Image

ദാമ്പത്യം പൂത്തുലയുന്ന വിധം (ശ്രീപാര്‍വതി)

Published on 20 November, 2016
 ദാമ്പത്യം പൂത്തുലയുന്ന വിധം (ശ്രീപാര്‍വതി)
വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് 10  മാസം..തങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രണയത്തിന്റെ ആദ്യ നാളുകളിൽ എത്ര രസായിരുന്നെന്നു അവൾക്ക് ഓർക്കാൻ കഴിയുന്നുണ്ട് . വീട്ടുകാരറിയാതെ മുറിയ്ക്കുള്ളിൽ അടച്ചിരുന്നു ഫോൺ വിളിക്കുമ്പോൾ കിട്ടുന്ന രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയായി അവൾ മാറിയിരുന്നു. ചാറ്റിൽ വരുന്ന ചൂടുള്ള വാക്കുകൾക്കിടയിൽ അവൾ എരിഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒടുവിലത്തെ പിറന്നാളിന് തൊട്ടു മുൻപുള്ള മാസം അവനോടൊപ്പം വീടിന്റെ പടിയിറങ്ങി. അച്ഛന്റെയോ അമ്മയുടേയോ മുഖത്ത് നോക്കാതെ, ഇറങ്ങിയിട്ട് പിന്തിരിഞ്ഞു നോക്കാതെ വീട്ടിൽ നിന്നുമിറങ്ങുമ്പോൾ ടെൻഷനുണ്ടായിരുന്നു. എന്തൊക്കെയോ മറന്നത് പോലെ, കയ്യിൽ കരുതിയ രണ്ടു ജോഡി വസ്ത്രങ്ങൾക്ക് എന്ത് ചെയ്യാനാകും എന്നെറിയില്ല, എങ്കിലും എടുക്കണമെന്ന് തോന്നി. ഒരുപാട് വസ്ത്രങ്ങൾ വാങ്ങാൻ അവനെ ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ. സ്വർണമൊന്നും ഇല്ലാത്തതുകൊണ്ട് കയ്യിലെടുക്കേണ്ടി വന്നില്ല, ഉള്ളത് കഴുത്തിലുണ്ട്. താലി മാല അവൻ വാങ്ങി വച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടുമുണ്ട്, താമസിക്കാൻ ഒരു വീടും. പടിയിറങ്ങുമ്പോൾ അമ്മയുടെ കണ്ണിലേക്ക് നോക്കാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വഴിയരികിൽ കാത്തിരുന്ന അവന്റെ കാറിലേക്ക് ചെന്ന് കയറുമ്പോൾ മനസ് നിറഞ്ഞിരിക്കുന്ന അവസ്ഥ അനുഭവിക്കുന്നു. 

കഴിഞ്ഞ പത്ത് മാസങ്ങൾക്കുള്ളിൽ എന്തൊക്കെ സംഭവിച്ചു ജീവിതത്തിൽ. വീട്ടിൽ നിന്നും ഇറങ്ങി വന്നതോർക്കുമ്പോൾ ചങ്കിലൊരു കരച്ചിൽ വന്നു വിങ്ങുന്നുണ്ട്. മാസികകളിലൊക്കെ വായിച്ചിട്ടേയുള്ളൂ ഹണിമൂണിന്റെ പുതുമ മാറുമ്പോൾ കറിവേപ്പിലകളാകുന്ന ദമ്പതിമാരെ കുറിച്ച്. എന്നാലും ഇത്ര പെട്ടെന്ന്.. അവൾക്ക് മനസിലായതേയില്ല. ഭക്ഷണത്തിനു രുചികൾ കുറയാൻ തുടങ്ങിയപ്പോൾ ആദ്യം ഓർത്തത് വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ രുചിക്കൂടുതലുകളെ കുറിച്ചാണ്. അന്നൊക്കെ എന്തും ഏതും പ്രശംസകൾ മാത്രമായിരുന്നു, അതെ വസ്തുക്കൾ ഇന്ന് വിമർശനത്തിന് കാരണമാകുന്നു. ബെഡ് റൂമിൽ പോലും തൊടാൻ മടിക്കുന്ന ഭർത്താവിന് മറ്റൊരു ബന്ധം ഇപ്പോഴേ തുടങ്ങിയോ എന്ന് പോലും സംശയിച്ച് പോകേണ്ടി വരുന്നു. കാരണം ഏതു നേരവും മൊബൈൽ കയ്യിലുണ്ട്, ഫെയ്‌സ്ബുക്ക്, വാട്സാപ്പ്... "എനിക്ക് മടുത്തു" അവൾ ഒടുവിൽ അവനോടു പറഞ്ഞു.

ഒന്നിച്ച് രണ്ടു പേർ ഒരേ ജീവിതത്തിലേയ്ക്ക് ചെന്ന് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഇരുപത്തിയൊന്ന് വയസ്സ് ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രായമേ അല്ല ഇന്നത്തെ കാലത്ത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ പലപ്പോഴും പലരും നേരിടുന്ന ബുദ്ധിമുട്ടുകൾ സമൂഹം അംഗീകരിക്കുന്ന ജീവിതത്തിലേയ്ക്ക് കടന്നു വരാറില്ലേ? തീർച്ചയായും ഉണ്ട്. ഒന്നിച്ച് ജീവിച്ചു തുടങ്ങുമ്പോൾ മാതാപിതാക്കൾ അനുവാദമില്ലാതെ മക്കളുടെ ജീവിതങ്ങളിലേയ്ക്ക് കടന്നു വരാതിരിക്കുക എന്ന മര്യാദ പോലെ തന്നെയാകാം, മാതാപിതാക്കളുടെ അനുവാദമില്ലാതെയുള്ള വിവാഹങ്ങളിലും. പക്ഷെ ആ മര്യാദ പൊതുവെ മിക്കവാറും ചെയ്യാറുമില്ല. മാതാപിതാക്കളുടെ ഇഷ്ടത്തോടെ അല്ല വിവാഹംകഴിച്ചതെങ്കിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും ദമ്പതികളുടെ ചുമലിൽ വച്ച് കെട്ടാൻ മാതാപിതാക്കൾ അനാവശ്യ ധൃതി കാണിക്കാറുണ്ട് താനും. 

മുകളിൽ സൂചിപ്പിച്ച ദമ്പതികളുടെ കഥകളിലേയ്ക്ക് അവർ കളഞ്ഞിട്ടു പോയ മാതാപിതാക്കൾ ഒരിക്കലും ഇറങ്ങി ചെന്നില്ല. എന്ത് ചെയ്യണമെന്ന ചോദ്യം പോലും ഇല്ലാതായി പോയ സമയം. പ്രണയം എന്നാൽ എന്തൊക്കെ ആയിരുന്നു എന്ന ചോദ്യം ജീവിതം ഇപ്പോൾ അവശേഷിപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഒന്നിനും ഉത്തരങ്ങൾ ലഭിക്കുന്നുമില്ല. പലരും പറയുന്നുണ്ട്, ഫെയ്‌സ്ബുക്കിൽ പ്രണയ കുറിപ്പുകൾ കാണുന്നുണ്ട്, എന്നാൽ തങ്ങൾക്കിടയിൽ നിന്നും പടിയിറങ്ങിപ്പോയ പ്രണയത്തെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല. 

പ്രണയം നഷ്ടമായി പോകുന്നതല്ല ഇത്തരക്കാർക്കിടയിലെ പ്രശ്നം. മറിച്ച് ഉള്ളിലുള്ളതിനെ തിരിച്ചറിയാൻ കഴിയാത്തതു തന്നെയാണ്. വിവാഹം കഴിഞ്ഞാൽ പിന്നെ വേണ്ടത് സീരിയസ് ആയ ജീവിതം മാത്രമാണെന്നും അവിടെ പ്രണയത്തിനോ സമ്മാനങ്ങൾക്കോ ഒന്നും പ്രസക്തിയില്ലെന്ന് വിശ്വസിയ്ക്കുകയും ചെയ്യുന്ന ഓൾഡ് ജനറേഷൻ ജീവിതം അല്ല ഇന്നത്തെ തലമുറ നയിക്കേണ്ടത്. പരസ്പരം ജോലി ചെയ്തും ഒന്നിച്ച് കുടുംബഭാരം ഉൾക്കൊണ്ടും മുന്നോട്ടു നടക്കുമ്പോൾ പരസ്പരമുള്ള സമാശ്വസിപ്പിക്കൽ ജീവിതത്തെ കൂടുതൽ ആധുനീകരിക്കും. ആദ്യം ജോലി കഴിഞ്ഞു വരുന്നവർക്ക് തീർച്ചയായും രണ്ടാമത് വരുന്നയാളിനെ സ്നേഹത്തോടെ തന്നെ സ്വീകരിക്കാനുള്ള മനസുണ്ടാക്കിയെടുക്കാം. ദാമ്പത്യത്തിൽ ആയാലും പ്രണയത്തിൽ ആണെങ്കിലുംസ്നേഹം നിലനിൽക്കണമെങ്കിൽ ആദ്യമുണ്ടാകേണ്ടത് പരസ്പരമുള്ള ബഹുമാനം നിലനിർത്തുക എന്നത് തന്നെയാണ്. പങ്കാളി ചെയ്യുന്ന കാര്യങ്ങളിൽ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ മികച്ച കാര്യങ്ങളെ പ്രത്യേകം കണ്ടത്തി അഭിനന്ദിയ്ക്കാൻ കഴിയുന്നതോടെ ബഹുമാനം പങ്കാളി അറിഞ്ഞു തുടങ്ങും. കൊടുത്താലേ കിട്ടൂ എന്ന് പറയുന്നത് പോലെ, പരസ്പരം കൊടുത്തും വാങ്ങിയും ബഹുമാനവും സ്നേഹവും പങ്കിടാം. ദാമ്പത്യത്തിൽ ആനന്ദം നിലനിർത്താൻ വേണ്ട മറ്റൊരു അത്യാവശ്യ ഘടകം പുതുമയാണ്. അത് കിടപ്പറയിൽ മാത്രമല്ല പോരോ നിമിഷവും ജീവിതത്തിൽ കൊണ്ട് വരാൻ കഴിയണം. ഒരു ടേബിളിന്റെ വിരി മാറ്റിയിടുന്നതിൽ പോലും ചിലപ്പോൾ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞേക്കാം. പുതുമയുള്ള കാഴ്ചകൾ ജീവിതത്തെയും പുതിയതാക്കും . 

പരസ്പരം എല്ലാം തുറന്നു സംസാരിച്ച ഒരു രാത്രിയിൽ അവർ ഇരുവരും തെറ്റുകൾ പരസ്പരം തിരിച്ചറിഞ്ഞു. തൊട്ടതിനും പിടിച്ചതിനും ദേഷ്യം വരുന്ന തന്റെ സ്വഭാവം അവൾക്ക് അയാൾ പറഞ്ഞപ്പോൾ മാത്രമാണ് മനസിലായത്. ആശയവിനിമയത്തിനുള്ള വേദി തുറന്ന് ലഭിച്ചതോടെ മാസങ്ങളുടെ അകൽച്ച കുറഞ്ഞു അവർ വീണ്ടും പ്രണയം പങ്കിട്ടു തുടങ്ങി. ആശയവിനിമയം നടന്നാൽ തീരാവുന്ന പ്രശ്നങ്ങളിലേക്കാണ് തങ്ങൾ സങ്കടങ്ങൾ പരസ്പരം ഈഗോ ആക്കി സൂക്ഷിച്ചു മിണ്ടാതിരുന്നതെന്നറിഞ്ഞതോടെ, തുറന്നു സംസാരിയ്ക്കാൻ ഒരാൾ അവരുടെ ഈഗോ ഉപേക്ഷിച്ചതോടെ വഴികൾ തുറന്നു. വീണ്ടും പ്രണയം പൂത്തു. ജീവിതം ഇങ്ങനെയൊക്കെയാണെന്നു ഇപ്പൊ അവർ ഇരുവരും ഒന്നിച്ചിരുന്നു പറയുന്നു. മൊബൈലിൽ ചിലവഴിക്കുന്ന സമയം കൂടി പരസ്പരം സംസാരിയ്ക്കാനും ഒന്നിച്ചിരിയ്ക്കാനുമാണ് ഇരുവരും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക