Image

നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ സ്ത്രീകള്‍ എന്ത് ചെയ്യണം...ശ്രീപാര്‍വതി

Published on 23 November, 2016
നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ സ്ത്രീകള്‍ എന്ത് ചെയ്യണം...ശ്രീപാര്‍വതി
നോട്ടു മാറ്റം പൊതുവില്‍ ഇന്ത്യ മുഴുവന്‍ തന്നെ ജനങ്ങളെ ഉടനീളം ബാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് സത്യം. പലപ്പോഴും അത്യാവശ്യക്കാരനാണു അസാധുവായ നോട്ടിന്റെ മുന്നിലിരുന്നു നെടുവീര്‍പ്പിട്ടതും. ആശുപത്രിയിലേയ്ക്ക് ആവശ്യമായ പണം, വിവാഹത്തിനാവശ്യമായ തുക, വീട് വാങ്ങാന്‍ എടുത്തു വച്ചിരുന്ന തുക എന്നിവയ്ക്ക് വെറും അപൂര്‍വ്വം ദിവസങ്ങള്‍ കൊണ്ട് വിലയില്ലാത്ത കടലാസു തുണ്ടായതിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ആരും കരകയറിയിട്ടുമില്ല. ഒരു വീടിന്റെ കൃത്യമായ താളം ശ്രുതിഭംഗങ്ങളില്ലാതെ കൊണ്ട് പോകുന്ന സ്ത്രീകള്‍ പണത്തിന്റെ വില വളരെ കൃത്യമായി അറിഞ്ഞ സമയമായിരുന്നു ഇത്.

പലപ്പോഴായി ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും എടുത്തു സൂക്ഷിച്ച നോട്ടുകള്‍ എല്ലാം ചേര്‍ത്ത് വച്ചത് ഒരിക്കലും അവളുടെ ആവശ്യത്തിനായിരുന്നില്ല, വീടിനു വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും ഭര്‍ത്താവിന് വേണ്ടിയും തന്നെയായിരുന്നു. നോട്ടു നിരോധനം വന്നതോടെ കയ്യിലിരുന്ന രഹസ്യമായി സൂക്ഷിച്ച പണം ആരെ കാണിക്കണം, എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവരില്‍ പലരും വിളറി നിന്നിരുന്നു. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നോട്ടു മാറുന്നതില്‍ ഇളവുകള്‍ ലഭിച്ചിരുന്നെങ്കിലും മാധ്യമങ്ങളുടെയും ചാനലുകളുടെയും അന്ധമായ ഭയപ്പെടുത്തല്‍ ഒരു സ്ത്രീയുടെ ആത്മഹത്യയില്‍ വരെ കൊണ്ട് ചെന്നെത്തിച്ചു എന്ന് പറയാതിരിയ്ക്കാന്‍ ആവുന്നില്ല. അതൊക്കെ ഒരു വശത്ത്. ബുദ്ധിമുട്ടു തുടരുമ്പോഴും പണത്തിന്റെ വില മനസ്സിലായെന്നു പറഞ്ഞും വീട്ടമ്മമാര്‍ പുതിയ നോട്ടു നിയമത്തെ സ്വാഗതം ചെയ്യുന്നു.

പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ ചെന്നപ്പോള്‍ കുത്തനെ ഇടിഞ്ഞ കാരറ്റിന്റെയും സവോളയുടേയുമൊക്കെ വില ഞെട്ടിക്കുന്നത് തന്നെയാണ്. ഒരു സമയത് 70 രൂപ വരെ പോയ സവോളയ്ക്ക് കിലോ 10 രൂപയിലും താഴെ വരെ ആകുമ്പോള്‍ എങ്ങനെ പണത്തിനു വിലയില്ല എന്ന് പറയാനാകും. കുട്ടികളുടെ ധൂര്‍ത്ത് കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ചില സ്ത്രീകള്‍. എന്നും വൈകുന്നേരങ്ങളില്‍ പിസ്സയും ബര്‍ഗറും കഴിക്കാന്‍ ബഹളം വച്ചിരുന്ന കുട്ടികളോട് പറയാന്‍ കാരണം കിട്ടിയതിന്റെ ആശ്വാസത്തില്‍ വൈകുന്നേരം വീടുകളില്‍ ഉണ്ടാക്കുന്ന നാടന്‍ പലഹാരത്തിന്റെ സ്വാദുകളിലേയ്ക്ക് കുട്ടികള്‍ ഒതുങ്ങി കൂടി തുടങ്ങിയിട്ടുമുണ്ട്. ഒരുപക്ഷെ പരക്കെയുണ്ടായ ഒരു മാറ്റമായിരിക്കില്ല ഇത്, എങ്കില്‍ പോലും ഇത്തരം മാറ്റങ്ങളെയും കണ്ടില്ലെന്നു നടിയ്ക്കാനാവില്ല. വളരെ കുറച്ചു പണം ചിലവാക്കി ജീവിയ്ക്കാനും പഠിയ്ക്കാന്‍ ശ്രമിക്കുന്നു ഇപ്പോള്‍ വീട്ടമ്മമാര്‍.

നോട്ടു അസാധുവാക്കപ്പെട്ടതില്‍ ഏറ്റവുമധികം ബുദ്ധിമുട്ടു നേരിട്ടത് ആശുപത്രികളില്‍ പോകേണ്ടി വന്നവര്‍ക്കു തന്നെയാണ്. സ്വന്തം കുഞ്ഞിന് വേണ്ട മരുന്നിനായി പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് വീട്ടമ്മ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അത്തരം വൈകാരികമായ അനുഭവങ്ങള്‍ നിരവധിയുണ്ടായെങ്കിലും പല ആശുപത്രികളുടെയും അനുഭാവപൂര്‍വ്വമായ പെരുമാറ്റം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ കഴിഞ്ഞു. അതെ സമയം രോഗികളോട് കരുണയില്ലാതെ പെരുമാറിയ ആശുപത്രികള്‍ക്കെതിരെ കര്‍ശന നിയമം എടുക്കുമെന്ന ജില്ലാ കളക്ടര്മാരുടെ ഉത്തരവുകളും സോഷ്യല്‍ മീഡിയ ആഘോഷിയ്ക്കുന്നുണ്ടായിരുന്നു.

രാജ്യത്തെങ്ങും നോട്ടു പിന്‍വലിയ്ക്കല്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ ഒരു സമൂഹം ഇത്തരത്തില്‍ ഏറ്റവുമധികം ഇതില്‍ വിഷമിക്കുന്നത് സ്ത്രീ തെരുവുകളിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. ചുവന്ന തെരുവ് പോലെയുള്ള ശരീരം വിലയ്ക്ക് വാങ്ങപ്പെടുന്ന തെരുവുകളില്‍ സുഖം തേടി വരുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് പലപ്പോഴും ഇത്തരത്തില്‍ അസാധുവാക്കപ്പെട്ട നോട്ടുകളാണ്. കയ്യിലുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റാനുള്ള ഒരിടമാണ് പല പുരുഷന്മാരും മാംസവ്യാപാരത്തെ കാണുന്നു എന്ന് വരുമ്പോള്‍ ചോദിയ്കാകാതെയിരിയ്ക്കാന്‍ ആകുന്നില്ല, രാജ്യത്തിന്റെ വിപണിയില്‍ അത്രയേറെ മൂല്യമില്ലാത്തവരായി മാറിയോ നമ്മുടെ ഭാരതീയ സ്ത്രീകള്‍? 

പല കാരണങ്ങളാലും നിവൃത്തികേടുകളാലും വേശ്യാതെരുവുകളില്‍ എത്തപ്പെട്ടവരാണ് ചുവന്ന തെരുവുകളില്‍ നല്‌ളൊരു ശതമാനം സ്ത്രീകളും, സ്വന്തമായി വിലയുണ്ടായിട്ടും വരുന്ന പുരുഷന്മാരില്‍ നിന്നും എണ്ണം പറഞ്ഞു കാശ് വാങ്ങാന്‍ പലര്‍ക്കും കഴിവുമില്ല, ഗുണ്ടകളുടെയും പോലീസുകാരുടെയും മേല്‍നോട്ടത്തില്‍ അണ്ടര്‍വെള്‍ഡ് രാജാക്കന്മാരുടെയും പണപ്പിരിവുകളില്‍ കയ്യിലുള്ള പണം വീതിക്കപ്പെട്ടു കഴിയുമ്പോള്‍ അവളുടെ കയ്യില്‍ ബാക്കി വരുന്നത് കൊണ്ട് വേണം ഒരുപക്ഷെ ഇതൊന്നുമറിയാതെ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് പണമയക്കാന്‍ വരെ. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹമായതിനാല്‍ തന്നെ എങ്ങനെയും ഇത്തരം സ്ത്രീകളെ പറ്റിയ്ക്കാം എന്ന് വിചാരിക്കുന്നവരാണ് അധികവും. കയ്യില്‍ വരുന്ന അസാധുവാക്കപ്പെട്ട പണം തെരുവുകളിലെ സ്ത്രീകള്‍ എന്ത് ചെയ്യാന്‍?

സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടാകുമ്പോഴും അത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏറ്റവുമധികം ബാധിയ്ക്കുന്നത് രാജ്യത്തെ സ്ത്രീകളെ തന്നെയാകുന്നു എന്നത് അത്ര ഒളിച്ചു വയ്ക്കപ്പെടേണ്ടാത്ത ഒരു പരസ്യമാണ്. വീട്ടമ്മമാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെയും തെരുവുകളില്‍ അന്നത്തിനായി അലയുന്നവര്‍ വരെയും ഇത്തരത്തില്‍ ബുദ്ധിമുട്ടുമ്പോഴും വലിയ കോളിളക്കങ്ങള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നായാലും ഉണ്ടാകാത്തത് വളരെ കൗതുകത്തോടെ ഒരു രാജ്യത്തിന്റെ പുതിയ നിയമത്തെ അനുസരിയ്കകാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ ആയതിനാലാണ്. 

കുറച്ച് ബുദ്ധിമുട്ടിയാലും രാജ്യത്തിനു ഹിതമാണത് ഉണ്ടാക്കുന്നതെങ്കില്‍ സ്വീകരിയ്ക്കാം എന്ന നിലപാടില്‍ തന്നെയാണ് ഭൂരിപക്ഷം സ്ത്രീകളും. സ്വന്തം കുഞ്ഞിന്റെ ചികിത്സാ പ്രശ്‌നങ്ങളോ ശരീരത്തിന്റെ വിലയോ പച്ചക്കറിയുടെ വിലയോ മകളുടെ വിവാഹമോ ഒക്കെ അലട്ടുമ്പോഴും പുരുഷന്മാരേക്കാളധികം അവര്‍ ആധി പിടിക്കുന്നുണ്ട്, എങ്കിലും നല്ലൊരു നിയമത്തിലേക്കെന്നു കണ്ണെറിഞ്ഞു അവരില്‍ പലരും നിശ്ശബ്ദരാകുന്നു. കാത്തിരിക്കുന്നു... 
Join WhatsApp News
തുഗ്ലക്ക് രണ്ടാമന്‍ 2016-11-23 08:52:33
നോട്ടു പിന്‍ വലിക്കല്‍ ഒരു തട്ടിപ്പ് പ്രസ്ഥാനം മാത്രം. കുറച്ചു പേരുടെ കാസു പോകും. അവരാരും പണ്‍ക്കാരല്ല. വീടു വിറ്റപ്പോല്‍ കൂര്‍ച്ചു കൂടുതല്‍ കിട്ടിയതിനു ടാക്‌സ് കൊടുക്കാറ്റെ വയ്ക്കുന്നവര്‍, മക്കളുടെ വിവാഹഠിനു വര്‍ഷങ്ങളായി സൂക്ഷിച്ചു വച്ചവര്‍ തൂറ്റങ്ങിയ 'കള്ളപ്പണ'ക്കാര്‍ കുഴങ്ങും. അംബാനിക്കും അദാനിക്കും ഒന്നും സംഭവിക്കില്ല.
ഈ തമാസ കൊണ്ട് ജനം വലയുന്നു എന്നു മാത്രം. എന്തായാലും ആര്‍,.എസ്.എസുകാരും ബി.ജെ.പിക്കാരും നേതാവിന്റെ മണ്ടത്തരത്തെ ന്യായീകരിക്കാന്‍ പാടുപെടുന്നതു കാണുമ്പോള്‍ സന്തോഷം. ഇ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക ബി.ജ്.എപ്യിലെ കച്ചവടക്കാരെയാണല്ലൊ.
തുഗ്ലക്ക് രണ്ടാമന്‍ 
വർക്കി മുതലാളി 2016-11-23 12:19:54
മോഹൻലാലും മമ്മൂട്ടിയും ഒക്കെ കണക്കിലില്ലാത്ത  പണം എങ്ങനെയാ ഒതുക്കുന്നത്? ഒന്ന് പറഞ്ഞു താനാൽ കൊള്ളാമായിരുന്നു ഖനി രാജാവ് 500 കോടി രൂപയുടെ കല്യാണം എങ്ങനെ നടത്തി?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക