം വരുത്തുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള തീരുമാനം.

മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പദ്ധതിയാണിത്. 2016 ല്‍ മ്യൂസിയം കാരണം 30 മില്യന്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ജനുവരിയില്‍ ചേരുന്ന യോഗത്തിലായിരിക്കും പൂട്ടാനുള്ള തീയതി തീരുമാനിക്കുക. പൂട്ടുമെന്ന കാര്യം ഉറപ്പാണെന്നും മ്യൂസിയം ഡയറക്ടര്‍ സ്‌റ്റെഫാന്‍ ജോസ്റ്റ്. ഇതു ജീവനക്കാരെ അറിയിച്ചു കഴിഞ്ഞതായും ഫിഫ വൃത്തങ്ങള്‍ പറയുന്നു. 105 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂവായിരം ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മ്യൂസിയം ലോകോത്തര രീതിയിലാണ് നിര്‍മിച്ചത്.

140 മില്യന്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച മ്യൂസിയം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നിങ്ങോട്ട് ഇന്‍ഫാന്റിനോ നടപ്പാക്കിവരുന്ന വ്യാപകമായ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗം കൂടിയാണ് മ്യൂസിയം അടച്ചുപൂട്ടലും.

മൂവായിരം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മ്യൂസിയത്തില്‍ പ്രതിമാസം ശരാശരി 11,000 സന്ദര്‍ശകരെത്തുന്നു. പ്രതീക്ഷിച്ചതിലും വളരെ കുറവാണിത്.1,30,000 മുതല്‍ 1,50,000 വരെ സന്ദര്‍ശകരെ പ്രതീക്ഷിച്ചെങ്കിലും ഫിഫ നിരാശപ്പെടേണ്ടി വന്നു ഇത്തരമൊരു വലിയ പ്രോജക്ടിലൂടെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക