Image

സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു

Published on 19 November, 2016
സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു

 ദോഹ: മൂന്നാമത് സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു. ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് സബീന എം. സാലിക്ക് കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയും ജൂറി അധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ് സമര്‍പ്പിച്ചു. അരലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ‘മയില്‍ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്’ എന്ന ചെറുകഥയാണ് സബീന എം. സാലിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ജിസിസി രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, യുഎഇ, സൗദി, കുവൈറ്റ്, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമായി 60 ചെറുകഥകളാണ് ലഭിച്ചത്.

പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ. ശ്രീരാമന്‍, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കെ.എ. മോഹന്‍ദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

2017 വര്‍ഷത്തേയ്ക്കുള്ള സംസ്‌കൃതി അംഗത്വ വിതരണം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗള്‍ഫ് അമേച്വര്‍ നാടകോത്സവത്തില്‍ സംസ്‌കൃതിയുടെ ‘കടല്‍ കാണുന്ന പാചകക്കാരന്‍’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച ദര്‍ശന രാജേഷിനെ ചടങ്ങില്‍ ആദരിച്ചു. സംസ്‌കൃതിയുടെ തീംസോംഗ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, പുരസ്‌കാരസമിതി കണ്‍വീനര്‍ ഇ.എം. സുധീര്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്‌കൃതിയുടെ കലാവിഭാഗം അണിയിച്ചൊരുക്കിയ ബഷീറിന്റെ ‘മുച്ചീട്ട് കളിക്കാരന്റെ മകള്‍’ എന്ന നാടകവും അരങ്ങേറി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക