Image

സാധാരണക്കാരുടെ നെഞ്ചത്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്: നവയുഗം

Published on 19 November, 2016
സാധാരണക്കാരുടെ നെഞ്ചത്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്: നവയുഗം

ദമ്മാം: കള്ളപ്പണത്തെ തടയാനെന്ന പേരില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടി, ഇന്ത്യയിലെ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വഴിമുട്ടിയ്ക്കുന്ന തുഗ്ലക്ക് പരിഷ്‌ക്കാരമായി മാറിയതായി നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്വിസ്സ് ബാങ്കുകളില്‍ തൊണ്ണൂറു ശതമാനം കള്ളപ്പണവും യാതൊരു കേടുമില്ലാതെ സൂക്ഷിയ്ക്കപ്പെടുമ്പോഴാണ്, തങ്ങള്‍ക്ക് ലഭിച്ച അത്തരം 65 കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും പരസ്യമായി പറയില്ല എന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത മോഡി സര്‍ക്കാര്‍, തങ്ങളുടെ കഴിവുകേട് മറച്ചു വെയ്ക്കാന്‍ സാധാരണജനങ്ങളുടെ നെഞ്ചിലേക്ക് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നത്. 5 ശതമാനം വരുന്ന കള്ളപ്പണക്കാരെ പിടിയ്ക്കാന്‍, തൊണ്ണൂറു ശതമാനം ജനങ്ങളെയും ബുദ്ധിമുട്ടിയ്ക്കുന്ന നടപടി ഒരിയ്ക്കലും, ജനങ്ങളെ സ്‌നേഹിയ്ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ബാങ്കുകളിലും എ.ടി.എമ്മുകളിലും യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ, പകരം സംവിധാനങ്ങള്‍ ഒരുക്കാതെ, ഇന്ത്യയിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന എണ്‍പത്തഞ്ചു ശതമാനം വരുന്ന 500,1000 രൂപയുടെ കറന്‍സിയും ഒരു അര്‍ദ്ധരാത്രി നിരോധിച്ച്, രാജ്യത്ത് ഒരു സാമ്പത്തികഅടിയന്തരാവസ്ഥ സൃഷ്ടിച്ച മോഡി സര്‍ക്കാരിന്റെ നിലപാട്, ജനാധിപത്യത്തോടുള്ള വെല്ലുവിളിയും, പാവപ്പെട്ട ജനങ്ങളോടുള്ള അവഗണനയും വെളിവാക്കുന്നു.

കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കകം നാല്‍പതോളം ഇന്ത്യക്കാരാണ് ഈ പരിഷ്‌കാരം മൂലം ക്യൂവില്‍ നിന്ന് കുഴഞ്ഞു വീണ് മരണമടഞ്ഞത്. നിത്യജീവിതചെലവുകളും, വിവാഹങ്ങളും, ആശുപത്രി ചികിത്സ ചിലവുകളും, നടത്താനാകാതെ മധ്യവര്‍ഗ്ഗക്കാര്‍ വലഞ്ഞപ്പോള്‍, നോട്ടുക്ഷാമം ദിവസക്കൂലിക്കാരുടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതായിരിയ്ക്കുകയാണ്. സമസ്ത ഉല്‍പ്പാദന, വ്യാപാര മേഖലകളും സ്തംഭിച്ചപ്പോള്‍, ഇന്ത്യന്‍ സാമ്പത്തികരംഗം തന്നെ തകരാന്‍ തുടങ്ങിയിരിയ്ക്കുന്നു. ആദ്യ ദിവസം മുതല്‍ ജനങ്ങള്‍ പണത്തിനായി നെട്ടോട്ടം ഓടുമ്പോള്‍, ഇതെല്ലാം പരിഹരിയ്ക്കേണ്ട പ്രധാനമന്ത്രിയാകട്ടെ, ജപ്പാനില്‍ വിനോദയാത്ര നടത്തി വീണ വായിയ്ക്കുകയായിരുന്നു.

മോഡിയുടെ സുഹൃത്തുക്കളായ അംബാനി, അഡാനി, വിജയ് മല്യ മുതലായ കോര്‍പ്പറേറ്റ് മുതലാളിമാര്‍ ഇന്ത്യന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കാനുള്ള 6 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിരിച്ചെടുക്കാന്‍ മടി കാണിയ്ക്കുന്ന സര്‍ക്കാരാണ്, കറന്‍സി നോട്ട് നിരോധിച്ച്, പാവപ്പെട്ടവനോട് ബാങ്കിന്റെ ക്യൂവില്‍ നിന്ന് കൈവിരലില്‍ മഷി പുരട്ടാന്‍ ആവശ്യപ്പെടുന്നത് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.

ഇന്ത്യയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കള്ളനോട്ടിന്റെയും, കള്ളപ്പണത്തിന്റെയും കണക്കു പറയുന്ന അധികൃതര്‍ക്ക്, 1000 രൂപയ്ക്ക് പകരം 2000 രൂപയുടെ കറന്‍സി ഇറക്കിയ നടപടിയുടെ പിന്നിലെ യുക്തി എന്തെന്ന് പോലും വിശദമാക്കാന്‍ കഴിയുന്നില്ല. എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ ഉള്ള സംവിധാനം പോലും ചെയ്യാതെയാണ് പുതിയ നോട്ടുകള്‍ ഇറക്കിയത് എന്നത് സര്‍ക്കാരിന്റെ കഴിവ്‌കേടിന്റെ തെളിവാണ്.

ഇതെല്ലാം പോരാഞ്ഞിട്ട്, തങ്ങള്‍ക്ക് വലിയ സ്വാധീനമില്ലാത്തതിനാല്‍ ബി.ജെ.പിയുടെ കേരളസംസ്ഥാനഘടകം, കേരള ജനതയുടെ ജീവനാഡിയായ സഹകരണപ്രസ്ഥാനത്തെ നശിപ്പിയ്ക്കാനായി ഗൂഡാലോചന നടത്തുകയാണ്.

പ്രവാസികളും ഈ തുഗ്ലക്ക് പരിഷ്‌കാരത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിയ്ക്കുകയാണ്. ബാങ്കിങ് രംഗം ആകെ നോട്ടുമാറ്റലിന്റെ പിറകെ ആയതിനാലും, സാമ്പത്തികരംഗത്തെ അനിശ്ചിതത്വവും മൂലം, പ്രവാസികളുടെ പണം അയയ്ക്കലും തടസ്സപ്പെട്ടിരിയ്ക്കുന്നു. യാത്ര ആവശ്യങ്ങള്‍ക്കും മറ്റുമായി 500, 1000 രൂപ നോട്ടുകള്‍ നാട്ടില്‍ നിന്നും കൂടെകൊണ്ടു പോന്ന പ്രവാസികള്‍, ആ കറന്‍സി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയോ, ഇന്ത്യന്‍ എംബസ്സി വഴിയോ അത്തരം കറന്‍സികള്‍ മാറ്റി വാങ്ങാനുള്ള ഒരു സംവിധാനവും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടില്ല.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയും, സാധാരണക്കാരന്റെ പണം കൊണ്ട് കോര്‍പറേറ്റുകള്‍ക്ക് ലോണ്‍ നല്‍കാനുള്ള രഹസ്യഅജണ്ട മനസ്സില്‍ വെച്ചുമാണ് മോഡി സര്‍ക്കാര്‍ ഈ തുഗ്ലക്ക് പരിഷ്‌കാരം ഏര്‍പ്പെടുത്തിയതെന്നും, ഇതിനെതിരെ ഇന്ത്യന്‍ ജനത ഒറ്റകെട്ടായി പ്രതികരിയ്‌ക്കേണ്ട സമയം അതിക്രമിച്ചു എന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക