Image

സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലും, പുതിയ ലോകവ്യവസ്ഥയും

മനോഹര്‍ തോമസ് Published on 20 November, 2016
സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലും, പുതിയ ലോകവ്യവസ്ഥയും
മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം നിലനില്‍ക്കുന്നിടത്തോളം കാലം ഈ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇത് നൂറ്റാണ്ടുകളായി തുടരുന്ന ഒരു പ്രതിഭാസമാണ്. അമേരിക്ക എന്ന വാഗ്ദത്ത ഭൂമികയിലേക്ക്  ആളുകള്‍ കുടിയേറാന്‍ തുടങ്ങിയിട്ട്  ഇരുനൂറ്റിച്ചില്ലാന്‍വര്‍ഷങ്ങളെ ആയിട്ടുള്ളു. മലയാളികളും ഏതാണ്ട് തുടക്കത്തില്‍ തന്നെ ഇവിടെ എത്താന്‍ തുടങ്ങി. ഈയിടെ ആരോ പ്രസംഗിച്ചത് കേട്ടു ആദ്യത്തെ മലയാളി കുടിയേറ്റക്കാരി കൊച്ചിയില്‍ നിന്നാണെന്നും, പേര് മീര എന്നായിരുന്നു എന്നൊക്കെ. ഒക്ടോവിയ പാസ് എന്ന എഴുത്തുകാരന്‍ അതിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ കാര്യം വ്യക്തമായി.

                സര്‍ഗവേദി  ഈ വിഷയം എടുത്തതിനു കാരണം നമ്മുടെ രണ്ടാമത്തെയും, മൂന്നാമത്തെയും തലമുറ  ഈ സാംസ്‌കാരിക വ്യതിയാനങ്ങളുടെ തിരത്തള്ളലില്‍ അനുഭവിക്കുന്ന  വ്യക്തിപരവും, മാനസികവുമായ സമ്മര്‍ദങ്ങളെ ഒന്ന് വിലയിരുത്താന്‍ കൂടിയാണ്.
മതവും, രാഷ്ട്രിയവും ഒഴുവാക്കി തികഞ്ഞ സാമൂഹിക കാഴ്ചപ്പാടില്‍ മാത്രം ഈ വിഷയത്തെ കാണാന്‍ ശ്രമിക്കാം. കാലത്തിന്റെയും, ദേശത്തിന്റെയും മാറ്റങ്ങള്‍ക്ക് അധിഷ്ഠിതമായി സംസ്‌കാരത്തിന്റെ ഉറവകളും മാറിക്കൊണ്ടിരിക്കും .

                അമേരിക്കയെ ലോകം എന്നും ഒരുപാട് സാധ്യതകള്‍ ഉള്ള, പണവും, സമ്പത്തും വളരെ കുറച്ചുകാലം കൊണ്ട് ആര്‍ജിക്കാവുന്ന ഒരിടമായി കണക്കു കൂട്ടിയിരുന്നു. അത് ഒരു പരിധിവരെ ശരിയും ആയിരുന്നു. അങ്ങിനെ ഈ കുടിയേറ്റ മണ്ണ് ഒരു സ്വപ്ന ഭൂമിയായി മാറി. ഇന്നത്തെ
സാമ്പത്തിക  പരിതഃസ്ഥിതികള്‍  വിലയിരുത്തുമ്പോള്‍ മറ്റു പല രാജ്യങ്ങളും പുരോഗതിയിലേക്കു കുതിക്കുന്ന കാഴചയാണ് വ്യക്തമാകുന്നത്. അപ്പോള്‍ അമേരിക്ക എന്ന വാഗ്ദത്ത ഭൂമിയുടെ
പ്രഭാവം അല്പം കുറഞ്ഞോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

                 ലോകത്തിന്റെ പല ഭാഗത്തു നിന്നും വ്യത്യസ്ത  സംസ്‌കാരങ്ങള്‍ ഇവിടെ വന്നു അലിയുന്നു. കൊണ്ടുവരുന്ന സംസ്‌കാരങ്ങളുടെ വേരുകള്‍ പാടെ പിഴുതെറിയാന്‍ ആദ്യത്തെ തലമുറയ്ക്ക് കഴിഞ്ഞു എന്ന് വരില്ല. അപ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന സംസ്‌കാരവുമായി ഏറ്റുമുട്ടി, സമന്വയിച്ചു് നൂതനമായ ഒന്ന് ഉടലെടുക്കുന്നു. രണ്ടാം തലമുറ കൊണ്ടുവന്നതിനെ പൂര്‍ണമായി നിരാകരിക്കുകയോ അല്ലെങ്കില്‍ രണ്ടിന്റെയും ഇടയിലുള്ള പുതിയ ഒന്നിനെ വരവേല്‍ക്കുകയോ ചെയ്യും .

       പണ്ടൊക്കെ ഒരാള്‍ ഒരു രാജ്യത്ത് ജനിച്ചാല്‍, അവിടെ തന്നെ പഠിച്ചു അവിടെ തന്നെ ജോലി നോക്കി , അവിടെ തന്നെ ജീവിച്ചു മരിക്കുന്നു. ഇപ്പോള്‍ ലോകം ചെറുതായതിന്റെ പശ്ചാത്തലത്തില്‍  ജനനം, പഠനം, ജോലി, ജീവിതം, മരണം എല്ലാം എവിടെയെങ്കിലുമൊക്കെ ആകാം
എന്ന അവസ്ഥ വന്നു. അവിടെ ഒരു വ്യക്തി  ഒരു രാജ്യത്തിന്റെ പൗരന്‍ എന്നതിന് അതീതമായി ലോക പൗരന്റെ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. അവിടെ അവന്റെ നീതി ശാസ്ത്രങ്ങള്‍ മാറുന്നു. ശരി, തെറ്റുകള്‍ മാറുന്നു, പാപ ബോധങ്ങള്‍ മാറുന്നു. മാത്രമല്ല അവന്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ പ്രാപ്തനായ ഒരു ജീവിയായി മാറാന്‍ ഇടവരുന്നു .അതവനെ ഒരു പുതിയ ലോക വ്യവസ്ഥയുടെ വക്താവാക്കുന്നു.

        സുഗന്ധ ദ്രവ്യങ്ങള്‍ തേടി യവനനും,പേര്‍ഷ്യക്കാരും, ഇന്ത്യയിലേക്ക് വന്ന കാലം മുതല്‍ കുടിയേറ്റം ആവിര്‍ഭവിച്ചെന്നും, ഇത് കാലാകാലമായി തുടരുന്ന ഒരു പ്രതിഭാസമായതുകൊണ്ടു പഴയ നിയമം മുതല്‍ തുടങ്ങണമെന്നും ജോസ് ചെരിപുരം പറഞ്ഞു .

               ഇതൊരു ബ്രഹ്മാണ്ഡ വിഷയമാണെന്നും ,' ക്ലാഷ് ഓഫ് cultures ' ലോകം ഉണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്ന വിഷയമാണെന്നും രാജു തോമസ് വ്യക്തമാക്കി. ഇംഗ്ലീഷുകാര്‍ ആഫ്രിക്കക്കാരനെയും, സ്പാനിഷുകാരനെയും ഇംഗ്ലീഷ് പഠിപ്പിച്ചു ഒതുക്കാന്‍ ശ്രമിച്ചത് വിലപ്പോയില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു.

              മലയാളി എന്തും സ്വികരിക്കാന്‍ സന്മനസ്സുള്ള, ഈ പരിണാമത്തിന്റെ  പ്രസക്ത ഭാഗമാണെന്ന് കെ.കെ.ജോണ്‍സന്‍ പറഞ്ഞു. ഏതു നാട്ടില്‍ പോയാലും അവരുടെ സംസ്‌കാരം ഉള്‍കൊള്ളാന്‍ മടിയില്ലാത്ത മാനസിക അവസ്ഥയാണ് അവനുള്ളത്. ഗള്‍ഫില്‍ അതുണ്ടായിട്ടില്ലെങ്കിലും അമേരിക്ക ഒരു തുറന്ന പാത്രമായി കാണുന്നതാണ് ശരി. നമ്മുടെ രൂപം കൊണ്ടും, നിറം കൊണ്ടും എവിടെ പോയാലും, തലമുറകളോളം  നമ്മളെ ഇന്ത്യനായി മാത്രമേ തിരിച്ചറിയുകയുള്ളു

        ഒരു മനുഷ്യന്‍ അവനെ തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു വിത്താണ്. അടുത്ത തലമുറയെ ഉദ്ദേശിച്ചാണ് മാമ്മന്‍ മാത്യു അങ്ങിനെ പറഞ്ഞത്. പലപ്പോഴും നമുക്ക് നമ്മെ കൈമോശം വന്നു പോകുന്നു. ഗള്‍ഫില്‍ ഒരിക്കലും സംസ്‌കാരത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. അതിനു ഒരു കാരണം ഷെയിഖിന്റെ ആധിപത്യം  നിലനില്‍ക്കുന്നതുകൊണ്ടാണ്. കേരള സെന്റര്‍ വരെ തങ്ങളുടെ സ്വത്വ ബോധങ്ങളില്‍ നിന്ന് അകന്നു പോകുകയാണെന്ന് മാമ്മന്‍ പറഞ്ഞു. അതുകൊണ്ട് ഒരേ ഒരു പരിഹാരം
മാത്രമേ കാണാന്‍ കഴിയുന്നുള്ളു. ' വാതില്‍ കൊട്ടി അടച്ചു തന്റെ വിത്തുമായി രക്ഷപ്പെടുക'
               
              ഇ. എം .സ്റ്റീഫന് വേറിട്ടൊരു കാഴ്ചപ്പാടാണുള്ളത്. 'ലോകത്തില്‍ ഒരു  ഈശ്വരന്‍ മാത്രം ഉള്ളതുപോലെ, ഒരു സംസ്‌കാരമേ ഉള്ളു'  പിന്നെ കുറെ രീതികളുണ്ട്. അത് ലോകം മുഴുവന്‍ മാറിയും മറിഞ്ഞും കിടക്കുന്നു എന്ന് മാത്രം. 42  വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച പാഠം അത് മാത്രമാണ്.

        
         അടുത്ത സര്‍ഗ്ഗവേദിയില്‍ അവതരിപ്പിക്കുന്ന വിഷയം   ' കുടിയേറ്റ സംസ്‌കാരത്തില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ശരി തെറ്റുകള്‍'

സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലും, പുതിയ ലോകവ്യവസ്ഥയും
സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലും, പുതിയ ലോകവ്യവസ്ഥയും
സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലും, പുതിയ ലോകവ്യവസ്ഥയും
സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലും, പുതിയ ലോകവ്യവസ്ഥയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക