Image

രാഹുല്‍ ഈശ്വറിന്റെ ഗൂഢാലോചനയും ഗോപാലകൃഷ്ണന്റെ ശാര്‍ദൂലവിക്രീഡിതവും

മനോജ് മനയില്‍ Published on 23 November, 2016
രാഹുല്‍ ഈശ്വറിന്റെ ഗൂഢാലോചനയും ഗോപാലകൃഷ്ണന്റെ ശാര്‍ദൂലവിക്രീഡിതവും
ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രത്തിന്റെ നാമം അയ്യപ്പസ്വാമിയുടെ പേരിലാക്കാന്‍ താഴമണ്‍ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും നടത്തിയ ഒത്തുകളിയാണെന്ന് വ്യക്തമായി. ഇന്നലെ ഈ ലേഖകന്‍ കൂടി പങ്കെടുത്ത ന്യൂസ് 18 ചാനലിലെ ചര്‍ച്ചക്കിടെ, താന്‍ കേരളത്തിലെ ഹൈന്ദവ സംഘടനകളുടെ നേതാക്കളുമായി പേരുമാറ്റം സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നു രാഹുല്‍ പറയുകയുണ്ടായി. ഉദാഹരണമായി ബിജേപ്പി സംസ്ഥാന പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരന്‍, ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് ശ്രീ പി.ഇ.ബി.മേനോന്‍ തുടങ്ങിയ വ്യക്തിത്വങ്ങളെയാണു രാഹുല്‍ ഈശ്വര്‍ വലിച്ചിഴച്ചു കൊണ്ടു വരുന്നത്.

കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ ഒന്നടങ്കം പേരുമാറ്റത്തില്‍ അസംതൃപ്തരും പ്രധിഷേധാര്‍ഹമായ തീരുമാനമാണെന്ന അഭിപ്രായക്കാരുമാണെന്ന് അറിയുന്നു. എന്നാല്‍ ആരും തങ്ങളുടെ നിലപാടുകള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടുമില്ല എന്നാണറിവ്. എന്നിട്ടും ഈ സംഘടനകള്‍ തന്റെ കൂടെയുണ്ടെന്ന കങ്കാണി വര്‍ത്തമാനം പറയാന്‍ ഈ വിദ്വാനു ആരാണു ലൈസന്‍സ് കൊടുത്തത്?

പേരുമാറ്റത്തെ എന്തുകൊണ്ട് ഹൈന്ദവ സമൂഹം എതിര്‍ക്കണം?

1. ശബരിമലയിലെ പ്രതിഷ്ഠ ധര്‍മശാസ്താവാണു.

2. ധര്‍മശാസ്താവും അയ്യപ്പനും ഒന്നല്ല.

3. അയ്യപ്പന്‍ ധര്‍മശാസ്താവില്‍ ലയിച്ചു എന്നു പറയപ്പെടുന്നു. അതുകൊണ്ട് അയ്യപ്പനാണു ശബരിമലയിലെ ദേവത എന്നാണു ഗോപാലകൃഷ്ണന്റെ വാദം.

4. ഒന്ന് മറ്റൊന്നില്‍ ലയിക്കുമ്പോള്‍ അവിടെ അവശേഷിക്കുന്നത് ആദ്യം എന്താണൊ ഉള്ളത് അതു മാത്രമാണു. അതായത്, ഗംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ ലയിച്ചു കഴിഞ്ഞാലും ബംഗാള്‍ ഉള്‍ക്കടലിന്റെ പേരു മാറുന്നില്ല.

5. അയ്യപ്പന്‍ ധര്‍മശാസ്താവില്‍ ലയിച്ചാലും അവിടെ അവശേഷിക്കുന്നത് ധര്‍മശാസ്താവ് തന്നെയാണു. പിന്നെങ്ങനെ പേരു മാറും?

6. ഒരു പൗരാണിക ക്ഷേത്രത്തിന്റെ പേരു കേവലം 3 വര്‍ഷം മാത്രം നടത്തിപ്പ് അധികാരമുള്ള ഒരാള്‍ക്ക് എങ്ങനെയാണു മാറ്റാന്‍ അധികാരം? ഏതു പ്രാമാണത്തില്‍?

7. ഒരു ക്ഷേത്രത്തില്‍ സമൂലമായ മാറ്റം ആവശ്യമാണെങ്കില്‍ അതിനു ആദ്യം ആചാര്യമതം നോക്കണം. അങ്ങനെയൊന്നു നടന്നിട്ടില്ല.

8. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാര്യമതം നോക്കാന്‍ ആരും മുന്‍കൈയെടുക്കാതിരുന്നതാണു ഇപ്പോള്‍ ആ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കേണ്ടി വന്നത്.

9. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പൂജകള്‍ തന്ത്രസമുച്ചയം അനുസരിച്ചുള്ള വൈദിക താന്ത്രികത്തിലാണു നടക്കുന്നത്. എന്നാല്‍, പേരു മാറുമ്പോള്‍ ശബരിമല സന്നിധാനത്ത് പൂജ ചെയ്യാന്‍ പറ്റാതാവും. കാരണം അയ്യപ്പനു തന്ത്രസമുച്ചയത്തില്‍ പൂജാവിധി ഇല്ല.

10. പണ്ടുകാലം മുതലേ രണ്ടുതരം ധര്‍മശാസ്താവിനേയാണു ജനപദം ആരാധിക്കുന്നത്. ഒന്ന് പൂര്‍ണപുഷ്‌കല എന്നീ രണ്ടു ഭാര്യമാരൊപ്പം ഇരിക്കുന്നത്. രണ്ട് പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന മകനോടൊപ്പം ഇരിക്കുന്നത്. ധര്‍മശാസ്താവിനു ഭാര്യമാരുണ്ട് എന്ന ഭയമാണു ഗോപാലകൃഷ്ണന്റെ തലതിരിഞ്ഞ തീരുമാനത്തിനു ഇടയാക്കിയത് എന്നാണു പ്രാഥമിക നിഗമനം.

11. ആത്യന്തികമായി തന്റെ ടേം കഴിഞ്ഞാല്‍ സ്ഥാനത്യാഗം ചെയ്യേണ്ട ആളാണു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതാതു കാലം ഭരണത്തില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിണിയാളുകള്‍ ആണു ഈ സ്ഥാനം കൈയാളുന്നത്. ഗോപാലകൃഷ്ണനെ നിയമിച്ചത് കഴിഞ്ഞ യു. ഡി. എഫ് ഭരണമാണു. ഗോപാലകൃഷ്ണന്റെ കാലം കഴിഞ്ഞാല്‍ ഇടതു മുന്നണി ശുപാര്‍ശ ചെയ്യുന്ന ആള്‍ വരും.

12. ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റാന്‍ ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് അധികാരം ഉണ്ടെന്നാണു ഗോപാലകൃഷ്ണന്റെ വാദം. അങ്ങനെയാണെങ്കില്‍ തുടര്‍ന്ന് ഇടതുമുന്നണിയുടെ നിര്‍ദേശത്തില്‍ സ്ഥാനം ഏറ്റെടുക്കുന്ന പ്രസിഡന്റ് ശബരിമലയല്ല, അതു വാവര്‍ മലയാണെന്ന് പേരുമാറ്റിയാലും നാം അംഗീകരിക്കാന്‍ തയ്യാറാകേണ്ടതല്ലേ?

13. ധര്‍മശാസ്താവ് സഭാര്യനായതിനാല്‍, സുപ്രീംകോടതിയിലെ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനാണു ശബരിമലയുടെ പേരു മാറ്റിയതെന്നും അങ്ങനെ കേസ് ജയിക്കാമെന്നുമാണു ഗോപാലകൃഷ്ണന്റെ മനപ്പായസം. പേരുമാറ്റം ഭക്തരും ഹൈന്ദവരും അംഗീകരിക്കില്ലെന്നിരിക്കെ എങ്ങനെ രക്ഷപ്പെടും. എന്നു മാത്രമല്ല, ഈ പൊറാട്ടു നാടകം വഴി യുവതീ പ്രവേശനത്തിന്റെ മാര്‍ഗം സുഗമമായി എന്നതാണു അയ്യപ്പ നിയോഗം.

14. പേറ്റുമാറ്റത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ തങ്ങള്‍ക്കറിയില്ല എന്നാണു തന്ത്രി പറഞ്ഞത്. ഈ വാദം പൊളിയുന്നത് ഇക്കാര്യത്തില്‍ തന്ത്രി കുടുംബത്തിന്റെ കപടവേഷക്കരനായ രാഹുല്‍ ഈശ്വറും ഗോപാലകൃഷ്ണനും ഈ വിഷയത്തില്‍ ഒരേ തരംഗദൈര്‍ഘ്യത്തില്‍ സംസാരിക്കുന്നു എന്നതില്‍ നിന്നുമാണു.

15. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ നിര്‍ലോഭമായ സഹകരണം ഗോപാലകൃഷ്ണനു ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ ആര്‍.എസ്.എസ്സിലെ മുതിര്‍ന്ന പ്രചാരകന്മാരായ ശ്രീ ആര്‍. ഹരി, ശ്രീ എം.എ. കൃഷ്ണന്‍ എന്നിവര്‍ ശബരിമലയില്‍ യുവതീ പ്രവേശനം ആകമെന്നു പറയുകയും ചെയ്തിരുന്നു. എങ്കിലും ഭൂരിപക്ഷം ഹൈന്ദവ സംഘടനകളും പ്രഖ്യാപിതമല്ലെങ്കില്‍ പോലും ബിജേപ്പിയും പ്രയാര്‍ ഗോപാലകൃഷ്ണനോടൊപ്പം നിന്നിരുന്നു. ഇക്കാരണം കൊണ്ട് താന്‍ കേരളത്തിലെ അഭിനവ ഹിന്ദു നേതാവായി എന്ന് ഗോപാലകൃഷ്ണന്‍ ധരിച്ചു വശായതിന്റെ പ്രതിഫലനമാണു താഴമണ്ണുമായി ചേര്‍ന്ന് ഈ അസംബന്ധ നാടകം കളിച്ചത്. ഒരു പക്ഷേ വരുംകാലത്ത് ഒരു ബിജേപ്പി ടിക്കറ്റ് വരെ ഈ വിദ്വാന്മാര്‍ പ്രതീക്ഷിച്ചുവോ എന്ന സംശയവും അസ്ഥാനത്തല്ല. എന്തായാലും പേരു മാറ്റത്തോടെ ഗോപാലകൃഷ്ണനും രാഹുലും ഹൈന്ദവ സമൂഹത്തിന്റെ കണ്ണിലെ കരടായി മാറി. നീലക്കുറുക്കന്‍ ഓരിയിട്ടിരിക്കുന്നു.

16. രാഹുല്‍ ഈശ്വര്‍ എന്ന അഭിനവ കാപട്യക്കാരന്‍ ഹിന്ദു സമൂഹത്തിന്റെ വക്താവായി നടിച്ച് ആ സമൂഹത്തെ ഒറ്റിക്കൊടുക്കുക എന്ന അജണ്ടയുമായി നടക്കുന്ന പഞ്ചതന്ത്രത്തിലെ കിഴവന്‍ കൊക്കാണു. ആ ഗൂഢാലോചനയുടെ പരിണിത ഫലമാണു മണ്ഡലകാലം ആരംഭിച്ച ഈ സമയത്തു തന്നെ പേരു മാറ്റം എന്ന ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നത്.

17. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത ഒരു ആചാരവും അനുഷ്ഠാനവും ഇപ്പോള്‍ ഇല്ല. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നാണു വാദം. നൈഷ്ഠിക ബ്രഹ്മചര്യം എന്നത് അഷ്ടവിധ മൈഥുന ത്യാഗമാണു. സ്ത്രീകളെ ഓര്‍മിക്കുക, കീര്‍ത്തിക്കുക, കേളി നടത്തുക, ഗുഹ്യഭാഷണം ചെയ്യുക എന്നിങ്ങനെ പോകുന്നു ത്യാഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ട ഒന്ന് പ്രേക്ഷണം ആണു. അതായത് സ്ത്രീകളെ കാണാന്‍ പോലും പറ്റില്ല. ഇതാണു നൈഷ്ഠിക ബ്രഹ്മചര്യം. സ്ത്രീകളെ കാണാന്‍ പോലും പറ്റാത്തതാണു നൈഷ്ഠിക ബ്രഹ്മചര്യം എങ്കില്‍ ശബരിമലയില്‍ പത്തു വയസ്സു വരേയും അമ്പതു വയസ്സിനു മുകളിലോട്ടുമുള്ള സ്ത്രീകളേയും നിരോധിക്കേണ്ടി വരും. എന്നാല്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല.

18. അയ്യപ്പന്‍ ജയന്തന്‍ നമ്പൂതിരിയുടെ മകന്‍ എന്നാണു രാഹുലിന്റെ വാദം. (ഇത് ഡോ. എസ്.കെ. നായരുടെ ചിത്രകഥ വായിച്ചു മനസ്സിലാക്കിയതാണു വിദ്വാന്‍). അപ്പോള്‍ നമ്പൂതിരി തന്റെ സ്വന്തം മകനു അക്കാലത്തെ അനാര്യ നാമമായ 'അയ്യപ്പന്‍' എന്ന പേരിടുമോ? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

19. ശബരിമലയെന്ന ദേവസ്ഥാനത്തെ നമ്പൂതിരിമാരും ദേവസ്വം ബോര്‍ഡും സര്‍ക്കാരും തങ്ങളുടെ കുല്‍സിത പ്രവൃത്തികള്‍ക്ക് കരുവാക്കുമ്പോള്‍ പാവം വിശ്വാസികള്‍ വിഡ്ഢികളായി മാറുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സഹോദരിമാര്‍ അകറ്റി നിര്‍ത്തപ്പെറ്റുകയും ചെയ്യുന്നു.

20. ഒരിക്കല്‍ അയ്യപ്പന്‍ പുലിപ്പുറത്തു വന്നതാണു. ഇനി ഗോപാലകൃഷ്ണന്റെ ശാര്‍ദൂലവിക്രീഡിതം (പുലിക്കളി) കൂടി സഹിക്കണോ?

21. അയ്യപ്പന്റെ പേരില്‍ കള്ളം പറഞ്ഞ്, അതില്‍ നിന്നും മുതലെടുപ്പു നടത്തുന്ന ഈ കൊള്ള സംഘത്തെ നാം തിരിച്ചറിയുക തന്നെ വേണം. ശബരിമല നമുക്കു വേണം.

(ജനം ടി വി പ്രോഗ്രാം ഹെഡ് ആണ് ലേഖകന്‍ ) 
രാഹുല്‍ ഈശ്വറിന്റെ ഗൂഢാലോചനയും ഗോപാലകൃഷ്ണന്റെ ശാര്‍ദൂലവിക്രീഡിതവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക