Image

ഭൂമി വില കുറയുമ്പോള്‍ (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 21 November, 2016
ഭൂമി വില കുറയുമ്പോള്‍ (മുരളി തുമ്മാരുകുടി)
കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിന്റ ഫലമായി ഇന്ത്യന്‍ രൂപയുടെ വില, സ്വര്‍ണ്ണത്തിന്റെ വില, സെന്‍സെക്‌സ് ഇതെല്ലാം കൂടുമോ കുറയുമോ എന്ന് ഞാന്‍ ഒരു ചോദ്യം ചോദിച്ചിരുന്നല്ലോ. അതിന് നൂറോളം പേര്‍ ഉത്തരം എഴുതി. ഉത്തരങ്ങള്‍ പ്രതീക്ഷിച്ച പോലെ തന്നെ വ്യത്യസ്തമാണ്. കുറച്ചു പേര്‍ രൂപയുടെ മൂല്യം കൂടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ അത്രയും പേര്‍ തന്നെ അത് കുറയുമെന്നും പ്രതീക്ഷിക്കുന്നു. മറ്റു കാര്യങ്ങളും അത് പോലെ തന്നെ.

എന്നാല്‍ നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്ന് എല്ലാ വിദഗ്ദ്ധന്‍മാരും സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്. സ്ഥലത്തിന്റെയും ഫ്‌ളാറ്റുകളുടെയും ഒക്കെ വില കുറയും, ഒരു പക്ഷെ ഇപ്പോഴത്തേതിന്റെ പകുതി പോലും ആകാം. കേരളത്തില്‍ സ്ഥലത്തിന്റെ വില യാതൊരു ന്യായീകരണവും ഇല്ലാതെ കൂടി വന്നിരിക്കയാണെന്നും, കേരളത്തിന്റെ അടുത്ത പടി വികസനത്തിന് ഉയര്‍ന്ന സ്ഥലവിലയും കാശെല്ലാം ഭൂമിയിലേക്കും കെട്ടിടത്തിലേക്കും പോകുന്നതും തടസ്സമാണെന്നും ഞാന്‍ മുന്പ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്ഥലത്തിന്റെ വില എല്ലാം എങ്ങനെയെങ്കിലും കുറക്കാന്‍ ശ്രമിക്കണം എന്നതായിരുന്നു എന്നും എന്റെ ലൈന്‍.

പക്ഷെ ഇപ്പോള്‍ സ്ഥലത്തിന്റെ വില കുറയുന്ന സാഹചര്യം വരുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുകയേ ഉള്ളൂ. കേരളത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്സ് തൊട്ടു താഴെക്കുള്ളവരുടെ നിക്ഷേപവും ഇന്‍ഷുറന്‍സും ഒക്കെ പ്രധാനമായും ഭൂമിയിലും ഫ്‌ലാറ്റിലും ഒക്കെ ആണ്. അപ്പോള്‍ അവരുടെ സമ്പത്തിന്റെ ആത്മവിശ്വാസം കിടക്കുന്നത് ഭൂമിയിലും, അതിന്റെ വിലയിലും ആണ്. നമ്മുടെ ചുറ്റുമുള്ള ഭൂമിയില്‍ ഒരു ശതമാനത്തിലും താഴെയാണ് ഓരോ വര്‍ഷവും ക്രയവിക്രിയം നടക്കുന്നത്. ഫഌറ്റുകളുടെ കാര്യത്തില്‍ അല്പം കൂടി കൂടുതല്‍ ആകാം, കൂടി വന്നാല്‍ അതും പത്തുശതമാനം മാത്രം. പക്ഷെ നമ്മുടെ ചുറ്റിലുള്ള ഏതെങ്കിലും ഭൂമി ഉയര്‍ന്ന വിലക്ക് വിറ്റുപോകുമ്പോള്‍ നമുക്കെല്ലാവര്‍ക്കും നമ്മുടെ സമ്പത്ത് ഉയര്‍ന്നതായി തോന്നും. ഉദാഹരണത്തിന് എനിക്ക് വെങ്ങോലയില്‍ ഒരേക്കര്‍ സ്ഥലം ഉണ്ടെന്നു കരുതുക (അതിലൊക്കെ കൂടുതല്‍ ഉണ്ട്, ഉദാഹരണത്തിന് വേണ്ടി അതില്‍ ഒരേക്കര്‍ എടുത്തു എന്നേ ഉള്ളൂ !). അത് കാലാകാലം ആയി തുമ്മാരുകുടിയ്ക്കാരുടേതാണ്. കഴിഞ്ഞ പത്തു വര്ഷം മുന്‍പ് അതിനടുത്ത് ഭൂമി വിറ്റത് സെന്റിന് ഇരുപതിനായിരം രൂപയ്ക്കാണ്. അപ്പോള്‍ എന്റെ ആസ്തി ഏതാണ്ട് ഇരുപത് ലക്ഷത്തിന് അടുത്താണെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ അടുത്തയിടക്ക് അടുത്ത ഭൂമി സെന്ററിന് ഒരു ലക്ഷം രൂപക്ക് വിറ്റു എന്ന് കേട്ടു, അപ്പോള്‍ എനിക്ക് എന്റെ ആസ്തി ഒരു കോടി ആയതായി തോന്നി. എന്റെ ഭൂമിക്കോ, അതില്‍ നിന്നുള്ള വരുമാനത്തിലോ ഒന്നും ഒരു മാറ്റവും ഇല്ല. ഞാന്‍ അത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നും ഇല്ല, പക്ഷെ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. മനസ്സുകൊണ്ട് ഞാന്‍ ഒരു കോടീശ്വരന്‍ ആയി...

ഇത് എന്റെ സ്വഭാവത്തില്‍ കുറച്ച് മാറ്റങ്ങള്‍ ഉണ്ടാക്കും. എന്റെ ശമ്പളവും കയ്യില്‍ വേറെ പണം ഉണ്ടെങ്കില്‍ അതും എല്ലാം ഞാന്‍ അല്പം അടിപൊളിയാക്കി ചിലവാക്കും. കാരണം ഒരു കോടി പറമ്പില്‍ ലോക്ക് ഇന്‍ ചെയ്ത് കിടക്കുന്നുണ്ടല്ലോ. അപ്പോള്‍ കയ്യിലുള്ള പണം എടുത്ത് വീട് വാങ്ങുകയോ, കാറ് വാങ്ങുകയോ യാത്ര പോവുകയോ ഒക്കെ ചെയ്യാന്‍ ഒരു ധൈര്യം തോന്നും.
കേരളം ഒരു ഉപഭോഗ സംസ്ഥാനമായി വളര്‍ന്നതിന്റെ അടിസ്ഥാനം ഭൂമിവിലയിലുള്ള ഈ വളര്‍ച്ചയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മോട്ടോര്‍ വാഹനങ്ങള്‍, അതില്‍ തന്നെ വില കൂടിയവ, ഇലക്ട്രോണിക്‌സ് ഇതിലൊക്കെ കേരളം മുന്‍പന്തിയില്‍ ആണ്. നമ്മുടെ ഓണക്കാലം ഇന്ത്യയിലെ വൈറ്റ് ഗുഡ്‌സ് നിര്‍മ്മാതാക്കളുടെ ചാകരക്കാലം കൂടിയാണ്. മലയാളികള്‍ കൂടുതല്‍ കൂടുതല്‍ യാത്ര ചെയ്യുന്നു, ഫ്‌ലാറ്റുകളില്‍ നിക്ഷേപിക്കുന്നു, കൂടുതല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നു.
ഇതിനൊക്കെയാണ് ഇനി മാറ്റം ഉണ്ടാവാന്‍ പോകുന്നത്. ഇന്നലെ വരെ കോടീശ്വരന്‍ ആയിരുന്ന ഞാന്‍ അടുത്ത വര്‍ഷം മുതല്‍ തിരിച്ചു ലക്ഷപ്രഭുവിലേക്ക് താഴും. കാര്യം അതുകൊണ്ട് എന്റെ വരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ലെങ്കിലും കയ്യിലുള്ള പണം ഞാന്‍ പഴയതു പോലെ എടുത്തു 'പൊട്ടിക്കില്ല'. അത് എല്ലാ വിപണിയെയും ബാധിക്കും. ജനുവരിയായി ബാങ്കില്‍ കാശും, കയ്യില്‍ നോട്ടും ഒക്കെ വന്നാലും കച്ചവടം താഴേക്കു തന്നെ പോകും. ഇതൊക്കെയാണ് ഭൂമി വില കുറഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്നത്. കേരളത്തില്‍ വരാന്‍ പോകുന്നത് മ്ലാനമായ 2017 ആണ്.
അപ്പോള്‍ നമുക്കറിയേണ്ടത് ഭൂമി വില കുറയുമോ എന്നാണ്. കുറയും എന്ന് എല്ലാ വിദഗ്ദ്ധരും പറയുന്നു. പിന്നെ ആകപ്പാടെ ഒരു സമാധാനം ഉള്ളത് സാധാരണ ഗതിയില്‍ എല്ലാ വിദഗ്ദ്ധരും സമ്മതിക്കുന്ന കാര്യങ്ങള്‍ ശരിയായി വരാറില്ല എന്നതാണ്.
കാത്തിരുന്നു കാണാം. (വേദനിക്കുന്ന ഒരു കോടീശ്വരന്‍)

ഭൂമി വില കുറയുമ്പോള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
Varghese Olahannan 2016-11-22 11:17:37
Price will be down for a short period and it will go up especially in cities
Aniyankunju 2016-11-30 20:57:04
Agreed 100% with all the points in the article. Thank you sir.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക