Image

പാരിജാതം (തൊടുപുഴ കെ.(കൃഷ്ണസ്വാമി) ശങ്കര്‍)

Published on 21 November, 2016
പാരിജാതം (തൊടുപുഴ കെ.(കൃഷ്ണസ്വാമി) ശങ്കര്‍)
ആറ്റുകാലമ്മേ,ഭഗവതീ, ഭാര്‍ഗവീ
ആറ്റുക ഞങ്ങടെ ദുഃഖമെല്ലാം!
ആയുരാരോഗ്യവും ഐശ്വര്യവും നല്‍കി
ആദ്യന്തം കാത്തുരക്ഷിക്കേണമേ!

നേടുന്നതൊന്നുംതന്‍സ്വന്തമക്ലെന്നുള്ള
നേരറിയുന്നില്ലമര്‍ത്യഗണം!
വിദ്യയും വേലയും വീടുമതുപോലെ
വിത്തവും നീതരും ഭിക്ഷയല്ലോ!

ജന്മങ്ങളില്‍വച്ചുസുശ്രേഷ്ഠമാം നര-
ജന്മമരുളിയദേവികേ നിന്‍
പത്മപാദങ്ങളതൊന്നുതാനാശ്രയം
പത്മാവതീ,പരമേശ്വരിയേ!

മോഹിതവസ്തുക്കള്‍ കാണുന്നമാത്രയില്‍
മോഹമെന്നുള്ളിലുദിക്കരുതേ!
നിത്യമല്ലാത്തക്ഷണികസുഖങ്ങളില്‍
നിത്യാംബികേ, മനം ചൂഴരുതേ!

മായതാന്‍ കാണുമീവസ്തുക്കളത്രയും
മായും മറയുമൊരുക്ഷണത്തില്‍!
ഭംഗിയെഴും മോഹവസ്തുക്കളില്‍, മോഹ-
ഭംഗവും ലീനമെന്നാരറിവൂ?

ചാരുവാം താരുകള്‍താനേയുതിരുന്ന
"പാരിജാത'' തരുവല്ലയോ  നീ!
ഭക്തിയാര്‍ന്നുള്‍ത്തടം കൊണ്ടു കുലുക്കിയാല്‍
വര്‍ഷിക്കും നീ കരുണാസുമങ്ങള്‍!

ബ്രഹ്മമെന്തന്നറിഞ്ഞീടാന്‍ത്രസിക്കുന്നു
കന്മഷം തീണ്ടാത്തചേതനകള്‍!
ബ്രഹ്മമെന്തന്നറിയില്ലെന്നതല്ലയോ
മര്‍മപ്രധാനമാം ബ്രഹ്മജ്ഞാനം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക